സംഖ്യാപുസ്തകം 22 : 1 (MOV)
യിസ്രായേൽമക്കൾ യാത്രപുറപ്പെട്ടു യെരീഹോവിന്റെ സമീപത്തു യോർദ്ദാന്നക്കരെ മോവാബ് സമഭൂമിയിൽ പാളയമിറങ്ങി.
സംഖ്യാപുസ്തകം 22 : 2 (MOV)
യിസ്രായേൽ അമോർയ്യരോടു ചെയ്തതൊക്കെയും സിപ്പോരിന്റെ മകനായ ബാലാൿ അറിഞ്ഞു.
സംഖ്യാപുസ്തകം 22 : 3 (MOV)
ജനം വളരെയായിരുന്നതുകൊണ്ടു മോവാബ് ഏറ്റവും ഭയപ്പെട്ടു; യിസ്രായേൽമക്കളെക്കുറിച്ചു മോവാബ് പരിഭ്രമിച്ചു.
സംഖ്യാപുസ്തകം 22 : 4 (MOV)
മോവാബ് മിദ്യാന്യമൂപ്പന്മാരോടു: കാള വയലിലെ പുല്ലു നക്കിക്കളയുന്നതു പോലെ ഈ കൂട്ടം നമ്മുടെ ചുറ്റുമുള്ള എല്ലാവരെയും നക്കിക്കളയും എന്നു പറഞ്ഞു. അക്കാലത്തു മോവാബ്രാജാവു സിപ്പോരിന്റെ മകനായ ബാലാൿ ആയിരുന്നു.
സംഖ്യാപുസ്തകം 22 : 5 (MOV)
അവൻ ബെയോരിന്റെ മകനായ ബിലെയാമിനെ വിളിപ്പാൻ അവന്റെ സ്വജാതിക്കാരുടെ ദേശത്തു നദീതീരത്തുള്ള പെഥോരിലേക്കു ദൂതന്മാരെ അയച്ചു: ഒരു ജനം മിസ്രയീമിൽനിന്നു പുറപ്പെട്ടുവന്നു ഭൂതലത്തെ മൂടിയിരിക്കുന്നു; അവർ എനിക്കെതിരെ പാർക്കുന്നു.
സംഖ്യാപുസ്തകം 22 : 6 (MOV)
നീ വന്നു എനിക്കുവേണ്ടി ഈ ജനത്തെ ശപിക്കേണമേ; അവർ എന്നെക്കാൾ ഏറ്റവും ബലവാന്മാർ ആയിരിക്കകൊണ്ടു പക്ഷേ അവരെ തോല്പിച്ചു ദേശത്തുനിന്നു ഓടിച്ചുകളവാൻ എനിക്കു കഴിവുണ്ടാകുമായിരിക്കും; നീ അനുഗ്രഹിക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ, നീ ശപിക്കുന്നവൻ ശപിക്കപ്പെട്ടവൻ എന്നു ഞാൻ അറിയുന്നു എന്നു പറയിച്ചു.
സംഖ്യാപുസ്തകം 22 : 7 (MOV)
മോവാബ്യ മൂപ്പന്മാരും മിദ്യാന്യമൂപ്പന്മാരും കൂടി കയ്യിൽ പ്രശ്നദക്ഷിണയുമായി ബിലെയാമിന്റെ അടുക്കൽ ചെന്നു ബാലാക്കിന്റെ വാക്കുകളെ അവനോടു പറഞ്ഞു.
സംഖ്യാപുസ്തകം 22 : 8 (MOV)
അവൻ അവരോടു: ഇന്നു രാത്രി ഇവിടെ പാർപ്പിൻ; യഹോവ എന്നോടു അരുളിച്ചെയ്യുന്നതു പോലെ ഞാൻ നിങ്ങളോടു ഉത്തരം പറയാം എന്നു പറഞ്ഞു. മോവാബ്യപ്രഭുക്കന്മാർ ബിലെയാമിനോടു കൂടെ പാർത്തു.
സംഖ്യാപുസ്തകം 22 : 9 (MOV)
ദൈവം ബിലെയാമിന്റെ അടുക്കൽവന്നു: നിന്നോടുകൂടെയുള്ള ഈ മനുഷ്യർ ആരെന്നു ചോദിച്ചു.
സംഖ്യാപുസ്തകം 22 : 10 (MOV)
ബിലെയാം ദൈവത്തോടു: ഒരു ജനം മിസ്രയീമിൽനിന്നു പുറപ്പെട്ടുവന്നു ഭൂതലത്തെ മൂടിയിരിക്കുന്നു; നീ വന്നു എനിക്കുവേണ്ടി അവരെ ശപിക്കേണം.
സംഖ്യാപുസ്തകം 22 : 11 (MOV)
പക്ഷേ അവരോടു യുദ്ധം ചെയ്തു അവരെ ഓടിച്ചുകളവാൻ എനിക്കു കഴിയും എന്നിങ്ങനെ മോവാബ്രാജാവായി സിപ്പോരിന്റെ മകനായ ബാലാൿ എന്റെ അടുക്കൽ പറഞ്ഞയച്ചിരിക്കുന്നു എന്നു പറഞ്ഞു.
സംഖ്യാപുസ്തകം 22 : 12 (MOV)
ദൈവം ബിലെയാമിനോടു: നീ അവരോടുകൂടെ പോകരുതു; ആ ജനത്തെ ശപിക്കയും അരുതു; അവർ അനുഗ്രഹിക്കപ്പെട്ടവർ ആകുന്നു എന്നു കല്പിച്ചു.
സംഖ്യാപുസ്തകം 22 : 13 (MOV)
ബിലെയാം രാവിലെ എഴുന്നേറ്റു ബാലാക്കിന്റെ പ്രഭുക്കന്മാരോടു: നിങ്ങളുടെ ദേശത്തേക്കു പോകുവിൻ; നിങ്ങളോടുകൂടെ പോരുവാൻ യഹോവ എനിക്കു അനുവാദം തരുന്നില്ല എന്നു പറഞ്ഞു.
സംഖ്യാപുസ്തകം 22 : 14 (MOV)
മോവാബ്യപ്രഭുക്കന്മാർ പുറപ്പെട്ടു ബാലാക്കിന്റെ അടുക്കൽ ചെന്നു; ബിലെയാമിന്നു ഞങ്ങളോടുകൂടെ വരുവാൻ മനസ്സില്ല എന്നു പറഞ്ഞു.
സംഖ്യാപുസ്തകം 22 : 15 (MOV)
ബാലാൿ വീണ്ടും അവരെക്കാൾ മാന്യരായ അധികം പ്രഭുക്കന്മാരെ അയച്ചു.
സംഖ്യാപുസ്തകം 22 : 16 (MOV)
അവർ ബിലെയാമിന്റെ അടുക്കൽ വന്നു അവനോടു: എന്റെ അടുക്കൽ വരുന്നതിന്നു മുടക്കം ഒന്നും പറയരുതേ.
സംഖ്യാപുസ്തകം 22 : 17 (MOV)
ഞാൻ നിന്നെ ഏറ്റവും ബഹുമാനിക്കും; നീ എന്നോടു പറയുന്നതൊക്കെയും ഞാൻ ചെയ്യാം; വന്നു എനിക്കുവേണ്ടി ഈ ജനത്തെ ശപിക്കേണമേ എന്നു സിപ്പോരിന്റെ മകനായ ബാലാൿ പറയുന്നു എന്നു പറഞ്ഞു.
സംഖ്യാപുസ്തകം 22 : 18 (MOV)
ബിലെയാം ബാലാക്കിന്റെ ഭൃത്യന്മാരോടു: ബാലാൿ തന്റെ ഗൃഹം നിറെച്ചു വെള്ളിയും പൊന്നും എനിക്കു തന്നാലും എന്റെ ദൈവമായ യഹോവയുടെ കല്പന ലംഘിച്ചു ഏറെയോ കുറെയോ ചെയ്‍വാൻ എനിക്കു കഴിയുന്നതല്ല.
സംഖ്യാപുസ്തകം 22 : 19 (MOV)
ആകയാൽ യഹോവ ഇനിയും എന്നോടു എന്തു അരുളിച്ചെയ്യും എന്നു ഞാൻ അറിയട്ടെ; നിങ്ങളും ഈ രാത്രി ഇവിടെ പാർപ്പിൻ എന്നു ഉത്തരം പറഞ്ഞു.
സംഖ്യാപുസ്തകം 22 : 20 (MOV)
രാത്രിയിൽ ദൈവം ബിലെയാമിന്റെ അടുക്കൽ വന്നു: ഇവർ നിന്നെ വിളിപ്പാൻ വന്നിരിക്കുന്നു എങ്കിൽ പുറപ്പെട്ടു അവരോടുകൂടെ പോക; എന്നാൽ ഞാൻ നിന്നോടു കല്പിക്കുന്ന കാര്യം മാത്രമേ ചെയ്യാവു എന്നു കല്പിച്ചു.
സംഖ്യാപുസ്തകം 22 : 21 (MOV)
ബിലെയാം രാവിലെ എഴുന്നേറ്റു കഴുതെക്കു കോപ്പിട്ടു മോവാബ്യപ്രഭുക്കന്മാരോടുകൂടെ പോയി.
സംഖ്യാപുസ്തകം 22 : 22 (MOV)
അവൻ പോകുന്നതുകൊണ്ടു ദൈവത്തിന്റെ കോപം ജ്വലിച്ചു; യഹോവയുടെ ദൂതൻ വഴിയിൽ അവന്നു പ്രതിയോഗിയായി നിന്നു; അവനോ കഴുതപ്പുറത്തു കയറി യാത്ര ചെയ്കയായിരുന്നു; അവന്റെ രണ്ടു ബാല്യക്കാരും കൂടെ ഉണ്ടായിരുന്നു.
സംഖ്യാപുസ്തകം 22 : 23 (MOV)
യഹോവയുടെ ദൂതൻ വാൾ ഊരിപ്പിടിച്ചുകൊണ്ടു വഴിയിൽ നില്ക്കുന്നതു കഴുത കണ്ടു; കഴുത വഴിയിൽ നിന്നു മാറി വയലിലേക്കു പോയി; കഴുതയെ വഴിയിലേക്കു തിരിക്കേണ്ടതിന്നു ബിലെയാം അതിനെ അടിച്ചു.
സംഖ്യാപുസ്തകം 22 : 24 (MOV)
പിന്നെ യഹോവയുടെ ദൂതൻ ഇരുപുറവും മതിലുള്ള മുന്തിരിത്തോട്ടങ്ങളുടെ ഇടുക്കുവഴിയിൽ നിന്നു.
സംഖ്യാപുസ്തകം 22 : 25 (MOV)
കഴുത യഹോവയുടെ ദൂതനെ കണ്ടപ്പോൾ മതിലരികെ ഒതുങ്ങി ബിലെയാമിന്റെ കാൽ മതിലോടു ചേർത്തു ഞെക്കി; അവൻ അതിനെ വീണ്ടും അടിച്ചു.
സംഖ്യാപുസ്തകം 22 : 26 (MOV)
പിന്നെ യഹോവയുടെ ദൂതൻ മുമ്പോട്ടു ചെന്നു ഇടത്തോട്ടും വലത്തോട്ടും മാറുവാൻ വഴിയില്ലാത്ത ഒരു ഇടുക്കിടയിൽ നിന്നു.
സംഖ്യാപുസ്തകം 22 : 27 (MOV)
യഹോവയുടെ ദൂതനെ കണ്ടപ്പോൾ കഴുത ബിലെയാമിന്റെ കീഴെകിടന്നുകളഞ്ഞു; ബിലെയാമിന്റെ കോപം ജ്വലിച്ചു അവൻ കഴുതയെ വടികൊണ്ടു അടിച്ചു.
സംഖ്യാപുസ്തകം 22 : 28 (MOV)
അപ്പോൾ യഹോവ കഴുതയുടെ വായ് തുറന്നു; അതു ബിലെയാമിനോടു: നീ എന്നെ ഈ മൂന്നു പ്രാവശ്യം അടിപ്പാൻ ഞാൻ നിന്നോടു എന്തു ചെയ്തു എന്നു ചോദിച്ചു.
സംഖ്യാപുസ്തകം 22 : 29 (MOV)
ബിലെയാം കഴുതയോടു: നീ എന്നെ കളിയാക്കിയതുകൊണ്ടത്രേ. എന്റെ കയ്യിൽ ഒരു വാൾ ഉണ്ടായിരുന്നെങ്കിൽ ഞാൻ ഇപ്പോൾ തന്നേ നിന്നെ കൊന്നുകളയുമായിരുന്നു എന്നു പറഞ്ഞു.
സംഖ്യാപുസ്തകം 22 : 30 (MOV)
കഴുത ബിലെയാമിനോടു: ഞാൻ നിന്റെ കഴുതയല്ലയോ? ഇക്കാലമൊക്കെയും എന്റെ പുറത്തല്ലയോ നീ കയറിനടന്നതു? ഞാൻ എപ്പോഴെങ്കിലും ഇങ്ങനെ നിന്നോടു കാണിച്ചിട്ടുണ്ടോ എന്നു ചോദിച്ചു. ഇല്ല എന്നു അവൻ പറഞ്ഞു.
സംഖ്യാപുസ്തകം 22 : 31 (MOV)
അപ്പോൾ യഹോവ ബിലെയാമിന്റെ കണ്ണു തുറന്നു, യഹോവയുടെ ദൂതൻ വാളൂരിപ്പിടിച്ചു കൊണ്ടു നില്ക്കുന്നതു അവൻ കണ്ടു സാഷ്ടാംഗം വീണു നമസ്കരിച്ചു. യഹോവയുടെ ദൂതൻ അവനോടു:
സംഖ്യാപുസ്തകം 22 : 32 (MOV)
ഈ മൂന്നു പ്രാവശ്യം നീ കഴുതയെ അടിച്ചതു എന്തു? ഇതാ, ഞാൻ നിനക്കു പ്രതിയോഗിയായി പുറപ്പെട്ടിരിക്കുന്നു: നിന്റെ വഴി നാശകരം എന്നു ഞാൻ കാണുന്നു.
സംഖ്യാപുസ്തകം 22 : 33 (MOV)
കഴുത എന്നെ കണ്ടു ഈ മൂന്നു പ്രാവശ്യം എന്റെ മുമ്പിൽ നിന്നു മാറിപ്പോയി; അതു മാറിപ്പോയിരുന്നില്ലെങ്കിൽ ഞാൻ ഇപ്പോൾ തന്നേ നിന്നെ കൊന്നുകളകയും അതിനെ ജീവനോട രക്ഷിക്കയും ചെയ്യുമായിരുന്നു എന്നു പറഞ്ഞു.
സംഖ്യാപുസ്തകം 22 : 34 (MOV)
ബിലെയാം യഹോവയുടെ ദൂതനോടു: ഞാൻ പാപം ചെയ്തിരിക്കുന്നു: നീ എനിക്കു എതിരായി വഴിയിൽനിന്നിരുന്നു എന്നു ഞാൻ അറിഞ്ഞില്ല; ഇതു നിനക്കു അനിഷ്ടമെന്നുവരികിൽ ഞാൻ മടങ്ങിപ്പൊയ്ക്കൊള്ളാം എന്നു പറഞ്ഞു.
സംഖ്യാപുസ്തകം 22 : 35 (MOV)
യഹോവയുടെ ദൂതൻ ബിലെയാമിനോടു: ഇവരോടുകൂടെ പോക; എങ്കിലും ഞാൻ നിന്നോടു കല്പിക്കുന്ന വചനം മാത്രമേ പറയാവു എന്നു പറഞ്ഞു; ബിലെയാം ബാലാക്കിന്റെ പ്രഭുക്കന്മാരോടുകൂടെ പോകയും ചെയ്തു.
സംഖ്യാപുസ്തകം 22 : 36 (MOV)
ബിലെയാം വരുന്നു എന്നു ബാലാൿ കേട്ടപ്പോൾ അർന്നോൻ തീരത്തു ദേശത്തിന്റെ അതിരിലുള്ള ഈർമോവാബ് വരെ അവനെ എതിരേറ്റു ചെന്നു.
സംഖ്യാപുസ്തകം 22 : 37 (MOV)
ബാലാൿ ബിലെയാമിനോടു: ഞാൻ നിന്നെ വിളിപ്പാൻ ആളയച്ചില്ലയോ? നീ വരാതിരുന്നതു എന്തു? നിന്നെ ബഹുമാനിപ്പാൻ എനിക്കു കഴികയില്ലയോ എന്നു പറഞ്ഞതിന്നു ബിലെയാം ബാലാക്കിനോടു:
സംഖ്യാപുസ്തകം 22 : 38 (MOV)
ഞാൻ വന്നിരിക്കുന്നുവല്ലോ; എന്നാൽ എന്തെങ്കിലും പറവാൻ എനിക്കു കഴിയുമോ? ദൈവം എന്റെ നാവിന്മേൽ ആക്കിത്തരുന്ന വചനമേ ഞാൻ പ്രസ്താവിക്കയുള്ളു എന്നു പറഞ്ഞു.
സംഖ്യാപുസ്തകം 22 : 39 (MOV)
അങ്ങനെ ബിലെയാം ബാലാക്കിനോടുകൂടെ പോയി; അവർ കിർയ്യത്ത് - ഹൂസോത്തിൽ എത്തി.
സംഖ്യാപുസ്തകം 22 : 40 (MOV)
ബാലാൿ കാളകളെയും ആടുകളെയും അറുത്തു ബിലെയാമിന്നും അവനോടുകൂടെയുള്ള പ്രഭുക്കന്മാർക്കും കൊടുത്തയച്ചു.
സംഖ്യാപുസ്തകം 22 : 41 (MOV)
പിറ്റെന്നാൾ ബാലാൿ ബിലെയാമിനെ ബാമോത്ത്-ബാലിലേക്കു കൂട്ടിക്കൊണ്ടുപോയി; അവിടെനിന്നു അവൻ ജനത്തിന്റെ ഒരു അറ്റം കണ്ടു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41

BG:

Opacity:

Color:


Size:


Font: