ലൂക്കോസ് 18 : 1 (MOV)
“മടുത്തുപോകാതെ എപ്പോഴും പ്രാർത്ഥിക്കേണം” എന്നുള്ളതിന്നു അവൻ അവരോടു ഒരുപമ പറഞ്ഞതു:
ലൂക്കോസ് 18 : 2 (MOV)
ദൈവത്തെ ഭയവും മനുഷ്യനെ ശങ്കയുമില്ലാത്ത ഒരു ന്യായാധിപൻ ഒരു പട്ടണത്തിൽ ഉണ്ടായിരുന്നു.
ലൂക്കോസ് 18 : 3 (MOV)
ആ പട്ടണത്തിൽ ഒരു വിധവയും ഉണ്ടായിരുന്നു. അവൾ അവന്റെ അടുക്കൽ ചെന്നു: എന്റെ പ്രതിയോഗിയോടു പ്രതിക്രിയ നടത്തി രക്ഷിക്കേണമേ എന്നു പറഞ്ഞു.
ലൂക്കോസ് 18 : 4 (MOV)
അവന്നു കുറേ കാലത്തേക്കു മനസ്സില്ലായിരുന്നു; പിന്നെ അവൻ: എനിക്കു ദൈവത്തെ ഭയവും മനുഷ്യനെ ശങ്കയുമില്ല
ലൂക്കോസ് 18 : 5 (MOV)
എങ്കിലും വിധവ എന്നെ അസഹ്യമാക്കുന്നതുകൊണ്ടു ഞാൻ അവളെ പ്രതിക്രിയ നടത്തി രക്ഷിക്കും; അല്ലെങ്കിൽ അവൾ ഒടുവിൽ വന്നു എന്നെ മുഖത്തടിക്കും എന്നു ഉള്ളുകൊണ്ടു പറഞ്ഞു.
ലൂക്കോസ് 18 : 6 (MOV)
അനീതിയുള്ള ന്യായാധിപൻ പറയുന്നതു കേൾപ്പിൻ.
ലൂക്കോസ് 18 : 7 (MOV)
ദൈവമോ രാപ്പകൽ തന്നോടു നിലവിളിക്കുന്ന തന്റെ വൃതന്മാരുടെ കാര്യത്തിൽ ദീർഘക്ഷമയുള്ളവൻ ആയാലും അവരെ പ്രതിക്രിയ നടത്തി രക്ഷിക്കയില്ലയോ?
ലൂക്കോസ് 18 : 8 (MOV)
വേഗത്തിൽ അവരെ പ്രതിക്രിയ നടത്തി രക്ഷിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു. എന്നാൽ മനുഷ്യപുത്രൻ വരുമ്പോൾ അവൻ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ ” എന്നു കർത്താവു പറഞ്ഞു.
ലൂക്കോസ് 18 : 9 (MOV)
തങ്ങൾ നീതിമാന്മാർ എന്നു ഉറെച്ചു മറ്റുള്ളവരെ ധിക്കരിക്കുന്ന ചിലരെക്കുറിച്ചു അവൻ ഒരു ഉപമ പറഞ്ഞതെന്തെന്നാൽ:
ലൂക്കോസ് 18 : 10 (MOV)
രണ്ടു മനുഷ്യർ പ്രാർത്ഥിപ്പാൻ ദൈവാലയത്തിൽ പോയി; ഒരുത്തൻ പരീശൻ, മറ്റവൻ ചുങ്കക്കാരൻ.
ലൂക്കോസ് 18 : 11 (MOV)
പരീശൻ നിന്നുകൊണ്ടു തന്നോടു തന്നെ: ദൈവമേ, പിടിച്ചുപറിക്കാർ, നീതികെട്ടവർ, വ്യഭിചാരികൾ മുതലായ ശേഷം മനുഷ്യരെപ്പോലെയോ ഈ ചുങ്കക്കാരനെപ്പോലെയോ ഞാൻ അല്ലായ്കയാൽ നിന്നെ വാഴ്ത്തുന്നു.
ലൂക്കോസ് 18 : 12 (MOV)
ആഴ്ചയിൽ രണ്ടുവട്ടം ഉപവസിക്കുന്നു; നേടുന്നതിൽ ഒക്കെയും പതാരം കൊടുത്തുവരുന്നു; എന്നിങ്ങനെ പ്രാർത്ഥിച്ചു.
ലൂക്കോസ് 18 : 13 (MOV)
ചുങ്കക്കാരനോ ദൂരത്തു നിന്നുകൊണ്ടു സ്വർഗ്ഗത്തേക്കു നോക്കുവാൻപോലും തുനിയാതെ മാറത്തടിച്ചു: ദൈവമേ, പാപിയായ എന്നോടു കരുണയുണ്ടാകേണമേ എന്നു പറഞ്ഞു.
ലൂക്കോസ് 18 : 14 (MOV)
അവൻ നീതീകരിക്കപ്പെട്ടവനായി വീട്ടിലേക്കു പോയി; മറ്റവൻ അങ്ങനെയല്ല. തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ എല്ലാം ഉയർത്തപ്പെടും” എന്നു ഞാൻ നിങ്ങളോടു പറയുന്നു.
ലൂക്കോസ് 18 : 15 (MOV)
അവൻ തൊടേണ്ടതിന്നു ചിലർ ശിശുക്കളെയും അവന്റെ അടുക്കൽ കൊണ്ടുവന്നു; ശിഷ്യന്മാർ അതുകണ്ടു അവരെ ശാസിച്ചു.
ലൂക്കോസ് 18 : 16 (MOV)
യേശുവോ അവരെ അരികത്തു വിളിച്ചു: “പൈതങ്ങളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുതു; ദൈവരാജ്യം ഇങ്ങനെയുള്ളവരുടേതു ആകുന്നു.
ലൂക്കോസ് 18 : 17 (MOV)
ദൈവരാജ്യത്തെ ശിശുഎന്നപോലെ കൈക്കൊള്ളാത്തവൻ ആരും ഒരുനാളും അതിൽ കടക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു.
ലൂക്കോസ് 18 : 18 (MOV)
ഒരു പ്രമാണി അവനോടു: നല്ല ഗുരോ, ഞാൻ നിത്യജീവനെ അവകാശമാക്കേണ്ടതിന്നു എന്തു ചെയ്യേണം എന്നു ചോദിച്ചു.
ലൂക്കോസ് 18 : 19 (MOV)
അതിന്നു യേശു: “എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവനല്ലാതെ നല്ലവൻ ആരും ഇല്ല. വ്യഭിചാരം ചെയ്യരുതു:
ലൂക്കോസ് 18 : 20 (MOV)
കുല ചെയ്യരുതു; മോഷ്ടിക്കരുതു; കള്ളസ്സാക്ഷ്യം പറയരുതു; നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നീ കല്പനകളെ നീ അറിയുന്നുവല്ലോ ” എന്നു പറഞ്ഞു.
ലൂക്കോസ് 18 : 21 (MOV)
ഇവ ഒക്കെയും ഞാൻ ചെറുപ്പംമുതൽ കാത്തുകൊണ്ടിരിക്കുന്നു എന്നു അവൻ പറഞ്ഞതു കേട്ടിട്ടു
ലൂക്കോസ് 18 : 22 (MOV)
യേശു: “ഇനി ഒരു കുറവു നിനക്കുണ്ടു; നിനക്കുള്ളതൊക്കെയും വിറ്റു ദരിദ്രന്മാർക്കു പകുത്തുകൊടുക്ക; എന്നാൽ സ്വർഗ്ഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും; പിന്നെ വന്നു എന്നെ അനുഗമിക്ക” എന്നു പറഞ്ഞു.
ലൂക്കോസ് 18 : 23 (MOV)
അവൻ എത്രയും ധനവാനാകകൊണ്ടു ഇതു കേട്ടിട്ടു അതിദുഃഖതിനായിത്തീർന്നു.
ലൂക്കോസ് 18 : 24 (MOV)
യേശു അവനെ കണ്ടിട്ടു: “സമ്പത്തുള്ളവർ ദൈവരാജ്യത്തിൽ കടക്കുന്നതു എത്ര പ്രയാസം!
ലൂക്കോസ് 18 : 25 (MOV)
ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനെക്കാൾ ഒട്ടകം സൂചിക്കുഴയൂടെ കടക്കുന്നതു എളുപ്പം” എന്നു പറഞ്ഞു.
ലൂക്കോസ് 18 : 26 (MOV)
ഇതു കേട്ടവർ: എന്നാൽ രക്ഷിക്കപ്പെടുവാൻ ആർക്കു കഴിയും എന്നു പറഞ്ഞു.
ലൂക്കോസ് 18 : 27 (MOV)
അതിന്നു അവൻ: “മനുഷ്യരാൽ അസാദ്ധ്യമായതു ദൈവത്താൽ സാദ്ധ്യമാകുന്നു” എന്നു പറഞ്ഞു.
ലൂക്കോസ് 18 : 28 (MOV)
ഇതാ ഞങ്ങൾ സ്വന്തമായതു വിട്ടു നിന്നെ അനുഗമിച്ചിരിക്കുന്നു എന്നു പത്രൊസ് പറഞ്ഞു.
ലൂക്കോസ് 18 : 29 (MOV)
യേശു അവരോടു: “ദൈവരാജ്യം നിമിത്തം വീടോ ഭാര്യയെയോ സഹോദരന്മാരെയോ അമ്മയപ്പന്മാരെയോ മക്കളെയോ വിട്ടുകളഞ്ഞിട്ടു
ലൂക്കോസ് 18 : 30 (MOV)
ഈ കാലത്തിൽ തന്നേ പല മടങ്ങായും വരുവാനുള്ള ലോകത്തിൽ നിത്യജീവനെയും പ്രാപിക്കാത്തവൻ ആരും ഇല്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളാടു പറയുന്നു” എന്നു പറഞ്ഞു.
ലൂക്കോസ് 18 : 31 (MOV)
അനന്തരം അവൻ പന്തിരുവരെ കൂട്ടിക്കൊണ്ടു അവരോടു: “ഇതാ നാം യെരൂശലേമിലേക്കു പോകുന്നു; മനുഷ്യപുത്രനെക്കുറിച്ചു പ്രവാചകന്മാർ എഴുതിയിരിക്കുന്നതു എല്ലാം നിവൃത്തിയാകും.
ലൂക്കോസ് 18 : 32 (MOV)
അവനെ ജാതികൾക്കു ഏല്പിച്ചുകൊടുക്കയും അവർ അവനെ പരിഹസിച്ചു അവമാനിച്ചു തുപ്പി തല്ലീട്ടു കൊല്ലുകയും
ലൂക്കോസ് 18 : 33 (MOV)
മൂന്നാം നാൾ അവൻ ഉയിർത്തെഴുന്നേൽക്കയും ചെയ്യും” എന്നു പറഞ്ഞു.
ലൂക്കോസ് 18 : 34 (MOV)
അവരോ ഇതു ഒന്നും ഗ്രഹിച്ചില്ല; ഈ വാക്കു അവർക്കു മറവായിരുന്നു; പറഞ്ഞതു അവർ തിരിച്ചറിഞ്ഞതുമില്ല.
ലൂക്കോസ് 18 : 35 (MOV)
അവൻ യെരീഹോവിന്നു അടുത്തപ്പോൾ ഒരു കുരുടൻ ഇരന്നുകൊണ്ടു വഴിയരികെ ഇരുന്നിരുന്നു.
ലൂക്കോസ് 18 : 36 (MOV)
പുരുഷാരം കടന്നു പോകുന്നതു കേട്ടു: ഇതെന്തു എന്നു അവൻ ചോദിച്ചു.
ലൂക്കോസ് 18 : 37 (MOV)
നസറായനായ യേശു കടന്നുപോകുന്നു എന്നു അവർ അവനോടു അറിയിച്ചു.
ലൂക്കോസ് 18 : 38 (MOV)
അപ്പോൾ അവൻ: യേശുവേ, ദാവീദുപുത്രാ, എന്നോടു കരുണ തോന്നേണമേ എന്നു നിലവിളിച്ചു.
ലൂക്കോസ് 18 : 39 (MOV)
മുൻനടക്കുന്നവർ അവനെ മിണ്ടാതിരിപ്പാൻ ശാസിച്ചു; അവനോ: ദിവീദുപുത്രാ എന്നോടു കരുണ തോന്നേണമേ എന്നു ഏറ്റവും അധികം നിലവിളിച്ചു.
ലൂക്കോസ് 18 : 40 (MOV)
യേശു നിന്നു, അവനെ തന്റെ അടുക്കൽ കൊണ്ടുവരുവാൻ കല്പിച്ചു.
ലൂക്കോസ് 18 : 41 (MOV)
അവൻ അടുക്കെ വന്നപ്പോൾ: “ഞാൻ നിനക്കു എന്തു ചെയ്യേണം എന്നു ചോദിച്ചു”. കർത്താവേ, എനിക്കു കാഴ്ച കിട്ടേണം എന്നു അവൻ പറഞ്ഞു.
ലൂക്കോസ് 18 : 42 (MOV)
യേശു അവനോടു: “കാഴ്ച പ്രാപിക്ക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു” എന്നു പറഞ്ഞു.
ലൂക്കോസ് 18 : 43 (MOV)
ക്ഷണത്തിൽ അവൻ കാഴ്ച പ്രാപിച്ചു ദൈവത്തെ മഹത്വീകരിച്ചുംകൊണ്ടു അവനെ അനുഗമിച്ചു; ജനം എല്ലാം കണ്ടിട്ടു ദൈവത്തിന്നു പുകഴ്ച കൊടുത്തു.
❮
❯