ഉല്പത്തി 8 : 1 (MOV)
ദൈവം നോഹയെയും അവനോടുകൂടെ പെട്ടകത്തിൽ ഉള്ള സകല ജീവികളെയും സകലമൃഗങ്ങളെയും ഓർത്തു; ദൈവം ഭൂമിമേൽ ഒരു കാറ്റു അടിപ്പിച്ചു; വെള്ളം നിലെച്ചു.
ഉല്പത്തി 8 : 2 (MOV)
ആഴിയുടെ ഉറവുകളും ആകാശത്തിന്റെ കിളിവാതിലുകളും അടഞ്ഞു; ആകാശത്തുനിന്നുള്ള മഴയും നിന്നു.
ഉല്പത്തി 8 : 3 (MOV)
വെള്ളം ഇടവിടാതെ ഭൂമിയിൽനിന്നു ഇറങ്ങിക്കൊണ്ടിരുന്നു; നൂറ്റമ്പതു ദിവസം കഴിഞ്ഞശേഷം വെള്ളം കുറഞ്ഞു തുടങ്ങി.
ഉല്പത്തി 8 : 4 (MOV)
ഏഴാം മാസം പതിനേഴാം തിയ്യതി പെട്ടകം അരരാത്ത് പർവ്വതത്തിൽ ഉറെച്ചു.
ഉല്പത്തി 8 : 5 (MOV)
പത്താം മാസം വരെ വെള്ളം ഇടവിടാതെ കുറഞ്ഞു; പത്താം മാസം ഒന്നാം തിയ്യതി പർവ്വതശിഖരങ്ങൾ കാണായി.
ഉല്പത്തി 8 : 6 (MOV)
നാല്പതു ദിവസം കഴിഞ്ഞശേഷം നോഹ താൻ പെട്ടകത്തിന്നു ഉണ്ടാക്കിയിരുന്ന കിളിവാതിൽ തുറന്നു.
ഉല്പത്തി 8 : 7 (MOV)
അവൻ ഒരു മലങ്കാക്കയെ പുറത്തു വിട്ടു; അതു പുറപ്പെട്ടു ഭൂമിയിൽ വെള്ളം വറ്റിപ്പോയതു വരെ പോയും വന്നും കൊണ്ടിരുന്നു.
ഉല്പത്തി 8 : 8 (MOV)
ഭൂമിയിൽ വെള്ളം കുറഞ്ഞുവോ എന്നു അറിയേണ്ടതിന്നു അവൻ ഒരു പ്രാവിനെയും തന്റെ അടുക്കൽനിന്നു പുറത്തു വിട്ടു.
ഉല്പത്തി 8 : 9 (MOV)
എന്നാൽ സർവ്വഭൂമിയിലും വെള്ളം കിടക്കകൊണ്ടു പ്രാവു കാൽ വെപ്പാൻ സ്ഥലം കാണാതെ അവന്റെ അടുക്കൽ പെട്ടകത്തിലേക്കു മടങ്ങിവന്നു; അവൻ കൈനീട്ടി അതിനെ പിടിച്ചു തന്റെ അടുക്കൽ പെട്ടകത്തിൽ ആക്കി.
ഉല്പത്തി 8 : 10 (MOV)
ഏഴു ദിവസം കഴിഞ്ഞിട്ടു അവൻ വീണ്ടും ആ പ്രാവിനെ പെട്ടകത്തിൽ നിന്നു പുറത്തു വിട്ടു.
ഉല്പത്തി 8 : 11 (MOV)
പ്രാവു വൈകുന്നേരത്തു അവന്റെ അടുക്കൽ വന്നു; അതിന്റെ വായിൽ അതാ, ഒരു പച്ച ഒലിവില; അതിനാൽ ഭൂമിയിൽ വെള്ളം കുറഞ്ഞു എന്നു നോഹ അറിഞ്ഞു.
ഉല്പത്തി 8 : 12 (MOV)
പിന്നെയും ഏഴു ദിവസം കഴിഞ്ഞിട്ടു അവൻ ആ പ്രാവിനെ പുറത്തു വിട്ടു; അതു പിന്നെ അവന്റെ അടുക്കൽ മടങ്ങി വന്നില്ല.
ഉല്പത്തി 8 : 13 (MOV)
ആറുനൂറ്റൊന്നാം സംവത്സരം ഒന്നാം മാസം ഒന്നാം തിയ്യതി ഭൂമിയിൽ വെള്ളം വറ്റിപ്പോയിരുന്നു; നോഹ പെട്ടകത്തിന്റെ മേല്ത്തട്ടു നീക്കി, ഭൂതലം ഉണങ്ങിയിരിക്കുന്നു എന്നു കണ്ടു.
ഉല്പത്തി 8 : 14 (MOV)
രണ്ടാം മാസം ഇരുപത്തേഴാം തിയ്യതി ഭൂമി ഉണങ്ങിയിരുന്നു.
ഉല്പത്തി 8 : 15 (MOV)
ദൈവം നോഹയോടു അരുളിച്ചെയ്തതു:
ഉല്പത്തി 8 : 16 (MOV)
നീയും നിന്റെ ഭാര്യയും പുത്രന്മാരും പുത്രന്മാരുടെ ഭാര്യമാരും പെട്ടകത്തിൽനിന്നു പുറത്തിറങ്ങുവിൻ.
ഉല്പത്തി 8 : 17 (MOV)
പറവകളും മൃഗങ്ങളും നിലത്തു ഇഴയുന്ന ഇഴജാതിയുമായ സർവ്വജഡത്തിൽനിന്നും നിന്നോടുകൂടെ ഇരിക്കുന്ന സകല ജീവികളെയും പുറത്തു കൊണ്ടുവരിക; അവ ഭൂമിയിൽ അനവധിയായി വർദ്ധിക്കയും പെറ്റു പെരുകുകയും ചെയ്യട്ടെ.
ഉല്പത്തി 8 : 18 (MOV)
അങ്ങനെ നോഹയും അവന്റെ പുത്രന്മാരും ഭാര്യയും പുത്രന്മാരുടെ ഭാര്യമാരും പുറത്തിറങ്ങി.
ഉല്പത്തി 8 : 19 (MOV)
സകല മൃഗങ്ങളും ഇഴജാതികൾ ഒക്കെയും എല്ലാ പറവകളും ഭൂചരങ്ങളൊക്കെയും ജാതിജാതിയായി പെട്ടകത്തിൽ നിന്നു ഇറങ്ങി.
ഉല്പത്തി 8 : 20 (MOV)
നോഹ യഹോവെക്കു ഒരു യാഗപീഠം പണിതു, ശുദ്ധിയുള്ള സകല മൃഗങ്ങളിലും ശുദ്ധിയുള്ള എല്ലാപറവകളിലും ചിലതു എടുത്തു യാഗപീഠത്തിന്മേൽ ഹോമയാഗം അർപ്പിച്ചു.
ഉല്പത്തി 8 : 21 (MOV)
യഹോവ സൌരഭ്യവാസന മണത്തപ്പോൾ യഹോവ തന്റെ ഹൃദയത്തിൽ അരുളിച്ചെയ്തതു: ഞാൻ മനുഷ്യന്റെ നിമിത്തം ഇനി ഭൂമിയെ ശപിക്കയില്ല. മനുഷ്യന്റെ മനോനിരൂപണം ബാല്യംമുതൽ ദോഷമുള്ളതു ആകുന്നു; ഞാൻ ചെയ്തതു പോലെ സകല ജീവികളെയും ഇനി നശിപ്പിക്കയില്ല.
ഉല്പത്തി 8 : 22 (MOV)
ഭൂമിയുള്ള കാലത്തോളം വിതയും കൊയിത്തും, ശീതവും ഉഷ്ണവും, വേനലും വർഷവും, രാവും പകലും നിന്നുപോകയുമില്ല.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22

BG:

Opacity:

Color:


Size:


Font: