യെശയ്യാ 32 : 1 (MOV)
ഒരു രാജാവു നീതിയോടെ വാഴും; പ്രഭുക്കന്മാർ ന്യായത്തോടെ അധികാരം നടത്തും.
യെശയ്യാ 32 : 2 (MOV)
ഓരോരുത്തൻ കാറ്റിന്നു ഒരു മറവും പിശറിന്നു ഒരു സങ്കേതവും ആയി വരണ്ട നിലത്തു നീർത്തോടുകൾപോലെയും ക്ഷീണമുള്ള ദേശത്തു ഒരു വമ്പാറയുടെ തണൽപോലെയും ഇരിക്കും.
യെശയ്യാ 32 : 3 (MOV)
കാണുന്നവരുടെ കണ്ണു ഇനി മങ്ങുകയില്ല; കേൾക്കുന്നവരുടെ ചെവി ശ്രദ്ധിക്കും.
യെശയ്യാ 32 : 4 (MOV)
അവിവേകികളുടെ ഹൃദയം പരിജ്ഞാനം ഗ്രഹിക്കും; വിക്കന്മാരുടെ നാവു തടവില്ലാതെ വ്യക്തമായി സംസാരിക്കും.
യെശയ്യാ 32 : 5 (MOV)
ഭോഷനെ ഇനി ഉത്തമൻ എന്നു വിളിക്കയില്ല; ആഭാസനെ മഹാത്മാവെന്നു പറകയുമില്ല.
യെശയ്യാ 32 : 6 (MOV)
ഭോഷൻ ഭോഷത്വം സംസാരിക്കും; വഷളത്വം ചെയ്തും യഹോവെക്കു വിരോധമായി അബദ്ധം സംസാരിച്ചും വിശപ്പുള്ളവരെ പട്ടിണിയിട്ടും ദാഹമുള്ളവർക്കു പാനം മുടക്കിയുംകൊണ്ടു അവന്റെ ഹൃദയം നീതികേടും പ്രവർത്തിക്കും.
യെശയ്യാ 32 : 7 (MOV)
ആഭാസന്റെ ആയുധങ്ങളും ദോഷമുള്ളവ; ദരിദ്രൻ ന്യായമായി സംസാരിച്ചാലും എളിയവരെ വ്യാജവാക്കുകൊണ്ടു നശിപ്പിപ്പാൻ അവൻ ദുരുപായങ്ങളെ നിരൂപിക്കുന്നു.
യെശയ്യാ 32 : 8 (MOV)
ഉത്തമനോ ഉത്തമകാര്യങ്ങളെ ചിന്തിക്കന്നു; ഉത്തമകാര്യങ്ങളിൽ അവൻ ഉറ്റുനില്ക്കുന്നു.
യെശയ്യാ 32 : 9 (MOV)
സ്വൈരമായിരിക്കുന്ന സ്ത്രീകളേ, എഴുന്നേറ്റു എന്റെ വാക്കു കേൾപ്പിൻ; ചിന്തയില്ലാത്ത പെണ്ണുങ്ങളേ, എന്റെ വചനം ശ്രദ്ധിപ്പിൻ.
യെശയ്യാ 32 : 10 (MOV)
ചിന്തയില്ലാത്ത പെണ്ണുങ്ങളേ, ഒരാണ്ടും കുറെ നാളും കഴിയുമ്പോൾ നിങ്ങൾ നടുങ്ങിപ്പോകും; മുന്തിരിക്കൊയ്ത്തു നഷ്ടമാകും; ഫലശേഖരം ഉണ്ടാകയുമില്ല.
യെശയ്യാ 32 : 11 (MOV)
സ്വൈരമായിരിക്കുന്ന സ്ത്രീകളേ, വിറെപ്പിൻ; ചിന്തിയില്ലാത്ത പെണ്ണുങ്ങളേ, നടുങ്ങുവിൻ; വസ്ത്രം ഉരിഞ്ഞു നഗ്നമാരാകുവിൻ; അരയിൽ രട്ടു കെട്ടുവിൻ.
യെശയ്യാ 32 : 12 (MOV)
മനോഹരമായ വയലുകളേയും ഫലപുഷ്ടിയുള്ള മുന്തിരിവള്ളിയേയും ഓർത്തു അവർ മാറത്തു അടിക്കും.
യെശയ്യാ 32 : 13 (MOV)
എന്റെ ജനത്തിന്റെ ദേശത്തു ഉല്ലസിതനഗരത്തിലെ സകലസന്തോഷഭവനങ്ങളിലും മുള്ളും പറക്കാരയും മുളെക്കും.
യെശയ്യാ 32 : 14 (MOV)
അരമന ഉപേക്ഷിക്കപ്പെടും; ജനപുഷ്ടിയുള്ള നഗരം നിർജ്ജനമായിത്തീരും; കുന്നും കാവൽമാളികയും സദാകാലത്തേക്കും ഗുഹകളായി ഭവിക്കും; അവ കാട്ടുകഴുതകളുടെ സന്തോഷസ്ഥാനവും ആട്ടിൻ കൂട്ടങ്ങളുടെ മേച്ചൽപുറവും ആയിരിക്കും.
യെശയ്യാ 32 : 15 (MOV)
ഉയരത്തിൽനിന്നു ആത്മാവിനെ നമ്മുടെമേൽ പകരുവോളം തന്നേ; അപ്പോൾ മരുഭൂമി ഉദ്യാനമായിത്തീരും; ഉദ്യാനം വനമായി എണ്ണപ്പെടും.
യെശയ്യാ 32 : 16 (MOV)
അന്നു മരുഭൂമിയിൽ ന്യായം വസിക്കും; ഉദ്യാനത്തിൽ നീതി പാർക്കും.
യെശയ്യാ 32 : 17 (MOV)
നീതിയുടെ പ്രവൃത്തി സമാധാനവും നീതിയുടെ ഫലം ശാശ്വതവിശ്രാമവും നിർഭയതയും ആയിരിക്കും.
യെശയ്യാ 32 : 18 (MOV)
എന്റെ ജനം സമാധാനനിവാസത്തിലും നിർഭയവസതികളിലും സ്വൈരമുള്ള വിശ്രാമസ്ഥലങ്ങളിലും പാർക്കും.
യെശയ്യാ 32 : 19 (MOV)
എന്നാൽ വനത്തിന്റെ വീഴ്ചെക്കു കന്മഴ പെയ്കയും നഗരം അശേഷം നിലംപരിചാകയും ചെയ്യും.
യെശയ്യാ 32 : 20 (MOV)
വെള്ളത്തിന്നരികത്തെല്ലാം വിതെക്കയും കാളയെയും കഴുതയെയും അഴിച്ചുവിടുകയും ചെയ്യുന്നവരേ, നിങ്ങൾക്കു ഭാഗ്യം!
❮
❯