1 ശമൂവേൽ 24 : 1 (OCVML)
ദാവീദ് ശൗലിന്റെ ജീവൻ സംരക്ഷിക്കുന്നു ഫെലിസ്ത്യരെ തുരത്തിയിട്ട് ശൗൽ മടങ്ങിവന്നപ്പോൾ, “ദാവീദ് എൻ-ഗെദി മരുഭൂമിയിലുണ്ട്” എന്ന് അദ്ദേഹത്തിന് അറിവുകിട്ടി.
1 ശമൂവേൽ 24 : 2 (OCVML)
ഇസ്രായേലിൽനിന്നെല്ലാമായി തെരഞ്ഞെടുത്ത മൂവായിരം ആളുകളെയും കൂട്ടി ശൗൽ ദാവീദിനെയും അനുയായികളെയും തെരയുന്നതിനായി കാട്ടാടിൻ പാറക്കെട്ടുകളുടെ അടുത്തേക്കുപോയി.
1 ശമൂവേൽ 24 : 3 (OCVML)
അദ്ദേഹം വഴിയരികിലുള്ള ആട്ടിൻതൊഴുത്തുകളുടെ അടുത്തെത്തി. അവിടെ ഒരു ഗുഹയുണ്ടായിരുന്നു. വിസർജനാവശ്യത്തിന് ശൗൽ അതിൽ കടന്നു. ദാവീദും ആളുകളും ആ ഗുഹയുടെ ഏറ്റവും ഉള്ളിലുണ്ടായിരുന്നു.
1 ശമൂവേൽ 24 : 4 (OCVML)
ദാവീദിന്റെ ഭൃത്യന്മാർ അദ്ദേഹത്തോട്: “ ‘ഞാൻ നിന്റെ ശത്രുവിനെ നിന്റെ കൈയിൽ ഏൽപ്പിച്ചുതരും; നിനക്കു ബോധിച്ചതുപോലെ അവനോടു ചെയ്യാം,’ എന്ന് യഹോവ അരുളിച്ചെയ്ത ദിനം ഇതാ വന്നെത്തിയിരിക്കുന്നു” എന്നു പറഞ്ഞു. അപ്പോൾ ദാവീദ് എഴുന്നേറ്റുചെന്ന് ശൗലിന്റെ മേലങ്കിയുടെ അറ്റം പതുക്കെ മുറിച്ചെടുത്തു.
1 ശമൂവേൽ 24 : 5 (OCVML)
അദ്ദേഹത്തിന്റെ മേലങ്കിയുടെ അറ്റം മുറിച്ചെടുത്തതിനാൽ പിന്നീടു ദാവീദിന് മനസ്സാക്ഷിക്കുത്തുണ്ടായി.
1 ശമൂവേൽ 24 : 6 (OCVML)
അദ്ദേഹം തന്റെ അനുയായികളോട്: “യഹോവയുടെ അഭിഷിക്തനായ എന്റെ യജമാനനുനേരേ ഇത്തരമൊരു കൃത്യം ചെയ്യാനോ അദ്ദേഹത്തിനെതിരേ കൈയുയർത്താനോ യഹോവ എന്നെ അനുവദിക്കാതിരിക്കട്ടെ. അദ്ദേഹം യഹോവയുടെ അഭിഷിക്തനാണല്ലോ.”
1 ശമൂവേൽ 24 : 7 (OCVML)
ഈ വാക്കുകൾകൊണ്ട് ദാവീദ് തന്റെ ആളുകളെ തടഞ്ഞു; ശൗലിനെ ആക്രമിക്കാൻ അവരെ അനുവദിച്ചതുമില്ല. ശൗൽ ഗുഹ വിട്ട് തന്റെ വഴിക്കു പോകുകയും ചെയ്തു.
1 ശമൂവേൽ 24 : 8 (OCVML)
അപ്പോൾ ദാവീദും ഗുഹവിട്ടിറങ്ങി പിന്നാലെചെന്ന്, “എന്റെ യജമാനനായ രാജാവേ!” എന്നു വിളിച്ചു. ശൗൽ പിറകോട്ടു തിരിഞ്ഞുനോക്കിയപ്പോൾ ദാവീദ് സാഷ്ടാംഗം വീണ് അദ്ദേഹത്തെ നമസ്കരിച്ചു.
1 ശമൂവേൽ 24 : 9 (OCVML)
അദ്ദേഹം ശൗലിനോടു പറഞ്ഞു: “ ‘ദാവീദ് അങ്ങയെ ദ്രോഹിക്കാൻ തുനിഞ്ഞിരിക്കുന്നു,’ എന്ന് ആളുകൾ പറയുന്ന വാക്കുകൾ അങ്ങെന്തിനു കേൾക്കുന്നു?
1 ശമൂവേൽ 24 : 10 (OCVML)
ഇന്ന് ഈ ഗുഹയിൽവെച്ച് യഹോവ എപ്രകാരം അങ്ങയെ എന്റെ കൈകളിൽ ഏൽപ്പിച്ചുതന്നു എന്ന് അങ്ങ് സ്വന്തം കണ്ണാലെ കണ്ടിരിക്കുന്നു. അങ്ങയെ വധിക്കണമെന്ന് ചിലർ എന്നെ നിർബന്ധിച്ചു. എന്നാൽ ഞാൻ അങ്ങയെ രക്ഷിച്ചു. ‘ഞാൻ എന്റെ യജമാനനെതിരേ കൈയുയർത്തുകയില്ല; കാരണം അദ്ദേഹം യഹോവയുടെ അഭിഷിക്തനാണ്,’ എന്നു ഞാൻ അവരോടു പറഞ്ഞു.
1 ശമൂവേൽ 24 : 11 (OCVML)
എന്റെ പിതാവേ, നോക്കൂ! എന്റെ കൈയിൽ അങ്ങയുടെ മേലങ്കിയുടെ ഒരു കഷണം കണ്ടാലും! ഞാനങ്ങയുടെ മേലങ്കിയുടെ അറ്റം മുറിച്ചെടുക്കുകയും അങ്ങയെ കൊല്ലാതിരിക്കുകയും ചെയ്തതിനാൽ ഞാൻ തെറ്റുകാരനോ ദ്രോഹിയോ അല്ലെന്ന് അങ്ങ് മനസ്സിലാക്കിയാലും. എന്നാൽ അങ്ങ് എന്റെ ജീവനെ വേട്ടയാടി നടക്കുന്നു.
1 ശമൂവേൽ 24 : 12 (OCVML)
അങ്ങേക്കും എനിക്കും മധ്യേ യഹോവ ന്യായംവിധിക്കട്ടെ. അങ്ങ് എന്നോടു ചെയ്യുന്ന ദ്രോഹത്തിന് യഹോവ പകരം ചോദിക്കട്ടെ. എന്നാൽ എന്റെ കൈ അങ്ങയുടെമേൽ വീഴുകയില്ല.
1 ശമൂവേൽ 24 : 13 (OCVML)
‘ദുഷ്ടത ദുഷ്ടനിൽനിന്ന് വരുന്നു,’ എന്നല്ലോ പഴമൊഴി. അതുകൊണ്ട് എന്റെ കൈ അങ്ങയുടെമേൽ വീഴുകയില്ല.
1 ശമൂവേൽ 24 : 14 (OCVML)
“ഇസ്രായേൽരാജാവ് ആർക്കെതിരേയാണു പുറപ്പെട്ടിരിക്കുന്നത്? ആരെയാണ് അങ്ങ് പിൻതുടരുന്നത്? ഒരു ചത്ത പട്ടിയെ, ഒരു ചെള്ളിനെയല്ലേ?
1 ശമൂവേൽ 24 : 15 (OCVML)
യഹോവ നമുക്ക് ന്യായാധിപനായിരുന്ന് ആരുടെ വശത്താണ് ന്യായം എന്ന് വിധിക്കട്ടെ! അവിടന്ന് എന്റെ ഭാഗം പരിഗണിച്ച് അതു ശരിയെന്ന് വിധിക്കട്ടെ! അങ്ങയുടെ കൈയിൽനിന്ന് എന്നെ രക്ഷിച്ചുകൊണ്ട് യഹോവ എന്നെ കുറ്റവിമുക്തനാക്കട്ടെ!”
1 ശമൂവേൽ 24 : 16 (OCVML)
ദാവീദ് ഈ വാക്കുകൾ പറഞ്ഞുതീർന്നപ്പോൾ “എന്റെ മകനേ! ദാവീദേ! ഇതു നിന്റെ സ്വരമോ?” എന്നു ചോദിച്ച് ശൗൽ പൊട്ടിക്കരഞ്ഞു.
1 ശമൂവേൽ 24 : 17 (OCVML)
അദ്ദേഹം പറഞ്ഞു: “നീ എന്നെക്കാൾ നീതിമാൻ! ഞാൻ നിന്നോടു തിന്മ പ്രവർത്തിച്ചു; എന്നാൽ നീയോ, നന്മ പകരം ചെയ്തിരിക്കുന്നു.
1 ശമൂവേൽ 24 : 18 (OCVML)
എന്റെനേരേ പ്രവർത്തിച്ച നന്മ നീയിപ്പോൾ പ്രസ്താവിച്ചല്ലോ! യഹോവ എന്നെ നിന്റെ കൈയിൽ ഏൽപ്പിച്ചു; നീയോ, എന്നെ കൊന്നുകളഞ്ഞില്ല.
1 ശമൂവേൽ 24 : 19 (OCVML)
ശത്രുവിനെ കൈയിൽ കിട്ടിയാൽ ആരെങ്കിലും അവനെ വെറുതേ വിടുമോ? നീ ഇന്ന് എന്റെനേരേ കാണിച്ച നന്മയ്ക്ക് യഹോവ പ്രതിഫലം നൽകുമാറാകട്ടെ!
1 ശമൂവേൽ 24 : 20 (OCVML)
നീ രാജാവാകുമെന്നും ഇസ്രായേലിന്റെ രാജത്വം നിന്റെ കരങ്ങളിൽ സ്ഥിരമാകുമെന്നും ഞാനറിയുന്നു.
1 ശമൂവേൽ 24 : 21 (OCVML)
എന്റെ പിൻഗാമികളെ നീ ഛേദിച്ചുകളയുകയില്ലെന്നും എന്റെ പിതൃഭവനത്തിൽനിന്നും എന്റെ പേരു തുടച്ചുമാറ്റുകയില്ലെന്നും ഇപ്പോൾ യഹോവയുടെ നാമത്തിൽ ശപഥംചെയ്യുക.”
1 ശമൂവേൽ 24 : 22 (OCVML)
അങ്ങനെ ദാവീദ് ശൗലിനോടു ശപഥംചെയ്തു. അതിനുശേഷം ശൗൽ തന്റെ കൊട്ടാരത്തിലേക്കു മടങ്ങിപ്പോയി. ദാവീദും അനുയായികളും തങ്ങളുടെ സങ്കേതത്തിലേക്കും മടങ്ങി.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22