സംഖ്യാപുസ്തകം 3 : 1 (MOV)
യഹോവ സീനായി പർവ്വതത്തിൽവെച്ചു മോശെയോടു അരുളിച്ചെയ്ത കാലത്തു അഹരോന്റെയും മോശെയുടെയും വംശപാരമ്പര്യമാവിതു:
സംഖ്യാപുസ്തകം 3 : 2 (MOV)
അഹരോന്റെ പുത്രന്മാരുടെ പേരുകൾ ഇവ: ആദ്യജാതൻ നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ.
സംഖ്യാപുസ്തകം 3 : 3 (MOV)
പുരോഹിതശുശ്രൂഷചെയ്‍വാൻ പ്രതിഷ്ഠിക്കപ്പെട്ടവരായി അഭിഷേകം ലഭിച്ച പുരോഹിതന്മാരായ അഹരോന്റെ പുത്രന്മാരുടെ പേരുകൾ ഇവ തന്നേ.
സംഖ്യാപുസ്തകം 3 : 4 (MOV)
എന്നാൽ നാദാബും അബീഹൂവും സീനായിമരുഭൂമിയിൽവെച്ചു യഹോവയുടെ സന്നിധിയിൽ അന്യാഗ്നി കത്തിച്ചപ്പോൾ യഹോവയുടെ സന്നിധിയിൽവെച്ചു മരിച്ചുപോയി; അവർക്കു മക്കൾ ഉണ്ടായിരുന്നില്ല; എലെയാസാരും ഈഥാമാരും അപ്പനായ അഹരോന്റെ മുമ്പാകെ പുരോഹിത ശുശ്രൂഷ ചെയ്തുപോന്നു.
സംഖ്യാപുസ്തകം 3 : 5 (MOV)
യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
സംഖ്യാപുസ്തകം 3 : 6 (MOV)
നീ ലേവിഗോത്രത്തെ അടുക്കൽ വരുത്തി പുരോഹിതനായ അഹരോന്നു ശുശ്രൂഷ ചെയ്യേണ്ടതിന്നു അവന്റെ മുമ്പാകെ നിർത്തുക.
സംഖ്യാപുസ്തകം 3 : 7 (MOV)
അവർ സമാഗമനക്കുടാരത്തിന്റെ മുമ്പിൽ അവന്റെ കാര്യവും സർവ്വസഭയുടെ കാര്യവും നോക്കി തിരുനിവാസത്തിലെ വേല ചെയ്യേണം.
സംഖ്യാപുസ്തകം 3 : 8 (MOV)
അവർ സമാഗമനക്കുടാരത്തിന്നുള്ള ഉപകരണങ്ങളൊക്കെയും യിസ്രായേൽമക്കളുടെ കാര്യവും നോക്കി കൂടാരം സംബന്ധിച്ചുള്ള വേല ചെയ്യേണം.
സംഖ്യാപുസ്തകം 3 : 9 (MOV)
നീ ലേവ്യരെ അഹരോന്നും അവന്റെ പുത്രന്മാർക്കും കൊടുക്കേണം; യിസ്രായേൽമക്കളിൽനിന്നു അവർ അവന്നു സാക്ഷാൽ ദാനമായുള്ളവർ ആകുന്നു.
സംഖ്യാപുസ്തകം 3 : 10 (MOV)
അഹരോനെയും പുത്രന്മാരെയും പൌരോഹിത്യം നടത്തുവാൻ നിയമിച്ചാക്കേണം; അടുത്തുവരുന്ന അന്യൻ മരണശിക്ഷ അനുഭവിക്കേണം.
സംഖ്യാപുസ്തകം 3 : 11 (MOV)
യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
സംഖ്യാപുസ്തകം 3 : 12 (MOV)
യിസ്രായേൽമക്കളുടെ ഇടയിൽ പിറക്കുന്ന എല്ലാ കടിഞ്ഞൂലിന്നും പകരം ഞാൻ ലേവ്യരെ യിസ്രായേൽമക്കളിൽനിന്നു എടുത്തിരിക്കുന്നു; ലേവ്യർ എനിക്കുള്ളവരായിരിക്കേണം.
സംഖ്യാപുസ്തകം 3 : 13 (MOV)
കടിഞ്ഞൂലെല്ലാം എനിക്കുള്ളതു; ഞാൻ മിസ്രയീംദേശത്തു കടിഞ്ഞൂലിനെ ഒക്കെയും കൊന്നനാളിൽ യിസ്രായേലിൽ മനുഷ്യന്റെയും മൃഗത്തിന്റെയും കടിഞ്ഞൂലിനെയെല്ലാം എനിക്കായിട്ടു ശുദ്ധീകരിച്ചു; അതു എനിക്കുള്ളതായിരിക്കേണം; ഞാൻ യഹോവ ആകുന്നു.
സംഖ്യാപുസ്തകം 3 : 14 (MOV)
യഹോവ പിന്നെയും സീനായിമരുഭൂമിയിൽവെച്ചു മോശെയോടു അരുളിച്ചെയ്തതു:
സംഖ്യാപുസ്തകം 3 : 15 (MOV)
ലേവ്യരെ കുലംകുലമായും കുടുംബംകുടുംബമായും എണ്ണുക; അവരിൽ ഒരു മാസംമുതൽ മേലോട്ടു പ്രായമുള്ള ആണിനെ ഒക്കെയും നീ എണ്ണേണം.
സംഖ്യാപുസ്തകം 3 : 16 (MOV)
തന്നോടു കല്പിച്ചതുപോലെ മോശെ യഹോവയുടെ വചനപ്രകാരം അവരെ എണ്ണി.
സംഖ്യാപുസ്തകം 3 : 17 (MOV)
ലേവിയുടെ പുത്രന്മാരുടെ പേരുകൾ: ഗേർശോൻ, കെഹാത്ത്, മെരാരി.
സംഖ്യാപുസ്തകം 3 : 18 (MOV)
കുടുംബംകുടുംബമായി ഗേർശോന്റെ പുത്രന്മാരുടെ പേരുകൾ:
സംഖ്യാപുസ്തകം 3 : 19 (MOV)
ലിബ്നി, ശിമെയി. കുടുംബംകുടുംബമായി കെഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ.
സംഖ്യാപുസ്തകം 3 : 20 (MOV)
കുടുംബംകുടുംബമായി മെരാരിയുടെ പുത്രന്മാർ: മഹ്ളി, മൂശി. ഇവർ തന്നേ കുലംകുലമായി ലേവിയുടെ കുടുംബങ്ങൾ.
സംഖ്യാപുസ്തകം 3 : 21 (MOV)
ഗേർശോനിൽനിന്നു ലിബ്നിയരുടെ കുടുംബവും ശിമ്യരുടെ കുടുംബവും ഉത്ഭവിച്ചു; ഇവ ഗേർശോന്യ കുടുംബങ്ങൾ.
സംഖ്യാപുസ്തകം 3 : 22 (MOV)
അവരിൽ ഒരു മാസം മുതൽ മേലോട്ടു പ്രായമുള്ള ആണുങ്ങളുടെ സംഖ്യയിൽ എണ്ണപ്പെട്ടവരുടെ ആകത്തുക ഏഴായിരത്തഞ്ഞൂറു.
സംഖ്യാപുസ്തകം 3 : 23 (MOV)
ഗേർശോന്യകുടുംബങ്ങൾ തിരുനിവാസത്തിന്റെ പുറകിൽ പടിഞ്ഞാറെ ഭാഗത്തു പാളയമിറങ്ങേണം.
സംഖ്യാപുസ്തകം 3 : 24 (MOV)
ഗേർശോന്യരുടെ പിതൃഭവനത്തിന്നു ലായേലിന്റെ മകൻ എലീയാസാഫ് പ്രഭു ആയിരിക്കേണം.
സംഖ്യാപുസ്തകം 3 : 25 (MOV)
സമാഗമനക്കുടാരത്തിൽ ഗേർശോന്യർ നോക്കേണ്ടതു തിരുനിവാസവും കൂടാരവും അതിന്റെ പുറമൂടിയും സമാഗമനക്കുടാരത്തിന്റെ വാതിലിന്നുള്ള മറശ്ശീലയും
സംഖ്യാപുസ്തകം 3 : 26 (MOV)
തിരുനിവാസത്തിന്നും യാഗപീഠത്തിന്നും ചുറ്റുമുള്ള പ്രാകാരത്തിന്റെ മറശ്ശീലയും പ്രാകാരവാതിലിന്റെ മറശ്ശീലയും അതിന്റെ എല്ലാവേലെക്കും ഉള്ള കയറുകളും ആകുന്നു.
സംഖ്യാപുസ്തകം 3 : 27 (MOV)
കെഹാത്തിൽനിന്നു അമ്രാമ്യരുടെ കുടുംബവും യിസ്ഹാർയ്യരുടെ കുടുംബവും ഹെബ്രോന്യരുടെ കുടുംബവും ഉസ്സീയേല്യരുടെ കുടുംബവും ഉത്ഭവിച്ചു.
സംഖ്യാപുസ്തകം 3 : 28 (MOV)
ഇവ കെഹാത്യരുടെ കുടുംബങ്ങൾ. ഒരു മാസംമുതൽ മേലോട്ടു പ്രായമുള്ള എല്ലാ ആണുങ്ങളുടെയും സംഖ്യയിൽ വിശുദ്ധമന്ദിരത്തിന്റെ കാര്യം നോക്കുന്നവർ എണ്ണായിരത്തറുനൂറു പേർ.
സംഖ്യാപുസ്തകം 3 : 29 (MOV)
കെഹാത്യകുടുംബങ്ങൾ തിരുനിവാസത്തിന്റെ തെക്കെ ഭാഗത്തു പാളയമിറങ്ങേണം.
സംഖ്യാപുസ്തകം 3 : 30 (MOV)
കെഹാത്യ കുടുംബങ്ങളുടെ പിതൃഭവനത്തിന്നു ഉസ്സീയേലിന്റെ മകൻ എലീസാഫാൻ പ്രഭു ആയിരിക്കേണം.
സംഖ്യാപുസ്തകം 3 : 31 (MOV)
അവർ നോക്കേണ്ടതു പെട്ടകം, മേശ, നിലവിളക്കു, പീഠങ്ങൾ, വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷെക്കുള്ള ഉപകരണങ്ങൾ, തിരശ്ശീല എന്നിവയും അവെക്കുള്ള വേല ഒക്കെയും ആകുന്നു.
സംഖ്യാപുസ്തകം 3 : 32 (MOV)
പുരോഹിതനായ അഹരോന്റെ മകൻ എലെയാസാർ ലേവ്യർക്കു പ്രധാനപ്രഭുവും വിശുദ്ധമന്ദിരത്തിലെ കാര്യം നോക്കുന്നവരുടെ മേൽവിചാരകനും ആയിരിക്കേണം.
സംഖ്യാപുസ്തകം 3 : 33 (MOV)
മെരാരിയിൽനിന്നു മഹ്ളിയരുടെ കുടുംബവും മൂശ്യരുടെ കുടുംബവും ഉത്ഭവിച്ചു; മെരാർയ്യകുടുംബങ്ങൾ ഇവ തന്നേ.
സംഖ്യാപുസ്തകം 3 : 34 (MOV)
അവരിൽ ഒരു മാസംമുതൽ മേലോട്ടു പ്രായമുള്ള ആണുങ്ങളുടെ സംഖ്യയിൽ എണ്ണപ്പെട്ടവർ ആറായിരത്തിരുനൂറു പേർ.
സംഖ്യാപുസ്തകം 3 : 35 (MOV)
മെരാർയ്യകുടുംബങ്ങളുടെ പിതൃഭവനത്തിന്നു അബീഹയിലിന്റെ മകൻ സൂരിയേൽ പ്രഭു ആയിരിക്കേണം; ഇവർ തിരുനിവാസത്തിന്റെ വടക്കെ ഭാഗത്തു പാളയമിറങ്ങേണം.
സംഖ്യാപുസ്തകം 3 : 36 (MOV)
മെരാർയ്യർ നോക്കുവാൻ നിയമിച്ചിട്ടുള്ളതു തിരുനിവാസത്തിന്റെ പലക, അന്താഴം, തൂൺ, ചുവട്, അതിന്റെ ഉപകരണങ്ങൾ ഒക്കെയും, അതു സംബന്ധിച്ചുള്ള എല്ലാവേലയും,
സംഖ്യാപുസ്തകം 3 : 37 (MOV)
പ്രാകാരത്തിന്റെ ചുറ്റും ഉള്ള തൂൺ, അവയുടെ ചുവടു, കുറ്റി, കയറു എന്നിവ.
സംഖ്യാപുസ്തകം 3 : 38 (MOV)
എന്നാൽ തിരുനിവാസത്തിന്റെ മുൻ വശത്തു കിഴക്കു, സമാഗമനക്കുടാരത്തിന്റെ മുൻ വശത്തു തന്നേ, സൂര്യോദയത്തിന്നു നേരെ മോശെയും അഹരോനും അവന്റെ പുത്രന്മാരും പാളയമിറങ്ങുകയും യിസ്രായേൽമക്കളുടെ കാര്യമായ വിശുദ്ധമന്ദിരത്തിന്റെ കാര്യം നോക്കുകയും വേണം; അന്യൻ അടുത്തുവന്നാൽ മരണ ശിക്ഷ അനുഭവിക്കേണം.
സംഖ്യാപുസ്തകം 3 : 39 (MOV)
മോശെയും അഹരോനും യഹോവയുടെ വചനപ്രകാരം കുടുംബംകുടുംബമായി എണ്ണിയ ലേവ്യരിൽ ഒരു മാസംമുതൽ മോലോട്ടു പ്രായമുള്ള ആണുങ്ങൾ ആകെ ഇരുപത്തീരായിരം പേർ.
സംഖ്യാപുസ്തകം 3 : 40 (MOV)
യഹോവ പിന്നെയും മോശെയോടു കല്പിച്ചതു: യിസ്രായേൽമക്കളിൽ ഒരു മാസംമുതൽ മേലോട്ടു പ്രായമുള്ള ആദ്യജാതന്മാരായ ആണുങ്ങളെ ഒക്കെയും എണ്ണി പേരുപേരായി അവരുടെ സംഖ്യ എടുക്കുക.
സംഖ്യാപുസ്തകം 3 : 41 (MOV)
യിസ്രായേൽമക്കളിലെ എല്ലാകടിഞ്ഞൂലുകൾക്കും പകരം ലേവ്യരുടെ മൃഗങ്ങളെയും എനിക്കായിട്ടു എടുക്കേണം; ഞാൻ യഹോവ ആകുന്നു.
സംഖ്യാപുസ്തകം 3 : 42 (MOV)
യഹോവ തന്നോടു കല്പിച്ചതുപോലെ മോശെ യിസ്രായേൽമക്കളുടെ എല്ലാകടിഞ്ഞൂലുകളെയും എണ്ണി.
സംഖ്യാപുസ്തകം 3 : 43 (MOV)
ഒരു മാസംമുതൽ മേലോട്ടു പ്രായമുള്ള ആദ്യജാതന്മാരായ എല്ലാ ആണുങ്ങളെയും പേരുപേരായി എണ്ണിയ ആകത്തുക ഇരുപത്തീരായിരത്തിരുനൂറ്റെഴുപത്തുമൂന്നു ആയിരുന്നു.
സംഖ്യാപുസ്തകം 3 : 44 (MOV)
യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
സംഖ്യാപുസ്തകം 3 : 45 (MOV)
യിസ്രായേൽമക്കളിൽ എല്ലാ കടിഞ്ഞൂലുകൾക്കും പകരം ലേവ്യരെയും അവരുടെ മൃഗങ്ങൾക്കു പകരം ലേവ്യരുടെ മൃഗങ്ങളെയും എടുക്ക; ലേവ്യർ എനിക്കുള്ളവരായിരിക്കേണം; ഞാൻ യഹോവ ആകുന്നു.
സംഖ്യാപുസ്തകം 3 : 46 (MOV)
യിസ്രായേൽമക്കളുടെ കടിഞ്ഞൂലുകളിൽ ലേവ്യരുടെ എണ്ണത്തെ കവിഞ്ഞുള്ള ഇരുനൂറ്റെഴുപത്തുമൂന്നു പേരുടെ വീണ്ടെടുപ്പിന്നായി തലക്കു അഞ്ചു ശേക്കെൽ വീതം വാങ്ങേണം;
സംഖ്യാപുസ്തകം 3 : 47 (MOV)
വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം ശേക്കെൽ ഒന്നിന്നു ഇരുപതു ഗേരാവെച്ചു വാങ്ങേണം.
സംഖ്യാപുസ്തകം 3 : 48 (MOV)
അവരുടെ എണ്ണത്തെ കവിയുന്നവരുടെ വീണ്ടെടുപ്പുവില അഹരോന്നും അവന്റെ മക്കൾക്കും കൊടുക്കേണം.
സംഖ്യാപുസ്തകം 3 : 49 (MOV)
ലേവ്യരെക്കൊണ്ടു വീണ്ടെടുത്തവരുടെ എണ്ണത്തെ കവിഞ്ഞുള്ളവരുടെ വീണ്ടെടുപ്പുവില മോശെ വാങ്ങി.
സംഖ്യാപുസ്തകം 3 : 50 (MOV)
യിസ്രായേൽമക്കളുടെ ആദ്യജാതന്മാരോടു അവൻ വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം ഒരായിരത്തി മൂന്നൂറ്ററുപത്തഞ്ചു ശേക്കെൽ പണം വാങ്ങി.
സംഖ്യാപുസ്തകം 3 : 51 (MOV)
യഹോവ മോശെയോടു കല്പിച്ചതുപോലെ വീണ്ടെടുത്തവരുടെ വില മോശെ അഹരോന്നും അവന്റെ മക്കൾക്കും യഹോവയുടെ വചനപ്രകാരം കൊടുത്തു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51

BG:

Opacity:

Color:


Size:


Font: