ഹബക്കൂക് 2 : 1 (MOV)
ഞാൻ കൊത്തളത്തിൽനിന്നു കാവൽകാത്തുകൊണ്ടു: അവൻ എന്നോടു എന്തരുളിച്ചെയ്യും എന്നും എന്റെ ആവലാധിസംബന്ധിച്ചു ഞാൻ എന്തുത്തരം പറയേണ്ടു എന്നും കാണേണ്ടതിന്നു ദൃഷ്ടിവെക്കും.
ഹബക്കൂക് 2 : 2 (MOV)
യഹോവ എന്നോടു ഉത്തരം അരുളിയതു: നീ ദർശനം എഴുതുക; ഓടിച്ചു വായിപ്പാൻ തക്കവണ്ണം അതു പലകയിൽ തെളിവായി വരെക്കുക.
ഹബക്കൂക് 2 : 3 (MOV)
ദർശനത്തിന്നു ഒരു അവധിവെച്ചിരിക്കുന്നു; അതു സമാപ്തിയിലേക്കു ബദ്ധപ്പെടുന്നു; സമയം തെറ്റുകയുമില്ല; അതു വൈകിയാലും അതിന്നായി കാത്തിരിക്ക; അതു വരും നിശ്ചയം; താമസിക്കയുമില്ല.
ഹബക്കൂക് 2 : 4 (MOV)
അവന്റെ മനസ്സു അവനിൽ അഹങ്കരിച്ചിരിക്കുന്നു; അതു നേരുള്ളതല്ല; നീതിമാനോ വിശ്വാസത്താൽ ജീവിച്ചിരിക്കും.
ഹബക്കൂക് 2 : 5 (MOV)
വീഞ്ഞു വിശ്വാസപാതകനാകുന്നു; അഹമ്മതിയുള്ള പുരുഷൻ നിലനിൽക്കയില്ല; അവൻ പാതാളംപോലെ വിസ്താരമായി വായ് പിളർക്കുന്നു; മരണംപോലെ തൃപ്തിപ്പെടാതെയുമിരിക്കുന്നു; അവൻ സകലജാതികളെയും തന്റെ അടുക്കൽ കൂട്ടി, സകലവംശങ്ങളെയും തന്റെ അടുക്കൽ ചേർക്കുന്നു.
ഹബക്കൂക് 2 : 6 (MOV)
അവർ ഒക്കെയും അവനെക്കുറിച്ചു ഒരു സദൃശവും അവനെക്കുറിച്ചു പരിഹാസമായുള്ളോരു പഴഞ്ചൊല്ലും ചൊല്ലി; തന്റെതല്ലാത്തതു വർദ്ധിപ്പിക്കയും--എത്രത്തോളം?--പണയപണ്ടം ചുമന്നു കൂട്ടുകയും ചെയ്യുന്നവന്നു അയ്യോ കഷ്ടം എന്നു പറകയില്ലയോ?
ഹബക്കൂക് 2 : 7 (MOV)
നിന്റെ കടക്കാർ പെട്ടെന്നു എഴുന്നേൽക്കയും നിന്നെ ബുദ്ധിമുട്ടിക്കുന്നവർ ഉണരുകയും നീ അവർക്കു കൊള്ളയായ്തീരുകയും ഇല്ലയോ?
ഹബക്കൂക് 2 : 8 (MOV)
നീ പലജാതികളോടും കവർച്ച ചെയ്തതുകൊണ്ടു ജാതികളിൽ ശേഷിപ്പുള്ളവരൊക്കെയും മനുഷ്യരുടെ രക്തംനിമിത്തവും നീ ദേശത്തോടും നഗരത്തോടും അതിന്റെ സകലനിവാസികളോടും ചെയ്ത സാഹസം നിമിത്തവും നിന്നോടും കവർച്ച ചെയ്യും.
ഹബക്കൂക് 2 : 9 (MOV)
അനർത്ഥത്തിൽനിന്നു വിടുവിക്കപ്പെടുവാൻ തക്കവണ്ണം ഉയരത്തിൽ കൂടുവെക്കേണ്ടതിന്നു തന്റെ വീട്ടിന്നുവേണ്ടി ദുരാദായം ആഗ്രഹിക്കുന്നവന്നു അയ്യോ കഷ്ടം!
ഹബക്കൂക് 2 : 10 (MOV)
പലജാതികളെയും ഛേദിച്ചുകളഞ്ഞതിനാൽ നീ നിന്റെ വീട്ടിന്നു ലജ്ജ നിരൂപിച്ചു നിന്റെ സ്വന്ത പ്രാണനോടു പാപം ചെയ്തിരിക്കുന്നു.
ഹബക്കൂക് 2 : 11 (MOV)
ചുവരിൽനിന്നു കല്ലു നിലവിളിക്കയും മരപ്പണിയിൽനിന്നു തുലാം ഉത്തരം പറകയും ചെയ്യുമല്ലോ.
ഹബക്കൂക് 2 : 12 (MOV)
രക്തപാതകംകൊണ്ടു പട്ടണം പണിയുകയും നീതികേടുകൊണ്ടു നഗരം സ്ഥാപിക്കയും ചെയ്യുന്നവന്നു അയ്യോ കഷ്ടം!
ഹബക്കൂക് 2 : 13 (MOV)
ജാതികൾ തീക്കു ഇരയാകുവാൻ അദ്ധ്വാനിക്കുന്നതും വംശങ്ങൾ വെറുതെ തളർന്നുപോകുന്നതും സൈന്യങ്ങളുടെ യഹോവയുടെ ഹിതത്താൽ അല്ലയോ?
ഹബക്കൂക് 2 : 14 (MOV)
വെള്ളം സമുദ്രത്തിൽ നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ മഹത്വത്തിന്റെ പരിജ്ഞാനത്താൽ പൂർണ്ണമാകും.
ഹബക്കൂക് 2 : 15 (MOV)
കൂട്ടുകാരുടെ നഗ്നത കാണേണ്ടതിന്നു അവർക്കു കുടിപ്പാൻ കൊടുക്കയും നഞ്ചു കൂട്ടിക്കലർത്തി ലഹരിപിടിപ്പിക്കയും ചെയ്യുന്നവന്നു അയ്യോ കഷ്ടം!
ഹബക്കൂക് 2 : 16 (MOV)
നിനക്കു മഹത്വംകൊണ്ടല്ല, ലജ്ജകൊണ്ടു തന്നേ പൂർത്തിവന്നിരിക്കുന്നു; നീയും കുടിക്ക; നിന്റെ അഗ്രചർമ്മം അനാവൃതമാക്കുക; യഹോവയുടെ വലങ്കയ്യിലെ പാനപാത്രം നിന്റെ അടുക്കൽ വരും; മഹത്വത്തിന്നു പകരം നിനക്കു അവമാനം ഭവിക്കും.
ഹബക്കൂക് 2 : 17 (MOV)
മനുഷ്യരുടെ രക്തവും ദേശത്തോടും നഗരത്തോടും അതിന്റെ സകലനിവാസികളോടും ചെയ്ത സാഹസവും ഹേതുവായി ലെബാനോനോടു ചെയ്ത ദ്രോഹവും മൃഗങ്ങളെ പേടിപ്പിച്ച സംഹാരവും നിന്നെ മൂടും.
ഹബക്കൂക് 2 : 18 (MOV)
പണിക്കാരൻ ഒരു ബിംബത്തെ കൊത്തിയുണ്ടാക്കുവാൻ അതിനാലോ, പണിക്കാരൻ വ്യാജം ഉപദേശിക്കുന്ന വാർപ്പുവിഗ്രഹത്തിൽ ആശ്രയിച്ചുകൊണ്ടു ഊമ മിത്ഥ്യാമൂർത്തികളെ ഉണ്ടാക്കുവാൻ അതിനാലോ എന്തു പ്രയോജനം ഉള്ളു?
ഹബക്കൂക് 2 : 19 (MOV)
മരത്തോടു: ഉണരുക എന്നും ഊമക്കല്ലിനോടു: എഴുന്നേൽക്ക എന്നും പറയുന്നവന്നു അയ്യോ കഷ്ടം! അതു ഉപദേശിക്കുമോ? അതു പൊന്നും വെള്ളിയും പൊതിഞ്ഞിരിക്കുന്നു; അതിന്റെ ഉള്ളിൽ ശ്വാസം ഒട്ടും ഇല്ലല്ലോ.
ഹബക്കൂക് 2 : 20 (MOV)
എന്നാൽ യഹോവ തന്റെ വിശുദ്ധമന്ദിരത്തിൽ ഉണ്ടു; സർവ്വ ഭൂമിയും അവന്റെ സന്നിധിയിൽ മൌനമായിരിക്കട്ടെ.
❮
❯