സെഫന്യാവു 1 : 1 (MOV)
യെഹൂദാരാജാവായി ആമോന്റെ മകനായ യോശീയാവിന്റെ കാലത്തു, ഹിസ്കീയാവിന്റെ മകനായ അമർയ്യാവിന്റെ മകനായ ഗെദല്യാവിന്റെ മകനായ കൂശിയുടെ മകനായ സെഫന്യാവിന്നുണ്ടായ യഹോവയുടെ അരുളപ്പാടു.
സെഫന്യാവു 1 : 2 (MOV)
ഞാൻ ഭൂതലത്തിൽനിന്നു സകലത്തെയും സംഹരിച്ചുകളയും എന്നു യഹോവയുടെ അരുളപ്പാടു.
സെഫന്യാവു 1 : 3 (MOV)
ഞാൻ മനുഷ്യരെയും മൃഗങ്ങളെയും സംഹരിക്കും; ഞാൻ ആകാശത്തിലെ പറവജാതിയെയും സമുദ്രത്തിലെ മത്സ്യങ്ങളെയും ദുഷ്ടന്മാരോടുകൂടെ ഇടർച്ചകളെയും സംഹരിക്കും; ഞാൻ ഭൂതലത്തിൽ നിന്നു മനുഷ്യനെ ഛേദിച്ചുകളയും എന്നു യഹോവയുടെ അരുളപ്പാടു.
സെഫന്യാവു 1 : 4 (MOV)
ഞാൻ യെഹൂദയുടെ മേലും യെരൂശലേമിലെ സകലനിവാസികളുടെ മേലും കൈ നീട്ടും; ഞാൻ ഈ സ്ഥലത്തുനിന്നു ബാലിന്റെ ശേഷിപ്പിനെയും പുരോഹിതന്മാരോടു കൂടെ പൂജാരികളുടെ പേരിനെയും
സെഫന്യാവു 1 : 5 (MOV)
മേൽപുരകളിൽ ആകാശത്തിലെ സൈന്യത്തെ നമസ്കരിക്കുന്നവരെയും യഹോവയെച്ചൊല്ലിയും മൽക്കാമിനെച്ചൊല്ലിയും സത്യം ചെയ്തു നമസ്കരിക്കുന്നവരെയും യഹോവയെ വിട്ടു പിന്മാറിയവരെയും
സെഫന്യാവു 1 : 6 (MOV)
യഹോവയെ അന്വേഷിക്കയോ അവനെക്കുറിച്ചു ചോദിക്കയോ ചെയ്യാത്തവരെയും ഛേദിച്ചുകളയും.
സെഫന്യാവു 1 : 7 (MOV)
യഹോവയായ കർത്താവിന്റെ സന്നിധിയിൽ മിണ്ടാതിരിക്ക; യഹോവയുടെ ദിവസം അടുത്തിരിക്കുന്നു; യഹോവ ഒരു യാഗസദ്യ ഒരുക്കി താൻ ക്ഷണിച്ചവരെ വിശുദ്ധീകരിച്ചുമിരിക്കുന്നു.
സെഫന്യാവു 1 : 8 (MOV)
എന്നാൽ യഹോവയുടെ യാഗസദ്യയുള്ള ദിവസത്തിൽ ഞാൻ പ്രഭുക്കന്മാരെയും രാജകുമാരന്മാരെയും അന്യദേശവസ്ത്രം ധരിച്ചിരിക്കുന്ന ഏവരെയും സന്ദർശിക്കും.
സെഫന്യാവു 1 : 9 (MOV)
അന്നാളിൽ ഞാൻ ഉമ്മരപ്പടി ചാടിക്കടക്കുന്ന ഏവരെയും സാഹസവും വഞ്ചനയുംകൊണ്ടു തങ്ങളുടെ യജമാനന്മാരുടെ വീടുകളെ നിറെക്കുന്നവരെയും സന്ദർശിക്കും.
സെഫന്യാവു 1 : 10 (MOV)
അന്നാളിൽ മത്സ്യഗോപുരത്തിൽനിന്നു ഉറക്കെയുള്ളോരു നിലവിളിയും രണ്ടാമത്തെ നഗരാംശത്തിൽനിന്നു ഒരു മുറവിളയും കുന്നുകളിൽനിന്നു ഒരു ത്സടത്സടനാദവും ഉണ്ടാകും എന്നു യഹോവയുടെ അരുളപ്പാടു.
സെഫന്യാവു 1 : 11 (MOV)
മക്തേശ് നിവാസികളെ, മുറയിടുവിൻ; വ്യാപാരിജനം ഒക്കെയും നശിച്ചുപോയല്ലോ; സകല ദ്രവ്യവാഹകന്മാരും ഛേദിക്കപ്പെട്ടിരിക്കുന്നു.
സെഫന്യാവു 1 : 12 (MOV)
ആ കാലത്തു ഞാൻ യെരൂശലേമിനെ വിളക്കു കത്തിച്ചു ശോധന കഴിക്കയും മട്ടിന്മേൽ ഉറെച്ചുകിടന്നു: യഹോവ ഗുണമോ ദോഷമോ ചെയ്കയില്ല എന്നു ഹൃദയത്തിൽ പറയുന്ന പുരുഷന്മാരെ സന്ദർശിക്കയും ചെയ്യും.
സെഫന്യാവു 1 : 13 (MOV)
അങ്ങനെ അവരുടെ സമ്പത്തു കവർച്ചയും അവരുടെ വീടുകൾ ശൂന്യവും ആയ്തീരും; അവർ വീടു പണിയും, പാർക്കയില്ലതാനും; അവർ മുന്തിരിത്തോട്ടം ഉണ്ടാക്കും വീഞ്ഞു കുടിക്കയില്ലതാനും.
സെഫന്യാവു 1 : 14 (MOV)
യഹോവയുടെ മഹാദിവസം അടുത്തിരിക്കുന്നു; അതു അടുത്തു അത്യന്തം ബദ്ധപ്പെട്ടുവരുന്നു; കേട്ടോ യഹോവയുടെ ദിവസം! വീരൻ അവിടെ കഠിനമായി നിലവിളിക്കുന്നു.
സെഫന്യാവു 1 : 15 (MOV)
ആ ദിവസം ക്രോധദിവസം, കഷ്ടവും സങ്കടവും ഉള്ള ദിവസം, ശൂന്യതയും നാശവും ഉള്ള ദിവസം, ഇരുട്ടും അന്ധകാരവും ഉള്ള ദിവസം, മേഘവും മൂടലും ഉള്ള ദിവസം,
സെഫന്യാവു 1 : 16 (MOV)
ഉറപ്പുള്ള പട്ടണങ്ങൾക്കും ഉയരമുള്ള കൊത്തളങ്ങൾക്കും വിരോധമായി കാഹളനാദവും ആരവവും ഉള്ള ദിവസം തന്നേ.
സെഫന്യാവു 1 : 17 (MOV)
മനുഷ്യർ കുരുടന്മാരെപ്പോലെ നടക്കത്തക്കവണ്ണം ഞാൻ അവർക്കു കഷ്ടത വരുത്തും; അവർ യഹോവയോടു പാപം ചെയ്തുവല്ലോ; അവരുടെ രക്തം പൊടിപോലെയും അവരുടെ മാംസം കാഷ്ടംപോലെയും ചൊരിയും.
സെഫന്യാവു 1 : 18 (MOV)
യഹോവയുടെ ക്രോധദിവസത്തിൽ അവരുടെ വെള്ളിക്കും പൊന്നിന്നും അവരെ രക്ഷിപ്പാൻ കഴികയില്ല; സർവ്വഭൂമിയും അവന്റെ തീക്ഷ്ണതാഗ്നിക്കു ഇരയായ്തീരും; സകല ഭൂവാസികൾക്കും അവൻ ശീഘ്രസംഹാരം വരുത്തും.
❮
❯