യോശുവ 9 : 1 (MOV)
എന്നാൽ ഹിത്യർ, അമോർയ്യർ, കനാന്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിങ്ങനെ യോർദ്ദാന്നിക്കരെ മലകളിലും താഴ്വരകളിലും ലെബാനോന്നെതിരെ വലിയ കടലിന്റെ തീരങ്ങളിലുള്ള രാജാക്കന്മാർ ഒക്കെയും വസ്തുത കേട്ടപ്പോൾ
യോശുവ 9 : 2 (MOV)
യോശുവയോടും യിസ്രായേലിനോടും യുദ്ധം ചെയ്‍വാൻ ഏകമനസ്സോടെ യോജിച്ചു.
യോശുവ 9 : 3 (MOV)
എന്നാൽ യോശുവ യെരീഹോവിനോടും ഹായിയോടും ചെയ്തതു ഗിബെയോൻ നിവാസികൾ കേട്ടപ്പോൾ
യോശുവ 9 : 4 (MOV)
അവർ ഒരു ഉപായം പ്രയോഗിച്ചു: ഭക്ഷണസാധനങ്ങളൊരുക്കി പഴയ ചാക്കുകളും പഴയതും കീറിയതും തുന്നിക്കെട്ടിയതുമായ വീഞ്ഞുതുരുത്തികളും കഴുതപ്പുറത്തു കയറ്റി,
യോശുവ 9 : 5 (MOV)
പഴക്കംചെന്നു കണ്ടംവെച്ച ചെരിപ്പു കാലിലും പഴയവസ്ത്രം ദേഹത്തിന്മേലും ധരിച്ചു പുറപ്പെട്ടു; അവരുടെ ഭക്ഷണത്തിന്നുള്ള അപ്പവും എല്ലാം ഉണങ്ങി പൂത്തിരുന്നു.
യോശുവ 9 : 6 (MOV)
അവർ ഗില്ഗാലിൽ പാളയത്തിലേക്കു യോശുവയുടെ അടുക്കൽ ചെന്നു അവനോടും യിസ്രായേൽപുരഷന്മാരോടും: ഞങ്ങൾ ദൂരദേശത്തുനിന്നു വന്നിരിക്കുന്നു; ആകയാൽ ഞങ്ങളോടു ഒരു ഉടമ്പടി ചെയ്യേണം എന്നു പറഞ്ഞു.
യോശുവ 9 : 7 (MOV)
യിസ്രായേൽപുരുഷന്മാർ ആ ഹിവ്യരോടു: പക്ഷേ നിങ്ങൾ ഞങ്ങളുടെ ഇടയിൽ പാർക്കുന്നവരായിരിക്കും; എന്നാൽ ഞങ്ങൾ നിങ്ങളോടു ഉടമ്പടി ചെയ്യുന്നതു എങ്ങനെ എന്നു പറഞ്ഞു.
യോശുവ 9 : 8 (MOV)
അവർ യോശുവയോടു: ഞങ്ങൾ നിന്റെ ദാസന്മാരാകുന്നു എന്നു പറഞ്ഞു. അപ്പോൾ യോശുവ അവരോടു: നിങ്ങൾ ആർ? എവിടെനിന്നു വരുന്നു എന്നു ചോദിച്ചു.
യോശുവ 9 : 9 (MOV)
അവർ അവനോടു പറഞ്ഞതു: അടിയങ്ങൾ നിന്റെ ദൈവമായ യഹോവയുടെ നാമംനിമിത്തം ഏറ്റവും ദൂരത്തുനിന്നു വന്നിരിക്കുന്നു; അവന്റെ കീർത്തിയും അവൻ മിസ്രയീമിൽ ചെയ്തതൊക്കെയും
യോശുവ 9 : 10 (MOV)
ഹെശ്ബോൻ രാജാവായ സീഹോൻ, അസ്തരോത്തിലെ ബാശാൻ രാജാവായ ഓഗ് ഇങ്ങനെ യോർദ്ദാന്നക്കരെയുള്ള അമോർയ്യരുടെ രണ്ടു രാജാക്കന്മാരോടും അവൻ ചെയ്തതൊക്കെയും ഞങ്ങൾ കേട്ടിരിക്കുന്നു.
യോശുവ 9 : 11 (MOV)
അതുകൊണ്ടു ഞങ്ങളുടെ മൂപ്പന്മാരും ദേശനിവാസികൾ എല്ലാവരും ഞങ്ങളോടു വഴിക്കു വേണ്ടുന്ന ഭക്ഷണസാധനം എടുത്തു അവരെ ചെന്നുകണ്ടു: ഞങ്ങൾ നിങ്ങളുടെ ദാസന്മാർ ആയിക്കൊള്ളാം എന്നു അവരോടു പറയേണമെന്നു പറഞ്ഞു; ആകയാൽ നിങ്ങൾ ഞങ്ങളോടു ഉടമ്പടി ചെയ്യേണം.
യോശുവ 9 : 12 (MOV)
ഞങ്ങൾ നിങ്ങളുടെ അടുക്കൽ വരുവാൻ പുറപ്പെട്ട നാളിൽ ഭക്ഷണത്തിന്നായിട്ടു ഈ അപ്പം ചൂടോടെ ഞങ്ങളുടെ വീടുകളിൽനിന്നു എടുത്തതാകുന്നു; ഇപ്പോൾ ഇതാ, അതു ഉണങ്ങി പൂത്തിരിക്കുന്നു.
യോശുവ 9 : 13 (MOV)
ഞങ്ങൾ വീഞ്ഞു നിറെച്ചു കൊണ്ടുപോന്ന ഈ തുരുത്തികൾ പുത്തനായിരുന്നു; ഇപ്പോൾ ഇതാ, അവ കീറിയിരിക്കുന്നു; ഞങ്ങളുടെ ഈ വസ്ത്രവും ചെരിപ്പും അതിദീർഘയാത്രയാൽ പഴക്കമായുമിരിക്കുന്നു.
യോശുവ 9 : 14 (MOV)
അപ്പോൾ യിസ്രായേൽപുരുഷന്മാർ യഹോവയോടു ചോദിക്കാതെ അവരുടെ ഭക്ഷണസാധനം വാങ്ങി ആസ്വദിച്ചു.
യോശുവ 9 : 15 (MOV)
യോശുവ അവരോടു സഖ്യതയും അവരെ ജീവനോടെ രക്ഷിക്കുമെന്നു ഉടമ്പടിയും ചെയ്തു; സഭയിലെ പ്രഭുക്കന്മാരും അവരോടു സത്യംചെയ്തു.
യോശുവ 9 : 16 (MOV)
ഉടമ്പടി ചെയ്തിട്ടു മൂന്നു ദിവസം കഴിഞ്ഞശേഷം അവർ സമീപസ്ഥന്മാർ എന്നും തങ്ങളുടെ ഇടയിൽ പാർക്കുന്നവർ എന്നും അവർ കേട്ടു.
യോശുവ 9 : 17 (MOV)
യിസ്രായേൽമക്കൾ യാത്രപുറപ്പെട്ടതിന്റെ മൂന്നാം ദിവസം അവരുടെ പട്ടണങ്ങളിൽ എത്തി. അവരുടെ പട്ടണങ്ങൾ ഗിബെയോൻ, കെഫീര, ബേരോത്ത്, കിർയ്യത്ത്--യെയാരീം എന്നിവ ആയിരുന്നു.
യോശുവ 9 : 18 (MOV)
സഭയിലെ പ്രഭുക്കന്മാർ യിസ്രായേലിന്റെ ദൈവമായ യഹോവയെക്കൊണ്ടു അവരോടു സത്യംചെയ്തിരിക്കയാൽ യിസ്രായേൽമക്കൾ അവരെ സംഹരിച്ചില്ല; എന്നാൽ സഭ മുഴുവനും പ്രഭുക്കന്മാരുടെ നേരെ പിറുപിറുത്തു.
യോശുവ 9 : 19 (MOV)
പ്രഭുക്കന്മാർ എല്ലാവരും സർവ്വസഭയോടും യിസ്രായേലിന്റെ ദൈവമായ യഹോവയെക്കൊണ്ടു ഞങ്ങൾ അവരോടു സത്യംചെയ്തിരിക്കയാൽ നമുക്കു അവരെ തൊട്ടുകൂടാ.
യോശുവ 9 : 20 (MOV)
നാം അവരോടു ഇങ്ങനെ ചെയ്തു അവരെ ജീവനോടെ രക്ഷിക്കേണം. അല്ലാഞ്ഞാൽ ചെയ്തുപോയ സത്യംനിമിത്തം കോപം നമ്മുടെമേൽ വരും എന്നു പറഞ്ഞു.
യോശുവ 9 : 21 (MOV)
അവർക്കു വാക്കുകൊടുത്തതുപോലെ പ്രഭുക്കന്മാർ അവരോടു: ഇവർ ജീവനോടെ ഇരിക്കട്ടെ; എങ്കിലും അവർ സർവ്വസഭെക്കും വിറകുകീറുന്നവരും വെള്ളംകോരുന്നവരും ആയിരിക്കേണം എന്നു പറഞ്ഞു.
യോശുവ 9 : 22 (MOV)
പിന്നെ യോശുവ അവരെ വിളിച്ചു അവരോടു: നിങ്ങൾ ഞങ്ങളുടെ ഇടയിൽ പാർത്തിരിക്കെ ബഹുദൂരസ്ഥന്മാർ എന്നു പറഞ്ഞു ഞങ്ങളെ വഞ്ചിച്ചതു എന്തു?
യോശുവ 9 : 23 (MOV)
ആകയാൽ നിങ്ങൾ ശപിക്കപ്പെട്ടവർ: എന്റെ ദൈവത്തിന്റെ ആലയത്തിന്നു വേണ്ടി വിറകുകീറുന്നവരും വെള്ളംകോരുന്നവരുമായ അടിമകൾ നിങ്ങളിൽ ഒരിക്കലും ഇല്ലാതിരിക്കയില്ല എന്നു പറഞ്ഞു.
യോശുവ 9 : 24 (MOV)
അവർ യോശുവയോടു: നിന്റെ ദൈവമായ യഹോവ തന്റെ ദാസനായ മോശെയോടു: നിങ്ങൾക്കു ഈ ദേശമെല്ലാം തരുമെന്നും നിങ്ങളുടെ മുമ്പിൽനിന്നു ഈ ദേശനിവാസികളെ ഒക്കെയും നശിപ്പിക്കുമെന്നും കല്പിച്ചപ്രകാരം അടിയങ്ങൾക്കു അറിവുകിട്ടിയതിനാൽ നിങ്ങളുടെ നിമിത്തം ഞങ്ങളുടെ ജീവനെക്കുറിച്ചു ഞങ്ങൾ ഏറ്റവും ഭയപ്പെട്ടു ഈ കാര്യം ചെയ്തിരക്കുന്നു.
യോശുവ 9 : 25 (MOV)
ഇപ്പോൾ ഇതാ: ഞങ്ങൾ നിന്റെ കയ്യിൽ ഇരിക്കുന്നു; നിനക്കു ഹിതവും യുക്തവുമായി തോന്നുന്നതുപോലെ ഞങ്ങളോടു ചെയ്തുകൊൾക എന്നു ഉത്തരം പറഞ്ഞു.
യോശുവ 9 : 26 (MOV)
അങ്ങനെ അവൻ അവരോടു ചെയ്തു; യിസ്രായേൽമക്കൾ അവരെ കൊല്ലാതവണ്ണം അവരുടെ കയ്യിൽനിന്നു അവരെ രക്ഷിച്ചു.
യോശുവ 9 : 27 (MOV)
അന്നു യോശുവ അവരെ സഭെക്കും യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തു അവന്റെ യാഗപീഠത്തിന്നും വേണ്ടി വിറകുകീറുന്നവരും വെള്ളംകോരുന്നവരുമായി നിയമിച്ചു; അങ്ങനെ ഇന്നുവരെയും ഇരിക്കുന്നു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27