യിരേമ്യാവു 33 : 1 (MOV)
യിരെമ്യാവു കാവല്പുരമുറ്റത്തു അടെക്കപ്പെട്ടിരിക്കുമ്പോൾ യഹോവയുടെ അരുളപ്പാടു രണ്ടാം പ്രാവശ്യം അവന്നുണ്ടായതെന്തെന്നാൽ:
യിരേമ്യാവു 33 : 2 (MOV)
അതിനെ അനുഷ്ഠിക്കുന്ന യഹോവ, അതിനെ നിവർത്തിപ്പാൻ നിർണ്ണയിക്കുന്ന യഹോവ, യഹോവ എന്നു നാമം ഉള്ളവൻ തന്നേ, ഇപ്രകാരം അരുളിച്ചെയ്യുന്നു;
യിരേമ്യാവു 33 : 3 (MOV)
എന്നെ വിളിച്ചപേക്ഷിക്ക; ഞാൻ നിനക്കുത്തരം അരുളം; നീ അറിയാത്ത മഹത്തായും അഗോചരമായും ഉള്ള കാര്യങ്ങളെ ഞാൻ നിന്നെ അറിയിക്കും.
യിരേമ്യാവു 33 : 4 (MOV)
വാടകൾക്കും വാളിന്നും എതിരെ തടുത്തു നിൽക്കേണ്ടതിന്നായി ഈ നഗരത്തിൽ പൊളിച്ചിട്ടിരിക്കുന്ന വീടുകളെയും യെഹൂദാരാജാക്കന്മാരുടെ അരമനകളെയും കുറിച്ചു യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു.
യിരേമ്യാവു 33 : 5 (MOV)
അവർ കല്ദയരോടു യുദ്ധം ചെയ്‍വാൻ ചെല്ലുന്നു; എന്നാൽ അതു, ഞാൻ എന്റെ കോപത്തിലും എന്റെ ക്രോധത്തിലും സംഹരിച്ചിരിക്കുന്ന മനുഷ്യരുടെ ശവങ്ങൾകൊണ്ടു അവയെ നിറെപ്പാനത്രേ; അവരുടെ സകലദോഷവും നിമിത്തം ഞാൻ എന്റെ മുഖത്തെ ഈ നഗരത്തിന്നു മറെച്ചിരിക്കുന്നു.
യിരേമ്യാവു 33 : 6 (MOV)
ഇതാ, ഞാൻ രോഗശാന്തിയും ആരോഗ്യവും വരുത്തി അവരെ സൌഖ്യമാക്കുകയും സമാധാനത്തിന്റെയും സത്യത്തിന്റെയും സമൃദ്ധി അവർക്കു വെളിപ്പെടുത്തുകയും ചെയ്യും.
യിരേമ്യാവു 33 : 7 (MOV)
ഞാൻ യെഹൂദയുടെ പ്രവാസികളെയും യിസ്രായേലിന്റെ പ്രവാസികളെയും മടക്കിവരുത്തി പണ്ടത്തെപ്പോലെ അവർക്കു അഭിവൃത്തി വരുത്തും.
യിരേമ്യാവു 33 : 8 (MOV)
അവർ എന്നോടു പിഴെച്ചതായ സകല അകൃത്യത്തെയും ഞാൻ നീക്കി അവരെ ശുദ്ധീകരിക്കയും അവർ പാപം ചെയ്തു എന്നോടു ദ്രോഹിച്ചതായ സകല അകൃത്യങ്ങളെയും മോചിക്കയും ചെയ്യും.
യിരേമ്യാവു 33 : 9 (MOV)
ഞാൻ അവർക്കു ചെയ്യുന്ന എല്ലാ നന്മയെയും കുറിച്ചു കേൾക്കുന്ന സകലഭൂജാതികളുടെയും മുമ്പാകെ അതു എനിക്കു ആനന്ദനാമവും പ്രശംസയും മഹത്വവും ആയിരിക്കും; ഞാൻ അതിന്നു വരുത്തുന്ന എല്ലാനന്മയും നിമിത്തവും സർവ്വ സമാധാനവും നിമിത്തവും അവർ പേടിച്ചു വിറെക്കും.
യിരേമ്യാവു 33 : 10 (MOV)
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മനുഷ്യരും മൃഗവും ഇല്ലാതെ ശൂന്യമായിരിക്കുന്നു എന്നു നിങ്ങൾ പറയുന്ന ഈ സ്ഥലത്തും യെഹൂദാപട്ടണങ്ങളിലും മനുഷ്യനോ, നിവാസികളോ, മൃഗമോ ഇല്ലാതെ ശൂന്യമായിരിക്കുന്ന യെരൂശലേംവീഥികളിലും
യിരേമ്യാവു 33 : 11 (MOV)
ഇനിയും ആനന്ദഘോഷവും സന്തോഷധ്വനിയും മണവാളന്റെ സ്വരവും മണവാട്ടിയുടെ സ്വരവും: സൈന്യങ്ങളുടെ യഹോവയെ സ്തുതിപ്പിൻ, യഹോവ നല്ലവനല്ലോ, അവന്റെ ദയ എന്നേക്കുമുള്ളതു എന്നു പറയുന്നവരുടെ ശബ്ദവും യഹോവയുടെ ആലയത്തിൽ സ്തോത്രയാഗം കൊണ്ടുവരുന്നവരുടെ ശബ്ദവും കേൾക്കും; ഞാൻ ദേശത്തിന്റെ സ്ഥിതി മാറ്റി പണ്ടത്തെപ്പോലെ ആക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു.
യിരേമ്യാവു 33 : 12 (MOV)
സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മനുഷ്യനും മൃഗവും ഇല്ലാതെ ശൂന്യമായിരിക്കുന്ന ഈ സ്ഥലത്തും അതിന്റെ സകലപട്ടണങ്ങളിലും ആടുകളെ കിടത്തുന്ന ഇടയന്മാർക്കും ഇനിയും മേച്ചൽപുറം ഉണ്ടാകും;
യിരേമ്യാവു 33 : 13 (MOV)
മലനാട്ടിലെ പട്ടണങ്ങളിലും താഴ്വീതിയിലെ പട്ടണങ്ങളിലും തെക്കെ പട്ടണങ്ങളിലും ബെന്യാമീൻ ദേശത്തും യെരൂശലേമിന്റെ ചുറ്റുവട്ടത്തിലും യെഹൂദാപട്ടണങ്ങളിലും ആടുകൾ എണ്ണുന്നവന്റെ കൈക്കു കീഴെ ഇനിയും കടന്നുപോകും എന്നു യഹോവ അരുളിച്ചെയ്യുന്നു.
യിരേമ്യാവു 33 : 14 (MOV)
ഞാൻ യിസ്രായേൽ ഗൃഹത്തോടും യെഹൂദാഗൃഹത്തോടും അരുളിച്ചെയ്ത നല്ലവചനം നിവർത്തിക്കുന്ന കാലം വരും എന്നു യഹോവയുടെ അരുളപ്പാടു.
യിരേമ്യാവു 33 : 15 (MOV)
ആ നാളുകളിലും ആ കാലത്തും ഞാൻ ദാവീദിന്നു നീതിയുള്ളോരു മുളയായവനെ മുളെപ്പിക്കും; അവൻ ദേശത്തു നീതിയും ന്യായവും നടത്തും.
യിരേമ്യാവു 33 : 16 (MOV)
അന്നാളിൽ യെഹൂദാ രക്ഷിക്കപ്പെടും; യെരൂശലേം നിർഭയമായ്‍വസിക്കും; അതിന്നു യഹോവ നമ്മുടെ നീതി എന്നു പേർ പറയും.
യിരേമ്യാവു 33 : 17 (MOV)
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ ഗൃഹത്തിന്റെ സിംഹാസനത്തിൽ ഇരിപ്പാൻ ദാവീദിന്നു ഒരു പുരുഷൻ ഇല്ലാതെ വരികയില്ല.
യിരേമ്യാവു 33 : 18 (MOV)
ദിനംപ്രതി ഹോമയാഗം കഴിപ്പാനും ഭോജനയാഗം ദഹിപ്പിപ്പാനും ഹനനയാഗം അർപ്പിപ്പാനും എന്റെ മുമ്പാകെ ലേവ്യ പുരോഹിതന്മാർക്കും ഒരു പുരുഷൻ ഇല്ലാതെ വരികയുമില്ല.
യിരേമ്യാവു 33 : 19 (MOV)
യിരെമ്യാവിന്നു യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാൽ:
യിരേമ്യാവു 33 : 20 (MOV)
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: തക്കസമയത്തു പകലും രാവും ഇല്ലാതിരിക്കത്തക്കവണ്ണം പകലിനോടുള്ള എന്റെ നിയമവും രാത്രിയോടുള്ള എന്റെ നിയമവും ദുർബ്ബലമാക്കുവാൻ നിങ്ങൾക്കു കഴിയുമെങ്കിൽ,
യിരേമ്യാവു 33 : 21 (MOV)
എന്റെ ദാസനായ ദാവീദിന്നു അവന്റെ സിംഹാസനത്തിൽ ഇരുന്നു വാഴുവാൻ ഒരു മകൻ ഇല്ലാതെ വരത്തക്കവണ്ണം അവനോടും എന്റെ ശുശ്രൂഷകന്മാരായ ലേവ്യപുരോഹിതന്മാരോടും ഉള്ള എന്റെ നിയമവും ദുർബ്ബലമായ്‍വരാം.
യിരേമ്യാവു 33 : 22 (MOV)
ആകാശത്തിലെ സൈന്യത്തെ എണ്ണുവാനും കടല്പുറത്തെ മണൽ അളക്കുവാനും കഴിയാത്തതുപോലെ ഞാൻ എന്റെ ദാസനായ ദാവീദിന്റെ സന്തതിയെയും എന്റെ ശുശ്രൂഷകന്മാരായ ലേവ്യരെയും വർദ്ധിപ്പിക്കും.
യിരേമ്യാവു 33 : 23 (MOV)
യഹോവയുടെ അരുളപ്പാടു യിരെമ്യാവിന്നുണ്ടായതെന്തെന്നാൽ:
യിരേമ്യാവു 33 : 24 (MOV)
യഹോവ തിരഞ്ഞെടുത്തിരിക്കുന്ന രണ്ടു വംശങ്ങളെയും അവൻ തള്ളിക്കളഞ്ഞു എന്നു ഈ ജനം പറയുന്നതു നീ ശ്രദ്ധിക്കുന്നില്ലയോ? ഇങ്ങനെ അവൻ എന്റെ ജനത്തെ അതു ഇനി ഒരു ജാതിയല്ല എന്നു ദുഷിച്ചു പറയുന്നു.
യിരേമ്യാവു 33 : 25 (MOV)
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; പകലിനോടും രാത്രിയോടും ഉള്ള എന്റെ നിയമം നിലനില്ക്കുന്നില്ലെങ്കിൽ, ഞാൻ ആകാശത്തിന്റെയും ഭൂമിയുടെയും വ്യവസ്ഥ നിയമിച്ചിട്ടില്ലെങ്കിൽ,
യിരേമ്യാവു 33 : 26 (MOV)
ഞാൻ യാക്കോബിന്റെയും എന്റെ ദാസനായ ദാവീദിന്റെയും സന്തതിയെ അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും സന്തതിക്കു അധിപതിമാരായിരിപ്പാൻ അവന്റെ സന്തതിയിൽ നിന്നു ഒരാളെ എടുക്കാതവണ്ണം തള്ളിക്കളയും. അവരുടെ പ്രവാസികളെ ഞാൻ മടക്കിവരുത്തുകയും അവർക്കു കരുണകാണിക്കയും ചെയ്യും.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26

BG:

Opacity:

Color:


Size:


Font: