മത്തായി 9 : 1 (MOV)
അവൻ പടകിൽ കയറി ഇക്കരെക്കു കടന്നു സ്വന്തപട്ടണത്തിൽ എത്തി.
മത്തായി 9 : 2 (MOV)
അവിടെ ചിലർ കിടക്കമേൽ കിടക്കുന്ന ഒരു പക്ഷവാതക്കാരനെ അവന്റെ അടുക്കൽ കൊണ്ടുവന്നു; യേശു അവരുടെ വിശ്വാസം കണ്ടു പക്ഷവാതക്കാരനോടു: “മകനേ, ധൈര്യമായിരിക്ക; നിന്റെ പാപങ്ങൾ മോചിച്ചു തന്നിരിക്കുന്നു” എന്നു പറഞ്ഞു.
മത്തായി 9 : 3 (MOV)
എന്നാൽ ശാസ്ത്രിമാരിൽ ചിലർ: ഇവൻ ദൈവദൂഷണം പറയുന്നു എന്നു ഉള്ളംകൊണ്ടു പറഞ്ഞു.
മത്തായി 9 : 4 (MOV)
യേശുവോ അവരുടെ നിരൂപണം ഗ്രഹിച്ചു: “നിങ്ങൾ ഹൃദയത്തിൽ ദോഷം നിരൂപിക്കുന്നതു എന്തു? നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു.
മത്തായി 9 : 5 (MOV)
എന്നു പറയുന്നതോ, എഴുന്നേറ്റു നടക്ക എന്നു പറയുന്നതോ, ഏതാകുന്നു എളുപ്പം” എന്നു ചോദിച്ചു.
മത്തായി 9 : 6 (MOV)
എങ്കിലും ഭൂമിയിൽ പാപങ്ങളെ മോചിപ്പാൻ മനുഷ്യപുത്രന്നു അധികാരം ഉണ്ടു എന്നു നിങ്ങൾ അറിയേണ്ടതിന്നു-അവൻ പക്ഷവാതക്കാരനോടു: “എഴുന്നേറ്റു, കിടക്ക എടുത്തു വീട്ടിൽ പോക” എന്നു പറഞ്ഞു.
മത്തായി 9 : 7 (MOV)
അവൻ എഴുന്നേറ്റു വീട്ടിൽ പോയി.
മത്തായി 9 : 8 (MOV)
പുരുഷാരം അതു കണ്ടു ഭയപ്പെട്ടു മനുഷ്യർക്കു ഇങ്ങനെയുള്ള അധികാരം കൊടുത്ത ദൈവത്തെ മഹത്വപ്പെടുത്തി.
മത്തായി 9 : 9 (MOV)
യേശു അവിടെനിന്നു പോകുമ്പോൾ മത്തായി എന്നു പേരുള്ള ഒരു മനുഷ്യൻ ചുങ്കസ്ഥലത്തു ഇരിക്കുന്നതു കണ്ടു: “എന്നെ അനുഗമിക്ക” എന്നു അവനോടു പറഞ്ഞു; അവൻ എഴുന്നേറ്റു അവനെ അനുഗമിച്ചു.
മത്തായി 9 : 10 (MOV)
അവൻ വീട്ടിൽ ഭക്ഷണത്തിന്നു ഇരിക്കുമ്പോൾ വളരെ ചുങ്കക്കാരും പാപികളും വന്നു യേശുവിനോടും അവന്റെ ശിഷ്യന്മാരോടും കൂടെ പന്തിയിൽ ഇരുന്നു.
മത്തായി 9 : 11 (MOV)
പരീശന്മാർ അതു കണ്ടു അവന്റെ ശിഷ്യന്മാരോടു: നിങ്ങളുടെ ഗുരു ചുങ്കക്കാരോടും പാപികളോടും കൂടെ ഭക്ഷിക്കുന്നതു എന്തു എന്നു ചോദിച്ചു.
മത്തായി 9 : 12 (MOV)
യേശു അതു കേട്ടാറെ: “ദീനക്കാർക്കല്ലാതെ സൌഖ്യമുള്ളവർക്കു വൈദ്യനെക്കൊണ്ടു ആവശ്യമില്ല.
മത്തായി 9 : 13 (MOV)
യാഗത്തിലല്ല കരുണയിൽ അത്രേ ഞാൻ പ്രസാദിക്കുന്നു എന്നുള്ളതു എന്തു എന്നു പോയി പഠിപ്പിൻ. ഞാൻ നീതിമാന്മാരെ അല്ല പാപികളെ അത്രേ വിളിപ്പാൻ വന്നതു” എന്നു പറഞ്ഞു.
മത്തായി 9 : 14 (MOV)
യോഹന്നാന്റെ ശിഷ്യന്മാർ അവന്റെ അടുക്കൽ വന്നു: ഞങ്ങളും പരീശന്മാരും വളരെ ഉപവസിക്കുന്നു; നിന്റെ ശിഷ്യന്മാർ ഉപവസിക്കാത്തതു എന്തു എന്നു ചോദിച്ചു.
മത്തായി 9 : 15 (MOV)
യേശു അവരോടു പറഞ്ഞതു: “മണവാളൻ കൂടെയുള്ളപ്പോൾ തോഴ്മക്കാർക്കു ദുഃഖിപ്പാൻ കഴികയില്ല; മണവാളൻ പിരിഞ്ഞുപോകേണ്ടുന്ന നാൾ വരും; അന്നു അവർ ഉപവസിക്കും.
മത്തായി 9 : 16 (MOV)
കോടിത്തുണിക്കണ്ടം ആരും പഴയ വസ്ത്രത്തിൽ ചേർത്തു തുന്നുമാറില്ല; തുന്നിച്ചേർത്താൽ അതു കൊണ്ടു വസ്ത്രം കീറും; ചീന്തൽ ഏറ്റവും വല്ലാതെയായി തീരും.
മത്തായി 9 : 17 (MOV)
പുതു വീഞ്ഞു പഴയ തുരുത്തിയിൽ പകരുമാറുമില്ല; പകർന്നാൽ തുരുത്തി പൊളിഞ്ഞു വീഞ്ഞു ഒഴുകിപ്പോകും; തുരുത്തിയും നശിച്ചുപോകും. പുതുവീഞ്ഞു പുതിയ തുരുത്തിയിലേ പകർന്നു വെക്കയുള്ളു; അങ്ങനെ രണ്ടും ഭദ്രമായിരിക്കും.”
മത്തായി 9 : 18 (MOV)
അവൻ ഇങ്ങനെ അവരോടു സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു പ്രമാണി വന്നു അവനെ നമസ്കരിച്ചു: എന്റെ മകൾ ഇപ്പോൾ തന്നേ കഴിഞ്ഞുപോയി; എങ്കിലും നീ വന്നു അവളുടെമേൽ കൈ വെച്ചാൽ അവൾ ജീവിക്കും എന്നു പറഞ്ഞു.
മത്തായി 9 : 19 (MOV)
യേശു എഴുന്നേറ്റു ശിഷ്യന്മാരുമായി അവന്റെ കൂടെ ചെന്നു.
മത്തായി 9 : 20 (MOV)
അന്നു പന്ത്രണ്ടു സംവത്സരമായിട്ടു രക്തസ്രവമുള്ളോരു സ്ത്രീ:
മത്തായി 9 : 21 (MOV)
അവന്റെ വസ്ത്രം മാത്രം ഒന്നു തൊട്ടാൽ എനിക്കു സൌഖ്യം വരും എന്നു ഉള്ളംകൊണ്ടു പറഞ്ഞു, പിറകിൽ വന്നു അവന്റെ വസ്ത്രത്തിന്റെ തൊങ്ങൽ തൊട്ടു.
മത്തായി 9 : 22 (MOV)
യേശു തിരിഞ്ഞു അവളെ കണ്ടപ്പോൾ: “മകളെ, ധൈര്യപ്പെടുക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചു” എന്നു പറഞ്ഞു; ആ നാഴികമുതൽ സ്ത്രീക്കു സൌഖ്യം വന്നു.
മത്തായി 9 : 23 (MOV)
പിന്നെ യേശു പ്രമാണിയുടെ വീട്ടിൽ കടന്നു, കുഴലൂതുന്നവരെയും ആരവാരക്കൂട്ടത്തെയും കണ്ടിട്ടു:
മത്തായി 9 : 24 (MOV)
“മാറിപ്പോകുവിൻ; ബാല മരിച്ചില്ലല്ലോ ഉറങ്ങുന്നത്രേ” എന്നു പറഞ്ഞു; അവരോ അവനെ പരിഹസിച്ചു.
മത്തായി 9 : 25 (MOV)
അവൻ പുരുഷാരത്തെ പുറത്താക്കി അകത്തു കടന്നു ബാലയുടെ കൈപിടിച്ചു, ബാല എഴുന്നേറ്റു.
മത്തായി 9 : 26 (MOV)
ഈ വർത്തമാനം ആ ദേശത്തു ഒക്കെയും പരന്നു.
മത്തായി 9 : 27 (MOV)
യേശു അവിടെനിന്നു പോകുമ്പോൾ രണ്ടു കുരുടന്മാർ: ദാവീദ് പുത്രാ, ഞങ്ങളോടു കരുണ തോന്നേണമേ എന്നു നിലവിളിച്ചുകൊണ്ടു പിന്തുടർന്നു.
മത്തായി 9 : 28 (MOV)
അവൻ വീട്ടിൽ എത്തിയപ്പോൾ കുരുടന്മാർ അവന്റെ അടുക്കൽ വന്നു. “ഇതു ചെയ്വാൻ എനിക്കു കഴിയും എന്നു വിശ്വസിക്കുന്നുവോ” എന്നു യേശു ചോദിച്ചതിന്നു: ഉവ്വു, കർത്താവേ എന്നു അവർ പറഞ്ഞു.
മത്തായി 9 : 29 (MOV)
അവൻ അവരുടെ കണ്ണു തൊട്ടു: “നിങ്ങളുടെ വിശ്വാസം പോലെ നിങ്ങൾക്കു ഭവിക്കട്ടെ” എന്നു പറഞ്ഞു; ഉടനെ അവരുടെ കണ്ണു തുറന്നു.
മത്തായി 9 : 30 (MOV)
പിന്നെ യേശു: “നോക്കുവിൻ; ആരും അറിയരുതു എന്നു അമർച്ചയായി കല്പിച്ചു.”
മത്തായി 9 : 31 (MOV)
അവരോ പുറപ്പെട്ടു ആ ദേശത്തിലൊക്കെയും അവന്റെ ശ്രുതിയെ പരത്തി.
മത്തായി 9 : 32 (MOV)
അവർ പോകുമ്പോൾ ചിലർ ഭൂതഗ്രസ്തനായോരു ഊമനെ അവന്റെ അടുക്കൽ കൊണ്ടുവന്നു.
മത്തായി 9 : 33 (MOV)
അവൻ ഭൂതത്തെ പുറത്താക്കിയ ശേഷം ഊമൻ സംസാരിച്ചു: യിസ്രായേലിൽ ഇങ്ങനെ ഒരുനാളും കണ്ടിട്ടില്ല എന്നു പുരുഷാരം അതിശയിച്ചു.
മത്തായി 9 : 34 (MOV)
പരീശന്മാരോ: ഇവൻ ഭൂതങ്ങളുടെ തലവനെക്കൊണ്ടു ഭൂതങ്ങളെ പുറത്താക്കുന്നു എന്നു പറഞ്ഞു.
മത്തായി 9 : 35 (MOV)
യേശു പട്ടണംതോറും ഗ്രാമംതോറും സഞ്ചരിച്ചു അവരുടെ പള്ളികളിൽ ഉപദേശിച്ചു രാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കയും സകലവിധദീനവും വ്യാധിയും സൌഖ്യമാക്കുകയും ചെയ്തു.
മത്തായി 9 : 36 (MOV)
അവൻ പുരുഷാരത്തെ ഇടയനില്ലാത്ത ആടുകളെപ്പോലെ കുഴഞ്ഞവരും ചിന്നിയവരുമായി കണ്ടിട്ടു അവരെക്കുറിച്ചു മനസ്സലിഞ്ഞു, തന്റെ ശിഷ്യന്മാരോടു:
മത്തായി 9 : 37 (MOV)
“കൊയ്ത്തു വളരെ ഉണ്ടു സത്യം, വേലക്കാരോ ചുരുക്കം;
മത്തായി 9 : 38 (MOV)
ആകയാൽ കൊയ്ത്തിന്റെ യജമാനനോടു കൊയ്ത്തിലേക്കു വേലക്കാരെ അയക്കേണ്ടതിന്നു യാചിപ്പിൻ ” എന്നു പറഞ്ഞു.
❮
❯