യെശയ്യാ 49 : 1 (MOV)
ദ്വീപുകളേ, എന്റെ വാക്കു കേൾപ്പിൻ; ദൂരത്തുള്ള വംശങ്ങളേ, ശ്രദ്ധിപ്പിൻ; യഹോവ എന്നെ ഗർഭംമുതൽ വിളിച്ചു; എന്റെ അമ്മയുടെ ഉദരത്തിൽ ഇരിക്കയിൽ തന്നേ എന്റെ പേർ പ്രസ്താവിച്ചിരിക്കുന്നു.
യെശയ്യാ 49 : 2 (MOV)
അവൻ എന്റെ വായെ മൂർച്ചയുള്ള വാൾപോലെയാക്കി തന്റെ കയ്യുടെ നിഴലിൽ എന്നെ ഒളിപ്പിച്ചു; അവൻ എന്നെ മിനുക്കിയ അമ്പാക്കി തന്റെ പൂണയിൽ മറെച്ചുവെച്ചു, എന്നോടു:
യെശയ്യാ 49 : 3 (MOV)
യിസ്രായേലേ, നീ എന്റെ ദാസൻ; ഞാൻ നിന്നിൽ മഹത്വീകരിക്കപ്പെടും എന്നു അരുളിച്ചെയ്തു.
യെശയ്യാ 49 : 4 (MOV)
ഞാനോ; ഞാൻ വെറുതെ അദ്ധ്വാനിച്ചു; എന്റെ ശക്തിയെ വ്യർത്ഥമായും നിഷ്ഫലമായും ചെലവഴിച്ചിരിക്കുന്നു എന്നു പറഞ്ഞു; എങ്കിലും എന്റെ ന്യായം യഹോവയുടെ പക്കലും എന്റെ പ്രതിഫലം എന്റെ ദൈവത്തിന്റെ പക്കലും ഇരിക്കുന്നു.
യെശയ്യാ 49 : 5 (MOV)
ഇപ്പോഴോ, യാക്കോബിനെ തന്റെ അടുക്കൽ തിരിച്ചുവരുത്തുവാനും യിസ്രായേലിനെ തനിക്കുവേണ്ടി ശേഖരിപ്പാനും എന്നെ ഗർഭത്തിൽ തന്റെ ദാസനായി നിർമ്മിച്ചിട്ടുള്ള യഹോവ അരുളിച്ചെയ്യുന്നു--ഞാൻ യഹോവെക്കു മാന്യനും എന്റെ ദൈവം എന്റെ ബലവും ആകുന്നു--:
യെശയ്യാ 49 : 6 (MOV)
നീ യാക്കോബിന്റെ ഗോത്രങ്ങളെ എഴുന്നേല്പിക്കേണ്ടതിന്നും യിസ്രായേലിൽ സൂക്ഷിക്കപ്പെട്ടവരെ തിരിച്ചുവരുത്തേണ്ടതിന്നും എനിക്കു ദാസനായിരിക്കുന്നതു പോരാ; എന്റെ രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തേണ്ടതിന്നു ഞാൻ നിന്നെ ജാതികൾക്കു പ്രകാശമാക്കിവെച്ചുമിരിക്കുന്നു എന്നു അവൻ അരുളിച്ചെയ്യുന്നു.
യെശയ്യാ 49 : 7 (MOV)
യിസ്രായേലിന്റെ വീണ്ടെടുപ്പുകാരനും അവന്റെ പരിശുദ്ധനുമായ യഹോവ, സർവ്വനിന്ദിതനും ജാതിക്കു വെറുപ്പുള്ളവനും അധിപതികളുടെ ദാസനുമായവനോടു ഇപ്രകാരം അരുളിച്ചെയ്യുന്നു: വിശ്വസ്തനായ യഹോവനിമിത്തവും നിന്നെ തിരഞ്ഞെടുത്ത യിസ്രായേലിൻ പരിശുദ്ധൻ നിമിത്തവും രാജാക്കന്മാർ കണ്ടു എഴുന്നേൽക്കയും പ്രഭുക്കന്മാർ കണ്ടു നമസ്കരിക്കയും ചെയ്യും.
യെശയ്യാ 49 : 8 (MOV)
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: പ്രസാദകാലത്തു ഞാൻ നിനക്കു ഉത്തരം അരുളി; രക്ഷാദിവസത്തിൽ ഞാൻ നിന്നെ സഹായിച്ചു; ദേശത്തെ ഉയർത്തുവാനും ശൂന്യമായി കിടക്കുന്ന അവകാശങ്ങളെ കൈവശമാക്കിക്കൊടുപ്പാനും ബന്ധിക്കപ്പെട്ടവരോടു: ഇറങ്ങിപെയ്ക്കൊൾവിൻ എന്നും അന്ധകാരത്തിൽ ഇരിക്കുന്നവരോടു: വെളിയിൽ വരുവിൻ എന്നും പറവാനും ഞാൻ നിന്നെ കാത്തു,
യെശയ്യാ 49 : 9 (MOV)
നിന്നെ ജനത്തിന്റെ നിയമമാക്കി വെച്ചിരിക്കുന്നു. അവർ വഴികളിൽ മേയും; എല്ലാപാഴകുന്നുകളിലും അവർക്കു മേച്ചലുണ്ടാകും.
യെശയ്യാ 49 : 10 (MOV)
അവർക്കു വിശക്കയില്ല, ദാഹിക്കയുമില്ല; മരീചികയും വെയിലും അവരെ ബാധിക്കയില്ല; അവരോടു കരുണയുള്ളവൻ അവരെ വഴിനടത്തുകയും നീരുറവുകൾക്കരികെ അവരെ കൊണ്ടുപോകയും ചെയ്യും.
യെശയ്യാ 49 : 11 (MOV)
ഞാൻ എന്റെ മലകളെയൊക്കെയും വഴിയാക്കും; എന്റെ പെരുവഴികൾ പൊങ്ങിയിരിക്കും.
യെശയ്യാ 49 : 12 (MOV)
ഇതാ, ഇവർ ദൂരത്തുനിന്നും ഇവർ വടക്കുനിന്നും പടിഞ്ഞാറുനിന്നും ഇവർ സീനീംദേശത്തുനിന്നും വരുന്നു.
യെശയ്യാ 49 : 13 (MOV)
ആകാശമേ, ഘോഷിച്ചുല്ലസിക്ക; ഭൂമിയേ, ആനന്ദിക്ക; പർവ്വതങ്ങളേ, പൊട്ടി ആർക്കുവിൻ; യഹോവ തന്റെ ജനത്തെ ആശ്വസിപ്പിക്കുന്നു; തന്റെ അരിഷ്ടന്മാരോടു കരുണ കാണിക്കുന്നു.
യെശയ്യാ 49 : 14 (MOV)
സീയോനോ: യഹോവ എന്നെ ഉപേക്ഷിച്ചു, കർത്താവു എന്നെ മറന്നുകളഞ്ഞു എന്നു പറയുന്നു.
യെശയ്യാ 49 : 15 (MOV)
ഒരു സ്ത്രീ തന്റെ കുഞ്ഞിനെ മറക്കുമോ? താൻ പ്രസവിച്ച മകനോടു കരുണ, തോന്നാതിരിക്കുമോ? അവർ മറന്നുകളഞ്ഞാലും ഞാൻ നിന്നെ മറക്കയില്ല.
യെശയ്യാ 49 : 16 (MOV)
ഇതാ ഞാൻ നിന്നെ എന്റെ ഉള്ളങ്കയ്യിൽ വരെച്ചിരിക്കുന്നു; നിന്റെ മതിലുകൾ എല്ലായ്പോഴും എന്റെ മുമ്പിൽ ഇരിക്കുന്നു.
യെശയ്യാ 49 : 17 (MOV)
നിന്റെ മക്കൾ ബദ്ധപ്പെട്ടു വരുന്നു; നിന്നെ നശിപ്പിച്ചവരും ശൂന്യമാക്കിയവരും നിന്നെ വിട്ടുപോകുന്നു.
യെശയ്യാ 49 : 18 (MOV)
തലപൊക്കി ചുറ്റും നോക്കുക; ഇവർ എല്ലാവരും നിന്റെ അടുക്കൽ വന്നു കൂടുന്നു. എന്നാണ, നീ അവരെ ഒക്കെയും ആഭരണംപോലെ അണികയും ഒരു മണവാട്ടി എന്നപോലെ അവരെ അരെക്കു കെട്ടുകയും ചെയ്യും എന്നു യഹോവ അരുളിച്ചെയ്യുന്നു.
യെശയ്യാ 49 : 19 (MOV)
നിന്റെ ശൂന്യസ്ഥലങ്ങളും പാഴിടങ്ങളും നാശം ഭവിച്ച ദേശവുമോ ഇപ്പോൾ നിവാസികൾക്കു പോരാതെവരും; നിന്നെ വിഴുങ്ങിക്കളഞ്ഞവർ ദൂരത്തു അകന്നിരിക്കും.
യെശയ്യാ 49 : 20 (MOV)
നിന്റെ പുത്രഹീനതയിലെ മക്കൾ: സ്ഥലം പോരാതിരിക്കുന്നു; പാർപ്പാൻ സ്ഥലം തരിക എന്നു നിന്നോടു പറയും.
യെശയ്യാ 49 : 21 (MOV)
അപ്പോൾ നീ നിന്റെ ഹൃദയത്തിൽ: ഞാൻ പുത്രഹീനയും വന്ധ്യയും പ്രവാസിനിയും അലഞ്ഞു നടക്കുന്നവളും ആയിരിക്കേ ആർ ഇവരെ പ്രസവിച്ചു വളർത്തിത്തന്നിരിക്കുന്നു? ഞാൻ ഏകാകിയായിരുന്നുവല്ലോ; ഇവർ എവിടെ ആയിരുന്നു എന്നു പറയും.
യെശയ്യാ 49 : 22 (MOV)
യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ജാതികൾക്കു എന്റെ കൈ ഉയർത്തുകയും വംശങ്ങൾക്കു എന്റെ കൊടി കാണിക്കയും ചെയ്യും; അവർ നിന്റെ പുത്രന്മാരെ തങ്ങളുടെ മാർവ്വിൽ അണെച്ചും പുത്രിമാരെ തോളിൽ എടുത്തുംകൊണ്ടു വരും.
യെശയ്യാ 49 : 23 (MOV)
രാജാക്കന്മാർ നിന്റെ പോറ്റപ്പന്മാരും അവരുടെ രാജ്ഞികൾ നിന്റെ പോറ്റമ്മമാരും ആയിരിക്കും; അവർ നിന്നെ സാഷ്ടാംഗം വണങ്ങി, നിന്റെ കാലിലെ പൊടി നക്കും; ഞാൻ യഹോവ എന്നും എനിക്കായി കാത്തിരിക്കുന്നവർ ലജ്ജിച്ചുപോകയില്ല എന്നും നീ അറിയും.
യെശയ്യാ 49 : 24 (MOV)
ബലവാനോടു അവന്റെ കവർച്ച എടുത്തുകളയാമോ? അല്ല, നിഷ്കണ്ടകന്റെ ബദ്ധന്മാരെ വിടുവിക്കാമോ?
യെശയ്യാ 49 : 25 (MOV)
എന്നാൽ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ബലവാനോടു ബദ്ധന്മാരെ എടുത്തുകളയാം; നിഷ്കണ്ടകന്റെ കവർച്ചയെയും വിടുവിക്കാം; നിന്നോടു പോരാടുന്നവനോടു ഞാൻ പോരാടുകയും നിന്റെ മക്കളെ രക്ഷിക്കയും ചെയ്യും.
യെശയ്യാ 49 : 26 (MOV)
നിന്നെ ഞെരുക്കുന്നവരെ ഞാൻ അവരുടെ സ്വന്തമാംസം തീറ്റും; വീഞ്ഞുപോലെ സ്വന്തരക്തം കുടിച്ചു അവർക്കു ലഹരി പിടിക്കും; യഹോവയായ ഞാൻ നിന്റെ രക്ഷിതാവും യാക്കോബിന്റെ വീരൻ നിന്റെ വീണ്ടെടുപ്പുകാരനും ആകുന്നു എന്നു സകലജഡവും അറിയും.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26