യെശയ്യാ 29 : 1 (MOV)
അയ്യോ, അരീയേലേ, അരീയേലേ! ദാവീദ് പാളയമിറങ്ങിയിരുന്ന നഗരമേ! ആണ്ടോടു ആണ്ടു കൂട്ടുവിൻ; ഉത്സവങ്ങൾ മുറെക്കു വന്നുകൊണ്ടിരിക്കട്ടെ.
യെശയ്യാ 29 : 2 (MOV)
എന്നാൽ ഞാൻ അരീയേലിനെ ഞെരുക്കും; ദുഃഖവും വിലാപവും ഉണ്ടാകും; അതു എനിക്കു അരീയേലായി തന്നേ ഇരിക്കും.
യെശയ്യാ 29 : 3 (MOV)
ഞാൻ നിനക്കു വിരോധമായി ചുറ്റും പാളയമിറങ്ങി വാടകോരി നിന്നെ നിരോധിക്കയും നിന്റെ നേരെ കൊത്തളം ഉണ്ടാക്കുകയും ചെയ്യും.
യെശയ്യാ 29 : 4 (MOV)
അപ്പോൾ നീ താണു, നിലത്തുനിന്നു സംസാരിക്കും; നിന്റെ വാക്കു പൊടിയിൽനിന്നു പതുക്കെ വരും; വെളിച്ചപ്പാടന്റേതുപോലെ നിന്റെ ഒച്ച നിലത്തുനിന്നു വരും; നിന്റെ വാക്കു പൊടിയിൽനിന്നു ചിലെക്കും.
യെശയ്യാ 29 : 5 (MOV)
നിന്റെ ശത്രുക്കളുടെ സംഘം നേരിയ പൊടിപോലെയും നിഷ്കണ്ടകന്മാരുടെ കൂട്ടം, പാറിപ്പോകുന്ന പതിർപോലെയും ഇരിക്കും; അതു ഒരു ക്ഷണമാത്രകൊണ്ടു പെട്ടെന്നു സംഭവിക്കും.
യെശയ്യാ 29 : 6 (MOV)
ഇടിമുഴക്കത്തോടും ഭൂകമ്പത്തോടും മഹാനാദത്തോടും കൂടെ ചുഴലിക്കാറ്റും കൊടുങ്കാറ്റും ദഹിപ്പിക്കുന്ന അഗ്നിജ്വാലയുമായി അതു സൈന്യങ്ങളുടെ യഹോവയാൽ സന്ദർശിക്കപ്പെടും.
യെശയ്യാ 29 : 7 (MOV)
അരീയേലിന്റെ നേരെ യുദ്ധം ചെയ്യുന്ന സകലജാതികളുടെയും കൂട്ടം അതിന്നു അതിന്റെ കോട്ടെക്കും നേരെ യുദ്ധം ചെയ്തു അതിനെ വിഷമിപ്പിക്കുന്ന ഏവരും തന്നേ, ഒരു സ്വപ്നംപോലെ, ഒരു രാത്രിദർശനംപോലെ ആകും.
യെശയ്യാ 29 : 8 (MOV)
വിശന്നിരിക്കുന്നവൻ താൻ ഭക്ഷിക്കുന്നു എന്നു സ്വപ്നം കണ്ടിട്ടു ഉണരുമ്പോൾ വിശന്നിരിക്കുന്നതുപോലെയും ദാഹിച്ചിരിക്കുന്നവൻ താൻ പാനംചെയ്യുന്നു എന്നു സ്വപ്നം കണ്ടിട്ടു ഉണരുമ്പോൾ ക്ഷീണിച്ചും ദാഹിച്ചും ഇരിക്കുന്നതുപോലെയും സീയോൻ പർവ്വതത്തോടു യുദ്ധം ചെയ്യുന്ന സകലജാതികളുടെയും കൂട്ടം ഇരിക്കും.
യെശയ്യാ 29 : 9 (MOV)
വിസ്മയിച്ചു സ്തംഭിച്ചുപോകുവിൻ; അന്ധതപിടിച്ചു കുരുടരായിത്തീരുവിൻ; അവർ മത്തരായിരിക്കുന്നു. വീഞ്ഞുകൊണ്ടല്ലതാനും; അവർ ചാഞ്ചാടിനടക്കുന്നു; മദ്യപാനംകൊണ്ടല്ലതാനും.
യെശയ്യാ 29 : 10 (MOV)
യഹോവ ഗാഢനിദ്ര നിങ്ങളുടെമേൽ പകർന്നു നിങ്ങളുടെ കണ്ണുകളെ അടെച്ചിരിക്കുന്നു; അവൻ പ്രവാചകന്മാർക്കും നിങ്ങളുടെ ദർശകന്മാരായ തലവന്മാർക്കും മൂടുപടം ഇട്ടിരിക്കുന്നു.
യെശയ്യാ 29 : 11 (MOV)
അങ്ങനെ നിങ്ങൾക്കു സകലദർശനവും മുദ്രയിട്ടിരിക്കുന്ന ഒരു പുസ്തകത്തിലെ വചനങ്ങൾ പോലെ ആയിത്തീർന്നിരിക്കുന്നു; അതിനെ അക്ഷരവിദ്യയുള്ള ഒരുത്തന്റെ കയ്യിൽ കൊടുത്തു: ഇതൊന്നു വായിക്കേണം എന്നു പറഞ്ഞാൽ അവൻ: എനിക്കു വഹിയാ; അതിന്നു മുദ്രയിട്ടിരിക്കുന്നുവല്ലോ എന്നു പറയും.
യെശയ്യാ 29 : 12 (MOV)
അല്ല, ആ പുസ്തകം അക്ഷരവിദ്യയില്ലാത്തവന്റെ കയ്യിൽ കൊടുത്തു: ഇതൊന്നു വായിക്കേണം എന്നു പറഞ്ഞാൽ അവൻ: എനിക്കു അക്ഷര വിദ്യയില്ല എന്നു പറയും.
യെശയ്യാ 29 : 13 (MOV)
ഈ ജനം അടുത്തു വന്നു വായ്കൊണ്ടും അധരംകൊണ്ടും എന്നെ ബഹുമാനിക്കുന്നു; എങ്കിലും തങ്ങളുടെ ഹൃദയത്തെ അവർ എങ്കൽനിന്നു ദൂരത്തു അകറ്റി വെച്ചിരിക്കുന്നു; എന്നോടുള്ള അവരുടെ ഭക്തി, മനഃപാഠമാക്കിയ മാനുഷകല്പനയത്രെ.
യെശയ്യാ 29 : 14 (MOV)
ഇതു കാരണത്താൽ ഞാൻ ഈ ജനത്തിന്റെ ഇടയിൽ ഇനിയും ഒരു അത്ഭുതപ്രവൃത്തി, അത്ഭുതവും ആശ്ചര്യവും ആയോരു പ്രവൃത്തി തന്നേ, ചെയ്യും; അവരുടെ ജ്ഞാനികളുടെ ജ്ഞാനം നശിക്കും; അവരുടെ ബുദ്ധിമാന്മാരുടെ ബുദ്ധിയും മറഞ്ഞുപോകും എന്നു കർത്താവു അരുളിച്ചെയ്തു.
യെശയ്യാ 29 : 15 (MOV)
തങ്ങളുടെ ആലോചനയെ യഹോവെക്കു അഗാധമായി മറെച്ചുവെക്കുവാൻ നോക്കുകയും തങ്ങളുടെ പ്രവൃത്തികളെ അന്ധകാരത്തിൽ ചെയ്കയും: ഞങ്ങളെ ആർ കാണുന്നു? ഞങ്ങളെ ആർ അറിയുന്നു എന്നു പറകയും ചെയ്യുന്നവർക്കു അയ്യോ കഷ്ടം!
യെശയ്യാ 29 : 16 (MOV)
അയ്യോ, ഇതെന്തൊരു മറിവു! കുശവനും കളിമണ്ണും ഒരുപോലെ എന്നു വിചാരിക്കാമോ? ഉണ്ടായതു ഉണ്ടാക്കിയവനെക്കുറിച്ചു: അവൻ എന്നെ ഉണ്ടാക്കീട്ടില്ല എന്നും, ഉരുവായതു ഉരുവാക്കിയവനെക്കുറിച്ചു: അവന്നു ബുദ്ധിയില്ല എന്നും പറയുമോ?
യെശയ്യാ 29 : 17 (MOV)
ഇനി അല്പകാലംകൊണ്ടു ലെബാനോൻ ഒരു ഉദ്യാനമായി തീരുകയും ഉദ്യാനം വനമായി എണ്ണപ്പെടുകയും ചെയ്കയില്ലയോ?
യെശയ്യാ 29 : 18 (MOV)
അന്നാളിൽ ചെകിടന്മാർ പുസ്തകത്തിലെ വചനങ്ങളെ കേൾക്കുകയും കരുടന്മാരുടെ കണ്ണുകൾ ഇരുളും അന്ധകാരവും നീങ്ങി കാണുകയും
യെശയ്യാ 29 : 19 (MOV)
സൌമ്യതയുള്ളവർക്കു യഹോവയിൽ സന്തോഷം വർദ്ധിക്കയും മനുഷ്യരിൽ സാധുക്കളായവർ യിസ്രായേലിന്റെ പരിശുദ്ധനിൽ ആനന്ദിക്കയും ചെയ്യും.
യെശയ്യാ 29 : 20 (MOV)
നിഷ്കണ്ടൻ നാസ്തിയായും പരിഹാസി ഇല്ലാതെയായും ഇരിക്കുന്നുവല്ലോ.
യെശയ്യാ 29 : 21 (MOV)
മനുഷ്യരെ വ്യവഹാരത്തിൽ കുറ്റക്കാരാക്കുകയും പട്ടണ വാതിൽക്കൽ ന്യായം വിസ്തരിക്കുന്നവന്നു കണിവെക്കയും നീതിമാനെ നിസ്സാരകാര്യംകൊണ്ടു ബഹിഷ്കരിക്കയും ചെയ്യുന്നവരായി നീതികേടിന്നു ജാഗ്രതയുള്ള ഏവരും ഛേദിക്കപ്പെട്ടുമിരിക്കുന്നു.
യെശയ്യാ 29 : 22 (MOV)
ആകയാൽ അബ്രാഹാമിനെ വീണ്ടെടുത്ത യഹോവ യക്കോബ്ഗൃഹത്തെക്കുറിച്ചു ഇപ്രകാരം അരുളിച്ചെയ്യുന്നു: യാക്കോബ് ഇനി ലജ്ജിച്ചുപോകയില്ല; അവന്റെ മുഖം ഇനി വിളറിപ്പോകയുമില്ല.
യെശയ്യാ 29 : 23 (MOV)
എന്നാൽ അവൻ, അവന്റെ മക്കൾ തന്നേ, തങ്ങളുടെ മദ്ധ്യേ എന്റെ കൈകളുടെ പ്രവൃത്തി കാണുമ്പോൾ അവർ എന്റെ നാമത്തെ വിശുദ്ധീകരിക്കും; അതേ അവർ യാക്കോബിന്റെ പരിശുദ്ധനെ വിശുദ്ധീകരിക്കയും യിസ്രായേലിന്റെ ദൈവത്തെ ഭയപ്പെടുകയും ചെയ്യും.
യെശയ്യാ 29 : 24 (MOV)
മനോവിഭ്രമമുള്ളവർ ജ്ഞാനം ഗ്രഹിക്കയും പിറുപിറുക്കുന്നവർ ഉപദേശം പഠിക്കയും ചെയ്യും.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24