സങ്കീർത്തനങ്ങൾ 89 : 1 (MOV)
യഹോവയുടെ കൃപകളെക്കുറിച്ചു ഞാൻ എന്നേക്കും പാടും; തലമുറതലമുറയോളം എന്റെ വായ് കൊണ്ടു നിന്റെ വിശ്വസ്തതയെ അറിയിക്കും.
സങ്കീർത്തനങ്ങൾ 89 : 2 (MOV)
ദയ എന്നേക്കും ഉറച്ചുനില്ക്കും എന്നു ഞാൻ പറയുന്നു; നിന്റെ വിശ്വസ്തതയെ നീ സ്വർഗ്ഗത്തിൽ സ്ഥിരമാക്കിയിരിക്കുന്നു.
സങ്കീർത്തനങ്ങൾ 89 : 3 (MOV)
എന്റെ വൃതനോടു ഞാൻ ഒരു നിയമവും എന്റെ ദാസനായ ദാവീദിനോടു സത്യവും ചെയ്തിരിക്കുന്നു.
സങ്കീർത്തനങ്ങൾ 89 : 4 (MOV)
നിന്റെ സന്തതിയെ ഞാൻ എന്നേക്കും സ്ഥിരപ്പെടുത്തും; നിന്റെ സിംഹാസനത്തെ തലമുറതലമുറയോളം ഉറപ്പിക്കും. സേലാ.
സങ്കീർത്തനങ്ങൾ 89 : 5 (MOV)
യഹോവേ, സ്വർഗ്ഗം നിന്റെ അത്ഭുതങ്ങളെയും വിശുദ്ധന്മാരുടെ സഭയിൽ നിന്റെ വിശ്വസ്തതയെയും സ്തുതിക്കും.
സങ്കീർത്തനങ്ങൾ 89 : 6 (MOV)
സ്വർഗ്ഗത്തിൽ യഹോവയോടു സദൃശനായവൻ ആർ? ദേവപുത്രന്മാരിൽ യഹോവെക്കു തുല്യനായവൻ ആർ?
സങ്കീർത്തനങ്ങൾ 89 : 7 (MOV)
ദൈവം വിശുദ്ധന്മാരുടെ സംഘത്തിൽ ഏറ്റവും ഭയങ്കരനും അവന്റെ ചുറ്റുമുള്ള എല്ലാവർക്കും മീതെ ഭയപ്പെടുവാൻ യോഗ്യനും ആകുന്നു.
സങ്കീർത്തനങ്ങൾ 89 : 8 (MOV)
സൈന്യങ്ങളുടെ ദൈവമായ യഹോവേ, നിന്നെപ്പോലെ ബലവാൻ ആരുള്ളു? യഹോവേ, നിന്റെ വിശ്വസ്തത നിന്നെ ചുറ്റിയിരിക്കുന്നു.
സങ്കീർത്തനങ്ങൾ 89 : 9 (MOV)
നീ സമുദ്രത്തിന്റെ ഗർവ്വത്തെ അടക്കിവാഴുന്നു. അതിലെ തിരകൾ പൊങ്ങുമ്പോൾ നീ അവയെ അമർത്തുന്നു.
സങ്കീർത്തനങ്ങൾ 89 : 10 (MOV)
നീ രഹബിനെ ഒരു ഹതനെപ്പോലെ തകർത്തു; നിന്റെ ബലമുള്ള ഭുജംകൊണ്ടു നിന്റെ ശത്രുക്കളെ ചിതറിച്ചുകളഞ്ഞു.
സങ്കീർത്തനങ്ങൾ 89 : 11 (MOV)
ആകാശം നിനക്കുള്ളതു, ഭൂമിയും നിനക്കുള്ളതു; ഭൂതലവും അതിന്റെ പൂർണ്ണതയും നീ സ്ഥാപിച്ചിരിക്കുന്നു.
സങ്കീർത്തനങ്ങൾ 89 : 12 (MOV)
ദക്ഷിണോത്തരദിക്കുകളെ നീ സൃഷ്ടിച്ചിരിക്കുന്നു; താബോരും ഹെർമ്മോനും നിന്റെ നാമത്തിൽ ആനന്ദിക്കുന്നു;
സങ്കീർത്തനങ്ങൾ 89 : 13 (MOV)
നിനക്കു വീര്യമുള്ളോരു ഭുജം ഉണ്ടു; നിന്റെ കൈ ബലമുള്ളതും നിന്റെ വലങ്കൈ ഉന്നതവും ആകുന്നു.
സങ്കീർത്തനങ്ങൾ 89 : 14 (MOV)
നീതിയും ന്യായവും നിന്റെ സിംഹാസനത്തിന്റെ അടിസ്ഥാനമാകുന്നു; ദയയും വിശ്വസ്തതയും നിനക്കു മുമ്പായി നടക്കുന്നു.
സങ്കീർത്തനങ്ങൾ 89 : 15 (MOV)
ജയഘോഷം അറിയുന്ന ജനത്തിന്നു ഭാഗ്യം; യഹോവേ, അവർ നിന്റെ മുഖപ്രകാശത്തിൽ നടക്കും.
സങ്കീർത്തനങ്ങൾ 89 : 16 (MOV)
അവർ ഇടവിടാതെ നിന്റെ നാമത്തിൽ ഘോഷിച്ചുല്ലസിക്കുന്നു. നിന്റെ നീതിയിൽ അവർ ഉയർന്നിരിക്കുന്നു.
സങ്കീർത്തനങ്ങൾ 89 : 17 (MOV)
നീ അവരുടെ ബലത്തിന്റെ മഹത്വമാകുന്നു; നിന്റെ പ്രസാദത്താൽ ഞങ്ങളുടെ കൊമ്പു ഉയർന്നിരിക്കുന്നു.
സങ്കീർത്തനങ്ങൾ 89 : 18 (MOV)
നമ്മുടെ പരിച യഹോവെക്കുള്ളതും നമ്മുടെ രാജാവു യിസ്രായേലിന്റെ പരിശുദ്ധന്നുള്ളവന്നും ആകുന്നു.
സങ്കീർത്തനങ്ങൾ 89 : 19 (MOV)
അന്നു നീ ദർശനത്തിൽ നിന്റെ ഭക്തന്മാരോടു അരുളിച്ചെയ്തതു; ഞാൻ വീരനായ ഒരുത്തന്നു സഹായം നല്കുകയും ജനത്തിൽനിന്നു ഒരു വൃതനെ ഉയർത്തുകയും ചെയ്തു.
സങ്കീർത്തനങ്ങൾ 89 : 20 (MOV)
ഞാൻ എന്റെ ദാസനായ ദാവീദിനെ കണ്ടെത്തി; എന്റെ വിശുദ്ധതൈലംകൊണ്ടു അവനെ അഭിഷേകം ചെയ്തു.
സങ്കീർത്തനങ്ങൾ 89 : 21 (MOV)
എന്റെ കൈ അവനോടുകൂടെ സ്ഥിരമായിരിക്കും; എന്റെ ഭുജം അവനെ ബലപ്പെടുത്തും.
സങ്കീർത്തനങ്ങൾ 89 : 22 (MOV)
ശത്രു അവനെ തോല്പിക്കയില്ല; വഷളൻ അവനെ പീഡിപ്പിക്കയും ഇല്ല.
സങ്കീർത്തനങ്ങൾ 89 : 23 (MOV)
ഞാൻ അവന്റെ വൈരികളെ അവന്റെ മുമ്പിൽ തകർക്കും; അവനെ പകെക്കുന്നവരെ സംഹരിക്കും,
സങ്കീർത്തനങ്ങൾ 89 : 24 (MOV)
എന്നാൽ എന്റെ വിശ്വസ്തതയും ദയയും അവനോടുകൂടെ ഇരിക്കും; എന്റെ നാമത്തിൽ അവന്റെ കൊമ്പു ഉയർന്നിരിക്കും.
സങ്കീർത്തനങ്ങൾ 89 : 25 (MOV)
അവന്റെ കയ്യെ ഞാൻ സമുദ്രത്തിന്മേലും അവന്റെ വലങ്കയ്യെ നദികളുടെമേലും നീട്ടുമാറാക്കും.
സങ്കീർത്തനങ്ങൾ 89 : 26 (MOV)
അവൻ എന്നോടു: നീ എന്റെ പിതാവു, എന്റെ ദൈവം, എന്റെ രക്ഷയുടെ പാറ എന്നിങ്ങനെ വിളിച്ചുപറയും.
സങ്കീർത്തനങ്ങൾ 89 : 27 (MOV)
ഞാൻ അവനെ ആദ്യജാതനും ഭൂരാജാക്കന്മാരിൽ ശ്രേഷ്ഠനുമാക്കും.
സങ്കീർത്തനങ്ങൾ 89 : 28 (MOV)
ഞാൻ അവന്നു എന്റെ ദയയെ എന്നേക്കും കാണിക്കും; എന്റെ നിയമം അവന്നു സ്ഥിരമായി നില്ക്കും.
സങ്കീർത്തനങ്ങൾ 89 : 29 (MOV)
ഞാൻ അവന്റെ സന്തതിയെ ശാശ്വതമായും അവന്റെ സിംഹാസനത്തെ ആകാശമുള്ള കാലത്തോളവും നിലനിർത്തും.
സങ്കീർത്തനങ്ങൾ 89 : 30 (MOV)
അവന്റെ പുത്രന്മാർ എന്റെ ന്യായപ്രമാണം ഉപേക്ഷിക്കയും എന്റെ വിധികളെ അനുസരിച്ചുനടക്കാതിരിക്കയും
സങ്കീർത്തനങ്ങൾ 89 : 31 (MOV)
എന്റെ ചട്ടങ്ങളെ ലംഘിക്കയും എന്റെ കല്പനകളെ പ്രമാണിക്കാതിരിക്കയും ചെയ്താൽ
സങ്കീർത്തനങ്ങൾ 89 : 32 (MOV)
ഞാൻ അവരുടെ ലംഘനത്തെ വടികൊണ്ടും അവരുടെ അകൃത്യത്തെ ദണ്ഡനംകൊണ്ടും സന്ദർശിക്കും.
സങ്കീർത്തനങ്ങൾ 89 : 33 (MOV)
എങ്കിലും എന്റെ ദയയെ ഞാൻ അവങ്കൽ നിന്നു നീക്കിക്കളകയില്ല; എന്റെ വിശ്വസ്തതെക്കു ഭംഗം വരുത്തുകയുമില്ല.
സങ്കീർത്തനങ്ങൾ 89 : 34 (MOV)
ഞാൻ എന്റെ നിയമത്തെ ലംഘിക്കയോ എന്റെ അധരങ്ങളിൽനിന്നു പുറപ്പെട്ടതിന്നു ഭേദം വരുത്തുകയോ ചെയ്കയില്ല.
സങ്കീർത്തനങ്ങൾ 89 : 35 (MOV)
ഞാൻ ഒരിക്കൽ എന്റെ വിശുദ്ധിയെക്കൊണ്ടു സത്യം ചെയ്തിരിക്കുന്നു; ദാവീദിനോടു ഞാൻ ഭോഷ്കുപറകയില്ല.
സങ്കീർത്തനങ്ങൾ 89 : 36 (MOV)
അവന്റെ സന്തതി ശാശ്വതമായും അവന്റെ സിംഹാസനം എന്റെ മുമ്പിൽ സൂര്യനെപ്പോലെയും ഇരിക്കും.
സങ്കീർത്തനങ്ങൾ 89 : 37 (MOV)
അതു ചന്ദ്രനെപ്പോലെയും ആകാശത്തിലെ വിശ്വസ്തസാക്ഷിയെപ്പോലെയും എന്നേക്കും സ്ഥിരമായിരിക്കും. സേലാ.
സങ്കീർത്തനങ്ങൾ 89 : 38 (MOV)
എങ്കിലും നീ ഉപേക്ഷിച്ചു തള്ളിക്കളകയും നിന്റെ അഭിഷിക്തനോടു കോപിക്കയും ചെയ്തു.
സങ്കീർത്തനങ്ങൾ 89 : 39 (MOV)
നിന്റെ ദാസനോടുള്ള നിയമത്തെ നീ വെറുത്തുകളഞ്ഞു; അവന്റെ കിരീടത്തെ നീ നിലത്തിട്ടു അശുദ്ധമാക്കിയിരിക്കുന്നു.
സങ്കീർത്തനങ്ങൾ 89 : 40 (MOV)
നീ അവന്റെ വേലി ഒക്കെയും പൊളിച്ചു; അവന്റെ കോട്ടകളെയും ഇടിച്ചുകളഞ്ഞു.
സങ്കീർത്തനങ്ങൾ 89 : 41 (MOV)
വഴിപോകുന്ന എല്ലാവരും അവനെ കൊള്ളയിടുന്നു; തന്റെ അയൽക്കാർക്കു അവൻ നിന്ദ ആയിത്തീർന്നിരിക്കുന്നു.
സങ്കീർത്തനങ്ങൾ 89 : 42 (MOV)
നീ അവന്റെ വൈരികളുടെ വലങ്കയ്യെ ഉയർത്തി; അവന്റെ സകലശത്രുക്കളെയും സന്തോഷിപ്പിച്ചു.
സങ്കീർത്തനങ്ങൾ 89 : 43 (MOV)
അവന്റെ വാളിൻ വായ്ത്തലയെ നീ മടക്കി; യുദ്ധത്തിൽ അവനെ നില്ക്കുമാറാക്കിയതുമില്ല.
സങ്കീർത്തനങ്ങൾ 89 : 44 (MOV)
അവന്റെ തേജസ്സിനെ നീ ഇല്ലാതാക്കി; അവന്റെ സിംഹാസനത്തെ നിലത്തു തള്ളിയിട്ടു.
സങ്കീർത്തനങ്ങൾ 89 : 45 (MOV)
അവന്റെ യൌവനകാലത്തെ നീ ചുരുക്കി; നീ അവനെ ലജ്ജകൊണ്ടു മൂടിയിരിക്കുന്നു. സേലാ.
സങ്കീർത്തനങ്ങൾ 89 : 46 (MOV)
യഹോവേ, നീ നിത്യം മറഞ്ഞുകളയുന്നതും നിന്റെ ക്രോധം തീപോലെ ജ്വലിക്കുന്നതും എത്രത്തോളം?
സങ്കീർത്തനങ്ങൾ 89 : 47 (MOV)
എന്റെ ആയുസ്സു എത്രചുരുക്കം എന്നു ഓർക്കേണമേ; എന്തു മിത്ഥ്യാത്വത്തിന്നായി നീ മനുഷ്യപുത്രന്മാരെ ഒക്കെയും സൃഷ്ടിച്ചു?
സങ്കീർത്തനങ്ങൾ 89 : 48 (MOV)
ജീവിച്ചിരുന്നു മരണം കാണാതെയിരിക്കുന്ന മനുഷ്യൻ ആർ? തന്റെ പ്രാണനെ പാതാളത്തിന്റെ കയ്യിൽ നിന്നു വിടുവിക്കുന്നവനും ആരുള്ളു? സേലാ.
സങ്കീർത്തനങ്ങൾ 89 : 49 (MOV)
കർത്താവേ, നിന്റെ വിശ്വസ്തതയിൽ നി ദാവീദിനോടു സത്യംചെയ്ത നിന്റെ പണ്ടത്തെ കൃപകൾ എവിടെ?
സങ്കീർത്തനങ്ങൾ 89 : 50 (MOV)
കർത്താവേ, അടിയങ്ങളുടെ നിന്ദ ഓർക്കേണമേ; എന്റെ മാർവ്വിടത്തിൽ ഞാൻ സകലമഹാജാതികളുടെയും നിന്ദ വഹിക്കുന്നതു തന്നേ.
സങ്കീർത്തനങ്ങൾ 89 : 51 (MOV)
യഹോവേ, നിന്റെ ശത്രുക്കൾ നിന്ദിക്കുന്നുവല്ലോ. അവർ നിന്റെ അഭിഷിക്തന്റെ കാലടികളെ നിന്ദിക്കുന്നു.
സങ്കീർത്തനങ്ങൾ 89 : 52 (MOV)
യഹോവ എന്നെന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ. ആമേൻ, ആമേൻ.
❮
❯