നഹൂം 2 : 1 (MOV)
സംഹാരകൻ നിനക്കെതിരേ കയറിവരുന്നു; കോട്ട കാത്തുകൊൾക; വഴി സൂക്ഷിച്ചു നോക്കുക; അര മുറുക്കുക; നിന്നെത്തന്നേ നല്ലവണ്ണം ശക്തീകരിക്ക.
നഹൂം 2 : 2 (MOV)
യഹോവ യാക്കോബിന്റെ മഹിമയെ യിസ്രായേലിന്റെ മഹിമയെപ്പോലെ യഥാസ്ഥാനത്താക്കും; പിടിച്ചുപറിക്കാർ അവരോടു പിടിച്ചുപറിച്ചു, അവരുടെ മുന്തിരിവള്ളികളെ നശിപ്പിച്ചുകളഞ്ഞുവല്ലോ.
നഹൂം 2 : 3 (MOV)
അവന്റെ വീരന്മാരുടെ പരിച ചുവപ്പിച്ചിരിക്കുന്നു; പരാക്രമശാലികൾ ധൂമ്രവസ്ത്രം ധരിച്ചു നില്ക്കുന്നു; അവന്റെ സന്നാഹദിവസത്തിൽ രഥങ്ങൾ ഉരുക്കലകുകളാൽ ജ്വലിക്കുന്നു; കുന്തങ്ങൾ ഓങ്ങിയിരിക്കുന്നു.
നഹൂം 2 : 4 (MOV)
രഥങ്ങൾ തെരുക്കളിൽ ചടുചട ചാടുന്നു; വീഥികളിൽ അങ്ങും ഇങ്ങും ഓടുന്നു; തീപ്പന്തങ്ങളെപ്പോലെ അവയെ കാണുന്നു; അവ മിന്നൽപോലെ ഓടുന്നു.
നഹൂം 2 : 5 (MOV)
അവൻ തന്റെ കുലീനന്മാരെ ഓർക്കുന്നു; അവർ നടക്കയിൽ ഇടറിപ്പോകുന്നു; അവർ അതിന്റെ മതിലിങ്കലേക്കു ബദ്ധപ്പെട്ടു ചെല്ലുന്നു; അവിടെ ആൾമറ കെട്ടിയിരിക്കുന്നു.
നഹൂം 2 : 6 (MOV)
നദികളുടെ ചീപ്പുകൾ തുറക്കുന്നു; രാജമന്ദിരം അഴിഞ്ഞു പോകുന്നു.
നഹൂം 2 : 7 (MOV)
അതു നിർണ്ണയിച്ചിരിക്കുന്നു; അവൾ അനാവൃതയായി, അവൾ പോകേണ്ടിവരും; അവളുടെ ദാസിമാർ പ്രാവു കുറുകുംപോലെ കുറുകി മാറത്തടിക്കുന്നു.
നഹൂം 2 : 8 (MOV)
നീനെവേ പുരാതനമേ ഒരു ജലാശയംപോലെയായിരുന്നു; എന്നാൽ അവർ ഓടിപ്പോകുന്നു: നില്പിൻ, നില്പിൻ! ആരും തിരിഞ്ഞുനോക്കുന്നില്ലതാനും.
നഹൂം 2 : 9 (MOV)
വെള്ളി കൊള്ളയിടുവിൻ; പൊന്നു കൊള്ളയിടുവിൻ; വീട്ടുസാമാനത്തിന്നു കണക്കില്ല; സകലവിധ മനോഹരവസ്തുക്കളായ സമ്പത്തും ഉണ്ടു.
നഹൂം 2 : 10 (MOV)
അവൾ പാഴും വെറുമയും ശൂന്യവുമായിരിക്കുന്നു; ഹൃദയം ഉരുകിപ്പോകുന്നു; മുഴങ്കാൽ ആടുന്നു; എല്ലാ അരകളിലും അതിവേദന ഉണ്ടു; എല്ലാവരുടെയും മുഖം വിളറിയിരിക്കുന്നു.
നഹൂം 2 : 11 (MOV)
ആരും ഭയപ്പെടുത്താതെ സിംഹവും സിംഹിയും ബാലസിംഹവും സഞ്ചരിച്ചുപോകുന്ന സിംഹഗുഹയും ബാലസിംഹങ്ങളുടെ മേച്ചൽപുറവും എവിടെ?
നഹൂം 2 : 12 (MOV)
സിംഹം തന്റെ കുട്ടികൾക്കു മതിയാകുവോളം കടിച്ചുകീറി വെക്കുകയും സിംഹികൾക്കു വേണ്ടി ഞെക്കിക്കൊല്ലുകയും ഇരകൊണ്ടു തന്റെ ഗഹ്വരങ്ങളെയും കടിച്ചുകീറിയതിനെക്കൊണ്ടു തന്റെ ഗുഹകളെയും നിറെക്കയും ചെയ്തു.
നഹൂം 2 : 13 (MOV)
ഞാൻ നിന്റെ നേരെ വരും; ഞാൻ അതിന്റെ രഥങ്ങളെ ചുട്ടുപുകയാക്കും; നിന്റെ ബാലസിംഹങ്ങൾ വാളിന്നു ഇരയായ്തീരും; ഞാൻ നിന്റെ ഇരയെ ഭൂമിയിൽ നിന്നു ഛേദിച്ചുകളയും; നിന്റെ ദൂതന്മാരുടെ ശബ്ദം ഇനി കേൾക്കയുമില്ല എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.

1 2 3 4 5 6 7 8 9 10 11 12 13