എസ്രാ 3 : 1 (MOV)
അങ്ങനെ യിസ്രായേൽമക്കൾ പട്ടണങ്ങളിൽ പാർത്തിരിക്കുമ്പോൾ ഏഴാം മാസത്തിൽ ജനം ഒരുമനപ്പെട്ടു യെരൂശലേമിൽ വന്നു കൂടി.
എസ്രാ 3 : 2 (MOV)
യോസാദാക്കിന്റെ മകനായ യേശുവയും അവന്റെ സഹോദരന്മാരായ പുരോഹിതന്മാരും ശെയൽതീയേലിന്റെ മകനായ സെരുബ്ബാബേലും അവന്റെ സഹോദരന്മാരും എഴുന്നേറ്റു ദൈവപുരുഷനായ മോശെയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ ഹോമയാഗങ്ങൾ അർപ്പിക്കേണ്ടതിന്നു യിസ്രായേലിന്റെ ദൈവത്തിന്റെ യാഗപീഠം പണിതു.
എസ്രാ 3 : 3 (MOV)
അവർ ദേശത്തെ നിവാസികളെ പേടിച്ചിട്ടു യാഗപീഠത്തെ അതിന്റെ പണ്ടത്തെ നിലയിൽ പണിതു; അതിന്മേൽ യഹോവെക്കു ഹോമയാഗങ്ങളെ, കാലത്തും വൈകുന്നേരത്തുമുള്ള ഹോമയാഗങ്ങളെത്തന്നേ അർപ്പിച്ചു.
എസ്രാ 3 : 4 (MOV)
എഴുതിയിരിക്കുന്നതുപോലെ അവർ കൂടാരപ്പെരുനാൾ ആചരിച്ചു; ഓരോ ദിവസത്തേക്കുള്ള നിയമപ്രകാരം അതതു ദിവസത്തിന്റെ ആവശ്യംപോലെ അവർ ഹോമയാഗം കഴിച്ചു.
എസ്രാ 3 : 5 (MOV)
അതിന്റെശേഷം അവർ നിരന്തരഹോമയാഗങ്ങളും അമാവാസ്യകൾക്കും യഹോവെക്കു വിശുദ്ധീകരിച്ചിരുന്ന ഉത്സവങ്ങൾക്കു ഒക്കെയും യഹോവെക്കു ഔദാര്യദാനങ്ങൾ കൊടുക്കുന്ന ഏവർക്കും ഉള്ള യാഗങ്ങളും അർപ്പിച്ചു.
എസ്രാ 3 : 6 (MOV)
ഏഴാം മാസം ഒന്നാം തിയ്യതിമുതൽ അവർ യഹോവെക്കു ഹോമയാഗം കഴിപ്പാൻ തുടങ്ങി; എന്നാൽ യഹോവയുടെ മന്ദിരത്തിന്റെ അടിസ്ഥാനം അതുവരെ ഇട്ടിരുന്നില്ല.
എസ്രാ 3 : 7 (MOV)
അവർ കല്പണിക്കാർക്കും ആശാരികൾക്കും ദ്രവ്യമായിട്ടും പാർസിരാജാവായ കോരെശിന്റെ കല്പനപ്രകാരം ലെബാനോനിൽനിന്നു ദേവദാരു കടൽവഴി യാഫോവിലേക്കു കൊണ്ടുവരേണ്ടതിന്നു സീദോന്യർക്കും സോർയ്യർക്കും ഭക്ഷണവും പാനീയവും എണ്ണയും ആയിട്ടും കൂലി കൊടുത്തു.
എസ്രാ 3 : 8 (MOV)
അവർ യെരൂശലേമിലെ ദൈവാലയത്തിങ്കൽ എത്തിയതിന്റെ രണ്ടാമാണ്ടു രണ്ടാം മാസം ശെയൽതീയേലിന്റെ മകനായ സെരുബ്ബാബേലും യോസാദാക്കിന്റെ മകനായ യേശുവയും അവരുടെ ശേഷം സഹോദരന്മാരും പുരോഹിതന്മാരും ലേവ്യരും പ്രവാസത്തിൽനിന്നു യെരൂശലേമിലേക്കു വന്നവർ എല്ലാവരും കൂടി പണിതുടങ്ങി; ഇരുപതു വയസ്സുമുതൽ മേലോട്ടു പ്രായമുള്ള ലേവ്യരെ യഹോവയുടെ ആലയത്തിന്റെ പണിനടത്തുവാൻ നിയമിച്ചു.
എസ്രാ 3 : 9 (MOV)
അങ്ങനെ യേശുവയും അവന്റെ പുത്രന്മാരും സഹോദരന്മാരും കദ്മീയേലും അവന്റെ പുത്രന്മാരും ഹോദവ്യാവിന്റെ പുത്രന്മാരും ഹെനാദാദിന്റെ പുത്രന്മാരും അവരുടെ പുത്രന്മാരും സഹോദരന്മാരുമായ ലേവ്യരും യഹോവയുടെ ആലയത്തിൽ വേലചെയ്യുന്നവരെ മേൽവിചാരണ ചെയ്വാൻ ഒരുമനപ്പെട്ടുനിന്നു.
എസ്രാ 3 : 10 (MOV)
പണിയുന്നവർ യഹോവയുടെ മന്ദിരത്തിന്നു അടിസ്ഥാനം ഇട്ടപ്പോൾ യിസ്രായേൽരാജാവായ ദാവീദിന്റെ ചട്ടപ്രകാരം യഹോവെക്കു സ്തോത്രം ചെയ്യേണ്ടതിന്നു വിശുദ്ധവസ്ത്രം ധരിച്ച പുരോഹിതന്മാരെ കാഹളങ്ങളോടും ആസാഫ്യരായ ലേവ്യരെ കൈത്താളങ്ങളോടുംകൂടെ നിർത്തി.
എസ്രാ 3 : 11 (MOV)
അവർ യഹോവയെ: അവൻ നല്ലവൻ; യിസ്രായേലിനോടു അവന്റെ ദയ എന്നേക്കും ഉള്ളതു എന്നിങ്ങനെ വാഴ്ത്തി സ്തുതിച്ചുംകൊണ്ടു ഗാനപ്രതിഗാനം ചെയ്തു. അവർ യഹോവയെ സ്തുതിക്കുമ്പോൾ യഹോവയുടെ ആലയത്തിന്റെ അടിസ്ഥാനം ഇട്ടതുകൊണ്ടു ജനമെല്ലാം അത്യുച്ചത്തിൽ ആർത്തുഘോഷിച്ചു.
എസ്രാ 3 : 12 (MOV)
എന്നാൽ പുരോഹിതന്മാരിലും ലേവ്യരിലും പിതൃഭവനത്തലവന്മാരിലും മുമ്പിലത്തെ ആലയം കണ്ടിട്ടുള്ള വയോധികന്മാരായ അനേകർ ഈ ആലയത്തിന്റെ അടിസ്ഥാനം ഇട്ടു കണ്ടപ്പോൾ ഉറക്കെ കരഞ്ഞുപോയി; മറ്റു പലരും സന്തോഷത്തോടെ ഉച്ചത്തിൽ ആർത്തു.
എസ്രാ 3 : 13 (MOV)
അങ്ങനെ ജനത്തിൽ സന്തോഷഘോഷത്തിന്റെ ശബ്ദവും കരച്ചലിന്റെ ശബ്ദവും തമ്മിൽ തിരിച്ചറിവാൻ കഴിയാതെയിരുന്നു; ജനം അത്യുച്ചത്തിൽ ഘോഷിച്ചതുകൊണ്ടു ഘോഷം ബഹുദൂരം കേട്ടു.
❮
❯
1
2
3
4
5
6
7
8
9
10
11
12
13