ഹോശേയ 13 : 1 (MOV)
എഫ്രയീം സംസാരിച്ചപ്പോൾ വിറയൽ ഉണ്ടായി; അവൻ യിസ്രായേലിൽ മികെച്ചവനായിരുന്നു; എന്നാൽ ബാൽമുഖാന്തരം കുറ്റം ചെയ്തപ്പോൾ അവൻ മരിച്ചുപോയി.
ഹോശേയ 13 : 2 (MOV)
ഇപ്പോഴോ, അവർ അധികമധികം പാപം ചെയ്യുന്നു; അവർ വെള്ളികൊണ്ടു ബിംബങ്ങളെയും ബോധിച്ചതുപോലെ വിഗ്രഹങ്ങളെയും ഉണ്ടാക്കി; ഇവയൊക്കെയും കൌശലപ്പണിക്കാരുടെ പണിയത്രേ; അവയോടു അവർ സംസാരിക്കുന്നു; ബലികഴിക്കുന്ന മനുഷ്യർ കാളക്കിടാക്കളെ ചുംബിക്കുന്നു.
ഹോശേയ 13 : 3 (MOV)
അതുകൊണ്ടു അവർ പ്രഭാതമേഘംപോലെയും കാലത്തെ ഒഴിഞ്ഞുപോകുന്ന മഞ്ഞുപോലെയും കളത്തിൽനിന്നു കൊടുങ്കാറ്റു പറപ്പിക്കുന്ന പതിർപോലെയും പുകകൂഴലിൽനിന്നു പൊങ്ങുന്ന പുകപോലെയും ഇരിക്കും.
ഹോശേയ 13 : 4 (MOV)
ഞാനോ മിസ്രയീംദേശംമുതൽ നിന്റെ ദൈവമായ യഹോവ ആകുന്നു; എന്നെയല്ലാതെ വേറൊരു ദൈവത്തെയും നീ അറിയുന്നില്ല;
ഹോശേയ 13 : 5 (MOV)
ഞാനല്ലാതെ ഒരു രക്ഷിതാവു ഇല്ലല്ലോ. ഞാൻ മരുഭൂമിയിൽ ഏറ്റവും വരണ്ട ദേശത്തു തന്നേ നിന്നെ മേയിച്ചു.
ഹോശേയ 13 : 6 (MOV)
അവർക്കു മേച്ചൽ ഉള്ളതുപോലെ അവർ മേഞ്ഞു തൃപ്തരായപ്പോൾ അവരുടെ ഹൃദയം ഉയർന്നു; അതുകൊണ്ടു അവർ എന്നെ മറന്നുകളഞ്ഞു.
ഹോശേയ 13 : 7 (MOV)
ആകയാൽ ഞാൻ അവർക്കു ഒരു സിംഹത്തെപ്പോലെ ഇരിക്കും; വഴിയരികെ വള്ളിപ്പുലിയെപ്പോലെ ഞാൻ അവർക്കായി പതിയിരിക്കും;
ഹോശേയ 13 : 8 (MOV)
കുട്ടികൾ പൊയ്പോയ കരടിയെപ്പോലെ ഞാൻ അവരെ എതിരിട്ടു അവരുടെ ഹൃദയത്തിന്റെ നെയ്‍വല കീറിക്കളയും; അവിടെവെച്ചു ഞാൻ അവരെ ഒരു സിംഹംപോലെ തിന്നുകളയും; കാട്ടുമൃഗം അവരെ കടിച്ചുകീറും.
ഹോശേയ 13 : 9 (MOV)
യിസ്രായേലേ, നിന്റെ സഹായമായിരിക്കുന്ന എന്നോടു നീ മറുക്കുന്നതു നിന്റെ നാശം ആകുന്നു.
ഹോശേയ 13 : 10 (MOV)
നിന്റെ എല്ലാപട്ടണങ്ങളിലും നിന്നെ രക്ഷിക്കാകുന്ന നിന്റെ രാജാവു ഇപ്പോൾ എവിടെ? എനിക്കു ഒരു രാജാവിനെയും പ്രഭുക്കന്മാരെയും തരേണം എന്നു നീ അപേക്ഷിച്ചിരിക്കുന്ന നിന്റെ ന്യായാധിപന്മാർ എവിടെ?
ഹോശേയ 13 : 11 (MOV)
എന്റെ കോപത്തിൽ ഞാൻ നിനക്കു ഒരു രാജാവിനെ തന്നു, എന്റെ ക്രോധത്തിൽ ഞാൻ അവനെ നീക്കിക്കളഞ്ഞു.
ഹോശേയ 13 : 12 (MOV)
എഫ്രയീമിന്റെ അകൃത്യം സംഗ്രഹിച്ചും അവന്റെ പാപം സൂക്ഷിച്ചും വെച്ചിരിക്കുന്നു.
ഹോശേയ 13 : 13 (MOV)
നോവുകിട്ടിയ സ്ത്രീയുടെ വേദന അവന്നു ഉണ്ടാകും; അവൻ ബുദ്ധിയില്ലാത്ത മകൻ; സമയമാകുമ്പോൾ അവൻ ഗർഭദ്വാരത്തിങ്കൽ എത്തുന്നില്ല.
ഹോശേയ 13 : 14 (MOV)
ഞാൻ അവരെ പാതാളത്തിന്റെ അധീനത്തിൽനിന്നു വീണ്ടെടുക്കും; മരണത്തിൽനിന്നു ഞാൻ അവരെ വിടുവിക്കും; മരണമേ, നിന്റെ ബാധകൾ എവിടെ? പാതാളമേ, നിന്റെ സംഹാരം എവിടെ? എനിക്കു സഹതാപം തോന്നുകയില്ല.
ഹോശേയ 13 : 15 (MOV)
അവൻ തന്റെ സഹോദരന്മാരുടെ ഇടയിൽ ഫലപുഷ്ടിയുള്ളവനായിരുന്നാലും ഒരു കിഴക്കൻ കാറ്റു വരും; അവന്റെ ഉറവു വറ്റി കിണർ ഉണങ്ങിപ്പോകുവാൻ തക്കവണ്ണം യഹോവയുടെ കാറ്റു മരുഭൂമിയിൽനിന്നു വരും; അവൻ സകലമനോഹരവസ്തുക്കളുടെയും നിക്ഷേപത്തെ കവർന്നുകൊണ്ടുപോകും.
ഹോശേയ 13 : 16 (MOV)
ശമർയ്യാ തന്റെ ദൈവത്തോടു മത്സരിച്ചതുകൊണ്ടു അവൾ തന്റെ അകൃത്യം വഹിക്കേണ്ടിവരും; അവർ വാൾകൊണ്ടു വീഴും; അവരുടെ ശിശുക്കളെ അവർ തകർത്തുകളയും; അവരുടെ ഗർഭിണികളുടെ ഉദരം പിളർന്നുകളയും.

1 2 3 4 5 6 7 8 9 10 11 12 13 14 15 16