എസ്രാ 7 : 1 (MOV)
അതിന്റെശേഷം പാർസിരാജാവായ അർത്ഥഹ് ശഷ്ടാവിന്റെ വാഴ്ചകാലത്തു എസ്രാ ബാബേലിൽനിന്നു വന്നു. അവൻ സെരായാവിന്റെ മകൻ; അവൻ അസർയ്യാവിന്റെ മകൻ; അവൻ ഹിൽക്കീയാവിന്റെ മകൻ;
എസ്രാ 7 : 2 (MOV)
അവൻ ശല്ലൂമിന്റെ മകൻ; അവൻ സാദോക്കിന്റെ മകൻ; അവൻ അഹീത്തൂബിന്റെ മകൻ;
എസ്രാ 7 : 3 (MOV)
അവൻ അമർയ്യാവിന്റെ മകൻ; അവൻ അസർയ്യാവിന്റെ മകൻ; അവൻ മെരായോത്തിന്റെ മകൻ;
എസ്രാ 7 : 4 (MOV)
അവൻ സെരഹ്യാവിന്റെ മകൻ; അവൻ ഉസ്സിയുടെ മകൻ;
എസ്രാ 7 : 5 (MOV)
അവൻ ബുക്കിയുടെ മകൻ; അവൻ അബീശൂവയുടെ മകൻ; അവൻ ഫീനെഹാസിന്റെ മകൻ; അവൻ എലെയാസാരിന്റെ മകൻ; അവൻ മഹാപുരോഹിതനായ അഹരോന്റെ മകൻ.
എസ്രാ 7 : 6 (MOV)
ഈ എസ്രാ യിസ്രായേലിന്റെ ദൈവമായ യഹോവ നല്കിയ മോശെയുടെ ന്യായപ്രമാണത്തിൽ വിദഗ്ദ്ധനായ ശാസ്ത്രി ആയിരുന്നു; അവന്റെ ദൈവമായ യഹോവയുടെ കൈ അവന്നു അനുകൂലമായിരിക്കയാൽ രാജാവു അവന്റെ അപേക്ഷ ഒക്കെയും അവന്നു നല്കി.
എസ്രാ 7 : 7 (MOV)
അവനോടുകൂടെ യിസ്രായേൽമക്കളിലും പുരോഹിതന്മാരിലും ലേവ്യരിലും സംഗീതക്കാരിലും വാതിൽകാവൽക്കാരിലും ദൈവാലയദാസന്മാരിലും ചിലർ അർത്ഥഹ് ശഷ്ടാരാജാവിന്റെ ഏഴാം ആണ്ടിൽ യെരൂശലേമിൽ വന്നു.
എസ്രാ 7 : 8 (MOV)
അഞ്ചാം മാസത്തിൽ ആയിരുന്നു അവൻ യെരൂശലേമിൽ വന്നതു; അതു രാജാവിന്റെ ഏഴാം ആണ്ടായിരുന്നു.
എസ്രാ 7 : 9 (MOV)
ഒന്നാം മാസം ഒന്നാം തിയ്യതി അവൻ ബാബേലിൽനിന്നു യാത്ര പുറപ്പെട്ടു; തന്റെ ദൈവത്തിന്റെ കൈ തനിക്കു അനുകൂലമായിരുന്നതുകൊണ്ടു അവൻ അഞ്ചാം മാസം ഒന്നാം തിയ്യതി യെരൂശലേമിൽ എത്തി.
എസ്രാ 7 : 10 (MOV)
യഹോവയുടെ ന്യായപ്രമാണം പരിശോധിപ്പാനും അതു അനുസരിച്ചു നടപ്പാനും യിസ്രായേലിൽ അതിന്റെ ചട്ടങ്ങളും വിധികളും ഉപദേശിപ്പാനും എസ്രാ മനസ്സുവെച്ചിരുന്നു.
എസ്രാ 7 : 11 (MOV)
യിസ്രായേലിനോടുള്ള യഹോവയുടെ കല്പനകളുടെയും ചട്ടങ്ങളുടെയും വാക്യങ്ങളിൽ വിദഗ്ദ്ധശാസ്ത്രീയായ എസ്രാപുരോഹിതന്നു അർത്ഥഹ് ശഷ്ടാരാജാവു കൊടുത്ത എഴുത്തിന്റെ പകർപ്പാവിതു:
എസ്രാ 7 : 12 (MOV)
രാജാധിരാജാവായ അർത്ഥഹ് ശഷ്ടാവു സ്വർഗ്ഗത്തിലെ ദൈവത്തിന്റെ ന്യായപ്രമാണത്തിൽ ശാസ്ത്രീയായ എസ്രാപുരോഹിതന്നു എഴുതുന്നതു: ഇത്യാദി.
എസ്രാ 7 : 13 (MOV)
നമ്മുടെ രാജ്യത്തുള്ള യിസ്രായേൽജനത്തിലും അവന്റെ പുരോഹിതന്മാരിലും ലേവ്യരിലും യെരൂശലേമിലേക്കു പോകുവാൻ മനസ്സുള്ള ഏവനും നിന്നോടുകൂടെ പോരുന്നതിന്നു ഞാൻ കല്പന കൊടുത്തിരിക്കുന്നു.
എസ്രാ 7 : 14 (MOV)
നിന്റെ കൈവശം ഇരിക്കുന്ന നിന്റെ ദൈവത്തിന്റെ ന്യായപ്രമാണപ്രകാരം യെഹൂദയിലെയും യെരൂശലേമിലെയും കാര്യം അന്വേഷിപ്പാനും രാജാവും അവന്റെ മന്ത്രിമാരും
എസ്രാ 7 : 15 (MOV)
യെരൂശലേമിൽ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവത്തിന്നു ഔദാര്യമായി കൊടുത്തിരിക്കുന്ന വെള്ളിയും പൊന്നും,
എസ്രാ 7 : 16 (MOV)
ബാബേൽ സംസ്ഥാനത്തുനിന്നൊക്കെയും നിനക്കു ലഭിക്കുന്ന വെള്ളിയും പൊന്നും എല്ലാം യെരൂശലേമിൽ തങ്ങളുടെ ദൈവത്തിന്റെ ആലയം വകെക്കു ജനവും പുരോഹിതന്മാരും തരുന്ന ഔദാര്യദാനങ്ങളോടുകൂടെ കൊണ്ടുപോകുവാനും രാജാവും അവന്റെ ഏഴു മന്ത്രിമാരും നിന്നെ അയക്കുന്നു.
എസ്രാ 7 : 17 (MOV)
ആകയാൽ നീ ജാഗ്രതയോടെ ആ ദ്രവ്യംകൊണ്ടു കാളകളെയും ആട്ടുകൊറ്റന്മാരെയും കുഞ്ഞാടുകളെയും അവെക്കു വേണ്ടുന്ന ഭോജനയാഗങ്ങളെയും പാനീയയാഗങ്ങളെയും മേടിച്ചു യെരൂശലേമിലുള്ള നിങ്ങളുടെ ദൈവത്തിന്റെ ആലയത്തിലെ യാഗപീഠത്തിന്മേൽ അർപ്പിക്കേണം.
എസ്രാ 7 : 18 (MOV)
ശേഷിപ്പുള്ള വെള്ളിയും പൊന്നുംകൊണ്ടു ചെയ്‍വാൻ നിനക്കും നിന്റെ സഹോദരന്മാർക്കും യുക്തമെന്നു തോന്നുംപോലെ നിങ്ങളുടെ ദൈവത്തിന്നു പ്രസാദമാകുംവണ്ണം ചെയ്തുകൊൾവിൻ.
എസ്രാ 7 : 19 (MOV)
നിന്റെ ദൈവത്തിന്റെ ആലയത്തിലെ ശുശ്രൂഷെക്കായിട്ടു നിന്റെ കൈവശം തന്നിരിക്കുന്ന ഉപകരണങ്ങളും നീ യെരൂശലേമിന്റെ ദൈവത്തിന്റെ സന്നിധിയിൽ ഏല്പിക്കേണം.
എസ്രാ 7 : 20 (MOV)
നിന്റെ ദൈവത്തിന്റെ ആലയത്തിന്നു പിന്നെയും ആവശ്യമുള്ളതായി കൊടുക്കേണ്ടിവരുന്നതു നീ രാജാവിന്റെ ഭണ്ഡാരഗൃഹത്തിൽനിന്നു കൊടുത്തു കൊള്ളേണം.
എസ്രാ 7 : 21 (MOV)
അർത്ഥഹ്ശഷ്ടാരാജാവായ നാം നദിക്കു അക്കരെയുള്ള സകലഭണ്ഡാരവിചാരകന്മാർക്കും കല്പന കൊടുക്കുന്നതെന്തെന്നാൽ: സ്വർഗ്ഗത്തിലെ ദൈവത്തിന്റെ ന്യായപ്രമാണത്തിൽ ശാസ്ത്രിയായ എസ്രാപുരോഹിതൻ നിങ്ങളോടു ചോദിക്കുന്നതൊക്കെയും നൂറു താലന്ത് വെള്ളിയും നൂറു കോർ കോതമ്പും നൂറു ബത്ത് വീഞ്ഞും നൂറു ബത്ത് എണ്ണയുംവരെയും
എസ്രാ 7 : 22 (MOV)
ഉപ്പു വേണ്ടുംപോലെയും ജാഗ്രതയോടെ കൊടുക്കേണം.
എസ്രാ 7 : 23 (MOV)
രാജാവിന്റെയും അവന്റെ പുത്രന്മാരുടെയും രാജ്യത്തിന്മേൽ ക്രോധം വരാതിരിക്കേണ്ടതിന്നു സ്വർഗ്ഗത്തിലെ ദൈവത്തിന്റെ കല്പനപ്രകാരം സ്വർഗ്ഗത്തിലെ ദൈവത്തിന്റെ ആലയത്തിന്നു അവകാശമുള്ളതൊക്കെയും കൃത്യമായി ചെയ്യേണ്ടതാകുന്നു.
എസ്രാ 7 : 24 (MOV)
പുരോഹിതന്മാർ, ലേവ്യർ, സംഗീതക്കാർ, വാതിൽകാവൽക്കാർ, ദൈവാലയദാസന്മാർ എന്നിവർക്കും ദൈവത്തിന്റെ ഈ ആലയത്തിൽ ശുശ്രൂഷിക്കുന്ന യാതൊരുത്തന്നും കരമോ നികുതിയോ ചുങ്കമോ ചുമത്തുന്നതു വിഹിതമല്ല എന്നും നാം നിങ്ങൾക്കു അറിവുതരുന്നു.
എസ്രാ 7 : 25 (MOV)
നീയോ എസ്രയേ, നിനക്കു നിന്റെ ദൈവം നല്കിയ ജ്ഞാനപ്രകാരം നദിക്കക്കരെ പാർക്കുന്ന സകലജനത്തിന്നും, നിന്റെ ദൈവത്തിന്റെ ന്യായപ്രമാണങ്ങളെ അറിയുന്ന ഏവർക്കും തന്നേ, ന്യായം പാലിച്ചുകൊടുക്കേണ്ടതിന്നു അധികാരികളെയും ന്യായാധിപന്മാരെയും നിയമിക്കേണം; അറിയാത്തവർക്കോ നിങ്ങൾ അവയെ ഉപദേശിച്ചുകൊടക്കേണം.
എസ്രാ 7 : 26 (MOV)
എന്നാൽ നിന്റെ ദൈവത്തിന്റെ ന്യായപ്രമാണവും രാജാവിന്റെ ന്യയാപ്രമാണവും അനുസരിക്കാത്ത ഏവനെയും ജാഗ്രതയോടെ ന്യായം വിസ്തരിച്ചു മരണമോ പ്രവാസമോ പിഴയോ തടവോ അവന്നു കല്പിക്കേണ്ടതാകുന്നു.
എസ്രാ 7 : 27 (MOV)
യെരൂശലേമിലെ യഹോവയുടെ ആലയത്തെ അലങ്കരിക്കേണ്ടതിന്നു ഇങ്ങനെ രാജാവിന്നു തോന്നിക്കയും രാജാവിന്റെയും അവന്റെ മന്ത്രിമാരുടെയും രാജാവിന്റെ സകല പ്രഭുവീരന്മാരുടെയും ദയ എനിക്കു ലഭിക്കുമാറാക്കുകയും ചെയ്ത നമ്മുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ.
എസ്രാ 7 : 28 (MOV)
ഇങ്ങനെ എന്റെ ദൈവമായ യഹോവയുടെ കൈ എനിക്കു അനുകൂലമായിരുന്നതിനാൽ ഞാൻ ധൈര്യപ്പെട്ടു എന്നോടുകൂടെ പോരേണ്ടതിന്നു യിസ്രായേലിലെ ചില തലവന്മാരെ കൂട്ടിവരുത്തി.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28

BG:

Opacity:

Color:


Size:


Font: