സംഖ്യാപുസ്തകം 11 : 1 (MOV)
അനന്തരം ജനം യഹോവെക്കു അനിഷ്ടം തോന്നുമാറു പിറുപിറുത്തു; യഹോവ കേട്ടു അവന്റെ കോപം ജ്വലിച്ചു; യഹോവയുടെ തീ അവരുടെ ഇടയിൽ കത്തി പാളയത്തിന്റെ അറ്റങ്ങളിലുള്ളവരെ ദഹിപ്പിച്ചുകളഞ്ഞു.
സംഖ്യാപുസ്തകം 11 : 2 (MOV)
ജനം മോശെയോടു നിലവിളിച്ചു; മോശെ യഹോവയോടു പ്രാർത്ഥിച്ചു: അപ്പോൾ തീ കെട്ടുപോയി.
സംഖ്യാപുസ്തകം 11 : 3 (MOV)
യഹോവയുടെ തീ അവരുടെ ഇടയിൽ കത്തുകയാൽ ആ സ്ഥലത്തിന്നു തബേരാ എന്നു പേരായി.
സംഖ്യാപുസ്തകം 11 : 4 (MOV)
പിന്നെ അവരുടെ ഇടയിലുള്ള സമ്മിശ്രജാതി ദുരാഗ്രഹികളായി, യിസ്രായേൽമക്കളും വീണ്ടും കരഞ്ഞുകൊണ്ടു: ഞങ്ങൾക്കു തിന്മാൻ ഇറച്ചി ആർ തരും?
സംഖ്യാപുസ്തകം 11 : 5 (MOV)
ഞങ്ങൾ മിസ്രയീമിൽ വെച്ചു വിലകൂടാതെ തിന്നിട്ടുള്ള മത്സ്യം, വെള്ളരിക്കാ, മത്തെങ്ങാ, ഉള്ളി, ചുവന്നുള്ളി, ചിറ്റുള്ളി എന്നിവ ഞങ്ങൾ ഓർക്കുന്നു.
സംഖ്യാപുസ്തകം 11 : 6 (MOV)
ഇപ്പോഴോ ഞങ്ങളുടെ പ്രാണൻ പൊരിഞ്ഞിരിക്കുന്നു; ഈ മന്നാ അല്ലാതെ ഒന്നും കാണ്മാനില്ല എന്നു പറഞ്ഞു.
സംഖ്യാപുസ്തകം 11 : 7 (MOV)
മന്നയോ കൊത്തമ്പാലരിപോലെയും അതിന്റെ നിറം ഗുല്ഗുലുവിന്റേതുപോലെയും ആയിരുന്നു.
സംഖ്യാപുസ്തകം 11 : 8 (MOV)
ജനം നടന്നു പെറുക്കി തിരികല്ലിൽ പൊടിച്ചിട്ടോ ഉരലിൽ ഇടിച്ചിട്ടോ കലത്തിൽ പുഴുങ്ങി അപ്പം ഉണ്ടാക്കും. അതിന്റെ രുചി എണ്ണചേർത്തുണ്ടാക്കിയ ദോശപോലെ ആയിരുന്നു.
സംഖ്യാപുസ്തകം 11 : 9 (MOV)
രാത്രി പാളയത്തിൽ മഞ്ഞു പൊഴിയുമ്പോൾ മന്നയും പൊഴിയും.
സംഖ്യാപുസ്തകം 11 : 10 (MOV)
ജനം കുടുംബംകുടുംബമായി ഓരോരുത്തൻ താന്താന്റെ കൂടാരവാതിൽക്കൽവെച്ചു കരയുന്നതു മോശെ കേട്ടു; യഹോവയുടെ കോപം ഏറ്റവും ജ്വലിച്ചു; മോശെക്കും അനിഷ്ടമായി.
സംഖ്യാപുസ്തകം 11 : 11 (MOV)
അപ്പോൾ മോശെ യഹോവയോടു പറഞ്ഞതു: നീ അടിയനെ വലെച്ചതു എന്തു? നിനക്കു എന്നോടു കൃപ തോന്നാതെ ഈ സർവ്വജനത്തിന്റെയും ഭാരം എന്റെമേൽ വെച്ചതെന്തു?
സംഖ്യാപുസ്തകം 11 : 12 (MOV)
മുലകുടിക്കുന്ന കുഞ്ഞിനെ ഒരു ധാത്രി എടുക്കുന്നതുപോലെ ഞാൻ അവരെ നീ അവരുടെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശത്തേക്കു എന്റെ മാറത്തെടുത്തുകൊണ്ടു പോകേണമെന്നു എന്നോടു കല്പിപ്പാൻ ഈ ജനത്തെ ഒക്കെയും ഞാൻ ഗർഭംധരിച്ചുവോ? ഞാൻ അവരെ പ്രസവിച്ചുവോ?
സംഖ്യാപുസ്തകം 11 : 13 (MOV)
ഈ ജനത്തിന്നു ഒക്കെയും കൊടുപ്പാൻ എനിക്കു എവിടെനിന്നു ഇറച്ചി കിട്ടും? അവർ ഇതാ: ഞങ്ങൾക്കു തിന്മാൻ ഇറച്ചി തരിക എന്നു എന്നോടു പറഞ്ഞു കരയുന്നു.
സംഖ്യാപുസ്തകം 11 : 14 (MOV)
ഏകനായി ഈ സർവ്വജനത്തെയും വഹിപ്പാൻ എന്നെക്കൊണ്ടു കഴിയുന്നതല്ല; അതു എനിക്കു അതിഭാരം ആകുന്നു.
സംഖ്യാപുസ്തകം 11 : 15 (MOV)
ഇങ്ങനെ എന്നോടു ചെയ്യുന്ന പക്ഷം ദയവിചാരിച്ചു എന്നെ കൊന്നുകളയേണമേ. എന്റെ അരിഷ്ടത ഞാൻ കാണരുതേ.
സംഖ്യാപുസ്തകം 11 : 16 (MOV)
അപ്പോൾ യഹോവ മോശെയോടു കല്പിച്ചതു: യിസ്രായേൽമൂപ്പന്മാരിൽവെച്ചു ജനത്തിന്നു പ്രമാണികളും മേൽവിചാരകന്മാരും എന്നു നീ അറിയുന്ന എഴുപതു പുരുഷന്മാരെ സമാഗമനക്കുടാരത്തിന്നരികെ നിന്നോടു കൂടെ നിൽക്കേണ്ടതിന്നു എന്റെ അടുക്കൽ കൂട്ടിക്കൊണ്ടു വരിക.
സംഖ്യാപുസ്തകം 11 : 17 (MOV)
അവിടെ ഞാൻ ഇറങ്ങിവന്നു നിന്നോടു അരുളിച്ചെയ്യും; ഞാൻ നിന്റെമേലുള്ള ആത്മാവിൽ കുറെ എടുത്തു അവരുടെ മേൽ പകരും. നീ ഏകനായി വഹിക്കാതിരിക്കേണ്ടതിന്നു അവർ നിന്നോടുകൂടെ ജനത്തിന്റെ ഭാരം വഹിക്കും.
സംഖ്യാപുസ്തകം 11 : 18 (MOV)
എന്നാൽ ജനത്തോടു നീ പറയേണ്ടതു: നാളത്തേക്കു നിങ്ങളെത്തന്നേ ശുദ്ധീകരിപ്പിൻ; എന്നാൽ നിങ്ങൾ ഇറച്ചി തിന്നും; ഞങ്ങൾക്കു തിന്മാൻ ഇറച്ചി ആർ തരും? മിസ്രയീമിൽ ഞങ്ങൾക്കു നന്നായിരുന്നു എന്നു നിങ്ങൾ പറഞ്ഞു യഹോവ കേൾക്കെ കരഞ്ഞുവല്ലോ; ആകയാൽ യഹോവ നിങ്ങൾക്കു ഇറച്ചി തരികയും നിങ്ങൾ തിന്നുകയും ചെയ്യും.
സംഖ്യാപുസ്തകം 11 : 19 (MOV)
ഒരു ദിവസമല്ല, രണ്ടു ദിവസമല്ല, അഞ്ചു ദിവസമല്ല, പത്തു ദിവസമല്ല, ഇരുപതു ദിവസവുമല്ല, ഒരു മാസം മുഴുവനും തന്നേ;
സംഖ്യാപുസ്തകം 11 : 20 (MOV)
അതു നിങ്ങളുടെ മൂക്കിൽകൂടി പുറപ്പെട്ടു നിങ്ങൾക്കു ഓക്കാനം വരുവോളം നിങ്ങൾ തിന്നും; നിങ്ങളുടെ ഇടയിൽ ഉള്ള യഹോവയെ നിങ്ങൾ നിരസിക്കയും: ഞങ്ങൾ മിസ്രയീമിൽനിന്നു എന്തിന്നു പുറപ്പെട്ടുപോന്നു എന്നു പറഞ്ഞു അവന്റെ മുമ്പാകെ കരകയും ചെയ്തിരിക്കുന്നുവല്ലോ.
സംഖ്യാപുസ്തകം 11 : 21 (MOV)
അപ്പോൾ മോശെ: എന്നോടുകൂടെയുള്ള ജനം ആറുലക്ഷം കാലാൾ ഉണ്ടു; ഒരു മാസം മുഴുവൻ തിന്മാൻ ഞാൻ അവർക്കു ഇറച്ചി കൊടുക്കുമെന്നു നീ അരുളിച്ചെയ്യുന്നു.
സംഖ്യാപുസ്തകം 11 : 22 (MOV)
അവർക്കു മതിയാകുംവണ്ണം ആടുകളെയും മാടുകളെയും അവർക്കുവേണ്ടി അറുക്കുമോ? അവർക്കു മതിയാകുംവണ്ണം സമുദ്രത്തിലെ മത്സ്യത്തെ ഒക്കെയും അവർക്കു വേണ്ടി പിടിച്ചുകൂട്ടുമോ എന്നു ചോദിച്ചു.
സംഖ്യാപുസ്തകം 11 : 23 (MOV)
യഹോവ മോശെയോടു: യഹോവയുടെ കൈ കുറുതായിപ്പോയോ? എന്റെ വചനം നിവൃത്തിയാകുമോ ഇല്ലയോ എന്നു നീ ഇപ്പോൾ കാണും എന്നു കല്പിച്ചു.
സംഖ്യാപുസ്തകം 11 : 24 (MOV)
അങ്ങനെ മോശെ ചെന്നു യഹോവയുടെ വചനങ്ങളെ ജനത്തോടു പറഞ്ഞു, ജനത്തിന്റെ മൂപ്പന്മാരിൽ എഴുപതു പുരുഷന്മാരെ കൂട്ടി കൂടാരത്തിന്റെ ചുറ്റിലും നിറുത്തി.
സംഖ്യാപുസ്തകം 11 : 25 (MOV)
എന്നാറെ യഹോവ ഒരു മേഘത്തിൽ ഇറങ്ങി അവനോടു അരുളിച്ചെയ്തു, അവന്മേലുള്ള ആത്മാവിൽ കുറെ എടുത്തു മൂപ്പന്മാരായ ആ എഴുപതു പുരുഷന്മാർക്കു കൊടുത്തു; ആത്മാവു അവരുടെ മേൽ ആവസിച്ചപ്പോൾ അവർ പ്രവചിച്ചു; പിന്നെ അങ്ങനെ ചെയ്തില്ലതാനും.
സംഖ്യാപുസ്തകം 11 : 26 (MOV)
എന്നാൽ ആ പുരഷന്മാരിൽ രണ്ടു പേർ പാളയത്തിൽ തന്നേ താമസിച്ചിരുന്നു; ഒരുത്തന്നു എൽദാദ് എന്നും മറ്റവന്നു മേദാദ് എന്നും പേർ. ആത്മാവു അവരുടെമേലും ആവസിച്ചു; അവരും പേരെഴുതിയവരിൽ ഉള്ളവർ ആയിരുന്നു എങ്കിലും കൂടാരത്തിലേക്കു ചെന്നിരുന്നില്ല; അവർ പാളയത്തിൽ വെച്ചു പ്രവചിച്ചു.
സംഖ്യാപുസ്തകം 11 : 27 (MOV)
അപ്പോൾ ഒരു ബാല്യക്കാരൻ മോശെയുടെ അടുക്കൽ ഓടിച്ചെന്നു: എൽദാദും മേദാദും പാളയത്തിൽവെച്ചു പ്രവചിക്കുന്നു എന്നു അറിയിച്ചു.
സംഖ്യാപുസ്തകം 11 : 28 (MOV)
എന്നാറെ നൂന്റെ മകനായി ബാല്യംമുതൽ മോശെയുടെ ശുശ്രൂഷക്കാരനായിരുന്ന യോശുവ: എന്റെ യജമാനനായ മോശെയേ, അവരെ വിരോധിക്കേണമേ എന്നു പറഞ്ഞു.
സംഖ്യാപുസ്തകം 11 : 29 (MOV)
മോശെ അവനോടു: എന്നെ വിചാരിച്ചു നീ അസൂയപ്പെടുന്നുവോ? യഹോവയുടെ ജനം ഒക്കെയും പ്രവാചകന്മാരാകയും യഹോവ തന്റെ ആത്മാവിനെ അവരുടെമേൽ പകരുകയും ചെയ്തെങ്കിൽ കൊള്ളായിരുന്നു എന്നു പറഞ്ഞു.
സംഖ്യാപുസ്തകം 11 : 30 (MOV)
പിന്നെ മോശെയും യിസ്രായേൽമൂപ്പന്മാരും പാളയത്തിൽ വന്നു ചേർന്നു.
സംഖ്യാപുസ്തകം 11 : 31 (MOV)
അനന്തരം യഹോവ അയച്ച ഒരു കാറ്റു ഊതി കടലിൽനിന്നു കാടയെ കൊണ്ടുവന്നു പാളയത്തിന്റെ സമീപത്തു ഒരു ദിവസത്തെ വഴി ഇങ്ങോട്ടും ഒരു ദിവസത്തെ വഴി അങ്ങോട്ടും ഇങ്ങനെ പാളയത്തിന്റെ ചുറ്റിലും നിലത്തോടു ഏകദേശം രണ്ടു മുഴം അടുത്തു പറന്നുനില്ക്കുമാറാക്കി.
സംഖ്യാപുസ്തകം 11 : 32 (MOV)
ജനം എഴുന്നേറ്റു അന്നു പകൽ മുഴുവനും രാത്രി മുഴുവനും പിറ്റെന്നാൾ മുഴുവനും കാടയെ പിടിച്ചു കൂട്ടി; നന്നാ കുറെച്ചു പിടിച്ചവൻ പത്തു പറ പിടിച്ചുകൂട്ടി; അവർ അവയെ പാളയത്തിന്റെ ചുറ്റിലും ചിക്കി.
സംഖ്യാപുസ്തകം 11 : 33 (MOV)
എന്നാൽ ഇറച്ചി അവരുടെ പല്ലിന്നിടയിൽ ഇരിക്കുമ്പോൾ അതു ചവെച്ചിറക്കും മുമ്പെ തന്നേ യഹോവയുടെ കോപം ജനത്തിന്റെ നേരെ ജ്വലിച്ചു, യഹോവ ജനത്തെ ഒരു മഹാബാധകൊണ്ടു സംഹരിച്ചു.
സംഖ്യാപുസ്തകം 11 : 34 (MOV)
ദുരാഗ്രഹികളുടെ കൂട്ടത്തെ അവിടെ കുഴിച്ചിട്ടതുകൊണ്ടു ആ സ്ഥലത്തിന്നു കിബ്രോത്ത്-ഹത്താവ എന്നു പേരായി.
സംഖ്യാപുസ്തകം 11 : 35 (MOV)
കിബ്രോത്ത്-ഹത്താവ വിട്ടു ജനം ഹസേരോത്തിലേക്കു പുറപ്പെട്ടു ചെന്നു ഹസേരോത്തിൽ പാർത്തു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35

BG:

Opacity:

Color:


Size:


Font: