യിരേമ്യാവു 42 : 1 (MOV)
അനന്തരം എല്ലാപടത്തലവന്മാരും കാരേഹിന്റെ മകനായ യോഹാനാനും ഹോശയ്യാവിന്റെ മകനായ യെസന്യാവും ആബാലവൃദ്ധം സർവ്വജനവും അടുത്തുവന്നു യിരെമ്യാപ്രവാചകനോടു:
യിരേമ്യാവു 42 : 2 (MOV)
നിന്റെ ദൈവമായ യഹോവ ഞങ്ങൾ നടക്കേണ്ടുന്ന വഴിയും ഞങ്ങൾ ചെയ്യേണ്ടുന്ന കാര്യവും ഞങ്ങൾക്കു അറിയിച്ചുതരേണ്ടതിന്നു ശേഷിച്ചിരിക്കുന്ന ഈ സകലജനവുമായ ഞങ്ങൾക്കു വേണ്ടി നിന്റെ ദൈവമായ യഹോവയോടു പ്രാർത്ഥിക്കേണം എന്നുള്ള ഞങ്ങളുടെ അപേക്ഷ അംഗീകരിക്കേണമേ.
യിരേമ്യാവു 42 : 3 (MOV)
അസംഖ്യജനമായിരുന്ന ഞങ്ങളിൽ അല്പംപേർ മാത്രമേ ശേഷിപ്പുള്ളു എന്നു നീ സ്വന്ത കണ്ണാൽ കാണുന്നുവല്ലോ എന്നു പറഞ്ഞു.
യിരേമ്യാവു 42 : 4 (MOV)
യിരെമ്യാപ്രവാചകൻ അവരോടു: ഞാൻ നിങ്ങളുടെ അപേക്ഷ അംഗീകരിച്ചിരിക്കുന്നു; നിങ്ങൾ പറഞ്ഞതുപോലെ ഞാൻ നിങ്ങളുടെ ദൈവമായ യഹോവയോടു പ്രാർത്ഥിക്കും; യഹോവ നിങ്ങൾക്കു ഉത്തരമരുളുന്നതെല്ലാം ഞൻ നിങ്ങളെ അറിയിക്കും; ഒന്നും മറെച്ചുവെക്കയില്ല എന്നു പറഞ്ഞു.
യിരേമ്യാവു 42 : 5 (MOV)
അവർ യിരെമ്യാവോടു: നീ മുഖാന്തരം നിന്റെ ദൈവമായ യഹോവ ഞങ്ങളോടു അരുളിച്ചെയ്യുന്നതുപോലെ ഒക്കെയും ഞങ്ങൾ ചെയ്യാതെ ഇരുന്നാൽ, യഹോവ നമ്മുടെ മദ്ധ്യേ സത്യവും വിശ്വസ്തതയുമുള്ള സാക്ഷിയായിരിക്കട്ടെ.
യിരേമ്യാവു 42 : 6 (MOV)
ഞങ്ങൾ നിന്നെ പറഞ്ഞയക്കുന്ന ഞങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിച്ചിട്ടു ഞങ്ങൾക്കു ഗുണം വരേണ്ടതിന്നു നമ്മുടെ ദൈവമായ യഹോവയുടെ വാക്കു ഗുണമായാലും ദോഷമായാലും ഞങ്ങൾ കേട്ടനുസരിക്കും എന്നു പറഞ്ഞു.
യിരേമ്യാവു 42 : 7 (MOV)
പത്തു ദിവസം കഴിഞ്ഞ ശേഷം യിരെമ്യാവിന്നു യഹോവയുടെ അരുളപ്പാടുണ്ടായി.
യിരേമ്യാവു 42 : 8 (MOV)
അവൻ കാരേഹിന്റെ മകനായ യോഹാനാനെയും കൂടെ ഉണ്ടായിരുന്ന എല്ലാ പടത്തലവന്മാരെയും ആബാലവൃദ്ധം സകലജനത്തെയും വിളിച്ചു അവരോടു പറഞ്ഞതു:
യിരേമ്യാവു 42 : 9 (MOV)
നിങ്ങളുടെ അപേക്ഷ ബോധിപ്പിപ്പാൻ നിങ്ങൾ എന്നെ പറഞ്ഞയച്ച യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
യിരേമ്യാവു 42 : 10 (MOV)
നിങ്ങൾ ഈ ദേശത്തു പാർത്തുകൊണ്ടിരിക്കുമെങ്കിൽ ഞാൻ നിങ്ങളെ പൊളിച്ചുകളയാതെ പണികയും നിങ്ങളെ പറിച്ചുകളയാതെ നടുകയും ചെയ്യും; നിങ്ങൾക്കു വരുത്തിയ അനർത്ഥത്തെക്കുറിച്ചു ഞാൻ അനുതപിക്കുന്നു.
യിരേമ്യാവു 42 : 11 (MOV)
നിങ്ങൾ പേടിക്കുന്ന ബാബേൽരാജാവിനെ പേടിക്കേണ്ടാ; നിങ്ങളെ രക്ഷിപ്പാനും അവന്റെ കയ്യിൽനിന്നു നിങ്ങളെ വിടുവിപ്പാനും ഞാൻ നിങ്ങളോടുകൂടെ ഉള്ളതുകൊണ്ടു അവനെ പേടിക്കേണ്ടാ എന്നു യഹോവയുടെ അരുളപ്പാടു.
യിരേമ്യാവു 42 : 12 (MOV)
അവന്നു നിങ്ങളോടു കരുണ തോന്നുവാനും നിങ്ങളെ നിങ്ങളുടെ ദേശത്തേക്കു മടക്കി അയപ്പാനും തക്കവണ്ണം ഞാൻ നിങ്ങൾക്കു കരുണ കാണിക്കും.
യിരേമ്യാവു 42 : 13 (MOV)
എന്നാൽ നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു അനുസരിക്കാതെ ഞങ്ങൾ ഈ ദേശത്തു പാർക്കയില്ല;
യിരേമ്യാവു 42 : 14 (MOV)
യുദ്ധം കാണ്മാനില്ലാത്തതും കാഹളനാദം കേൾപ്പാനില്ലാത്തതും ആഹാരത്തിന്നു മുട്ടില്ലാത്തതുമായ, മിസ്രയീംദേശത്തു ചെന്നു പാർക്കും എന്നു പറയുന്നു എങ്കിൽ--യെഹൂദയിൽ ശേഷിപ്പുള്ളവരേ,
യിരേമ്യാവു 42 : 15 (MOV)
ഇപ്പോൾ യഹോവയുടെ വചനം കേൾപ്പിൻ! യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ മിസ്രയീമിലേക്കു പോകുവാൻ മുഖം തിരിച്ചു അവിടെ ചെന്നു പാർക്കേണ്ടതിന്നു ഭാവിക്കുന്നു എങ്കിൽ--
യിരേമ്യാവു 42 : 16 (MOV)
നിങ്ങൾ പേടിക്കുന്ന വാൾ അവിടെ മിസ്രയീംദേശത്തുവെച്ചു നിങ്ങളെ പിടിക്കും; നിങ്ങൾ ഭയപ്പെടുന്ന ക്ഷാമം അവിടെ മിസ്രയീമിൽവെച്ചു നിങ്ങളെ ബാധിക്കും; അവിടെവെച്ചു നിങ്ങൾ മരിക്കും.
യിരേമ്യാവു 42 : 17 (MOV)
മിസ്രയീമിൽ ചെന്നു പാർക്കേണ്ടതിന്നു അവിടെ പോകുവാൻ മുഖം തിരിച്ചിരിക്കുന്ന ഏവരും വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കും; ഞാൻ അവർക്കു വരുത്തുന്ന അനർത്ഥത്തിൽ അകപ്പെടാതെ അവരിൽ ആരും ശേഷിക്കയോ ഒഴിഞ്ഞുപോകയോ ചെയ്കയില്ല.
യിരേമ്യാവു 42 : 18 (MOV)
യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ കോപവും എന്റെ ക്രോധവും യെരൂശലേംനിവാസികളുടെ മേൽ പകർന്നിരിക്കുന്നതുപോലെ തന്നേ, നിങ്ങൾ മിസ്രയീമിൽ ചെല്ലുമ്പോൾ എന്റെ ക്രോധം നിങ്ങളുടെ മേലും പകരും; നിങ്ങൾ പ്രാക്കിന്നും സ്തംഭനത്തിന്നും ശാപത്തിന്നും നിന്ദെക്കും വിഷയമായ്തീരും; ഈ സ്ഥലം നിങ്ങൾ ഇനി കാണുകയുമില്ല.
യിരേമ്യാവു 42 : 19 (MOV)
യെഹൂദയിൽ ശേഷിപ്പുള്ളവരേ, നിങ്ങൾ മിസ്രയീമിൽ പോകരുതു എന്നു യഹോവ കല്പിക്കുന്നു; ഞാൻ അതു ഇന്നു നിങ്ങളോടു സാക്ഷീകരിച്ചിരിക്കുന്നു എന്നു നിങ്ങൾ അറിഞ്ഞുകൊൾവിൻ.
യിരേമ്യാവു 42 : 20 (MOV)
നീ ഞങ്ങളുടെ ദൈവമായ യഹോവയോടു ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണം; ഞങ്ങളുടെ ദൈവമായ യഹോവ കല്പിക്കുന്നതൊക്കെയും നീ ഞങ്ങളോടു അറിയിക്കേണം; ഞങ്ങൾ അതുപോലെ ചെയ്യും എന്നു പറഞ്ഞു നിങ്ങൾ എന്നെ നിങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കൽ അയച്ചു.
യിരേമ്യാവു 42 : 21 (MOV)
ഞാൻ ഇന്നു അതു നിങ്ങളോടു അറിയിക്കയും ചെയ്തു; നിങ്ങളോ നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു, ഞാൻ മുഖാന്തരം അവൻ നിങ്ങളോടു അറിയിച്ച കാര്യം ഒന്നും അനുസരിച്ചിട്ടില്ല; ഇതിൽ നിങ്ങൾ നിങ്ങളെത്തന്നേ ചതിച്ചിരിക്കുന്നു.
യിരേമ്യാവു 42 : 22 (MOV)
ആകയാൽ നിങ്ങൾ ഇപ്പോൾ ചെന്നു പാർപ്പാൻ ആഗ്രഹിക്കുന്ന സ്ഥലത്തുവെച്ചു നിങ്ങൾ വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കും എന്നു അറിഞ്ഞുകൊൾവിൻ.
❮
❯