ഉല്പത്തി 47 : 1 (MOV)
അങ്ങനെ യോസേഫ് ചെന്നു: എന്റെ അപ്പനും സഹോദരന്മാരും അവരുടെ ആടുകളും കന്നുകാലികളും അവർക്കുള്ളതൊക്കെയും കനാൻ ദേശത്തുനിന്നു വന്നു; ഗോശെൻ ദേശത്തു ഇരിക്കുന്നു എന്നു ഫറവോനെ ബോധിപ്പിച്ചു.
ഉല്പത്തി 47 : 2 (MOV)
പിന്നെ അവൻ തന്റെ സഹോദരന്മാരിൽ അഞ്ചുപേരെ കൂട്ടിക്കൊണ്ടുചെന്നു ഫറവോന്റെ സന്നിധിയിൽ നിർത്തി.
ഉല്പത്തി 47 : 3 (MOV)
അപ്പോൾ ഫറവോൻ അവന്റെ സഹോദരന്മാരോടു: നിങ്ങളുടെ തൊഴിൽ എന്തു എന്നു ചോദിച്ചതിന്നു അവർ ഫറവോനോടു: അടിയങ്ങളും അടിയങ്ങളുടെ പിതാക്കന്മാരും ഇടയന്മാരാകുന്നു എന്നു പറഞ്ഞു.
ഉല്പത്തി 47 : 4 (MOV)
ദേശത്തു താമസിപ്പാൻ ഞങ്ങൾ വന്നിരിക്കുന്നു; കനാൻ ദേശത്തു ക്ഷാമം കഠിനമായിരിക്കയാൽ അടിയങ്ങളുടെ ആടുകൾക്കു മേച്ചലില്ല; അടിയങ്ങൾ ഗോശെൻ ദേശത്തു പാർത്തുകൊള്ളട്ടെ എന്നും അവർ ഫറവോനോടു പറഞ്ഞു.
ഉല്പത്തി 47 : 5 (MOV)
ഫറവോൻ യോസേഫിനോടു: നിന്റെ അപ്പനും സഹോദരന്മാരും നിന്റെ അടുക്കൽ വന്നിരിക്കുന്നുവല്ലോ.
ഉല്പത്തി 47 : 6 (MOV)
മിസ്രയീംദേശം നിന്റെ മുമ്പാകെ ഇരിക്കുന്നു; ദേശത്തിലേക്കും നല്ലഭാഗത്തു നിന്റെ അപ്പനെയും സഹോദരന്മാരെയും പാർപ്പിക്ക; അവർ ഗോശെൻ ദേശത്തുതന്നേ പാർത്തുകൊള്ളട്ടെ. അവരിൽ പ്രാപ്തന്മാർ ഉണ്ടെന്നു നീ അറിയുന്നു എങ്കിൽ അവരെ എന്റെ ആടുമാടുകളുടെ മേൽ വിചാരകന്മാരാക്കി വെക്കുക എന്നു കല്പിച്ചു.
ഉല്പത്തി 47 : 7 (MOV)
യേസേഫ് തന്റെ അപ്പനായ യാക്കോബിനെയും അകത്തു കൊണ്ടുചെന്നു, അവനെ ഫറവോന്റെ സന്നിധിയിൽ നിർത്തി,
ഉല്പത്തി 47 : 8 (MOV)
യാക്കോബ് ഫറവോനെ അനുഗ്രഹിച്ചു. ഫറവോൻ യാക്കോബിനോടു: എത്ര വയസ്സായി എന്നു ചോദിച്ചു.
ഉല്പത്തി 47 : 9 (MOV)
യാക്കോബ് ഫറവോനോടു: എന്റെ പരദേശപ്രയാണത്തിന്റെ കാലം നൂറ്റിമുപ്പതു സംവത്സരം ആയിരിക്കുന്നു. എന്റെ ആയുഷ്കാലം ചുരുക്കവും കഷ്ടമുള്ളതും അത്രേ; എന്റെ പിതാക്കന്മാരുടെ പരദേശപ്രയാണമായ ആയുഷ്കാലത്തോളം എത്തീട്ടുമില്ല എന്നു പറഞ്ഞു.
ഉല്പത്തി 47 : 10 (MOV)
യാക്കോബ് ഫറവോനെ പിന്നെയും അനുഗ്രഹിച്ചു ഫറവോന്റെ സന്നിധിയിൽനിന്നു പോയി.
ഉല്പത്തി 47 : 11 (MOV)
അനന്തരം യോസേഫ് തന്റെ അപ്പനെയും സഹോദരന്മാരെയും കുടിപാർപ്പിച്ചു; ഫറവോൻ കല്പിച്ചതുപോലെ അവർക്കു മിസ്രയീംദേശത്തിലേക്കും നല്ല ഭാഗമായ രമെസേസ് ദേശത്തു അവകാശവും കൊടുത്തു.
ഉല്പത്തി 47 : 12 (MOV)
യോസെഫ് തന്റെ അപ്പനെയും സഹോദരന്മാരെയും അപ്പന്റെ കുടുംബത്തെ ഒക്കെയും കുഞ്ഞുകുട്ടികളുടെ എണ്ണത്തിന്നു ഒത്തവണ്ണം ആഹാരം കൊടുത്തു രക്ഷിച്ചു.
ഉല്പത്തി 47 : 13 (MOV)
എന്നാൽ ക്ഷാമം ഏറ്റവും കഠിനമായിരുന്നതുകൊണ്ടു ദേശത്തെങ്ങും ആഹാരമില്ലാതെയായി മിസ്രയീംദേശവും കനാൻ ദേശവും ക്ഷാമംകൊണ്ടു വലഞ്ഞു.
ഉല്പത്തി 47 : 14 (MOV)
ജനങ്ങൾ വാങ്ങിയ ധാന്യത്തിന്നു വിലയായി യോസേഫ് മിസ്രയീംദേശത്തും കനാൻ ദേശത്തുമുള്ള പണം ഒക്കെയും ശേഖരിച്ചു; പണം യോസേഫ് ഫറവോന്റെ ഗൃഹത്തിൽ കൊണ്ടുവന്നു.
ഉല്പത്തി 47 : 15 (MOV)
മിസ്രയീംദേശത്തും കനാൻ ദേശത്തും പണം ഇല്ലാതെയായപ്പോൾ മിസ്രയീമ്യർ ഒക്കെയും യോസേഫിന്റെ അടുക്കൽ ചെന്നു: ഞങ്ങൾക്കു ആഹാരം തരേണം; ഞങ്ങൾ നിന്റെ മുമ്പിൽ കിടന്നു മരിക്കുന്നതു എന്തിന്നു? പണം തീർന്നുപോയി എന്നു പറഞ്ഞു.
ഉല്പത്തി 47 : 16 (MOV)
അതിന്നു യോസേഫ്: നിങ്ങളുടെ ആടുമാടുകളെ തരുവിൻ; പണം തീർന്നുപോയെങ്കിൽ നിങ്ങളുടെ ആടുമാടുകളെ വിലയായി വാങ്ങി ഞാൻ തരാം എന്നു പറഞ്ഞു.
ഉല്പത്തി 47 : 17 (MOV)
അങ്ങനെ അവർ തങ്ങളുടെ കന്നുകാലികളെ യോസേഫിന്റെ അടുക്കൽ കൊണ്ടുവന്നു; കുതിര, ആടു, കന്നുകാലി, കഴുത എന്നിവയെ യോസേഫ് വിലയായി വാങ്ങി അവർക്കു ആഹാരം കൊടുത്തു; ആയാണ്ടിൽ അവരുടെ കന്നുകാലികളെ എല്ലാം വാങ്ങി ആഹാരം കൊടുത്തു അവരെ രക്ഷിച്ചു.
ഉല്പത്തി 47 : 18 (MOV)
ആ ആണ്ടു കഴിഞ്ഞു പിറ്റെ ആണ്ടിൽ അവർ അവന്റെ അടുക്കൽ ചെന്നു അവനോടു പറഞ്ഞതു: ഞങ്ങളുടെ പണം ചെലവായി, മൃഗക്കൂട്ടങ്ങളും യജമാനന്നു ചേർന്നു; ഞങ്ങളുടെ ശരീരങ്ങളും നിലങ്ങളുമല്ലാതെ യജമാനന്റെ മുമ്പാകെ ഒന്നും ശേഷിപ്പില്ല എന്നുള്ളതു യജമാനനെ ഞങ്ങൾ മറെക്കുന്നില്ല.
ഉല്പത്തി 47 : 19 (MOV)
ഞങ്ങളും ഞങ്ങളുടെ നിലവും നിന്റെ കണ്ണിന്നു മുമ്പിൽ എന്തിന്നു നശിക്കുന്നു? നീ ഞങ്ങളെയും നിലത്തെയും ആഹാരത്തിന്നു വിലയായി വാങ്ങേണം. ഞങ്ങൾ നിലവുമായി ഫറവോന്നു അടിമകൾ ആകട്ടെ. ഞങ്ങൾ മരിക്കാതെ ജീവനോടിരിക്കേണ്ടതിന്നും നിലം ശൂന്യമായി പോകാതിരിക്കേണ്ടതിന്നും ഞങ്ങൾക്കു വിത്തു തരേണം.
ഉല്പത്തി 47 : 20 (MOV)
അങ്ങനെ യോസേഫ് മിസ്രയീമിലെ നിലം ഒക്കെയും ഫറവോന്നു വിലെക്കു വാങ്ങി; ക്ഷാമം പ്രബലപ്പെടുകകൊണ്ടു മിസ്രയീമ്യർ തങ്ങളുടെ നിലം വിറ്റു; നിലമെല്ലാം ഫറവോന്നു ആയി.
ഉല്പത്തി 47 : 21 (MOV)
ജനങ്ങളേയോ അവൻ മിസ്രയീംദേശത്തിന്റെ അറ്റംമുതൽ അറ്റംവരെ പട്ടണങ്ങളിലേക്കു കുടിനീക്കി പാർപ്പിച്ചു.
ഉല്പത്തി 47 : 22 (MOV)
പുരോഹിതന്മാരുടെ നിലം മാത്രം അവൻ വാങ്ങിയില്ല; പുരോഹിതന്മാർക്കു ഫറവോൻ അവകാശം കല്പിച്ചിരുന്നു; ഫറവോൻ അവർക്കു കൊടുത്ത അവകാശം കൊണ്ടു അവർ ഉപജീവനം കഴിച്ചതിനാൽ അവർ തങ്ങളുടെ നിലം വിറ്റില്ല.
ഉല്പത്തി 47 : 23 (MOV)
യോസേഫ് ജനങ്ങളോടു: ഞാൻ ഇന്നു നിങ്ങളെയും നിങ്ങളുടെ നിലത്തെയും ഫറവോന്നു വിലെക്കു വാങ്ങിയിരിക്കുന്നു; നിങ്ങൾക്കു വിത്തു ഇതാ; നിലം വിതെച്ചുകൊൾവിൻ.
ഉല്പത്തി 47 : 24 (MOV)
വിളവെടുക്കുമ്പോൾ നിങ്ങൾ ഫറവോന്നു അഞ്ചിലൊന്നു കൊടുക്കേണം; നാലോഹരിയോ, വിത്തിന്നു വിത്തായിട്ടും നിങ്ങൾക്കും നിങ്ങളുടെ വീടുകളിലുള്ളവർക്കും നിങ്ങളുടെ കുഞ്ഞുകുട്ടികൾക്കും ആഹാരമായിട്ടും നിങ്ങൾക്കു തന്നേ ഇരിക്കട്ടെ എന്നു പറഞ്ഞു.
ഉല്പത്തി 47 : 25 (MOV)
അതിന്നു അവർ: നീ ഞങ്ങളുടെ ജീവനെ രക്ഷിച്ചിരിക്കുന്നു; യജമാനന്നു ഞങ്ങളോടു ദയയുണ്ടായാൽ മതി; ഞങ്ങൾ ഫറവോന്നു അടിമകളായിക്കൊള്ളാം എന്നു പറഞ്ഞു.
ഉല്പത്തി 47 : 26 (MOV)
അഞ്ചിലൊന്നു ഫറവൊന്നു ചെല്ലേണം എന്നിങ്ങിനെ യോസേഫ് മിസ്രയീമിലെ നിലങ്ങളെ സംബന്ധിച്ചുവെച്ച ചട്ടം ഇന്നുവരെയും നടപ്പാകുന്നു. പുരോഹിതന്മാരുടെ നിലം മാത്രം ഫറവോന്നു ചേർന്നിട്ടില്ല.
ഉല്പത്തി 47 : 27 (MOV)
യിസ്രായേൽ മിസ്രയീംരാജ്യത്തിലെ ഗോശെൻ ദേശത്തു പാർത്തു; അവിടെ അവകാശം സമ്പാദിച്ചു, ഏറ്റവും സന്താനപുഷ്ടിയുള്ളവരായി പെരുകിവന്നു.
ഉല്പത്തി 47 : 28 (MOV)
യാക്കോബ് മിസ്രയീംദേശത്തു വന്നിട്ടു പതിനേഴു സംവത്സരം ജീവിച്ചിരുന്നു; യാക്കോബിന്റെ ആയുഷ്കാലം ആകെ നൂറ്റിനാല്പത്തേഴു സംവത്സരം ആയിരുന്നു.
ഉല്പത്തി 47 : 29 (MOV)
യിസ്രായേൽ മരിപ്പാനുള്ള കാലം അടുത്തപ്പോൾ അവൻ തന്റെ മകനായ യോസേഫിനെ വിളിപ്പിച്ചു അവനോടു: നിനക്കു എന്നോടു കൃപയുണ്ടെങ്കിൽ നിന്റെ കൈ എന്റെ തുടയിൽകീഴിൽ വെക്കുക; എന്നോടു ദയയും വിശ്വസ്തതയും കാണിച്ചു എന്നെ മിസ്രയീമിൽ അടക്കാതെ,
ഉല്പത്തി 47 : 30 (MOV)
ഞാൻ എന്റെ പിതാക്കന്മാരെപ്പോലെ നിദ്രകൊള്ളുമ്പോൾ എന്നെ മിസ്രയീമിൽനിന്നു എടുത്തുകൊണ്ടുപോയി അവരുടെ ശ്മശാനഭൂമിയിൽ അടക്കേണം എന്നു പറഞ്ഞു. നിന്റെ കല്പനപ്രകാരം ഞാൻ ചെയ്യാം എന്നു അവൻ പറഞ്ഞു.
ഉല്പത്തി 47 : 31 (MOV)
എന്നോടു സത്യം ചെയ്ക എന്നു അവൻ പറഞ്ഞു; അവൻ സത്യവും ചെയ്തു; അപ്പോൾ യിസ്രായേൽ കട്ടിലിന്റെ തലെക്കൽ നമസ്കരിച്ചു.
❮
❯