നെഹെമ്യാവു 9 : 1 (MOV)
എന്നാൽ ഈ മാസം ഇരുപത്തിനാലാം തിയ്യതി യിസ്രായേൽമക്കൾ ഉപവസിച്ചും രട്ടുടുത്തും തലയിൽ പൂഴി വാരിയിട്ടുംകൊണ്ടു കൂടിവന്നു.
നെഹെമ്യാവു 9 : 2 (MOV)
യിസ്രായേൽസന്തതിയായവർ സകല അന്യജാതിക്കാരിൽനിന്നും വേറുതിരിഞ്ഞു നിന്നു തങ്ങളുടെ പാപങ്ങളെയും തങ്ങളുടെ പിതാക്കന്മാരുടെ അകൃത്യങ്ങളെയും ഏറ്റു പറഞ്ഞു.
നെഹെമ്യാവു 9 : 3 (MOV)
പിന്നെ അവർ തങ്ങളുടെ നിലയിൽ തന്നേ എഴുന്നേറ്റുനിന്നു, അന്നു ഒരു യാമത്തോളം തങ്ങളുടെ ദൈവമായ യഹോവയുടെ ന്യായപ്രമാണപുസ്തകം വായിച്ചു കേൾക്കയും പിന്നെ ഒരു യാമത്തോളം പാപങ്ങളെ ഏറ്റുപറഞ്ഞു തങ്ങളുടെ ദൈവമായ യഹോവയെ നമസ്കരിക്കയും ചെയ്തു.
നെഹെമ്യാവു 9 : 4 (MOV)
ലേവ്യരിൽ യേശുവ, ബാനി, കദ്മീയേൽ ശെബന്യാവു, ബുന്നി, ശേരെബ്യാവു, ബാനി, കെനാനി എന്നിവർ ലേവ്യർക്കു നില്പാനുള്ള പടികളിന്മേൽ നിന്നുകൊണ്ടു തങ്ങളുടെ ദൈവമായ യഹോവയോടു ഉറക്കെ നിലവിളിച്ചു.
നെഹെമ്യാവു 9 : 5 (MOV)
പിന്നെ യേശുവ, കദ്മീയേൽ, ബാനി, ഹശബ്ന്യാവു, ശേരെബ്യാവു, ഹോദീയാവു, ശെബന്യാവു, പെദഹ്യാവു, എന്നീ ലേവ്യർ പറഞ്ഞതെന്തെന്നാൽ: നിങ്ങൾ എഴുന്നേറ്റു നിങ്ങളുടെ ദൈവമായ യഹോവയെ എന്നെന്നേക്കും വാഴ്ത്തുവിൻ. സകലപ്രശംസെക്കും സ്തുതിക്കും മീതെ ഉയർന്നിരിക്കുന്ന നിന്റെ മഹത്വമുള്ള നാമം വാഴ്ത്തപ്പെടുമാറാകട്ടെ.
നെഹെമ്യാവു 9 : 6 (MOV)
നീ, നീ മാത്രം യഹോവ ആകുന്നു; നീ ആകാശത്തെയും സ്വർഗ്ഗാധിസ്വർഗ്ഗത്തെയും അവയിലെ സകലസൈന്യത്തെയും ഭൂമിയെയും അതിലുള്ള സകലത്തെയും സമുദ്രങ്ങളെയും അവയിലുള്ള സകലത്തെയും ഉണ്ടാക്കി; നീ അവയെ ഒക്കെയും രക്ഷിക്കുന്നു; ആകാശത്തിലെ സൈന്യം നിന്നെ നമസ്കരിക്കുന്നു.
നെഹെമ്യാവു 9 : 7 (MOV)
അബ്രാമിനെ തിരഞ്ഞെടുത്തു അവനെ കൽദയപട്ടണമായ ഊരിൽനിന്നു കൊണ്ടുവന്നു അവന്നു അബ്രാഹാം എന്നു പേരിട്ട ദൈവമായ യഹോവ നീ തന്നേ.
നെഹെമ്യാവു 9 : 8 (MOV)
നീ അവന്റെ ഹൃദയം നിന്റെ മുമ്പാകെ വിശ്വസ്തമായി കണ്ടു; കനാന്യർ, ഹിത്യർ, അമോർയ്യർ, പെരിസ്യർ, യെബൂസ്യർ, ഗിർഗ്ഗസ്യർ എന്നിവരുടെ ദേശം കൊടുക്കും, അവന്റെ സന്തതിക്കു തന്നെ കൊടുക്കും എന്നു നീ അവനോടു ഒരു നിയമം ചെയ്തു; നീ നീതിമാനായിരിക്കയാൽ നിന്റെ വചനങ്ങളെ നിവൃത്തിച്ചുമിരിക്കുന്നു.
നെഹെമ്യാവു 9 : 9 (MOV)
മിസ്രയീമിൽ ഞങ്ങളുടെ പിതാക്കന്മാരുടെ പീഡയെ നീ കാൺകയും ചെങ്കടലിന്റെ അരികെവെച്ചു അവരുടെ നിലവിളിയെ കേൾക്കയും
നെഹെമ്യാവു 9 : 10 (MOV)
ഫറവോനിലും അവന്റെ സകലദാസന്മാരിലും അവന്റെ ദേശത്തിലെ സകലജനത്തിലും അടയാളങ്ങളും അത്ഭുതങ്ങളും പ്രവർത്തിക്കയും ചെയ്തു; അവർ അവരോടു ഡംഭം കാണിച്ചതു നീ അറിഞ്ഞിരുന്നുവല്ലോ; അങ്ങനെ ഇന്നും ഉള്ളതുപോലെ നീ നിനക്കു ഒരു നാമം സമ്പാദിച്ചിരിക്കുന്നു.
നെഹെമ്യാവു 9 : 11 (MOV)
നീ കടലിനെ അവരുടെ മുമ്പിൽ വിഭാഗിച്ചു; അവർ കടലിന്റെ നടുവിൽ ഉണങ്ങിയ നിലത്തുകൂടി കടന്നു; അവരെ പിന്തുടർന്നവരെ നീ പെരുവെള്ളത്തിൽ ഒരു കല്ലുപോലെ ആഴത്തിൽ എറിഞ്ഞുകളഞ്ഞു.
നെഹെമ്യാവു 9 : 12 (MOV)
നീ പകൽ സമയത്തു മേഘസ്തംഭം കൊണ്ടും രാത്രിസമയത്തു അവർ പോകുന്ന വഴിക്കു വെളിച്ചംകൊടുപ്പാൻ അഗ്നിസ്തംഭംകൊണ്ടും അവരെ വഴിനടത്തി.
നെഹെമ്യാവു 9 : 13 (MOV)
നീ സീനായിമലമേൽ ഇറങ്ങി ആകാശത്തുനിന്നു അവരോടു സംസാരിച്ചു അവക്കുന്യായമായുള്ള വിധികളും സത്യമായുള്ള ന്യായപ്രമാണങ്ങളും നല്ല ചട്ടങ്ങളും കല്പനകളും കൊടുത്തു.
നെഹെമ്യാവു 9 : 14 (MOV)
നിന്റെ വിശുദ്ധ ശബ്ബത്ത് നീ അവരെ അറിയിച്ചു, നിന്റെ ദാസനായ മോശെമുഖാന്തരം അവർക്കു കല്പനകളും ചട്ടങ്ങളും ന്യായപ്രമാണവും കല്പിച്ചു കൊടുത്തു.
നെഹെമ്യാവു 9 : 15 (MOV)
അവരുടെ വിശപ്പിന്നു നീ അവർക്കു ആകാശത്തുനിന്നു അപ്പം കൊടുത്തു; അവരുടെ ദാഹത്തിന്നു നീ അവർക്കു പാറയിൽ നിന്നു വെള്ളം പുറപ്പെടുവിച്ചു. നീ അവർക്കു കൊടുക്കുമെന്നു സത്യം ചെയ്ത ദേശത്തെ കൈവശമാക്കുവാൻ ചെല്ലേണ്ടതിന്നു അവരോടു കല്പിച്ചു.
നെഹെമ്യാവു 9 : 16 (MOV)
എങ്കിലും അവരും ഞങ്ങളുടെ പിതാക്കന്മാരും അഹങ്കരിച്ചു ദുശ്ശാഠ്യം കാണിച്ചു, നിന്റെ കല്പനകളെ കേൾക്കാതിരുന്നു.
നെഹെമ്യാവു 9 : 17 (MOV)
അനുസരിപ്പാൻ അവർക്കു മനസ്സില്ലാതിരുന്നു; നീ അവരിൽ ചെയ്ത അത്ഭുതങ്ങളെ അവർ ഓർക്കാതെ ദുശ്ശാഠ്യം കാണിച്ചു തങ്ങളുടെ അടിമപ്പാടിലേക്കു മടങ്ങിപ്പോകത്തക്കവണ്ണം തങ്ങളുടെ മത്സരത്തിൽ ഒരു തലവനെ നിയമിച്ചു നീയോ ക്ഷമിപ്പാൻ ഒരുക്കവും കൃപയും കരുണയും ദീർഘക്ഷമയും ദയാസമൃദ്ധിയും ഉള്ള ദൈവം ആകയാൽ അവരെ കൈ വിട്ടുകളഞ്ഞില്ല.
നെഹെമ്യാവു 9 : 18 (MOV)
അവർ തങ്ങൾക്കു ഒരു കാളക്കിടാവിനെ വാർത്തുണ്ടാക്കി; ഇതു നിന്നെ മിസ്രയീമിൽനിന്നു കൊണ്ടുവന്ന നിന്റെ ദൈവം എന്നു പറഞ്ഞു മഹാകോപഹേതുക്കൾ ഉണ്ടാക്കിയാറെയും
നെഹെമ്യാവു 9 : 19 (MOV)
നീ നിന്റെ മഹാകരുണനിമിത്തം അവരെ മരുഭൂമിയിൽ വിട്ടുകളഞ്ഞില്ല; പകലിൽ അവരെ വഴിനടത്തിയ മേഘസ്തംഭവും രാത്രിയിൽ അവർക്കു വെളിച്ചം കൊടുത്തു അവർ നടക്കേണ്ടുന്ന വഴി കാണിച്ച അഗ്നിസ്തംഭവും അവരെ വിട്ടുമാറിയതുമില്ല.
നെഹെമ്യാവു 9 : 20 (MOV)
അവരെ ഉപദേശിക്കേണ്ടതിന്നു നീ നിന്റെ നല്ല ആത്മാവിനെ കൊടുത്തു; അവരുടെ കൊറ്റിന്നു മുട്ടു വരാതെ നിന്റെ മന്നയെയും അവരുടെ ദാഹത്തിന്നു വെള്ളത്തെയും കൊടുത്തു.
നെഹെമ്യാവു 9 : 21 (MOV)
ഇങ്ങനെ നീ അവരെ നാല്പതു സംവത്സരം മരുഭൂമിയിൽ പുലർത്തി: അവർക്കു ഒന്നും കുറവുണ്ടായില്ല; അവരുടെ വസ്ത്രം പഴകിയില്ല, അവരുടെ കാൽ വീങ്ങിയതുമില്ല.
നെഹെമ്യാവു 9 : 22 (MOV)
നീ അവർക്കു രാജ്യങ്ങളെയും ജാതികളെയും അതിർതിരിച്ചു വിഭാഗിച്ചു കൊടുത്തു; അവർ ഹെശ്ബോൻ രാജാവായ സീഹോന്റെ ദേശവും ബാശാൻ രാജാവായ ഓഗിന്റെ ദേശവും കൈവശമാക്കി.
നെഹെമ്യാവു 9 : 23 (MOV)
അവരുടെ മക്കളെ നീ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർദ്ധിപ്പിച്ചു; ചെന്നു കൈവശമാക്കുവാൻ നീ അവരുടെ പിതാക്കന്മാരോടു അരുളിച്ചെയ്തിരുന്ന ദേശത്തേക്കു അവരെ എത്തിച്ചു.
നെഹെമ്യാവു 9 : 24 (MOV)
അങ്ങനെ മക്കൾ ചെന്നു ദേശത്തെ കൈവശമാക്കി; ദേശനിവാസികളായ കനാന്യരെ നീ അവർക്കു കീഴടക്കി അവരെയും അവരുടെ രാജാക്കന്മാരെയും ദേശത്തുള്ള ജാതികളെയും തങ്ങൾക്കു ബോധിച്ചതുപോലെ ചെയ്‍വാൻ അവരുടെ കയ്യിൽ ഏല്പിച്ചുകൊടുത്തു.
നെഹെമ്യാവു 9 : 25 (MOV)
അവർ ഉറപ്പുള്ള പട്ടണങ്ങളും പുഷ്ടിയുള്ള ദേശവും പിടിച്ചു എല്ലാനല്ലവസ്തുക്കളും നിറഞ്ഞ വീടുകളും വെട്ടിയുണ്ടാക്കിയ കിണറുകളും മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും അനവധി ഫലവൃക്ഷങ്ങളും കൈവശമാക്കി; അവർ തിന്നു തൃപ്തിപ്പെട്ടു പുഷ്ടിയുള്ളവരായി നിന്റെ വലിയ നന്മയിൽ സുഖിച്ചുകൊണ്ടിരുന്നു.
നെഹെമ്യാവു 9 : 26 (MOV)
എന്നിട്ടും അവർ അനുസരണക്കേടു കാണിച്ചു നിന്നോടു മത്സരിച്ചു നിന്റെ ന്യായപ്രമാണം തങ്ങളുടെ പുറകിൽ എറിഞ്ഞുകളഞ്ഞു; അവരെ നിങ്കലേക്കു തിരിപ്പാൻ അവരോടു സാക്ഷ്യംപറഞ്ഞ നിന്റെ പ്രവാചകന്മാരെ അവർ കൊന്നു മഹാകോപഹേതുക്കൾ ഉണ്ടാക്കി.
നെഹെമ്യാവു 9 : 27 (MOV)
ആകയാൽ നീ അവരെ അവരുടെ ശത്രുക്കളുടെ കയ്യിൽ ഏല്പിച്ചു, അവർ അവരെ പീഡിപ്പിച്ചു; അവരുടെ കഷ്ടകാലത്തു അവർ നിന്നോടു നിലവിളിച്ചപ്പോൾ നീ സ്വർഗ്ഗത്തിൽ നിന്നു കേട്ടു നിന്റെ മഹാകരുണനിമിത്തം അവർക്കു രക്ഷകന്മാരെ കൊടുത്തു; അവർ അവരുടെ ശത്രുക്കളുടെ കയ്യിൽനിന്നു അവരെ രക്ഷിച്ചു.
നെഹെമ്യാവു 9 : 28 (MOV)
അവർക്കു സ്വസ്ഥത ഉണ്ടായപ്പോൾ അവർ വീണ്ടും നിനക്കു അനിഷ്ടമായതു ചെയ്തു; അതുകൊണ്ടു നീ അവരെ അവരുടെ ശത്രുക്കളുടെ കയ്യിൽ ഏല്പിക്കയും അവർ അവരുടെമേൽ കർത്തവ്യം നടത്തുകയും ചെയ്തു; അവർ തിരിഞ്ഞു നിന്നോടു നിലവിളിച്ചപ്പോൾ നീ സ്വർഗ്ഗത്തിൽനിന്നു കേട്ടു അവരെ നിന്റെ കരുണപ്രകാരം പലപ്രാവശ്യവും വിടുവിച്ചു.
നെഹെമ്യാവു 9 : 29 (MOV)
അവരെ നിന്റെ ന്യായപ്രമാണത്തിലേക്കു തിരിച്ചു വരുത്തേണ്ടതിന്നു നീ അവരോടു സാക്ഷീകരിച്ചു; എന്നിട്ടും അവർ അഹങ്കരിക്കയും ഒരുത്തൻ അനുസരിച്ചു നടന്നു ജീവിക്കാകുന്ന നിന്റെ കല്പനകൾ കേൾക്കാതെ നിന്റെ വിധികൾക്കു വിരോധമായി പാപം ചെയ്കയും എതിർത്തുനിന്നു ദുശ്ശാഠ്യം കാണിക്കയും ചെയ്തു അനുസരണം ഇല്ലാതിരുന്നു.
നെഹെമ്യാവു 9 : 30 (MOV)
നീ ഏറിയ സംവത്സരം അവരോടു ക്ഷമിച്ചു നിന്റെ ആത്മാവിനാൽ നിന്റെ പ്രവാചകന്മാർമുഖാന്തരം അവരോടു സാക്ഷീകരിച്ചു; എന്നാൽ അവർ ശ്രദ്ധിച്ചില്ല; അതുകൊണ്ടു നീ അവരെ ദേശത്തെ ജാതികളുടെ കയ്യിൽ ഏല്പിച്ചുകൊടുത്തു.
നെഹെമ്യാവു 9 : 31 (MOV)
എങ്കിലും നിന്റെ മഹാ കരുണ നിമിത്തം നീ അവരെ നിർമ്മൂലമാക്കിയില്ല, ഉപേക്ഷിച്ചുകളഞ്ഞതുമില്ല; നീ കൃപയും കരുണയുമുള്ള ദൈവമല്ലോ.
നെഹെമ്യാവു 9 : 32 (MOV)
ആകയാൽ ദൈവമേ, നിയമവും കൃപയും പാലിക്കുന്നവനായി വലിയവനും ബലവാനും ഭയങ്കരനുമായ ഞങ്ങളുടെ ദൈവമേ, അശ്ശൂർരാജാക്കന്മാരുടെ കാലംമുതൽ ഇന്നുവരെ ഞങ്ങൾക്കും ഞങ്ങളുടെ രാജാക്കന്മാർക്കും പ്രഭുക്കന്മാർക്കും പുരോഹിതന്മാർക്കും പ്രവാചകന്മാർക്കും ഞങ്ങളുടെ പിതാക്കന്മാർക്കും നിന്റെ സർവ്വജനത്തിന്നും നേരിട്ട കഷ്ടങ്ങളൊക്കെയും നിനക്കു ലഘുവായി തോന്നരുതേ.
നെഹെമ്യാവു 9 : 33 (MOV)
എന്നാൽ ഞങ്ങൾക്കു ഭവിച്ചതിൽ ഒക്കെയും നീ നീതിമാൻ തന്നേ; നീ വിശ്വസ്തത കാണിച്ചിരിക്കുന്നു; ഞങ്ങളോ ദുഷ്ടത പ്രവർത്തിച്ചിരിക്കുന്നു.
നെഹെമ്യാവു 9 : 34 (MOV)
ഞങ്ങളുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പുരോഹിതന്മാരും ഞങ്ങളുടെ പിതാക്കന്മാരും നിന്റെ ന്യായപ്രമാണം അനുസരിച്ചു നടന്നിട്ടില്ല; നിന്റെ കല്പനകളും നീ അവരോടു സാക്ഷീകരിച്ച നിന്റെ സാക്ഷ്യങ്ങളും പ്രമാണിച്ചിട്ടുമില്ല.
നെഹെമ്യാവു 9 : 35 (MOV)
അവർ തങ്ങളുടെ രാജത്വത്തിലും നീ അവർക്കു കൊടുത്ത നിന്റെ വലിയ നന്മകളിലും നീ അവർക്കു അധീനമാക്കിക്കൊടുത്ത വിശാലതയും പുഷ്ടിയുമുള്ള ദേശത്തിലും നിന്നെ സേവിച്ചിട്ടില്ല; തങ്ങളുടെ ദുഷ്പ്രവൃത്തികളെ വിട്ടു തിരിഞ്ഞിട്ടുമില്ല.
നെഹെമ്യാവു 9 : 36 (MOV)
ഇതാ, ഞങ്ങൾ ഇന്നു ദാസന്മാർ; നീ ഞങ്ങളുടെ പിതാക്കന്മാർക്കു ഫലവും ഗുണവും അനുഭവിപ്പാൻ കൊടുത്ത ഈ ദേശത്തു തന്നേ ഇതാ, ഞങ്ങൾ ദാസന്മാരായിരിക്കുന്നു.
നെഹെമ്യാവു 9 : 37 (MOV)
ഞങ്ങളുടെ പാപങ്ങൾനിമിത്തം നീ ഞങ്ങളുടെ മേൽ ആക്കിയിരിക്കുന്ന രാജാക്കന്മാർക്കു അതു വളരെ അനുഭവം കൊടുക്കുന്നു; അവർ തങ്ങൾക്കു ബോധിച്ചതുപോലെ ഞങ്ങളുടെ ദേഹത്തിന്മേലും ഞങ്ങളുടെ കന്നുകാലികളിന്മേലും അധികാരം നടത്തുന്നു; ഞങ്ങൾ വലിയ കഷ്ടത്തിലും ആയിരിക്കുന്നു.
നെഹെമ്യാവു 9 : 38 (MOV)
ഇതൊക്കെയും ഓർത്തു ഞങ്ങൾ സ്ഥിരമായോരു നിയമം ചെയ്തു എഴുതുന്നു; ഞങ്ങളുടെ പ്രഭുക്കന്മാരും ലേവ്യരും പുരോഹിതന്മാരും അതിന്നു മുദ്രയിടുന്നു.
❮
❯