യെശയ്യാ 48 : 1 (MOV)
യിസ്രായേൽ എന്ന പേർ വിളിക്കപ്പെട്ടവരും യെഹൂദയുടെ വെള്ളത്തിൽനിന്നു ഉത്ഭവിച്ചിരിക്കുന്നവരും യഹോവയുടെ നാമത്തിൽ സത്യം ചെയ്യുന്നവരും സത്യത്തോടും നീതിയോടും കൂടെയല്ലെങ്കിലും യിസ്രായേലിന്റെ ദൈവത്തെ കീർത്തിക്കുന്നവരും ആയ യാക്കോബ്ഗൃഹമേ, ഇതു കേട്ടുകൊൾവിൻ.
യെശയ്യാ 48 : 2 (MOV)
അവർ തങ്ങളെ തന്നേ വിശുദ്ധനഗരം എന്നു വിളിച്ചു യിസ്രായേലിന്റെ ദൈവത്തിൽ ആശ്രയിക്കുന്നുവല്ലോ; അവന്റെ നാമം സൈന്യങ്ങളുടെ യഹോവ എന്നാകുന്നു.
യെശയ്യാ 48 : 3 (MOV)
പൂർവ്വകാര്യങ്ങളെ ഞാൻ പണ്ടുതന്നേ പ്രസ്താവിച്ചു; അവ എന്റെ വായിൽനിന്നു പുറപ്പെട്ടു; ഞാൻ അവയെ കേൾപ്പിച്ചു; പെട്ടെന്നു ഞാൻ പ്രവർത്തിച്ചു; അവ സംഭവിച്ചുമിരിക്കുന്നു.
യെശയ്യാ 48 : 4 (MOV)
നീ കഠിനൻ എന്നും നിന്റെ കഴുത്തു ഇരിമ്പുഞരമ്പുള്ളതെന്നും നിന്റെ നെറ്റിതാമ്രം എന്നും ഞാൻ അറികകൊണ്ടു
യെശയ്യാ 48 : 5 (MOV)
ഞാൻ പണ്ടുതന്നേ നിന്നോടു പ്രസ്താവിച്ചു; എന്റെ വിഗ്രഹം അവയെ ചെയ്തു എന്നും എന്റെ വിഗ്രഹവും ബിംബവും അവയെ കല്പിച്ചു എന്നും നീ പറയാതെ ഇരിക്കേണ്ടതിന്നു അവ സംഭവിക്കും മുമ്പെ ഞാൻ നിന്നെ കേൾപ്പിച്ചുമിരിക്കുന്നു.
യെശയ്യാ 48 : 6 (MOV)
നീ കേട്ടിട്ടുണ്ടു; ഇപ്പോൾ എല്ലാം കണ്ടുകൊൾക; നിങ്ങൾ തന്നേ അതു പ്രസ്താവിക്കയില്ലയോ? ഇന്നുമുതൽ ഞാൻ പുതിയതു, നീ അറിയാതെ മറഞ്ഞിരിക്കുന്നതു തന്നേ നിന്നെ കേൾപ്പിക്കുന്നു.
യെശയ്യാ 48 : 7 (MOV)
ഞാൻ അതു അറിഞ്ഞുവല്ലോ എന്നു നീ പറയാതെ ഇരിക്കേണ്ടതിന്നു അതു പണ്ടല്ല, ഇപ്പോൾ തന്നെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു; ഇന്നേദിവസത്തിന്നു മുമ്പു നീ അതിനെക്കുറിച്ചു ഒന്നും കേട്ടിട്ടില്ല.
യെശയ്യാ 48 : 8 (MOV)
നീ കേൾക്കയോ അറികയോ നിന്റെ ചെവി അന്നു തുറക്കപ്പെടുകയോ ചെയ്തിട്ടില്ല. നീ വളരെ ദ്രോഹം ചെയ്തു, ഗർഭംമുതൽ വിശ്വാസവഞ്ചകൻ എന്നു വിളിക്കപ്പെട്ടിരിക്കുന്നു എന്നു ഞാൻ അറിഞ്ഞു.
യെശയ്യാ 48 : 9 (MOV)
എന്റെ നാമംനിമിത്തം ഞാൻ എന്റെ കോപത്തെ താമസിപ്പിക്കുന്നു; നിന്നെ സംഹരിക്കേണ്ടതിന്നു എന്റെ സ്തുതി നിമിത്തം ഞാൻ അടങ്ങിയിരിക്കുന്നു.
യെശയ്യാ 48 : 10 (MOV)
ഇതാ, ഞാൻ നിന്നെ ഊതിക്കഴിച്ചിരിക്കുന്നു, വെള്ളിയെപ്പോലെ അല്ലതാനും; ഞാൻ നിന്നെ കഷ്ടതയുടെ ചൂളയിൽ ആകുന്നു ശോധന കഴിച്ചതു.
യെശയ്യാ 48 : 11 (MOV)
എന്റെ നിമിത്തം, എന്റെ നിമിത്തം തന്നേ, ഞാൻ അതു ചെയ്യും; എന്റെ നാമം അശുദ്ധമായ്തീരുന്നതെങ്ങനെ? ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും കൊടുക്കയില്ല.
യെശയ്യാ 48 : 12 (MOV)
യാക്കോബേ, ഞാൻ വിളിച്ചിരിക്കുന്ന യിസ്രായേലേ, എന്റെ വാക്കു കേൾക്ക; ഞാൻ അനന്യൻ; ഞാൻ ആദ്യനും ഞാൻ അന്ത്യനും ആകുന്നു.
യെശയ്യാ 48 : 13 (MOV)
എന്റെ കൈ ഭൂമിക്കു അടിസ്ഥാനമിട്ടു; എന്റെ വലങ്കൈ ആകാശത്തെ വിരിച്ചു; ഞാൻ വിളിക്കുമ്പോൾ അവ ഒക്കെയും ഉളവായ്വരുന്നു.
യെശയ്യാ 48 : 14 (MOV)
നിങ്ങൾ എല്ലാവരും കൂടിവന്നു കേട്ടുകൊൾവിൻ; അവരിൽ ആർ ഇതു പ്രസ്താവിച്ചു? യഹോവ സ്നേഹിക്കുന്നവർ ബാബേലിനോടു അവന്റെ ഹിതവും കല്ദയരോടു അവന്റെ ഭുജബലവും അനുഷ്ഠിക്കും.
യെശയ്യാ 48 : 15 (MOV)
ഞാൻ, ഞാൻ തന്നേ പ്രസ്താവിക്കുന്നു; ഞാൻ അവനെ വിളിച്ചുവരുത്തിയിരിക്കുന്നു; അവന്റെ വഴി സാദ്ധ്യമാകും.
യെശയ്യാ 48 : 16 (MOV)
നിങ്ങൾ അടുത്തുവന്നു ഇതു കേൾപ്പിൻ; ഞാൻ ആദിമുതൽ രഹസ്യത്തിലല്ല പ്രസ്താവിച്ചിട്ടുള്ളതു; അതിന്റെ ഉത്ഭവകാലംമുതൽ ഞാൻ അവിടെ ഉണ്ടു; ഇപ്പോഴോ യഹോവയായ കർത്താവു എന്നെയും തന്റെ ആത്മാവിനെയും അയച്ചിരിക്കുന്നു.
യെശയ്യാ 48 : 17 (MOV)
യിസ്രായേലിന്റെ പരിശുദ്ധനും നിന്റെ വീണ്ടെടുപ്പുകാരനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ശുഭകരമായി പ്രവർത്തിപ്പാൻ നിന്നെ അഭ്യസിപ്പിക്കയും നീ പോകേണ്ടുന്ന വഴിയിൽ നിന്നെ നടത്തുകയും ചെയ്യുന്ന നിന്റെ ദൈവമായ യഹോവ ഞാൻ തന്നേ.
യെശയ്യാ 48 : 18 (MOV)
അയ്യോ, നീ എന്റെ കല്പനകളെ കേട്ടനുസരിച്ചെങ്കിൽ കൊള്ളായിരുന്നു! എന്നാൽ നിന്റെ സമാധാനം നദിപോലെയും നിന്റെ നീതി സമുദ്രത്തിലെ തിരപോലെയും ആകുമായിരുന്നു.
യെശയ്യാ 48 : 19 (MOV)
നിന്റെ സന്തതി മണൽപോലെയും നിന്റെ ഗർഭഫലം മണൽതരിപോലെയും ആകുമായിരുന്നു. നിന്റെ പേർ എന്റെ മുമ്പിൽനിന്നു ഛേദിക്കപ്പെടുകയോ നശിച്ചുപോകയോ ചെയ്കയില്ലായിരുന്നു.
യെശയ്യാ 48 : 20 (MOV)
ബാബേലിൽനിന്നു പുറപ്പെടുവിൻ; ഉല്ലാസഘോഷത്തോടെ കല്ദയരെ വിട്ടു ഓടിപ്പോകുവിൻ: ഇതു പ്രസ്താവിച്ചു കേൾപ്പിപ്പിൻ; ഭൂമിയുടെ അറ്റത്തോളം ഇതു പ്രസിദ്ധമാക്കുവിൻ; യഹോവ തന്റെ ദാസനായ യാക്കോബിനെ വീണ്ടെടുത്തിരിക്കുന്നു എന്നു പറവിൻ.
യെശയ്യാ 48 : 21 (MOV)
അവൻ അവരെ ശൂന്യപ്രദേശങ്ങളിൽകൂടി നടത്തിയപ്പോൾ അവർക്കു ദാഹിച്ചില്ല; അവൻ അവർക്കുവേണ്ടി പാറയിൽനിന്നു വെള്ളം ഒഴുകുമാറാക്കി; അവൻ പാറ പിളർന്നപ്പോൾ വെള്ളം ചാടിപുറപ്പെട്ടു.
യെശയ്യാ 48 : 22 (MOV)
ദുഷ്ടന്മാർക്കു സമാധാനം ഇല്ല എന്നു യഹോവ അരുളിച്ചെയ്യുന്നു.
❮
❯