സംഖ്യാപുസ്തകം 5 : 1 (MOV)
യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
സംഖ്യാപുസ്തകം 5 : 2 (MOV)
സകല കുഷ്ഠരോഗിയെയും സകല സ്രവക്കാരനെയും ശവത്താൽ അശുദ്ധനായ ഏവനെയും പാളയത്തിൽ നിന്നു പുറത്താക്കുവാൻ യിസ്രായേൽമക്കളോടു കല്പിക്ക.
സംഖ്യാപുസ്തകം 5 : 3 (MOV)
ആണായാലും പെണ്ണായാലും അവരെ പാളയത്തിൽനിന്നു പുറത്താക്കേണം; ഞാൻ അവരുടെ മദ്ധ്യേ വസിക്കയാൽ അവർ തങ്ങളുടെ പാളയം അശുദ്ധമാക്കരുതു.
സംഖ്യാപുസ്തകം 5 : 4 (MOV)
യിസ്രായേൽമക്കൾ അങ്ങനെ ചെയ്തു അവരെ പാളയത്തിൽ നിന്നു പുറത്താക്കി; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ യിസ്രായേൽമക്കൾ ചെയ്തു.
സംഖ്യാപുസ്തകം 5 : 5 (MOV)
യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
സംഖ്യാപുസ്തകം 5 : 6 (MOV)
നീ യിസ്രായേൽമക്കളോടു പറക: ഒരു പുരുഷനോ സ്ത്രീയോ യഹോവയോടു ദ്രോഹിച്ചു മനുഷ്യരുടെ ഇടയിൽ നടപ്പുള്ള വല്ല പാപവും ചെയ്തിട്ടു കുറ്റക്കാരായാൽ ചെയ്ത പാപം
സംഖ്യാപുസ്തകം 5 : 7 (MOV)
അവർ ഏറ്റുപറകയും തങ്ങളുടെ അകൃത്യത്തിന്നു പ്രതിശാന്തിയായി മുതലും അതിന്റെ അഞ്ചിലൊന്നും കൂട്ടി, തങ്ങൾ അകൃത്യം ചെയ്തവന്നു പകരം കൊടുക്കേണം.
സംഖ്യാപുസ്തകം 5 : 8 (MOV)
എന്നാൽ അകൃത്യത്തിന്നു പ്രതിശാന്തി വാങ്ങുവാൻ അവന്നു ചാർച്ചക്കാരൻ ഇല്ലെങ്കിൽ അകൃത്യത്തിന്നുള്ള പ്രതിശാന്തി യഹോവെക്കു കൊടുക്കുന്നതു പുരോഹിതന്നു ഇരിക്കേണം; അതുകൂടാതെ അവന്നുവേണ്ടി പ്രായശ്ചിത്തം കഴിപ്പാനുള്ള പ്രായശ്ചിത്തത്തിന്റെ ആട്ടുകൊറ്റനെയും അർപ്പിക്കേണം.
സംഖ്യാപുസ്തകം 5 : 9 (MOV)
യിസ്രായേൽമക്കൾ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരുന്ന സകലവിശുദ്ധവസ്തുക്കളിലും ഉദർച്ചയായതൊക്കെയും അവന്നു ഇരിക്കേണം.
സംഖ്യാപുസ്തകം 5 : 10 (MOV)
ആരെങ്കിലും ശുദ്ധീകരിച്ചർപ്പിക്കുന്ന വസ്തുക്കൾ അവന്നുള്ളവയായിരിക്കേണം; ആരെങ്കിലും പുരോഹിതന്നു കൊടുക്കുന്നതെല്ലാം അവന്നുള്ളതായിരിക്കേണം.
സംഖ്യാപുസ്തകം 5 : 11 (MOV)
യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു.
സംഖ്യാപുസ്തകം 5 : 12 (MOV)
നീ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: വല്ല പുരുഷന്റെയും ഭാര്യ പിഴെച്ചു അവനോടു ദ്രോഹിച്ചു,
സംഖ്യാപുസ്തകം 5 : 13 (MOV)
ഒരുത്തൻ അവളോടുകൂടെ ശയിക്കയും അതു അവളുടെ ഭർത്താവിന്നു വെളിപ്പെടാതെ മറവായിരിക്കയും അവൾ അശുദ്ധയാകയും അവൾക്കു വിരോധമായി സാക്ഷിയില്ലാതിരക്കയും
സംഖ്യാപുസ്തകം 5 : 14 (MOV)
അവൾ ക്രിയയിൽ പിടിപെടാതിരിക്കയും ശങ്കാവിഷം അവനെ ബാധിച്ചു അവൻ ഭാര്യയെ സംശയിക്കയും അവൾ അശുദ്ധയായിരിക്കയും ചെയ്താൽ, അല്ലെങ്കിൽ ശങ്കാവിഷം അവനെ ബാധിച്ചു അവൻ ഭാര്യയെ സംശയിക്കയും അവൾ അശുദ്ധയല്ലാതിരിക്കയും ചെയ്താൽ
സംഖ്യാപുസ്തകം 5 : 15 (MOV)
ആ പുരുഷൻ ഭാര്യയെ പുരോഹിതന്റെ അടുക്കൽ കൊണ്ടുചെല്ലേണം; അവൾക്കുവേണ്ടി വഴിപാടായിട്ടു ഒരിടങ്ങഴി യവപ്പൊടിയും കൊണ്ടുചെല്ലേണം; അതിന്മേൽ എണ്ണ ഒഴിക്കരുതു; കുന്തുരുക്കം ഇടുകയും അരുതു; അതു സംശയത്തിന്റെ ഭോജനയാഗമല്ലോ, അപരാധജ്ഞാപകമായ ഭോജനയാഗം തന്നേ.
സംഖ്യാപുസ്തകം 5 : 16 (MOV)
പുരോഹിതൻ അവളെ അടുക്കൽ വരുത്തി യഹോവയുടെ സന്നിധിയിൽ നിർത്തേണം.
സംഖ്യാപുസ്തകം 5 : 17 (MOV)
പുരോഹിതൻ ഒരു മൺപാത്രത്തിൽ വിശുദ്ധജലം എടുക്കേണം; പുരോഹിതൻ തിരുനിവാസത്തിന്റെ നിലത്തെ പൊടി കുറെ എടുത്തു ആ വെള്ളത്തിൽ ഇടേണം.
സംഖ്യാപുസ്തകം 5 : 18 (MOV)
പുരോഹിതൻ സ്ത്രീയെ യഹോവയുടെ സന്നിധിയിൽ നിർത്തി അവളുടെ തലമുടി അഴിച്ചു അപരാധജ്ഞാപകത്തിന്റെ ഭോജനയാഗം അവളുടെ കയ്യിൽ വെക്കേണം; പുരോഹിതന്റെ കയ്യിൽ ശാപകരമായ കൈപ്പുവെള്ളവും ഉണ്ടായിരിക്കേണം.
സംഖ്യാപുസ്തകം 5 : 19 (MOV)
പുരോഹിതൻ അവളെക്കൊണ്ടു സത്യം ചെയ്യിച്ചു അവളോടു പറയേണ്ടതു: ആരും നിന്നോടുകൂടെ ശയിക്കയും നിനക്കു ഭർത്താവുണ്ടായിരിക്കെ നീ അശുദ്ധിയിലേക്കു തിരികയും ചെയ്തിട്ടില്ല എങ്കിൽ ശാപകരമായ ഈ കൈപ്പുവെള്ളത്തിന്റെ ദോഷം നിനക്കു വരാതിരിക്കട്ടെ.
സംഖ്യാപുസ്തകം 5 : 20 (MOV)
എന്നാൽ നിനക്കു ഭാർത്താവുണ്ടായിരിക്കെ നീ പിഴെച്ചു അശുദ്ധയാകയും നിന്റെ ഭർത്താവല്ലാതെ മറ്റൊരു പുരുഷൻ നിന്നോടുകൂടെ ശയിക്കയും ചെയ്തിട്ടുണ്ടെങ്കിൽ -
സംഖ്യാപുസ്തകം 5 : 21 (MOV)
അപ്പോൾ പുരോഹിതൻ സ്ത്രീയെക്കൊണ്ടു ശാപസത്യം ചെയ്യിച്ചു അവളോടു: യഹോവ നിന്റെ നിതംബം ക്ഷയിപ്പിക്കയും ഉദരം വീർപ്പിക്കയും ചെയ്തു നിന്റെ ജനത്തിന്റെ ഇടയിൽ നിന്നെ ശാപവും പ്രാക്കും ആക്കിത്തീർക്കട്ടെ.
സംഖ്യാപുസ്തകം 5 : 22 (MOV)
ശാപകരമായ ഈ വെള്ളം നിന്റെ കുടലിൽ ചെന്നു നിന്റെ ഉദരം വീർപ്പിക്കയും നിന്റെ നിതംബം ക്ഷിയിപ്പിക്കയും ചെയ്യും എന്നു പറയേണം. അതിന്നു സ്ത്രീ: ആമെൻ, ആമെൻ എന്നു പറയേണം.
സംഖ്യാപുസ്തകം 5 : 23 (MOV)
പുരോഹിതൻ ഈ ശാപങ്ങൾ ഒരു പുസ്തകത്തിൽ എഴുതി കൈപ്പുവെള്ളത്തിൽ കഴുകി കലക്കേണം.
സംഖ്യാപുസ്തകം 5 : 24 (MOV)
അവൻ ശാപകരമായ കൈപ്പുവെള്ളം സ്ത്രീയെ കുടിപ്പിക്കേണം; ശാപകരമായ വെള്ളം അവളുടെ ഉള്ളിൽ ചെന്നു കൈപ്പായ്തീരും;
സംഖ്യാപുസ്തകം 5 : 25 (MOV)
പുരോഹിതൻ സ്ത്രീയുടെ കയ്യിൽനിന്നു സംശയത്തിന്റെ ഭോജനയാഗം വാങ്ങി യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്തു യാഗപീഠത്തിന്മേൽ അർപ്പിക്കേണം.
സംഖ്യാപുസ്തകം 5 : 26 (MOV)
പിന്നെ പുരോഹിതൻ ഭോജനയാഗത്തിൽ ഒരു പിടി എടുത്തു യാഗപീഠത്തിന്മേൽ നിവേദ്യമായി ദഹിപ്പിക്കേണം; അതിന്റെ ശേഷം സ്ത്രീയെ ആ വെള്ളം കുടിപ്പിക്കേണം.
സംഖ്യാപുസ്തകം 5 : 27 (MOV)
അവൾ അശുദ്ധയായി തന്റെ ഭർത്താവോടു ദ്രോഹം ചെയ്തിട്ടുണ്ടെങ്കിൽ അവളെ വെള്ളം കുടിപ്പിച്ച ശേഷം ശാപകരമായ വെള്ളം അവളുടെ ഉള്ളിൽ ചെന്നു കൈപ്പായ്തീരും; അവളുടെ ഉദരം വീർക്കയും നിതംബം ക്ഷയിക്കയും സ്ത്രീ തന്റെ ജനത്തിന്റെ ഇടയിൽ ശാപഗ്രസ്തയായിരിക്കയും ചെയ്യും.
സംഖ്യാപുസ്തകം 5 : 28 (MOV)
എന്നാൽ സ്ത്രീ അശുദ്ധയാകാതെ നിർമ്മല ആകുന്നു എങ്കിൽ അവൾക്കു ദോഷം വരികയില്ല; അവൾ ഗർഭം ധരിക്കും.
സംഖ്യാപുസ്തകം 5 : 29 (MOV)
ഇതാകുന്നു പാതിവ്രത്യസംശയം സംബന്ധിച്ചുള്ള പ്രമാണം;
സംഖ്യാപുസ്തകം 5 : 30 (MOV)
ഒരു സ്ത്രീ ഭർത്താവുണ്ടായിരിക്കെ പിഴെച്ചു അശുദ്ധയാകയോ ശങ്കാവിഷം അവനെ ബാധിച്ചു, അവൻ ഭാര്യയെ സംശയിക്കയോ ചെയ്തിട്ടു അവളെ യഹോവയുടെ സന്നിധിയിൽ നിർത്തുമ്പോൾ പുരോഹിതൻ ഈ പ്രമാണമൊക്കെയും അവളിൽ നടത്തേണം.
സംഖ്യാപുസ്തകം 5 : 31 (MOV)
എന്നാൽ പുരുഷൻ അകൃത്യത്തിൽ ഓഹരിക്കാരനാകയില്ല; സ്ത്രീയോ തന്റെ അകൃത്യം വഹിക്കും.
❮
❯