ഉല്പത്തി 35 : 1 (MOV)
അനന്തരം ദൈവം യാക്കോബിനോടു: നീ പുറപ്പെട്ടു ബേഥേലിൽ ചെന്നു പാർക്ക; നിന്റെ സഹോദരനായ ഏശാവിന്റെ മുമ്പിൽനിന്നു നീ ഓടിപ്പോകുമ്പോൾ നിനക്കു പ്രത്യക്ഷനായ ദൈവത്തിന്നു അവിടെ ഒരു യാഗപീഠം ഉണ്ടാക്കുക എന്നു കല്പിച്ചു.
ഉല്പത്തി 35 : 2 (MOV)
അപ്പോൾ യാക്കോബ് തന്റെ കുടുംബത്തോടും കൂടെയുള്ള എല്ലാവരോടും: നിങ്ങളുടെ ഇടയിലുള്ള അന്യദേവന്മാരെ നീക്കിക്കളഞ്ഞു നിങ്ങളെ ശുദ്ധീകരിച്ചു വസ്ത്രം മാറുവിൻ.
ഉല്പത്തി 35 : 3 (MOV)
നാം പുറപ്പെട്ടു ബേഥേലിലേക്കു പോക; എന്റെ കഷ്ടകാലത്തു എന്റെ പ്രാർത്ഥന കേൾക്കയും ഞാൻ പോയ വഴിയിൽ എന്നോടു കൂടെയിരിക്കയും ചെയ്ത ദൈവത്തിന്നു ഞാൻ അവിടെ ഒരു യാഗപീഠം ഉണ്ടാക്കും എന്നു പറഞ്ഞു.
ഉല്പത്തി 35 : 4 (MOV)
അങ്ങനെ അവർ തങ്ങളുടെ പക്കലുള്ള അന്യദേവന്മാരെ ഒക്കെയും കാതുകളിലെ കുണുക്കുകളെയും യാക്കോബിന്റെ പക്കൽ കൊടുത്തു; യാക്കോബ് അവയെ ശെഖേമിന്നരികെയുള്ള കരുവേലകത്തിൻ കീഴിൽ കുഴിച്ചിട്ടു.
ഉല്പത്തി 35 : 5 (MOV)
പിന്നെ അവർ യാത്രപുറപ്പെട്ടു; അവരുടെ ചുറ്റുമിരുന്ന പട്ടണങ്ങളുടെ മേൽ ദൈവത്തിന്റെ ഭീതി വീണതു കൊണ്ടു യാക്കോബിന്റെ പുത്രന്മാരെ ആരും പിന്തുടർന്നില്ല.
ഉല്പത്തി 35 : 6 (MOV)
യാക്കോബും കൂടെയുള്ള ജനമൊക്കെയും കനാൻ ദേശത്തിലെ ലൂസ് എന്ന ബേഥേലിൽ എത്തി.
ഉല്പത്തി 35 : 7 (MOV)
അവിടെ അവൻ ഒരു യാഗപീഠം പണിതു; തന്റെ സഹോദരന്റെ മുമ്പിൽനിന്നു ഓടിപ്പോകുമ്പോൾ അവന്നു അവിടെവെച്ചു ദൈവം പ്രത്യക്ഷനായതുകൊണ്ടു അവൻ ആ സ്ഥലത്തിന്നു ഏൽ-ബേഥേൽ എന്നു പേർ വിളിച്ചു.
ഉല്പത്തി 35 : 8 (MOV)
റിബെക്കയുടെ ധാത്രിയായ ദെബോരാ മരിച്ചു, അവളെ ബേഥേലിന്നു താഴെ ഒരു കരുവേലകത്തിൻ കീഴിൽ അടക്കി; അതിന്നു അല്ലോൻ-ബാഖൂത്ത് (വിലാപവൃക്ഷം)എന്നു പേരിട്ടു.
ഉല്പത്തി 35 : 9 (MOV)
യാക്കോബ് പദ്ദൻ-അരാമിൽനിന്നു വന്ന ശേഷം ദൈവം അവന്നു പിന്നെയും പ്രത്യക്ഷനായി അവനെ അനുഗ്രഹിച്ചു.
ഉല്പത്തി 35 : 10 (MOV)
ദൈവം അവനോടു: നിന്റെ പേർ യാക്കോബ് എന്നല്ലോ; ഇനി നിനക്കു യാക്കോബ് എന്നല്ല യിസ്രായേൽ എന്നു തന്നെ പേരാകേണം എന്നു കല്പിച്ചു അവന്നു യിസ്രായേൽ എന്നു പേരിട്ടു.
ഉല്പത്തി 35 : 11 (MOV)
ദൈവം പിന്നെയും അവനോടു: ഞാൻ സർവ്വശക്തിയുള്ള ദൈവം ആകുന്നു; നീ സന്താനപുഷ്ടിയുള്ളവനായി പെരുകുക; ഒരു ജാതിയും ജാതികളുടെ കൂട്ടവും നിന്നിൽ നിന്നു ഉത്ഭവിക്കും; രാജാക്കന്മാരും നിന്റെ കടിപ്രദേശത്തു നിന്നു പുറപ്പെടും.
ഉല്പത്തി 35 : 12 (MOV)
ഞാൻ അബ്രാഹാമിന്നും യിസ്ഹാക്കിന്നും കൊടുത്തദേശം നിനക്കു തരും; നിന്റെ ശേഷം നിന്റെ സന്തതിക്കും ഈ ദേശം കൊടുക്കും എന്നു അരുളിച്ചെയ്തു.
ഉല്പത്തി 35 : 13 (MOV)
അവനോടു സംസാരിച്ച സ്ഥലത്തുനിന്നു ദൈവം അവനെ വിട്ടു കയറിപ്പോയി.
ഉല്പത്തി 35 : 14 (MOV)
അവൻ തന്നോടു സംസാരിച്ചേടത്തു യാക്കോബ് ഒരു കൽത്തൂൺ നിർത്തി; അതിന്മേൽ ഒരു പാനീയയാഗം ഒഴിച്ചു എണ്ണയും പകർന്നു.
ഉല്പത്തി 35 : 15 (MOV)
ദൈവം തന്നോടു സംസാരിച്ച സ്ഥലത്തിന്നു യാക്കോബ് ബേഥേൽ എന്നു പേരിട്ടു.
ഉല്പത്തി 35 : 16 (MOV)
അവർ ബേഥേലിൽനിന്നു യാത്ര പുറപ്പെട്ടു, എഫ്രാത്തയിൽ എത്തുവാൻ അല്പദൂരം മാത്രമുള്ളപ്പോൾ റാഹേൽ പ്രസവിച്ചു; പ്രസവിക്കുമ്പോൾ അവൾക്കു കഠിന വേദനയുണ്ടായി.
ഉല്പത്തി 35 : 17 (MOV)
അങ്ങനെ പ്രസവത്തിൽ അവൾക്കു കഠിനവേദനയായിരിക്കുമ്പോൾ സൂതികർമ്മിണി അവളോടു: ഭയപ്പെടേണ്ടാ; ഇതും ഒരു മകനായിരിക്കും എന്നു പറഞ്ഞു.
ഉല്പത്തി 35 : 18 (MOV)
എന്നാൽ അവൾ മരിച്ചുപോയി; ജീവൻ പോകുന്ന സമയം അവൾ അവന്നു ബെനോനീ എന്നു പേർ ഇട്ടു; അവന്റെ അപ്പനോ അവന്നു ബെന്യാമീൻ എന്നു പേരിട്ടു.
ഉല്പത്തി 35 : 19 (MOV)
റാഹേൽ മരിച്ചിട്ടു അവളെ ബേത്ത്ളേഹെം എന്ന എഫ്രാത്തിന്നു പോകുന്ന വഴിയിൽ അടക്കം ചെയ്തു.
ഉല്പത്തി 35 : 20 (MOV)
അവളുടെ കല്ലറയിന്മേൽ യാക്കോബ് ഒരു തൂൺ നിർത്തി അതു റാഹേലിന്റെ കല്ലറത്തൂൺ എന്ന പോരോടെ ഇന്നുവരെയും നില്ക്കുന്നു.
ഉല്പത്തി 35 : 21 (MOV)
പിന്നെ യിസ്രായേൽ യാത്ര പുറപ്പെട്ടു, ഏദെർഗോപുരത്തിന്നു അപ്പുറം കൂടാരം അടിച്ചു.
ഉല്പത്തി 35 : 22 (MOV)
യിസ്രായേൽ ആ ദേശത്തു പാർത്തിരിക്കുമ്പോൾ രൂബേൻ ചെന്നു തന്റെ അപ്പന്റെ വെപ്പാട്ടിയായ ബിൽഹയോടുകൂടെ ശയിച്ചു; യിസ്രായേൽ അതുകേട്ടു.
ഉല്പത്തി 35 : 23 (MOV)
യാക്കോബിന്റെ പുത്രന്മാർ പന്ത്രണ്ടു പേരായിരുന്നു. ലേയയുടെ പുത്രന്മാർ: യാക്കോബിന്റെ ആദ്യജാതൻ രൂബേൻ, ശിമെയോൻ, ലേവി, യെഹൂദാ, യിസ്സാഖാർ, സെബൂലൂൻ.
ഉല്പത്തി 35 : 24 (MOV)
റാഹേലിന്റെ പുത്രന്മാർ: യോസേഫും ബെന്യാമീനും.
ഉല്പത്തി 35 : 25 (MOV)
റാഹേലിന്റെ ദാസിയായ ബിൽഹയുടെ പുത്രന്മാർ: ദാനും നഫ്താലിയും.
ഉല്പത്തി 35 : 26 (MOV)
ലേയയുടെ ദാസിയായ സില്പയുടെ പുത്രന്മാർ ഗാദും ആശേരും. ഇവർ യാക്കോബിന്നു പദ്ദൻ-അരാമിൽവെച്ചു ജനിച്ച പുത്രന്മാർ.
ഉല്പത്തി 35 : 27 (MOV)
പിന്നെ യാക്കോബ് കിര്യാത്തർബ്ബാ എന്ന മമ്രേയിൽ തന്റെ അപ്പനായ യിസ്ഹാക്കിന്റെ അടുക്കൽ വന്നു; അബ്രാഹാമും യിസ്ഹാക്കും പാർത്തിരുന്നഹെബ്രോൻ ഇതു തന്നേ.
ഉല്പത്തി 35 : 28 (MOV)
യിസ്ഹാക്കിന്റെ ആയുസ്സു നൂറ്റെണ്പതു സംവത്സരമായിരുന്നു.
ഉല്പത്തി 35 : 29 (MOV)
യിസ്ഹാൿ വയോധികനും കാലസമ്പൂർണ്ണനുമായി പ്രാണനെ വിട്ടു മരിച്ചു തന്റെ ജനത്തോടു ചേർന്നു; അവന്റെ പുത്രന്മാരായ ഏശാവും യാക്കോബും കൂടി അവനെ അടക്കംചെയ്തു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29

BG:

Opacity:

Color:


Size:


Font: