ഉല്പത്തി 4 : 1 (MOV)
അനന്തരം മനുഷ്യൻ തന്റെ ഭാര്യയായ ഹവ്വയെ പരിഗ്രഹിച്ചു; അവൾ ഗർഭംധരിച്ചു കയീനെ പ്രസവിച്ചു: യഹോവയാൽ എനിക്കു ഒരു പുരുഷപ്രജ ലഭിച്ചു എന്നു പറഞ്ഞു.
ഉല്പത്തി 4 : 2 (MOV)
പിന്നെ അവൾ അവന്റെ അനുജനായ ഹാബെലിനെ പ്രസവിച്ചു. ഹാബെൽ ആട്ടിടയനും കയീൻ കൃഷിക്കാരനും ആയിത്തീർന്നു.
ഉല്പത്തി 4 : 3 (MOV)
കുറെക്കാലം കഴിഞ്ഞിട്ടു കയീൻ നിലത്തെ അനുഭവത്തിൽനിന്നു യഹോവെക്കു ഒരു വഴിപാടു കൊണ്ടുവന്നു.
ഉല്പത്തി 4 : 4 (MOV)
ഹാബെലും ആട്ടിൻ കൂട്ടത്തിലെ കടിഞ്ഞൂലുകളിൽനിന്നു, അവയുടെ മേദസ്സിൽനിന്നു തന്നേ, ഒരു വഴിപാടു കൊണ്ടുവന്നു. യഹോവ ഹാബെലിലും വഴിപാടിലും പ്രസാദിച്ചു.
ഉല്പത്തി 4 : 5 (MOV)
കയീനിലും അവന്റെ വഴിപാടിലും പ്രസാദിച്ചില്ല. കയീന്നു ഏറ്റവും കോപമുണ്ടായി, അവന്റെ മുഖം വാടി.
ഉല്പത്തി 4 : 6 (MOV)
എന്നാറെ യഹോവ കയീനോടു: നീ കോപിക്കുന്നതു എന്തിന്നു? നിന്റെ മുഖം വാടുന്നതും എന്തു?
ഉല്പത്തി 4 : 7 (MOV)
നീ നന്മചെയ്യുന്നു എങ്കിൽ പ്രസാദമുണ്ടാകയില്ലയോ? നീ നന്മ ചെയ്യുന്നില്ലെങ്കിലോ പാപം വാതിൽക്കൽ കിടക്കുന്നു; അതിന്റെ ആഗ്രഹം നിങ്കലേക്കു ആകുന്നു; നീയോ അതിനെ കീഴടക്കേണം എന്നു കല്പിച്ചു.
ഉല്പത്തി 4 : 8 (MOV)
എന്നാറെ കയീൻ തന്റെ അനുജനായ ഹാബെലിനോടു: (നാം വയലിലേക്കു പോക എന്നു) പറഞ്ഞു. അവർ വയലിൽ ഇരിക്കുമ്പോൾ കയീൻ തന്റെ അനുജനായ ഹാബെലിനോടു കയർത്തു അവനെ കൊന്നു.
ഉല്പത്തി 4 : 9 (MOV)
പിന്നെ യഹോവ കയീനോടു: നിന്റെ അനുജനായ ഹാബെൽ എവിടെ എന്നു ചോദിച്ചതിന്നു: ഞാൻ അറിയുന്നില്ല; ഞാൻ എന്റെ അനുജന്റെ കാവൽക്കാരനോ എന്നു അവൻ പറഞ്ഞു.
ഉല്പത്തി 4 : 10 (MOV)
അതിന്നു അവൻ അരുളിച്ചെയ്തതു. നീ എന്തു ചെയ്തു? നിന്റെ അനുജന്റെ രക്തത്തിന്റെ ശബ്ദം ഭൂമിയിൽ നിന്നു എന്നോടു നിലവിളിക്കുന്നു.
ഉല്പത്തി 4 : 11 (MOV)
ഇപ്പോൾ നിന്റെ അനുജന്റെ രക്തം നിന്റെ കയ്യിൽ നിന്നു ഏറ്റുകൊൾവാൻ വായിതുറന്ന ദേശം നീ വിട്ടു ശാപഗ്രസ്തനായി പോകേണം.
ഉല്പത്തി 4 : 12 (MOV)
നീ കൃഷി ചെയ്യുമ്പോൾ നിലം ഇനിമേലാൽ തന്റെ വീര്യം നിനക്കു തരികയില്ല; നീ ഭൂമിയിൽ ഉഴന്നലയുന്നവൻ ആകും.
ഉല്പത്തി 4 : 13 (MOV)
കയീൻ യഹോവയോടു: എന്റെ കുറ്റം പൊറുപ്പാൻ കഴിയുന്നതിനെക്കാൾ വലിയതാകുന്നു.
ഉല്പത്തി 4 : 14 (MOV)
ഇതാ, നീ ഇന്നു എന്നെ ആട്ടിക്കളയുന്നു; ഞാൻ തിരുസന്നിധിവിട്ടു ഒളിച്ചു ഭൂമിയിൽ ഉഴന്നലയുന്നവൻ ആകും; ആരെങ്കിലും എന്നെ കണ്ടാൽ, എന്നെ കൊല്ലും എന്നു പറഞ്ഞു.
ഉല്പത്തി 4 : 15 (MOV)
യഹോവ അവനോടു: അതുകൊണ്ടു ആരെങ്കിലും കയീനെ കൊന്നാൽ അവന്നു ഏഴിരട്ടി പകരം കിട്ടും എന്നു അരുളിച്ചെയ്തു; കയീനെ കാണുന്നവർ ആരും കൊല്ലാതിരിക്കേണ്ടതിന്നു യഹോവ അവന്നു ഒരു അടയാളം വെച്ചു.
ഉല്പത്തി 4 : 16 (MOV)
അങ്ങനെ കയീൻ യഹോവയുടെ സന്നിധിയിൽ നിന്നു പുറപ്പെട്ടു ഏദെന്നു കിഴക്കു നോദ് ദേശത്തു ചെന്നു പാർത്തു.
ഉല്പത്തി 4 : 17 (MOV)
കയീൻ തന്റെ ഭാര്യയെ പരിഗ്രഹിച്ചു; അവൾ ഗർഭം ധരിച്ചു ഹാനോക്കിനെ പ്രസവിച്ചു. അവൻ ഒരു പട്ടണം പണിതു, ഹാനോൿ എന്നു തന്റെ മകന്റെ പേരിട്ടു.
ഉല്പത്തി 4 : 18 (MOV)
ഹാനോക്കിന്നു ഈരാദ് ജനിച്ചു; ഈരാദ് മെഹൂയയേലിനെ ജനിപ്പിച്ചു; മെഹൂയയേൽ മെഥൂശയേലിനെ ജനിപ്പിച്ചു; മെഥൂശയേൽ ലാമെക്കിനെ ജനിപ്പിച്ചു.
ഉല്പത്തി 4 : 19 (MOV)
ലാമെൿ രണ്ടു ഭാര്യമാരെ എടുത്തു; ഒരുത്തിക്കു ആദാ എന്നും മറ്റവൾക്കു സില്ലാ എന്നും പേർ.
ഉല്പത്തി 4 : 20 (MOV)
ആദാ യാബാലിനെ പ്രസവിച്ചു; അവൻ കൂടാരവാസികൾക്കും പശുപാലകന്മാർക്കും പിതാവായ്തീർന്നു.
ഉല്പത്തി 4 : 21 (MOV)
അവന്റെ സഹോദരന്നു യൂബാൽ എന്നു പേർ. ഇവൻ കിന്നരവും വേണുവും പ്രയോഗിക്കുന്ന എല്ലാവർക്കും പിതാവായ്തീർന്നു.
ഉല്പത്തി 4 : 22 (MOV)
സില്ലാ തൂബൽകയീനെ പ്രസവിച്ചു; അവൻ ചെമ്പുകൊണ്ടും ഇരിമ്പുകൊണ്ടുമുള്ള ആയുധങ്ങളെ തീർക്കുന്നവനായ്തീർന്നു; തൂബൽകയീന്റെ പെങ്ങൾ നയമാ.
ഉല്പത്തി 4 : 23 (MOV)
ലാമെൿ തന്റെ ഭാര്യമാരോടു പറഞ്ഞതു: ആദയും സില്ലയും ആയുള്ളോരേ, എന്റെ വാക്കു കേൾപ്പിൻ; ലാമെക്കിൻ ഭാര്യമാരേ, എന്റെ വചനത്തിന്നു ചെവി തരുവിൻ! എന്റെ മുറിവിന്നു പകരം ഞാൻ ഒരു പുരുഷനെയും, എന്റെ പരിക്കിന്നു പകരം ഒരു യുവാവിനെയും കൊല്ലും.
ഉല്പത്തി 4 : 24 (MOV)
കയീന്നുവേണ്ടി ഏഴിരട്ടി പകരം ചെയ്യുമെങ്കിൽ, ലാമെക്കിന്നുവേണ്ടി എഴുപത്തേഴു ഇരട്ടി പകരം ചെയ്യും.
ഉല്പത്തി 4 : 25 (MOV)
ആദാം തന്റെ ഭാര്യയെ പിന്നെയും പരിഗ്രഹിച്ചു; അവൾ ഒരു മകനെ പ്രസവിച്ചു: കയീൻ കൊന്ന ഹാബെലിന്നു പകരം ദൈവം എനിക്കു മറ്റൊരു സന്തതിയെ തന്നു എന്നു പറഞ്ഞു അവന്നു ശേത്ത് എന്നു പേരിട്ടു.
ഉല്പത്തി 4 : 26 (MOV)
ശേത്തിന്നും ഒരു മകൻ ജനിച്ചു; അവന്നു എനോശ് എന്നു പേരിട്ടു. ആ കാലത്തു യഹോവയുടെ നാമത്തിലുള്ള ആരാധന തുടങ്ങി.
❮
❯