ഉല്പത്തി 2 : 1 (MOV)
ഇങ്ങനെ ആകാശവും ഭൂമിയും അവയിലുള്ള ചരാചരങ്ങളൊക്കെയും തികഞ്ഞു.
ഉല്പത്തി 2 : 2 (MOV)
താൻ ചെയ്ത പ്രവൃത്തി ഒക്കെയും ദൈവം തീർത്തശേഷം താൻ ചെയ്ത സകലപ്രവൃത്തിയിൽനിന്നും ഏഴാം ദിവസം നിവൃത്തനായി
ഉല്പത്തി 2 : 3 (MOV)
താൻ സൃഷ്ടിച്ചുണ്ടാക്കിയ സകല പ്രവൃത്തിയിൽനിന്നും അന്നു നിവൃത്തനായതുകൊണ്ടു ദൈവം ഏഴാം ദിവസത്തെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചു.
ഉല്പത്തി 2 : 4 (MOV)
യഹോവയായ ദൈവം ഭൂമിയും ആകാശവും സൃഷ്ടിച്ച നാളിൽ ആകാശവും ഭൂമിയും സൃഷ്ടിച്ചതിന്റെ ഉല്പത്തിവിവരം: വയലിലെ ചെടി ഒന്നും അതുവരെ ഭൂമിയിൽ ഉണ്ടായിരുന്നില്ല; വയലിലെ സസ്യം ഒന്നും മുളെച്ചിരുന്നതുമില്ല.
ഉല്പത്തി 2 : 5 (MOV)
യഹോവയായ ദൈവം ഭൂമിയിൽ മഴ പെയ്യിച്ചിരുന്നില്ല; നിലത്തു വേല ചെയ്വാൻ മനുഷ്യനും ഉണ്ടായിരുന്നില്ല.
ഉല്പത്തി 2 : 6 (MOV)
ഭൂമിയിൽ നിന്നു മഞ്ഞു പൊങ്ങി, നിലം ഒക്കെയും നനെച്ചുവന്നു.
ഉല്പത്തി 2 : 7 (MOV)
യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിർമ്മിച്ചിട്ടു അവന്റെ മൂക്കിൽ ജീവശ്വാസം ഊതി, മനുഷ്യൻ ജീവനുള്ള ദേഹിയായി തീർന്നു.
ഉല്പത്തി 2 : 8 (MOV)
അനന്തരം യഹോവയായ ദൈവം കിഴക്കു ഏദെനിൽ ഒരു തോട്ടം ഉണ്ടാക്കി, താൻ സൃഷ്ടിച്ച മനുഷ്യനെ അവിടെ ആക്കി.
ഉല്പത്തി 2 : 9 (MOV)
കാണ്മാൻ ഭംഗിയുള്ളതും തിന്മാൻ നല്ല ഫലമുള്ളതുമായ ഓരോ വൃക്ഷങ്ങളും തോട്ടത്തിന്റെ നടുവിൽ ജീവവൃക്ഷവും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷവും യഹോവയായ ദൈവം നിലത്തുനിന്നു മുളെപ്പിച്ചു.
ഉല്പത്തി 2 : 10 (MOV)
തോട്ടം നനെപ്പാൻ ഒരു നദി ഏദെനിൽനിന്നു പുറപ്പെട്ടു; അതു അവിടെനിന്നു നാലു ശാഖയായി പിരിഞ്ഞു.
ഉല്പത്തി 2 : 11 (MOV)
ഒന്നാമത്തേതിന്നു പീശോൻ എന്നു പേർ; അതു ഹവീലാദേശമൊക്കെയും ചുറ്റുന്നു; അവിടെ പൊന്നുണ്ടു.
ഉല്പത്തി 2 : 12 (MOV)
ആ ദേശത്തിലെ പൊന്നു മേത്തരമാകുന്നു; അവിടെ ഗുല്ഗുലുവും ഗോമേദകവും ഉണ്ടു.
ഉല്പത്തി 2 : 13 (MOV)
രണ്ടാം നദിക്കു ഗീഹോൻ എന്നു പേർ; അതു ക്രുശ്ദേശമൊക്കെയും ചുറ്റുന്നു.
ഉല്പത്തി 2 : 14 (MOV)
മൂന്നാം നദിക്കു ഹിദ്ദേക്കെൽ എന്നു പേർ; അതു അശ്ശൂരിന്നു കിഴക്കോട്ടു ഒഴുകുന്നു; നാലാം നദി ഫ്രാത്ത് ആകുന്നു.
ഉല്പത്തി 2 : 15 (MOV)
യഹോവയായ ദൈവം മനുഷ്യനെ കൂട്ടിക്കൊണ്ടു പോയി ഏദെൻ തോട്ടത്തിൽ വേല ചെയ്വാനും അതിനെ കാപ്പാനും അവിടെ ആക്കി.
ഉല്പത്തി 2 : 16 (MOV)
യഹോവയായ ദൈവം മനുഷ്യനോടു കല്പിച്ചതു എന്തെന്നാൽ: തോട്ടത്തിലെ സകലവൃക്ഷങ്ങളുടെയും ഫലം നിനക്കു ഇഷ്ടംപോലെ തിന്നാം.
ഉല്പത്തി 2 : 17 (MOV)
എന്നാൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം തിന്നരുതു; തിന്നുന്ന നാളിൽ നീ മരിക്കും.
ഉല്പത്തി 2 : 18 (MOV)
അനന്തരം യഹോവയായ ദൈവം: മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല; ഞാൻ അവന്നു തക്കതായൊരു തുണ ഉണ്ടാക്കിക്കൊടുക്കും എന്നു അരുളിച്ചെയ്തു.
ഉല്പത്തി 2 : 19 (MOV)
യഹോവയായ ദൈവം ഭൂമിയിലെ സകല മൃഗങ്ങളെയും ആകാശത്തിലെ എല്ലാ പറവകളെയും നിലത്തു നിന്നു നിർമ്മിച്ചിട്ടു മനുഷ്യൻ അവെക്കു എന്തു പേരിടുമെന്നു കാണ്മാൻ അവന്റെ മുമ്പിൽ വരുത്തി; സകല ജീവജന്തുക്കൾക്കും മനുഷ്യൻ ഇട്ടതു അവെക്കു പേരായി;
ഉല്പത്തി 2 : 20 (MOV)
മനുഷ്യൻ എല്ലാ കന്നുകാലികൾക്കും ആകാശത്തിലെ പറവകൾക്കും എല്ലാ കാട്ടുമൃഗങ്ങൾക്കും പേരിട്ടു; എങ്കിലും മനുഷ്യന്നു തക്കതായൊരു തുണ കണ്ടുകിട്ടിയില്ല.
ഉല്പത്തി 2 : 21 (MOV)
ആകയാൽ യഹോവയായ ദൈവം മനുഷ്യന്നു ഒരു ഗാഢനിദ്ര വരുത്തി; അവൻ ഉറങ്ങിയപ്പോൾ അവന്റെ വാരിയെല്ലുകളിൽ ഒന്നു എടുത്തു അതിന്നു പകരം മാംസം പിടിപ്പിച്ചു.
ഉല്പത്തി 2 : 22 (MOV)
യഹോവയായ ദൈവം മനുഷ്യനിൽനിന്നു എടുത്ത വാരിയെല്ലിനെ ഒരു സ്ത്രീയാക്കി, അവളെ മനുഷ്യന്റെ അടുക്കൽ കൊണ്ടുവന്നു.
ഉല്പത്തി 2 : 23 (MOV)
അപ്പോൾ മനുഷ്യൻ; ഇതു ഇപ്പോൾ എന്റെ അസ്ഥിയിൽ നിന്നു അസ്ഥിയും എന്റെ മാംസത്തിൽനിന്നു മാംസവും ആകുന്നു. ഇവളെ നരനിൽനിന്നു എടുത്തിരിക്കയാൽ ഇവൾക്കു നാരി എന്നു പോരാകും എന്നു പറഞ്ഞു.
ഉല്പത്തി 2 : 24 (MOV)
അതുകൊണ്ടു പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും; അവർ ഏക ദേഹമായി തീരും.
ഉല്പത്തി 2 : 25 (MOV)
മനുഷ്യനും ഭാര്യയും ഇരുവരും നഗ്നരായിരുന്നു; അവർക്കു നാണം തോന്നിയില്ലതാനും.
❮
❯