സങ്കീർത്തനങ്ങൾ 63 : 1 (MOV)
ദൈവമേ, നീ എന്റെ ദൈവം; അതികാലത്തേ ഞാൻ നിന്നെ അന്വേഷിക്കും; വെള്ളമില്ലാതെ ഉണങ്ങി വരണ്ട ദേശത്തു എന്റെ ഉള്ളം നിനക്കായി ദാഹിക്കുന്നു; എന്റെ ദേഹം നിനക്കായി കാംക്ഷിക്കുന്നു.
സങ്കീർത്തനങ്ങൾ 63 : 2 (MOV)
അങ്ങനെ നിന്റെ ബലവും മഹത്വവും കാണേണ്ടതിന്നു ഞാൻ വിശുദ്ധമന്ദിരത്തിൽ നിന്നെ നോക്കിയിരിക്കുന്നു.
സങ്കീർത്തനങ്ങൾ 63 : 3 (MOV)
നിന്റെ ദയ ജീവനെക്കാൾ നല്ലതാകുന്നു; എന്റെ അധരങ്ങൾ നിന്നെ സ്തുതിക്കും.
സങ്കീർത്തനങ്ങൾ 63 : 4 (MOV)
എന്റെ ജീവകാലം ഒക്കെയും ഞാൻ അങ്ങനെ നിന്നെ വാഴ്ത്തും; നിന്റെ നാമത്തിൽ ഞാൻ എന്റെ കൈകളെ മലർത്തും.
സങ്കീർത്തനങ്ങൾ 63 : 5 (MOV)
എന്റെ കിടക്കയിൽ നിന്നെ ഓർക്കയും ഞാൻ രാത്രിയാമങ്ങളിൽ നിന്നെ ധ്യാനിക്കയും ചെയ്യുമ്പോൾ
സങ്കീർത്തനങ്ങൾ 63 : 6 (MOV)
എന്റെ പ്രാണന്നു മജ്ജയും മേദസ്സുംകൊണ്ടു എന്നപോലെ തൃപ്തിവരുന്നു; എന്റെ വായ് സന്തോഷമുള്ള അധരങ്ങളാൽ നിന്നെ സ്തുതിക്കുന്നു.
സങ്കീർത്തനങ്ങൾ 63 : 7 (MOV)
നീ എനിക്കു സഹായമായിത്തീർന്നുവല്ലോ; നിന്റെ ചിറകിൻ നിഴലിൽ ഞാൻ ഘോഷിച്ചാനന്ദിക്കുന്നു.
സങ്കീർത്തനങ്ങൾ 63 : 8 (MOV)
എന്റെ ഉള്ളം നിന്നോടു പറ്റിയിരിക്കുന്നു; നിന്റെ വലങ്കൈ എന്നെ താങ്ങുന്നു.
സങ്കീർത്തനങ്ങൾ 63 : 9 (MOV)
എന്നാൽ അവർ സ്വന്തനാശത്തിന്നായി എനിക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നു; അവർ ഭൂമിയുടെ അധോഭാഗങ്ങളിലേക്കു ഇറങ്ങിപ്പോകും.
സങ്കീർത്തനങ്ങൾ 63 : 10 (MOV)
അവരെ വാളിന്റെ ശക്തിക്കു ഏല്പിക്കും; കുറുനരികൾക്കു അവർ ഇരയായ്തീരും.
സങ്കീർത്തനങ്ങൾ 63 : 11 (MOV)
എന്നാൽ രാജാവു ദൈവത്തിൽ സന്തോഷിക്കും അവന്റെ നാമത്തിൽ സത്യം ചെയ്യുന്നവനെല്ലാം പുകഴും; എങ്കിലും ഭോഷ്കു പറയുന്നവരുടെ വായ് അടഞ്ഞുപോകും.
❮
❯