ഉല്പത്തി 41 : 1 (MOV)
രണ്ടു സംവത്സരം കഴിഞ്ഞശേഷം ഫറവോൻ ഒരു സ്വപ്നം കണ്ടതെന്തെന്നാൽ:
ഉല്പത്തി 41 : 2 (MOV)
അവൻ നദീതീരത്തു നിന്നു. അപ്പോൾ രൂപഗുണവും മാംസപുഷ്ടിയുമുള്ള ഏഴു പശുനദിയിൽ നിന്നു കയറി, ഞാങ്ങണയുടെ ഇടയിൽ മേഞ്ഞുകൊണ്ടിരുന്നു.
ഉല്പത്തി 41 : 3 (MOV)
അവയുടെ പിന്നാലെ മെലിഞ്ഞും വിരൂപമായുമുള്ള വേറെ ഏഴു പശു നദിയിൽ നിന്നു കയറി, നദീതീരത്തു മറ്റേ പശുക്കളുടെ അരികെ നിന്നു.
ഉല്പത്തി 41 : 4 (MOV)
മെലിഞ്ഞും വിരൂപമായുമുള്ള പശുക്കൾ രൂപ ഗുണവും മാംസപുഷ്ടിയുമുള്ള ഏഴു പശുക്കളെ തിന്നുകളഞ്ഞു; അപ്പോൾ ഫറവോൻ ഉണർന്നു.
ഉല്പത്തി 41 : 5 (MOV)
അവൻ പിന്നെയും ഉറങ്ങി, രണ്ടാമതും ഒരു സ്വപ്നം കണ്ടു; പുഷ്ടിയുള്ളതും നല്ലതുമായ ഏഴു കതിർ ഒരു തണ്ടിൽ നിന്നു പൊങ്ങി വന്നു.
ഉല്പത്തി 41 : 6 (MOV)
അവയുടെ പിന്നാലെ നേർത്തും കിഴക്കൻ കാറ്റിനാൽ കരിഞ്ഞുമിരിക്കുന്ന ഏഴു കതിർ പൊങ്ങിവന്നു.
ഉല്പത്തി 41 : 7 (MOV)
നേർത്ത ഏഴു കതിരുകൾ പുഷ്ടിയും മണിക്കരുത്തുമുള്ള ഏഴു കതിരുകളെ വിഴുങ്ങിക്കളഞ്ഞു. അപ്പോൾ ഫറവോൻ ഉണർന്നു, അതു സ്വപ്നം എന്നു അറിഞ്ഞു.
ഉല്പത്തി 41 : 8 (MOV)
പ്രാതഃകാലത്തു അവൻ വ്യാകുലപ്പെട്ടു മിസ്രയീമിലെ മന്ത്രവാദികളെയും ജ്ഞാനികളെയും എല്ലാം ആളയച്ചു വരുത്തി അവരോടു തന്റെ സ്വപ്നം പറഞ്ഞു. എന്നാൽ വ്യാഖ്യാനിപ്പാൻ ആർക്കും കഴിഞ്ഞില്ല.
ഉല്പത്തി 41 : 9 (MOV)
അപ്പോൾ പാനപാത്രവാഹകന്മാരുടെ പ്രമാണി ഫറവോനോടു പറഞ്ഞതു: ഇന്നു ഞാൻ എന്റെ കുറ്റം ഓർക്കുന്നു.
ഉല്പത്തി 41 : 10 (MOV)
ഫറവോൻ അടിയങ്ങളോടു കോപിച്ചു, എന്നെയും അപ്പക്കാരുടെ പ്രമാണിയെയും അകമ്പടിനായകന്റെ വീട്ടിൽ തടവിലാക്കിയിരുന്നുവല്ലോ.
ഉല്പത്തി 41 : 11 (MOV)
അവിടെവെച്ചു ഞാനും അവനും ഒരു രാത്രിയിൽ തന്നേ സ്വപ്നം കണ്ടു; വെവ്വേറെ അർത്ഥമുള്ള സ്വപ്നം ആയിരുന്നു ഓരോരുത്തൻ കണ്ടതു.
ഉല്പത്തി 41 : 12 (MOV)
അവിടെ അകമ്പടി നായകന്റെ ദാസനായ ഒരു എബ്രായ യൌവനക്കാരൻ ഞങ്ങളോടുകൂടെ ഉണ്ടായിരുന്നു; ഞങ്ങൾ അവനോടു അറിയിച്ചാറെ അവൻ സ്വപ്നങ്ങളെ വ്യാഖ്യാനിച്ചു; ഓരോരുത്തന്നു താന്താന്റെ സ്വപ്നത്തിന്റെ അർത്ഥം പറഞ്ഞുതന്നു.
ഉല്പത്തി 41 : 13 (MOV)
അവൻ അർത്ഥം പറഞ്ഞതു പോലെ തന്നേ സംഭവിച്ചു; എന്നെ വീണ്ടും സ്ഥാനത്തു ആക്കുകയും മറ്റവനെ തൂക്കിക്കളകയും ചെയ്തുവല്ലോ.
ഉല്പത്തി 41 : 14 (MOV)
ഉടനെ ഫറവോൻ ആളയച്ചു യോസേഫിനെ വിളിപ്പിച്ചു. അവർ അവനെ വേഗത്തിൽ കുണ്ടറയിൽനിന്നു ഇറക്കി; അവൻ ക്ഷൌരം ചെയ്യിച്ചു, വസ്ത്രം മാറി, ഫറവോന്റെ അടുക്കൽ ചെന്നു.
ഉല്പത്തി 41 : 15 (MOV)
ഫറവോൻ യോസേഫിനോടു: ഞാൻ ഒരു സ്വപ്നം കണ്ടു; അതിനെ വ്യാഖ്യനിപ്പാൻ ആരുമില്ല; എന്നാൽ നീ ഒരു സ്വപ്നം കേട്ടാൽ വ്യാഖ്യാനിക്കുമെന്നു നിന്നെക്കുറിച്ചു ഞാൻ കേട്ടിരിക്കുന്നു എന്നു പറഞ്ഞു.
ഉല്പത്തി 41 : 16 (MOV)
അതിന്നു യോസേഫ് ഫറവോനോടു: ഞാനല്ല ദൈവം തന്നേ ഫറവോന്നു ശുഭമായോരു ഉത്തരം നല്കും എന്നു പറഞ്ഞു.
ഉല്പത്തി 41 : 17 (MOV)
പിന്നെ ഫറവോൻ യോസേഫിനോടു പറഞ്ഞതു: എന്റെ സ്വപ്നത്തിൽ ഞാൻ നദീതീരത്തു നിന്നു.
ഉല്പത്തി 41 : 18 (MOV)
അപ്പോൾ മാംസപുഷ്ടിയും രൂപഗുണവുമുള്ള ഏഴു പശു നദിയിൽനിന്നു കയറി ഞാങ്ങണയുടെ ഇടയിൽ മേഞ്ഞുകൊണ്ടിരുന്നു.
ഉല്പത്തി 41 : 19 (MOV)
അവയുടെ പിന്നാലെ ക്ഷീണിച്ചും മെലിഞ്ഞും എത്രയും വിരൂപമായുമുള്ള വേറെ ഏഴു പശു കയറി വന്നു; അത്ര വിരൂപമായവയെ ഞാൻ മിസ്രയീംദേശത്തു എങ്ങും കണ്ടിട്ടില്ല.
ഉല്പത്തി 41 : 20 (MOV)
എന്നാൽ മെലിഞ്ഞും വിരൂപമായുമുള്ള പശുക്കൾ പുഷ്ടിയുള്ള മുമ്പിലത്തെ ഏഴു പശുക്കളെ തിന്നുകളഞ്ഞു;
ഉല്പത്തി 41 : 21 (MOV)
ഇവ അവയുടെ വയറ്റിൽ ചെന്നിട്ടും വയറ്റിൽ ചെന്നു എന്നു അറിവാനില്ലായിരന്നു; അവ മുമ്പിലത്തെപ്പോലെ തന്നേ വിരൂപമുള്ളവ ആയിരുന്നു. അപ്പോൾ ഞാൻ ഉണർന്നു.
ഉല്പത്തി 41 : 22 (MOV)
പിന്നെയും ഞാൻ സ്വപ്നത്തിൽ കണ്ടതു: നിറഞ്ഞതും നല്ലതുമായ ഏഴു കതിർ ഒരു തണ്ടിൽ പൊങ്ങിവന്നു.
ഉല്പത്തി 41 : 23 (MOV)
അവയുടെ പിന്നാലെ ഉണങ്ങിയും നേർത്തും കിഴക്കൻ കാറ്റിനാൽ കരിഞ്ഞുമിരിക്കുന്ന ഏഴു കതിർ പൊങ്ങിവന്നു.
ഉല്പത്തി 41 : 24 (MOV)
നേർത്ത കതിരുകൾ ഏഴു നല്ല കതിരുകളെ വിഴുങ്ങിക്കളഞ്ഞു. ഇതു ഞാൻ മന്ത്രവാദികളോടു പറഞ്ഞു; എന്നാൽ വ്യാഖ്യാനിപ്പാൻ ആർക്കും കഴഞ്ഞില്ല.
ഉല്പത്തി 41 : 25 (MOV)
അപ്പോൾ യോസേഫ് ഫറവോനോടു പറഞ്ഞതു: ഫറവോന്റെ സ്വപ്നം ഒന്നുതന്നേ; താൻ ചെയ്‍വാൻ ഭാവിക്കുന്നതു ദൈവം ഫറവോന്നു വെളിപ്പെടുത്തിയിരിക്കുന്നു.
ഉല്പത്തി 41 : 26 (MOV)
ഏഴു നല്ല പശു ഏഴു സംവത്സരം; നല്ല കതിരും ഏഴു സംവത്സരം; സ്വപ്നം ഒന്നു തന്നേ.
ഉല്പത്തി 41 : 27 (MOV)
അവയുടെ പിന്നാലെ കയറിവന്ന മെലിഞ്ഞും വിരൂപമായുമുള്ള ഏഴു പശുവും കിഴക്കൻ കാറ്റിനാൽ കരിഞ്ഞു പതിരായുള്ള ഏഴു കതിരും ഏഴു സംവത്സരം; അവ ക്ഷാമമുള്ള ഏഴു സംവത്സരം ആകുന്നു.
ഉല്പത്തി 41 : 28 (MOV)
ദൈവം ചെയ്‍വാൻ ഭാവിക്കുന്നതു ഫറവോന്നു കാണിച്ചു തന്നിരിക്കുന്നു അതാകുന്നു ഞാൻ ഫറവോനോടു പറഞ്ഞതു.
ഉല്പത്തി 41 : 29 (MOV)
മിസ്രയീംദേശത്തു ഒക്കെയും ബഹു സുഭിക്ഷമായ ഏഴു സംവത്സരം വരും.
ഉല്പത്തി 41 : 30 (MOV)
അതു കഴിഞ്ഞിട്ടു ക്ഷാമമുള്ള ഏഴു സംവത്സരം വരും; അപ്പോൾ മിസ്രയീംദേശത്തു ആ സുഭിക്ഷതയൊക്കെയും മറന്നിരിക്കും; ക്ഷാമത്താൽ ദേശം ഒക്കെയും ക്ഷയിച്ചുപോകും.
ഉല്പത്തി 41 : 31 (MOV)
പിൻവരുന്ന ക്ഷാമം അതികഠിനമായിരിക്കയാൽ ദേശത്തുണ്ടായിരുന്ന സുഭിക്ഷത അറിയാതെയായിപ്പോകും.
ഉല്പത്തി 41 : 32 (MOV)
ഫറവോന്നു സ്വപ്നം രണ്ടുവട്ടം ഉണ്ടായതോ കാര്യം ദൈവത്തിന്റെ മുമ്പാകെ സ്ഥിരമായിരിക്കകൊണ്ടും ദൈവം അതിനെ വേഗത്തിൽ വരുത്തുവാനിരിക്കകൊണ്ടും ആകുന്നു.
ഉല്പത്തി 41 : 33 (MOV)
ആകയാൽ ഫറവോൻ വിവേകവും ജ്ഞാനവുമുള്ള ഒരുത്തനെ അന്വേഷിച്ചു മിസ്രയീംദേശത്തിന്നു മേലധികാരി ആക്കി വെക്കേണം.
ഉല്പത്തി 41 : 34 (MOV)
അതുകൂടാതെ ഫറവോൻ ദേശത്തിന്മേൽ വിചാരകന്മാരെ ആക്കി, സുഭിക്ഷതയുള്ള ഏഴു സംവത്സരത്തിൽ മിസ്രയീംദേശത്തിലെ വിളവിൽ അഞ്ചിലൊന്നു വാങ്ങേണം.
ഉല്പത്തി 41 : 35 (MOV)
ഈ വരുന്ന നല്ല സംവത്സരങ്ങളിലെ വിളവൊക്കെയും ശേഖരിച്ചു പട്ടണങ്ങളിൽ ഫറവോന്റെ അധീനത്തിൽ ധാന്യം സൂക്ഷിച്ചുവെക്കേണം.
ഉല്പത്തി 41 : 36 (MOV)
ആ ധാന്യം മിസ്രയീംദേശത്തു വരുവാൻ പോകുന്ന ക്ഷാമമുള്ള ഏഴുസംവത്സരത്തേക്കു ദേശത്തിന്നു സംഗ്രഹമായിട്ടിരിക്കേണം; എന്നാൽ ദേശം ക്ഷാമം കൊണ്ടു നശിക്കയില്ല.
ഉല്പത്തി 41 : 37 (MOV)
ഈ വാക്കു ഫറവോന്നും അവന്റെ സകലഭൃത്യന്മാർക്കും ബോധിച്ചു.
ഉല്പത്തി 41 : 38 (MOV)
ഫറവോൻ തന്റെ ഭൃത്യന്മാരോടു: ദൈവാത്മാവുള്ള ഈ മനുഷ്യനെപ്പോലെ ഒരുത്തനെ കണ്ടുകിട്ടുമോ എന്നു പറഞ്ഞു.
ഉല്പത്തി 41 : 39 (MOV)
പിന്നെ ഫറവോൻ യോസേഫിനോടു: ദൈവം ഇതൊക്കെയും നിനക്കു വെളിപ്പെടുത്തി തന്നതു കൊണ്ടു നിന്നെപ്പോലെ വിവേകവും ജ്ഞാനവുമുള്ളവൻ ഒരുത്തനുമില്ല.
ഉല്പത്തി 41 : 40 (MOV)
നീ എന്റെ ഗൃഹത്തിന്നു മേലധികാരിയാകും; നിന്റെ വാക്കു എന്റെ ജനമെല്ലാം അനുസരിച്ചു നടക്കും; സിംഹാസനംകൊണ്ടു മാത്രം ഞാൻ നിന്നെക്കാൾ വലിയവനായിരിക്കും എന്നു പറഞ്ഞു.
ഉല്പത്തി 41 : 41 (MOV)
ഇതാ, മിസ്രയീംദേശത്തിന്നൊക്കെയും ഞാൻ നിന്നെ മേലധികാരി ആക്കിയിരിക്കുന്നു, എന്നും ഫറവോൻ യോസേഫിനോടു പറഞ്ഞു.
ഉല്പത്തി 41 : 42 (MOV)
ഫറവോൻ തന്റെ കയ്യിൽനിന്നു മുദ്രമോതിരം ഊരി, യോസേഫിന്റെ കൈക്കു ഇട്ടു, അവനെ നേർമ്മയുള്ള വസ്ത്രംധരിപ്പിച്ചു, ഒരു സ്വർണ്ണസരപ്പളിയും അവന്റെ കഴുത്തിൽ ഇട്ടു.
ഉല്പത്തി 41 : 43 (MOV)
തന്റെ രണ്ടാം രഥത്തിൽ അവനെ കയറ്റി: മുട്ടുകുത്തുവിൻ എന്നു അവന്റെ മുമ്പിൽ വിളിച്ചു പറയിച്ചു; ഇങ്ങനെ അവനെ മിസ്രയീംദേശത്തിന്നൊക്കെയും മേലധികാരിയാക്കി.
ഉല്പത്തി 41 : 44 (MOV)
പിന്നെ ഫറവോൻ യോസേഫിനോടു: ഞാൻ ഫറവോൻ ആകുന്നു; നിന്റെ കല്പന കൂടാതെ മിസ്രയീംദേശത്തു എങ്ങും യാതൊരുത്തനും കയ്യോ കാലോ അനക്കുകയില്ല എന്നു പറഞ്ഞു.
ഉല്പത്തി 41 : 45 (MOV)
ഫറവോൻ യോസേഫിന്നു സാപ്നത്ത് പനേഹ് എന്നു പേരിട്ടു; ഓനിലെ പുരോഹിതനായ പോത്തിഫേറയുടെ മകൾ ആസ്നത്തിനെ അവന്നു ഭാര്യയായി കൊടുത്തു. പിന്നെ യോസേഫ് മിസ്രയീംദേശത്തു സഞ്ചരിച്ചു.
ഉല്പത്തി 41 : 46 (MOV)
യോസേഫ് മിസ്രയീംരാജാവായ ഫറവോന്റെ മുമ്പാകെ നില്ക്കുമ്പോൾ അവന്നു മുപ്പതു വയസ്സായിരുന്നു യോസേഫ് ഫറവോന്റെ സന്നിധാനത്തിൽ നിന്നു പറപ്പെട്ടു മിസ്രയീംദേശത്തു ഒക്കെയും സഞ്ചരിച്ചു.
ഉല്പത്തി 41 : 47 (MOV)
എന്നാൽ സുഭിക്ഷമായ ഏഴു സംവത്സരവും ദേശം സമൃദ്ധിയായി വിളഞ്ഞു.
ഉല്പത്തി 41 : 48 (MOV)
മിസ്രയീംദേശത്തു സുഭിക്ഷത ഉണ്ടായ ഏഴു സംവത്സരത്തിലെ ധാന്യം ഒക്കെയും അവൻ ശേഖരിച്ചു പട്ടണങ്ങളിൽ സൂക്ഷിച്ചു; ഓരോ പട്ടണത്തിൽ ചുറ്റുവട്ടത്തുള്ള നിലത്തിലെ ധാന്യം സൂക്ഷിച്ചു.
ഉല്പത്തി 41 : 49 (MOV)
അങ്ങനെ യോസേഫ് കടൽകരയിലെ മണൽപോലെ എത്രയും വളരെ ധാന്യം ശേഖരിച്ചു വെച്ചു; അളപ്പാൻ കഴിവില്ലായ്കയാൽ അളവു നിർത്തിക്കളഞ്ഞു.
ഉല്പത്തി 41 : 50 (MOV)
ക്ഷാമകാലം വരുംമുമ്പെ യോസേഫിന്നു രണ്ടു പുത്രന്മാർ ജനിച്ചു; അവരെ ഓനിലെ പുരോഹിതനായ പോത്തിഫേറയുടെ മകൾ ആസ്നത്ത് പ്രസവിച്ചു.
ഉല്പത്തി 41 : 51 (MOV)
എന്റെ സകല കഷ്ടതയും എന്റെ പിതൃഭവനം ഒക്കെയും ദൈവം എന്നെ മറക്കുമാറാക്കി എന്നു പറഞ്ഞു യോസേഫ് തന്റെ ആദ്യജാതന്നു മനശ്ശെ എന്നു പേരിട്ടു.
ഉല്പത്തി 41 : 52 (MOV)
സങ്കടദേശത്തു ദൈവം എന്നെ വർദ്ധിപ്പിച്ചു എന്നു പറഞ്ഞു, അവൻ രണ്ടാമത്തവന്നു എഫ്രയീം എന്നു പേരിട്ടു.
ഉല്പത്തി 41 : 53 (MOV)
മിസ്രയീംദേശത്തുണ്ടായ സുഭിക്ഷതയുള്ള ഏഴു സംവത്സരം കഴിഞ്ഞപ്പോൾ
ഉല്പത്തി 41 : 54 (MOV)
യോസേഫ് പറഞ്ഞതുപോലെ ക്ഷാമമുള്ള ഏഴു സംവത്സരം തുടങ്ങി; സകലദേശങ്ങളിലും ക്ഷാമമുണ്ടായി; എന്നാൽ മിസ്രയീംദേശത്തു എല്ലാടവും ആഹാരം ഉണ്ടായിരുന്നു.
ഉല്പത്തി 41 : 55 (MOV)
പിന്നെ മിസ്രയീംദേശത്തു എല്ലാടവും ക്ഷാമം ഉണ്ടായപ്പോൾ ജനങ്ങൾ ആഹാരത്തിന്നായി ഫറവോനോടു നിലവിളിച്ചു; ഫറവോൻ മിസ്രയീമ്യരോടു ഒക്കെയും: നിങ്ങൾ യോസേഫിന്റെ അടുക്കൽ ചെല്ലുവിൻ; അവൻ നിങ്ങളോടു പറയുംപോലെ ചെയ്‍വിൻ എന്നു പറഞ്ഞു.
ഉല്പത്തി 41 : 56 (MOV)
ക്ഷാമം ഭൂതലത്തിലൊക്കെയും ഉണ്ടായി; യോസേഫ് പാണ്ടികശാലകൾ ഒക്കെയും തുറന്നു, മിസ്രയീമ്യർക്കു ധാന്യം വിറ്റു; ക്ഷാമം മിസ്രയീംദേശത്തും കഠിനമായ്തീർന്നു.
ഉല്പത്തി 41 : 57 (MOV)
ഭൂമിയിൽ എങ്ങും ക്ഷാമം കഠിനമായയ്തീർന്നതുകൊണ്ടു സകലദേശക്കാരും ധാന്യം കൊള്ളുവാൻ മിസ്രയീമിൽ യോസേഫിന്റെ അടുക്കൽ വന്നു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57

BG:

Opacity:

Color:


Size:


Font: