1 കൊരിന്ത്യർ 14 : 1 (OCVML)
പ്രവചനം, വിവിധഭാഷ എന്നീ കൃപാദാനങ്ങൾ സ്നേഹത്തിന്റെ മാർഗം അവലംബിക്കുക; ആത്മാവിന്റെ ദാനങ്ങൾ, വിശേഷാൽ, പ്രവചനദാനം അഭിവാഞ്ഛിക്കുക.
1 കൊരിന്ത്യർ 14 : 2 (OCVML)
അജ്ഞാതഭാഷയിൽ സംസാരിക്കുന്നവർ മനുഷ്യരോടല്ല, ദൈവത്തോടാണ് സംസാരിക്കുന്നത്. അവർ പറയുന്നത് ആരും ഗ്രഹിക്കുന്നില്ല; അവർ ആത്മാവിൽ ദൈവികരഹസ്യങ്ങൾ സംസാരിക്കുന്നു.
1 കൊരിന്ത്യർ 14 : 3 (OCVML)
എന്നാൽ പ്രവചിക്കുന്നവൻ മനുഷ്യരുടെ ആത്മികോന്നതിക്കും പ്രോത്സാഹനത്തിനും ആശ്വാസത്തിനുമായി സംസാരിക്കുന്നു.
1 കൊരിന്ത്യർ 14 : 4 (OCVML)
അജ്ഞാതഭാഷയിൽ സംസാരിക്കുന്നയാൾ സ്വന്തം ആത്മികോന്നതി വരുത്തുന്നു; പ്രവചിക്കുന്നയാളോ, സഭയ്ക്കാണ് ആത്മികോന്നതി വരുത്തുന്നത്.
1 കൊരിന്ത്യർ 14 : 5 (OCVML)
നിങ്ങൾക്കെല്ലാം അജ്ഞാതഭാഷകളിൽ സംസാരിക്കാൻ കഴിയണമെന്ന് എനിക്ക് ആഗ്രഹമുണ്ട്; എന്നാൽ, അതിലുപരി ഞാൻ ആഗ്രഹിക്കുന്നത്, നിങ്ങൾക്ക് പ്രവചിക്കാൻ കഴിയണമെന്നാണ്. അജ്ഞാതഭാഷകളിൽ സംസാരിക്കുന്നതു സഭയുടെ ആത്മികോന്നതിക്കായി വ്യാഖ്യാനിക്കപ്പെടണം, അല്ലെങ്കിൽ അജ്ഞാതഭാഷകളിൽ സംസാരിക്കുന്നവരെക്കാൾ പ്രവചിക്കുന്നവനാണു ശ്രേഷ്ഠൻ.
1 കൊരിന്ത്യർ 14 : 6 (OCVML)
സഹോദരങ്ങളേ, ഞാൻ നിങ്ങൾക്കായി എന്തെങ്കിലും വെളിപ്പാടോ ജ്ഞാനമോ പ്രവചനമോ പ്രബോധനമോ നൽകുന്നതിനു പകരം, നിങ്ങളുടെ അടുക്കൽവന്ന് അജ്ഞാതഭാഷകളിൽ സംസാരിക്കുന്നെങ്കിൽ എന്നെക്കൊണ്ടു നിങ്ങൾക്ക് എന്തു പ്രയോജനം?
1 കൊരിന്ത്യർ 14 : 7 (OCVML)
കുഴൽ, വീണ മുതലായ നിർജീവവാദ്യങ്ങളുടെ കാര്യത്തിൽപോലും, അവ വിവിധ ശ്രുതികൾ പുറപ്പെടുവിക്കാതിരുന്നാൽ ഊതിയതും മീട്ടിയതും ഏതു രാഗമെന്ന് എങ്ങനെ അറിയും?
1 കൊരിന്ത്യർ 14 : 8 (OCVML)
കാഹളം അവ്യക്തനാദം പുറപ്പെടുവിച്ചാൽ യുദ്ധത്തിന് ആരെങ്കിലും തയ്യാറാകുമോ?
1 കൊരിന്ത്യർ 14 : 9 (OCVML)
അങ്ങനെതന്നെ, നിങ്ങളും അജ്ഞാതഭാഷയിൽ അവ്യക്തവാക്കുകൾ സംസാരിച്ചാൽ, നിങ്ങൾ പറയുന്നതെന്തെന്ന് മറ്റുള്ളവർ എങ്ങനെ ഗ്രഹിക്കും? നിങ്ങൾ വെറുതേ വായുവിനോടു സംസാരിക്കുന്നവരെപ്പോലെ ആകും!
1 കൊരിന്ത്യർ 14 : 10 (OCVML)
ലോകത്തിൽ വിവിധതരം ഭാഷകൾ ഉണ്ട്, എന്നാൽ അവയിൽ ഒന്നുപോലും നിരർഥകമല്ല.
1 കൊരിന്ത്യർ 14 : 11 (OCVML)
ഒരാൾ സംസാരിക്കുന്നതിന്റെ അർഥം എനിക്കു ഗ്രഹിക്കാൻ കഴിയുന്നില്ലെങ്കിൽ, അയാൾക്കു ഞാനും അയാൾ എനിക്കും വിദേശിയായിരിക്കും.
1 കൊരിന്ത്യർ 14 : 12 (OCVML)
നിങ്ങളെ സംബന്ധിച്ചും ഇങ്ങനെതന്നെ. നിങ്ങൾ ആത്മികദാനങ്ങൾ അഭിലഷിക്കുന്നുണ്ടല്ലോ; എങ്കിൽ സഭയുടെ പുരോഗതിക്കുതകുന്ന ദാനങ്ങളിൽ മികവു നേടുക.
1 കൊരിന്ത്യർ 14 : 13 (OCVML)
അതുകൊണ്ട് അജ്ഞാതഭാഷയിൽ സംസാരിക്കുന്നവൻ അയാൾ പറയുന്നതു വ്യാഖ്യാനിക്കാനുള്ള കഴിവിനുവേണ്ടിയും പ്രാർഥിക്കണം.
1 കൊരിന്ത്യർ 14 : 14 (OCVML)
ഞാൻ അജ്ഞാതഭാഷയിൽ പ്രാർഥിക്കുന്നെങ്കിൽ എന്റെ ആത്മാവുമാത്രം പ്രാർഥിക്കുന്നു, എന്റെ ബുദ്ധിയോ ഫലരഹിതമായിരിക്കുന്നു.
1 കൊരിന്ത്യർ 14 : 15 (OCVML)
അങ്ങനെയെങ്കിൽ എന്താണ് കരണീയം? ഞാൻ ആത്മാവുകൊണ്ടു പ്രാർഥിക്കും, ബുദ്ധികൊണ്ടും പ്രാർഥിക്കും; ആത്മാവുകൊണ്ടു പാടും, ബുദ്ധികൊണ്ടും പാടും.
1 കൊരിന്ത്യർ 14 : 16 (OCVML)
ആത്മാവുകൊണ്ടു നീ ദൈവത്തെ സ്തുതിക്കുമ്പോൾ ആ സ്ഥലത്ത് സന്നിഹിതനായിരിക്കുന്ന ഒരു അന്വേഷകൻ നിന്റെ സ്തോത്രാർപ്പണത്തിന് എങ്ങനെ “ആമേൻ” പറയും? നീ പറയുന്നത് അയാൾ മനസ്സിലാക്കുന്നില്ലല്ലോ?
1 കൊരിന്ത്യർ 14 : 17 (OCVML)
നീ നന്നായി സ്തോത്രം അർപ്പിക്കുന്നുണ്ടായിരിക്കാം, എന്നാൽ മറ്റാർക്കും ആത്മികോന്നതി ഉണ്ടാകുന്നില്ല.
1 കൊരിന്ത്യർ 14 : 18 (OCVML)
ഞാൻ നിങ്ങളെല്ലാവരെക്കാളും അധികമായി അജ്ഞാതഭാഷകളിൽ സംസാരിക്കുന്നതു കൊണ്ട് ദൈവത്തിനു സ്തോത്രംചെയ്യുന്നു.
1 കൊരിന്ത്യർ 14 : 19 (OCVML)
എന്നാൽ സഭയിൽ പതിനായിരം വാക്കുകൾ അജ്ഞാതഭാഷയിൽ സംസാരിക്കുന്നതിനെക്കാൾ, മറ്റുള്ളവരെ ഉപദേശിക്കാനായി ബുദ്ധികൊണ്ട് അഞ്ചു വാക്കു സംസാരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു.
1 കൊരിന്ത്യർ 14 : 20 (OCVML)
സഹോദരങ്ങളേ, ശിശുക്കളെപ്പോലെയല്ലാ ചിന്തിക്കേണ്ടത്. തിന്മയ്ക്ക് ശിശുക്കളും ചിന്തയിൽ മുതിർന്നവരും ആയിരിക്കുക.
1 കൊരിന്ത്യർ 14 : 21 (OCVML)
ന്യായപ്രമാണത്തിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: “ഇതരഭാഷക്കാരിലൂടെയും വിദേശികളുടെ അധരങ്ങളിലൂടെയും ഞാൻ ഈ ജനത്തോടു സംസാരിക്കും, എങ്കിലും അവർ എന്റെ വാക്കു കേൾക്കുകയില്ല,* യെശ. 28:11,12 QS4 എന്ന് കർത്താവ് അരുളിച്ചെയ്യുന്നു.”
1 കൊരിന്ത്യർ 14 : 22 (OCVML)
അങ്ങനെ അജ്ഞാതഭാഷകൾ വിശ്വാസികൾക്കല്ല, അവിശ്വാസികൾക്കാണ് ചിഹ്നമായിരിക്കുന്നത്. എന്നാൽ പ്രവചനവരം അവിശ്വാസികൾക്കല്ല, വിശ്വാസികൾക്കുവേണ്ടിയുള്ളതാണ്.
1 കൊരിന്ത്യർ 14 : 23 (OCVML)
അതുകൊണ്ട് സഭമുഴുവനും സമ്മേളിക്കുമ്പോൾ എല്ലാവരും അജ്ഞാതഭാഷകളിൽ സംസാരിച്ചാൽ, അന്വേഷകരോ അവിശ്വാസികളോ അകത്തു വന്നാൽ, നിങ്ങൾക്കു ചിത്തഭ്രമം പിടിപെട്ടിരിക്കുന്നെന്ന് അവർ പറയുകയില്ലേ?
1 കൊരിന്ത്യർ 14 : 24 (OCVML)
എന്നാൽ എല്ലാവരും പ്രവചിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു അവിശ്വാസിയോ ഒരു അന്വേഷകനോ അകത്തു വന്നാൽ, അയാൾക്ക് എല്ലാറ്റിനാലും പാപബോധമുണ്ടായിട്ട്, അയാൾ സ്വയം പരിശോധനാവിധേയനാകും;
1 കൊരിന്ത്യർ 14 : 25 (OCVML)
അയാളുടെ ഹൃദയത്തിലെ രഹസ്യങ്ങളും വെളിപ്പെടും; അയാൾ സാഷ്ടാംഗം വീണ്, “വാസ്തവമായി നിങ്ങളുടെ മധ്യത്തിൽ ദൈവം ഉണ്ട്” എന്നു പറഞ്ഞു ദൈവത്തെ ആരാധിക്കും.
1 കൊരിന്ത്യർ 14 : 26 (OCVML)
വ്യവസ്ഥിതമായ സഭായോഗം സഹോദരങ്ങളേ, അപ്പോൾ എന്താണു സാരാംശം? നിങ്ങൾ സമ്മേളിക്കുമ്പോൾ, ഒരാൾ കീർത്തനം ആലപിക്കുന്നു, മറ്റൊരാൾ ഉപദേശിക്കുന്നു, ഒരാൾ ദൈവികവെളിപ്പാടു പ്രസ്താവിക്കുന്നു, ഒരാൾ അജ്ഞാതഭാഷയിൽ സംസാരിക്കുന്നു, മറ്റൊരാൾ അതു വ്യാഖ്യാനിക്കുന്നു. എല്ലാം ആത്മികോന്നതിക്ക് ഉപകരിക്കേണ്ടതാണ്.
1 കൊരിന്ത്യർ 14 : 27 (OCVML)
അജ്ഞാതഭാഷയിൽ സംസാരിക്കുന്നെങ്കിൽ രണ്ടുപേരോ, കൂടിയാൽ മൂന്നുപേരോ സംസാരിക്കട്ടെ. അവർ ഓരോരുത്തരായി സംസാരിക്കുകയും ഒരാൾ വ്യാഖ്യാനിക്കുകയും വേണം.
1 കൊരിന്ത്യർ 14 : 28 (OCVML)
വ്യാഖ്യാതാവ് ഇല്ലാത്തപക്ഷം അജ്ഞാതഭാഷ സംസാരിക്കുന്നയാൾ സഭയിൽ മൗനമായിരുന്ന്, തന്നോടുതന്നെയും ദൈവത്തോടും സംസാരിക്കട്ടെ.
1 കൊരിന്ത്യർ 14 : 29 (OCVML)
രണ്ടോ മൂന്നോ പ്രവാചകർ സംസാരിക്കുകയും, മറ്റുള്ളവർ അവരുടെ വാക്കുകളെക്കുറിച്ച് പരിചിന്തനം ചെയ്യുകയും വേണം.
1 കൊരിന്ത്യർ 14 : 30 (OCVML)
ഉപവിഷ്ടരിൽ ഒരാൾക്ക് ഒരു വെളിപ്പാടു ലഭിച്ചാൽ സംസാരിച്ചുകൊണ്ടിരിക്കുന്നയാൾ അപ്പോൾ സംസാരം നിർത്തണം.
1 കൊരിന്ത്യർ 14 : 31 (OCVML)
എല്ലാവർക്കും പഠനവും പ്രോത്സാഹനവും ലഭിക്കത്തക്കവിധം ഓരോരുത്തരായി നിങ്ങൾക്കെല്ലാം പ്രവചിക്കാവുന്നതാണ്.
1 കൊരിന്ത്യർ 14 : 32 (OCVML)
പ്രവചനാത്മാവ് പ്രവാചകരുടെ നിയന്ത്രണത്തിന് അധീനമാണ്.
1 കൊരിന്ത്യർ 14 : 33 (OCVML)
ദൈവം അലങ്കോലത്തിന്റെ ദൈവമല്ല, സമാധാനത്തിന്റെ ദൈവമാണ്. വിശുദ്ധരുടെ സകലസഭകളിലും എന്നപോലെ,
1 കൊരിന്ത്യർ 14 : 34 (OCVML)
സ്ത്രീകൾ സഭായോഗങ്ങളിൽ നിശ്ശബ്ദരായിരിക്കണം. ന്യായപ്രമാണം അനുശാസിക്കുന്നതുപോലെ, അവർ കീഴ്പ്പെട്ടിരിക്കണം, സംസാരിക്കാൻ അവരെ അനുവദിച്ചിട്ടില്ല.
1 കൊരിന്ത്യർ 14 : 35 (OCVML)
എന്തെങ്കിലും പഠിക്കാൻ അവർ ആഗ്രഹിക്കുന്നെങ്കിൽ, ഭവനത്തിൽവെച്ചു സ്വന്തഭർത്താക്കന്മാരോടു ചോദിക്കട്ടെ; സ്ത്രീ സഭയിൽ സംസാരിക്കുന്നത് ലജ്ജാകരമാണ്.
1 കൊരിന്ത്യർ 14 : 36 (OCVML)
ദൈവവചനത്തിന്റെ ഉദ്ഭവം നിങ്ങളിൽനിന്നാണോ? അഥവാ, അത് എത്തിയിട്ടുള്ളത് നിങ്ങളുടെ അടുക്കൽവരെമാത്രമോ?
1 കൊരിന്ത്യർ 14 : 37 (OCVML)
ഒരു പ്രവാചകൻ എന്നോ ആത്മികകൃപാദാനങ്ങൾ ലഭിച്ചവനെന്നോ ആരെങ്കിലും സ്വയം കരുതുന്നെങ്കിൽ, ഞാൻ നിങ്ങൾക്ക് ഈ എഴുതുന്നത് കർത്താവിന്റെ കൽപ്പനയാണെന്ന് അയാൾ മനസ്സിലാക്കിക്കൊള്ളട്ടെ.
1 കൊരിന്ത്യർ 14 : 38 (OCVML)
അയാൾ ഇത് അവഗണിക്കുന്നു എങ്കിൽ അയാളും അവഗണിക്കപ്പെടും. ചി.കൈ.പ്ര. അയാൾക്ക് ഇത് അറിയുന്നില്ലെങ്കിൽ അറിവില്ലാത്തയാളായി തുടരട്ടെ.
1 കൊരിന്ത്യർ 14 : 39 (OCVML)
ആകയാൽ സഹോദരങ്ങളേ, പ്രവചനദാനം അഭിലഷിക്കുക, അജ്ഞാതഭാഷകളിൽ സംസാരിക്കുന്നതു തടയുകയുമരുത്.
1 കൊരിന്ത്യർ 14 : 40 (OCVML)
എല്ലാം യോഗ്യമായും വ്യവസ്ഥിതമായും നിർവഹിക്കപ്പെടട്ടെ.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40