മത്തായി 16 : 1 (MOV)
അനന്തരം പരീശന്മാരും സദൂക്യരും അടുക്കെ വന്നു: ആകാശത്തുനിന്നു ഒരു അടയാളം കാണിച്ചുതരേണമെന്നു അവനെ പരീക്ഷിച്ചു ചോദിച്ചു.
മത്തായി 16 : 2 (MOV)
അവരോടു അവൻ ഉത്തരം പറഞ്ഞതു: “സന്ധ്യാസമയത്തു ആകാശം ചുവന്നുകണ്ടാൽ നല്ല തെളിവാകും എന്നും
മത്തായി 16 : 3 (MOV)
രാവിലെ ആകാശം മൂടി ചുവന്നുകണ്ടാൽ ഇന്നു മഴക്കോൾ ഉണ്ടാകും എന്നും നിങ്ങൾ പറയുന്നു. ആകാശത്തിന്റെ ഭാവം വിവേചിപ്പാൻ നിങ്ങൾ അറിയുന്നു; എന്നാൽ കാല ലക്ഷണങ്ങളെ വിവേചിപ്പാൻ കഴികയില്ലയോ?
മത്തായി 16 : 4 (MOV)
ദോഷവും വ്യഭിചാരവുമുള്ള തലമുറ അടയാളം തിരയുന്നു; യോനയുടെ അടയാള മല്ലാതെ അതിന്നു അടയാളം ലഭിക്കയില്ല;” പിന്നെ അവൻ അവരെ വിട്ടു പോയി.
മത്തായി 16 : 5 (MOV)
ശിഷ്യന്മാർ അക്കരെ പോകുമ്പോൾ അപ്പം എടുപ്പാൻ മറന്നുപോയി.
മത്തായി 16 : 6 (MOV)
എന്നാൽ യേശു അവരോടു: “നോക്കുവിൻ പരീശന്മാരുടെയും സദൂക്യരുടെയും പുളിച്ച മാവു സൂക്ഷിച്ചു കൊൾവിൻ എന്നു പറഞ്ഞു.”
മത്തായി 16 : 7 (MOV)
അപ്പം കൊണ്ടുപോരായ്കയാൽ ആയിരിക്കും എന്നു അവർ തമ്മിൽ തമ്മിൽ പറഞ്ഞു.
മത്തായി 16 : 8 (MOV)
അതു അറിഞ്ഞിട്ടു യേശു പറഞ്ഞതു: അല്പവിശ്വാസികളേ, അപ്പം കൊണ്ടുവരായ്കയാൽ തമ്മിൽ തമ്മിൽ പറയുന്നതു എന്തു?
മത്തായി 16 : 9 (MOV)
ഇപ്പോഴും നിങ്ങൾ തിരിച്ചറിയുന്നില്ലയോ? അയ്യായിരം പേർക്കു അഞ്ചു അപ്പം കൊടുത്തിട്ടു എത്ര കൊട്ട എടുത്തു എന്നും
മത്തായി 16 : 10 (MOV)
നാലായിരം പേർക്കു ഏഴു അപ്പം കൊടുത്തിട്ടു എത്ര വട്ടി എടുത്തു എന്നും ഓർക്കുന്നില്ലയോ?
മത്തായി 16 : 11 (MOV)
പരീശന്മാരുടെയും സദൂക്യരുടെയും പുളിച്ച മാവു സൂക്ഷിച്ചുകൊള്ളേണം എന്നു പറഞ്ഞതു അപ്പത്തെക്കുറിച്ചല്ല എന്നു തിരിച്ചറിയാത്തതു എന്തു?
മത്തായി 16 : 12 (MOV)
അങ്ങനെ അപ്പത്തിന്റെ പുളിച്ച മാവല്ല, പരീശന്മാരുടെയും സദൂക്യരുടെയും ഉപദേശമത്രേ സൂക്ഷിച്ചുകൊൾവാൻ ” അവൻ പറഞ്ഞു എന്നു അവർ ഗ്രഹിച്ചു.
മത്തായി 16 : 13 (MOV)
യേശു ഫിലിപ്പിന്റെ കൈസര്യയുടെ പ്രദേശത്തു എത്തിയശേഷം തന്റെ ശിഷ്യന്മാരോടു: “ജനങ്ങൾ മനുഷ്യപുത്രനെ ആർ എന്നു പറയുന്നു?” എന്നു ചോദിച്ചു.
മത്തായി 16 : 14 (MOV)
ചിലർ യോഹന്നാൻ സ്നാപകൻ എന്നും മറ്റു ചിലർ ഏലീയാവെന്നും വേറെ ചിലർ യിരെമ്യാവോ പ്രവാചകന്മാരിൽ ഒരുത്തനോ എന്നും പറയുന്നു എന്നു അവർ പറഞ്ഞു.
മത്തായി 16 : 15 (MOV)
“നിങ്ങളോ എന്നെ ആർ എന്നു പറയുന്നു” എന്നു അവൻ ചോദിച്ചതിന്നു ശിമോൻ പത്രൊസ്:
മത്തായി 16 : 16 (MOV)
നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുഎന്നും ഉത്തരം പറഞ്ഞു.
മത്തായി 16 : 17 (MOV)
യേശു അവനോടു: “ബർയോനാശിമോനെ, നീ ഭാഗ്യവാൻ; ജഡരക്തങ്ങൾ അല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവത്രെ നിനക്കു ഇതു വെളിപ്പെടുത്തിയതു.
മത്തായി 16 : 18 (MOV)
നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു.
മത്തായി 16 : 19 (MOV)
സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ ഞാൻ നിനക്കു തരുന്നു; നീ ഭൂമിയിൽ കെട്ടുന്നതു ഒക്കെയും സ്വർഗ്ഗത്തിൽ കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയിൽ അഴിക്കുന്നതൊക്കെയും സ്വർഗ്ഗത്തിൽ അഴിഞ്ഞിരിക്കും” എന്നു ഉത്തരം പറഞ്ഞു.
മത്തായി 16 : 20 (MOV)
പിന്നെ താൻ ക്രിസ്തു ആകുന്നു എന്നു ആരോടും പറയാതിരിപ്പാൻ ശിഷ്യന്മാരോടു കല്പിച്ചു.
മത്തായി 16 : 21 (MOV)
അന്നു മുതൽ യേശു താൻ യെരൂശലേമിൽ ചെന്നിട്ടു, മൂപ്പന്മാർ, മഹാപുരോഹിതന്മാർ, ശാസ്ത്രിമാർ എന്നിവരാൽ പലതും സഹിച്ചു കൊല്ലപ്പെടുകയും മൂന്നാം നാൾ ഉയിർത്തെഴുന്നേൽക്കയും വേണ്ടതു എന്നു ശിഷ്യന്മാരോടു പ്രസ്താവിച്ചു തുടങ്ങി.
മത്തായി 16 : 22 (MOV)
പത്രൊസ് അവനെ വേറിട്ടു കൊണ്ടുപോയി: കർത്താവേ, അതു അരുതേ; നിനക്കു അങ്ങനെ ഭവിക്കരുതേ എന്നു ശാസിച്ചുതുടങ്ങി.
മത്തായി 16 : 23 (MOV)
അവനോ തിരിഞ്ഞു പത്രൊസിനോടു; “സാത്താനേ, എന്നെ വിട്ടുപോ; നീ എനിക്കു ഇടർച്ചയാകുന്നു; നീ ദൈവത്തിന്റേതല്ല മനുഷ്യരുടേതത്രെ കരുതുന്നതു” എന്നു പറഞ്ഞു.
മത്തായി 16 : 24 (MOV)
പിന്നെ യേശു ശിഷ്യന്മാരോടു പറഞ്ഞതു: “ഒരുത്തൻ എന്റെ പിന്നാലെ വരുവാൻ ഇച്ഛിച്ചാൽ തന്നെത്താൻ ത്യജിച്ചു, തന്റെ ക്രൂശു എടുത്തു എന്നെ അനുഗമിക്കട്ടെ.
മത്തായി 16 : 25 (MOV)
ആരെങ്കിലും തന്റെ ജീവനെ രക്ഷിപ്പാൻ ഇച്ഛിച്ചാൽ അതിനെ കളയും; എന്റെ നിമിത്തം ആരെങ്കിലും തന്റെ ജീവനെ കളഞ്ഞാൽ അതിനെ കണ്ടെത്തും.
മത്തായി 16 : 26 (MOV)
ഒരു മനുഷ്യൻ സർവ്വലോകവും നേടീട്ടും തന്റെ ജീവനെ നഷ്ടപ്പെടുത്തിയാൽ അവന്നു എന്തു പ്രയോജനം? അല്ല, തന്റെ ജീവനെ വീണ്ടുകൊൾവാൻ മനുഷ്യൻ എന്തു മറുവില കൊടുക്കും?
മത്തായി 16 : 27 (MOV)
മനുഷ്യ പുത്രൻ തന്റെ പിതാവിന്റെ മഹത്വത്തിൽ തന്റെ ദൂതന്മാരുമായി വരും; അപ്പോൾ അവൻ ഓരോരുത്തന്നും അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം പകരം നല്കും.
മത്തായി 16 : 28 (MOV)
മനുഷ്യപുത്രൻ തന്റെ രാജ്യത്തിൽ വരുന്നതു കാണുവോളം മരണം ആസ്വദിക്കാത്തവർ ചിലർ ഈ നില്ക്കുന്നവരിൽ ഉണ്ടു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.”
❮
❯