ഉല്പത്തി 20 : 1 (MOV)
അനന്തരം അബ്രാഹാം അവിടെനിന്നു തെക്കെ ദേശത്തേക്കു യാത്ര പുറപ്പെട്ടു കാദേശിന്നും സൂരിന്നും മദ്ധ്യേ കുടിയിരുന്നു ഗെരാരിൽ പരദേശിയായി പാർത്തു.
ഉല്പത്തി 20 : 2 (MOV)
അബ്രാഹാം തന്റെ ഭാര്യയായ സാറയെക്കുറിച്ചു: അവൾ എന്റെ പെങ്ങൾ എന്നു പറഞ്ഞു. ഗെരാർ രാജാവായ അബീമേലെൿ ആളയച്ചു സാറയെ കൊണ്ടുപോയി.
ഉല്പത്തി 20 : 3 (MOV)
എന്നാൽ രാത്രിയിൽ ദൈവം സ്വപ്നത്തിൽ അബീമേലെക്കിന്റെ അടുക്കൽ വന്നു അവനോടു: നീ എടുത്ത സ്ത്രീയുടെ നിമിത്തം നീ മരിക്കും; അവൾ ഒരു പുരുഷന്റെ ഭാര്യ എന്നു അരുളിച്ചെയ്തു.
ഉല്പത്തി 20 : 4 (MOV)
എന്നാൽ അബീമേലെൿ അവളുടെ അടുക്കൽ ചെന്നിരുന്നില്ല: ആകയാൽ അവൻ: കർത്താവേ, നീതിയുള്ള ജാതിയെയും നീ കൊല്ലുമോ?
ഉല്പത്തി 20 : 5 (MOV)
ഇവൾ എന്റെ പെങ്ങളാകുന്നു എന്നു അവൻ എന്നോടു പറഞ്ഞുവല്ലോ. അവൻ എന്റെ ആങ്ങള എന്നു അവളും പറഞ്ഞു. ഹൃദയപരമാർത്ഥതയോടും കയ്യുടെ നിർമ്മലതയോടും കൂടെ ഞാൻ ഇതു ചെയ്തിരിക്കുന്നു എന്നു പറഞ്ഞു.
ഉല്പത്തി 20 : 6 (MOV)
അതിന്നു ദൈവം സ്വപ്നത്തിൽ അവനോടു: നീ ഇതു ഹൃദയപരമാർത്ഥതയോടെ ചെയ്തിരിക്കുന്നു എന്നു ഞാൻ അറിയുന്നു; നീ എന്നോടു പാപം ചെയ്യാതിരിപ്പാൻ ഞാൻ നിന്നെ തടുത്തു; അതുകൊണ്ടാകുന്നു അവളെ തൊടുവാൻ ഞാൻ നിന്നെ സമ്മതിക്കാതിരുന്നതു.
ഉല്പത്തി 20 : 7 (MOV)
ഇപ്പോൾ ആ പുരുഷന്നു അവന്റെ ഭാര്യയെ മടക്കിക്കൊടുക്ക; അവൻ ഒരു പ്രവാചകൻ ആകുന്നു; നീ ജീവനോടിരിക്കേണ്ടതിന്നു അവൻ നിനക്കുവേണ്ടി പ്രാർത്ഥിക്കട്ടെ. അവളെ മടക്കിക്കൊടുക്കാതിരുന്നാലോ, നീയും നിനക്കുള്ളവരൊക്കെയും മരിക്കേണ്ടിവരും എന്നു അറിഞ്ഞുകൊൾക എന്നു അരുളിച്ചെയ്തു.
ഉല്പത്തി 20 : 8 (MOV)
അബീമേലെൿ അതികാലത്തു എഴുന്നേറ്റു തന്റെ സകലഭൃത്യന്മാരെയും വരുത്തി ഈ കാര്യം ഒക്കെയും അവരോടു പറഞ്ഞു; അവർ ഏറ്റവും ഭയപ്പെട്ടു.
ഉല്പത്തി 20 : 9 (MOV)
അബീമേലെൿ അബ്രാഹാമിനെ വിളിപ്പിച്ചു അവനോടു: നീ ഞങ്ങളോടു ചെയ്തതു എന്തു? നീ എന്റെ മേലും എന്റെ രാജ്യത്തിന്മേലും ഒരു മഹാപാപം വരുത്തുവാൻ തക്കവണ്ണം ഞാൻ നിന്നോടു എന്തു ദോഷം ചെയ്തു? ചെയ്യരുതാത്ത കാര്യം നീ എന്നോടു ചെയ്തുവല്ലോ എന്നു പറഞ്ഞു.
ഉല്പത്തി 20 : 10 (MOV)
നീ എന്തു കണ്ടിട്ടാകുന്നു ഇക്കാര്യം ചെയ്തതു എന്നു അബീമേലെൿ അബ്രാഹാമിനോടു ചോദിച്ചതിന്നു അബ്രാഹാം പറഞ്ഞതു:
ഉല്പത്തി 20 : 11 (MOV)
ഈ സ്ഥലത്തു ദൈവഭയം ഇല്ല നിശ്ചയം; എന്റെ ഭാര്യനിമിത്തം അവർ എന്നെ കൊല്ലും എന്നു ഞാൻ നിരൂപിച്ചു.
ഉല്പത്തി 20 : 12 (MOV)
വാസ്തവത്തിൽ അവൾ എന്റെ പെങ്ങളാകുന്നു; എന്റെ അപ്പന്റെ മകൾ; എന്റെ അമ്മയുടെ മകളല്ല താനും; അവൾ എനിക്കു ഭാര്യയായി.
ഉല്പത്തി 20 : 13 (MOV)
എന്നാൽ ദൈവം എന്നെ എന്റെ പിതൃഭവനത്തിൽനിന്നു പുറപ്പെടുവിച്ചപ്പോൾ ഞാൻ അവളോടു: നീ എനിക്കു ഒരു ദയ ചെയ്യേണം: നാം ഏതൊരു ദിക്കിൽ ചെന്നാലും അവിടെ: അവൻ എന്റെ ആങ്ങള എന്നു എന്നെക്കുറിച്ചു പറയേണം എന്നു പറഞ്ഞിരുന്നു.
ഉല്പത്തി 20 : 14 (MOV)
അബീമേലെൿ അബ്രാഹാമിന്നു ആടുമാടുകളെയും ദാസീദാസന്മാരെയും കൊടുത്തു; അവന്റെ ഭാര്യയായ സാറയെയും അവന്നു മടക്കിക്കൊടുത്തു:
ഉല്പത്തി 20 : 15 (MOV)
ഇതാ, എന്റെ രാജ്യം നിന്റെ മുമ്പാകെ ഇരിക്കുന്നു; നിനക്കു ബോധിച്ചേടത്തു പാർത്തുകൊൾക എന്നു അബീമേലെൿ പറഞ്ഞു.
ഉല്പത്തി 20 : 16 (MOV)
സാറയോടു അവൻ: നിന്റെ ആങ്ങളെക്കു ഞാൻ ആയിരം വെള്ളിക്കാശു കൊടുത്തിട്ടുണ്ടു; നിന്നോടുകൂടെയുള്ള എല്ലാവരുടെയും മുമ്പാകെ ഇതു നിനക്കു ഒരു പ്രതിശാന്തി; നീ എല്ലാവർക്കും മുമ്പാകെ നീതീകരിക്കപ്പെട്ടുമിരിക്കുന്നു എന്നു പറഞ്ഞു.
ഉല്പത്തി 20 : 17 (MOV)
അബ്രാഹാം ദൈവത്തോടു അപേക്ഷിച്ചു; അപ്പോൾ ദൈവം അബീമേലെക്കിനെയും അവന്റെ ഭാര്യയെയും അവന്റെ ദാസിമാരെയും സൌഖ്യമാക്കി, അവർ പ്രസവിച്ചു.
ഉല്പത്തി 20 : 18 (MOV)
അബ്രാഹാമിന്റെ ഭാര്യയായ സാറയുടെ നിമിത്തം യഹോവ അബീമേലെക്കിന്റെ ഭവനത്തിലെ ഗർഭം ഒക്കെയും അടെച്ചിരുന്നു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18