സംഖ്യാപുസ്തകം 16 : 1 (MOV)
എന്നാൽ ലേവിയുടെ മകനായ കെഹാത്തിന്റെ മകനായ യിസ്ഹാരിന്റെ മകൻ കോരഹ്, രൂബേൻ ഗോത്രത്തിൽ എലീയാബിന്റെ പുത്രന്മാരായ ദാഥാൻ, അബീരാം, പേലെത്തിന്റെ മകനായ ഓൻ എന്നിവർ
സംഖ്യാപുസ്തകം 16 : 2 (MOV)
യിസ്രായേൽമക്കളിൽ സഭാപ്രധാനികളും സംഘസദസ്യന്മാരും പ്രമാണികളുമായ ഇരുനൂറ്റമ്പതു പുരുഷന്മാരെ കൂട്ടി മോശെയോടു മത്സരിച്ചു.
സംഖ്യാപുസ്തകം 16 : 3 (MOV)
അവൻ മോശെക്കും അഹരോന്നും വിരോധമായി കൂട്ടംകൂടി അവരോടു: മതി, മതി; സഭയ ഒട്ടൊഴിയാതെ എല്ലാവരും വിശുദ്ധരാകുന്നു; യഹോവ അവരുടെ മദ്ധ്യേ ഉണ്ടു; പിന്നെ നിങ്ങൾ യഹോവയുടെ സഭെക്കു മീതെ നിങ്ങളെത്തന്നേ ഉയർത്തുന്നതു എന്തു? എന്നു പറഞ്ഞു.
സംഖ്യാപുസ്തകം 16 : 4 (MOV)
ഇതു കേട്ടപ്പോൾ മോശെ കവിണ്ണുവീണു.
സംഖ്യാപുസ്തകം 16 : 5 (MOV)
അവൻ കോരഹിനോടും അവന്റെ എല്ലാ കൂട്ടരോടും പറഞ്ഞതു: നാളെ രാവിലെ യഹോവ തനിക്കുള്ളവൻ ആരെന്നും തന്നോടടുപ്പാൻ തക്കവണ്ണം വിശുദ്ധൻ ആരെന്നും കാണിക്കും; താൻ തിരഞ്ഞെടുക്കുന്നവനെ തന്നോടു അടുക്കുമാറാക്കും.
സംഖ്യാപുസ്തകം 16 : 6 (MOV)
കോരഹും അവന്റെ എല്ലാ കൂട്ടവുമായുള്ളോരേ, നിങ്ങൾ ഇതു ചെയ്വിൻ:
സംഖ്യാപുസ്തകം 16 : 7 (MOV)
ധൂപകലശം എടുത്തു നാളെ യഹോവയുടെ സന്നിധിയിൽ അതിൽ തീയിട്ടു ധൂപവർഗ്ഗം ഇടുവിൻ; യഹോവ തിരഞ്ഞെടുക്കുന്നവൻ തന്നേ വിശുദ്ധൻ; ലേവിപുത്രന്മാരേ, മതി, മതി!
സംഖ്യാപുസ്തകം 16 : 8 (MOV)
പിന്നെ മോശെ കോരഹിനോടു പറഞ്ഞതു: ലേവിപുത്രന്മാരേ, കേൾപ്പിൻ.
സംഖ്യാപുസ്തകം 16 : 9 (MOV)
യഹോവയുടെ തിരുനിവാസത്തിലെ വേലചെയ്വാനും സഭയുടെ ശുശ്രൂഷെക്കായി അവരുടെ മുമ്പാകെ നില്പാനും യിസ്രായേലിന്റെ ദൈവം നിങ്ങളെ തന്റെ അടുക്കൽ വരുത്തേണ്ടതിന്നു യിസ്രായേൽസഭയിൽനിന്നു നിങ്ങളെ വേറുതിരിച്ചതു നിങ്ങൾക്കു പോരായോ?
സംഖ്യാപുസ്തകം 16 : 10 (MOV)
അവൻ നിന്നെയും ലേവിപുത്രന്മാരായ നിന്റെ സകല സഹോദരന്മാരെയും തന്നോടു അടുക്കുമാറാക്കിയല്ലോ; നിങ്ങൾ പൌരോഹിത്യംകൂടെ കാംക്ഷിക്കുവോ?
സംഖ്യാപുസ്തകം 16 : 11 (MOV)
ഇതു ഹേതുവായിട്ടു നീയും നിന്റെ കൂട്ടക്കാർ ഒക്കെയും യഹോവെക്കു വിരോധമായി കൂട്ടംകൂടിയിരിക്കുന്നു; നിങ്ങൾ അഹരോന്റെ നേരെ പിറുപിറുപ്പാൻ തക്കവണ്ണം അവൻ എന്തുമാത്രമുള്ളു?
സംഖ്യാപുസ്തകം 16 : 12 (MOV)
പിന്നെ മോശെ എലിയാബിന്റെ പുത്രന്മാരായ ദാഥാനെയും അബീരാമിനെയും വിളിപ്പാൻ ആളയച്ചു; അതിന്നു അവർ:
സംഖ്യാപുസ്തകം 16 : 13 (MOV)
ഞങ്ങൾ വരികയില്ല; മരുഭൂമിയിൽ ഞങ്ങളെ കൊല്ലുവാൻ നീ ഞങ്ങളെ പാലും തേനും ഒഴുകുന്ന ദേശത്തുനിന്നു കൊണ്ടുവന്നരിക്കുന്നതു പോരാഞ്ഞിട്ടു നിന്നെത്തന്നെ ഞങ്ങൾക്കു അധിപതിയും ആക്കുന്നുവോ?
സംഖ്യാപുസ്തകം 16 : 14 (MOV)
അത്രയുമല്ല, നീ ഞങ്ങളെ പാലും തേനും ഒഴുകുന്ന ദേശത്തേക്കു കൊണ്ടുവരികയോ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും അവകാശമായി തരികയോ ചെയ്തിട്ടില്ല; നീ ഇവരുടെ കണ്ണു ചുഴന്നുകളയുമോ? ഞങ്ങൾ വരികയില്ല എന്നു പറഞ്ഞു.
സംഖ്യാപുസ്തകം 16 : 15 (MOV)
അപ്പോൾ മോശെ ഏറ്റവും കോപിച്ചു അവൻ യഹോവയോടു: അവരുടെ വഴിപാടു കടാക്ഷിക്കരുതേ; ഞാൻ അവരുടെ പക്കൽനിന്നു ഒരു കഴുതയെപ്പോലും വാങ്ങീട്ടില്ല; അവരിൽ ഒരുത്തനോടും ഒരു ദോഷം ചെയ്തിട്ടുമില്ല എന്നു പറഞ്ഞു.
സംഖ്യാപുസ്തകം 16 : 16 (MOV)
മോശെ കോരഹനോടു: നീയും നിന്റെ എല്ലാകൂട്ടവും നാളെ യഹോവയുടെ സന്നിധിയിൽ വരേണം; നീയും അവരും അഹരോനും കൂടെ തന്നേ.
സംഖ്യാപുസ്തകം 16 : 17 (MOV)
നിങ്ങൾ ഓരോരുത്തൻ താന്താന്റെ ധൂപകലശം എടുത്തു അവയിൽ ധൂപവർഗ്ഗം ഇട്ടു ഒരോരുത്തൻ ഓരോ ധൂപകലശമായി ഇരുനൂറ്റമ്പതു കലശവും യഹോവയുടെ സന്നിധിയിൽ കൊണ്ടുവരുവിൻ; നീയും അഹരോനും കൂടെ താന്താന്റെ ധൂപകലശവുമായി വരേണം എന്നു പറഞ്ഞു.
സംഖ്യാപുസ്തകം 16 : 18 (MOV)
അങ്ങനെ അവർ ഓരോരുത്തൻ താന്താന്റെ ധൂപകലശം എടുത്തു തീയിട്ടു അതിൽ ധൂപവർഗ്ഗവും ഇട്ടു മോശെയും അഹരോനുമായി സമാഗമനക്കുടാരത്തിന്റെ വാതിൽക്കൽനിന്നു.
സംഖ്യാപുസ്തകം 16 : 19 (MOV)
കോരഹ് അവർക്കു വിരോധമായി സർവ്വസഭയെയും സമാഗമനക്കുടാരത്തിന്റെ വാതിൽക്കൽ കൂട്ടിവരുത്തി; അപ്പോൾ യഹോവയുടെ തേജസ്സു സർവ്വസഭെക്കും പ്രത്യക്ഷമായി.
സംഖ്യാപുസ്തകം 16 : 20 (MOV)
യഹോവ മോശെയോടും അഹരോനോടും:
സംഖ്യാപുസ്തകം 16 : 21 (MOV)
ഈ സഭയുടെ മദ്ധ്യേനിന്നു മാറിപ്പോകുവിൻ; ഞാൻ അവരെ ക്ഷണത്തിൽ സംഹരിക്കും എന്നു കല്പിച്ചു.
സംഖ്യാപുസ്തകം 16 : 22 (MOV)
അപ്പോൾ അവർ കവിണ്ണുവീണു: സകലജനത്തിന്റെയും ആത്മാക്കൾക്കു ഉടയവനാകുന്ന ദൈവമേ, ഒരു മനുഷ്യൻ പാപം ചെയ്തതിന്നു നീ സർവ്വസഭയോടും കോപിക്കുമേ എന്നു പറഞ്ഞു.
സംഖ്യാപുസ്തകം 16 : 23 (MOV)
അതിന്നു യഹോവ മോശെയോടു:
സംഖ്യാപുസ്തകം 16 : 24 (MOV)
കോരഹ്, ദാഥാൻ, അബീരാം എന്നിവരുടെ വാസസ്ഥലത്തിന്റെ ചുറ്റിലും നിന്നു മാറിക്കൊൾവിൻ എന്നു സഭയോടു പറക എന്നു കല്പിച്ചു.
സംഖ്യാപുസ്തകം 16 : 25 (MOV)
മോശെ എഴുന്നേറ്റു ദാഥാന്റെയും അബീരാമിന്റെയും അടുക്കൽ ചെന്നു; യിസ്രായേൽമൂപ്പന്മാരും അവന്റെ പിന്നാലെ ചെന്നു.
സംഖ്യാപുസ്തകം 16 : 26 (MOV)
അവൻ സഭയോടു: ഈ ദുഷ്ടമനുഷ്യരുടെ സകലപാപങ്ങളാലും നിങ്ങൾ സംഹരിക്കപ്പെടാതിരിക്കെണ്ടതിന്നു അവരുടെ കൂടാരങ്ങളുടെ അടുക്കൽനിന്നു മാറിപ്പോകുവിൻ; അവർക്കുള്ള യാതൊന്നിനെയും തൊടരുതു എന്നു പറഞ്ഞു.
സംഖ്യാപുസ്തകം 16 : 27 (MOV)
അങ്ങനെ അവർ കോരഹ്, ദാഥാൻ, അബീരാം എന്നവരുടെ വാസസ്ഥലത്തിന്റെ ചുറ്റിലുംനിന്നു മാറിപ്പോയി. എന്നാൽ ദാഥാനും അബീരാമും പുറത്തു വന്നു: അവരും അവരുടെ ഭാര്യമാരും പുത്രന്മാരും കുഞ്ഞുങ്ങളും താന്താങ്ങളുടെ കൂടാരവാതിൽക്കൽനിന്നു.
സംഖ്യാപുസ്തകം 16 : 28 (MOV)
അപ്പോൾ മോശെ പറഞ്ഞതു: ഈ സകലപ്രവൃത്തികളും ചെയ്യേണ്ടതിന്നു യഹോവ എന്നെ അയച്ചു; ഞാൻ സ്വമേധയായി ഒന്നും ചെയ്തിട്ടില്ല എന്നു നിങ്ങൾ ഇതിനാൽ അറിയും:
സംഖ്യാപുസ്തകം 16 : 29 (MOV)
സകലമനുഷ്യരും മരിക്കുന്നതു പോലെ ഇവർ മരിക്കയോ സകലമനുഷ്യർക്കും ഭവിക്കുന്നതുപോലെ ഇവർക്കു ഭവിക്കയോ ചെയ്താൽ യഹോവ എന്നെ അയച്ചിട്ടില്ല.
സംഖ്യാപുസ്തകം 16 : 30 (MOV)
എന്നാൽ യഹോവ ഒരു അപൂർവ്വകാര്യം പ്രവർത്തിക്കയും ഭൂമി വായ് പിളർന്നു അവരെയും അവർക്കുള്ള സകലത്തെയും വിഴുങ്ങിക്കളകയും അവർ ജീവനോടു പാതാളത്തിലേക്കു ഇറങ്ങുകയും ചെയ്താൽ അവർ യഹോവയെ നിരസിച്ചു എന്നു നിങ്ങൾ അറിയും.
സംഖ്യാപുസ്തകം 16 : 31 (MOV)
അവൻ ഈ വാക്കുകളെല്ലാം പറഞ്ഞു തീർന്നപ്പോൾ അവരുടെ കീഴെ ഭൂമി പിളർന്നു.
സംഖ്യാപുസ്തകം 16 : 32 (MOV)
ഭൂമി വായ്തുറന്നു അവരെയും അവരുടെ കുടുംബങ്ങളെയും കോരഹിനോടു ചേർന്നിട്ടുള്ള എല്ലാവരെയും അവരുടെ സർവ്വസമ്പത്തിനെയും വിഴുങ്ങിക്കളഞ്ഞു.
സംഖ്യാപുസ്തകം 16 : 33 (MOV)
അവരും അവരോടു ചേർന്നിട്ടുള്ള എല്ലാവരും ജീവനോടെ പാതാളത്തിലേക്കു ഇറങ്ങി; ഭൂമി അവരുടെമേൽ അടകയും അവർ സഭയുടെ ഇടയിൽനിന്നു നശിക്കയും ചെയ്തു.
സംഖ്യാപുസ്തകം 16 : 34 (MOV)
അവരുടെ ചുറ്റും ഇരുന്ന യിസ്രായേല്യർ ഒക്കെയും അവരുടെ നിലവിളി കേട്ടു: ഭൂമി നമ്മെയും വഴുങ്ങിക്കളയരുതേ എന്നു പറഞ്ഞു ഓടിപ്പോയി.
സംഖ്യാപുസ്തകം 16 : 35 (MOV)
അപ്പോൾ യഹോവയിങ്കൽനിന്നു തീ പുറപ്പെട്ടു ധൂപം കാട്ടിയ ഇരുനൂറ്റമ്പതുപേരെയും ദഹിപ്പിച്ചു.
സംഖ്യാപുസ്തകം 16 : 36 (MOV)
യഹോവ മോശെയോടു അരുളിച്ചെയ്തതു:
സംഖ്യാപുസ്തകം 16 : 37 (MOV)
പുരോഹിതനായ അഹരോന്റെ മകൻ എലെയാസാരിനോടു അവൻ എരിതീയുടെ ഇടയിൽനിന്നു ധൂപകലശങ്ങൾ എടുപ്പാൻ പറക; അവ വിശുദ്ധമാകുന്നു; തീ അങ്ങോട്ടു തട്ടിക്കളകയും ചെയ്ക;
സംഖ്യാപുസ്തകം 16 : 38 (MOV)
പാപം ചെയ്തു തങ്ങൾക്കു ജീവനാശം വരുത്തിയ ഇവരുടെ ധൂപകലശങ്ങൾ യാഗപീഠം, പൊതിവാൻ അടിച്ചു തകിടാക്കണം; അതു യഹോവയുടെ സന്നിധിയിൽ കൊണ്ടുവന്നതിനാൽ വിശുദ്ധമാകുന്നു; യിസ്രായേൽമക്കൾക്കു അതു ഒരു അടയാളമായിരിക്കട്ടെ.
സംഖ്യാപുസ്തകം 16 : 39 (MOV)
വെന്തുപോയവർ ധൂപം കാട്ടിയ താമ്രകലശങ്ങൾ പുരോഹിതനായ എലെയാസാർ എടുത്തു
സംഖ്യാപുസ്തകം 16 : 40 (MOV)
അഹരോന്റെ സന്തതിയിൽ അല്ലാത്ത യാതൊരു അന്യനും യഹോവയുടെ സന്നിധിയിൽ ധൂപം കാണിപ്പാൻ അടുക്കയും കോരഹിനെയും അവന്റെ കൂട്ടുകാരെയും പോലെ ആകയും ചെയ്യാതിരിക്കേണ്ടതിന്നു യിസ്രായേൽ മക്കൾക്കു ജ്ഞാപകമായി അവയെ യാഗപീഠം, പൊതിവാൻ തകിടായി അടിപ്പിച്ചു; യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ തന്നേ.
സംഖ്യാപുസ്തകം 16 : 41 (MOV)
പിറ്റെന്നാൾ യിസ്രായേൽമക്കളുടെ സഭയെല്ലാം മോശെക്കും അഹരോന്നും വിരോധമായി പിറുപിറുത്തു: നിങ്ങൾ യഹോവയുടെ ജനത്തെ കൊന്നുകളഞ്ഞു എന്നു പറഞ്ഞു.
സംഖ്യാപുസ്തകം 16 : 42 (MOV)
ഇങ്ങനെ മോശെക്കും അഹരോന്നും വിരോധമായി സഭകൂടിയപ്പോൾ അവർ സമാഗമനക്കുടാരത്തിന്റെ നേരെ നോക്കി: മേഘം അതിനെ മൂടി യഹോവയുടെ തേജസ്സും പ്രത്യക്ഷമായിരിക്കുന്നതു കണ്ടു.
സംഖ്യാപുസ്തകം 16 : 43 (MOV)
അപ്പോൾ മോശെയും അഹരോനും സമാഗമനക്കുടാരത്തിന്റെ മുമ്പിൽ ചെന്നു.
സംഖ്യാപുസ്തകം 16 : 44 (MOV)
യഹോവ മോശെയോടു: ഈ സഭയുടെ മദ്ധ്യേനിന്നു മാറിപ്പോകുവിൻ;
സംഖ്യാപുസ്തകം 16 : 45 (MOV)
ഞാൻ അവരെ ക്ഷണത്തിൽ സംഹരിക്കും എന്നരുളിച്ചെയ്തു. അപ്പോൾ അവർ കവിണ്ണുവീണു.
സംഖ്യാപുസ്തകം 16 : 46 (MOV)
മോശെ അഹരോനോടു: നീ ധൂപകലശം എടുത്തു അതിൽ യാഗപീഠത്തിലെ തീ ഇട്ടു ധൂപവർഗ്ഗവും ഇട്ടു വേഗത്തിൽ സഭയുടെ മദ്ധ്യേ ചെന്നു അവർക്കുവേണ്ടി പ്രായശ്ചിത്തം കഴിക്ക യഹോവയുടെ സന്നിധിയിൽനിന്നു ക്രോധം പുറപ്പെട്ടു ബാധ തുടങ്ങിയിരിക്കുന്നു എന്നു പറഞ്ഞു.
സംഖ്യാപുസ്തകം 16 : 47 (MOV)
മോശെ കല്പിച്ചതുപോലെ അഹരോൻ കലശം എടുത്തു സഭയുടെ നടുവിലേക്കു ഓടി, ബാധ ജനത്തിന്റെ ഇടയിൽ തുടങ്ങിയിരിക്കുന്നതു കണ്ടു, ധൂപം കാട്ടി ജനത്തിന്നുവേണ്ടി പ്രായശ്ചിത്തം കഴിച്ചു,
സംഖ്യാപുസ്തകം 16 : 48 (MOV)
മരിച്ചവർക്കും ജീവനുള്ളവർക്കും നടുവിൽ നിന്നപ്പോൾ ബാധ അടങ്ങി.
സംഖ്യാപുസ്തകം 16 : 49 (MOV)
കോരഹിന്റെ സംഗതിവശാൽ മരിച്ചവരെ കൂടാതെ ബാധയാൽ മരിച്ചവർ പതിന്നാലായിരത്തെഴുനൂറുപേർ ആയിരുന്നു
സംഖ്യാപുസ്തകം 16 : 50 (MOV)
പിന്നെ അഹരോൻ സമാഗമനക്കുടാരത്തിന്റെ വാതിൽക്കൽ മോശെയുടെ അടുക്കൽ മടങ്ങിവന്നു, അങ്ങനെ ബാധ നിന്നുപോയി.
❮
❯