2 കൊരിന്ത്യർ 4 : 1 (OCVML)
മൺപാത്രങ്ങളിലെ നിക്ഷേപം ഞങ്ങൾക്ക് ഈ ആത്മികശുശ്രൂഷ ലഭിച്ചിരിക്കുന്നത് ദൈവത്തിന്റെ കരുണയാൽ ആയതുകൊണ്ട് ഞങ്ങൾ അധൈര്യപ്പെടുന്നതേയില്ല.
2 കൊരിന്ത്യർ 4 : 2 (OCVML)
ഞങ്ങൾ ലജ്ജാകരമായ രഹസ്യപ്രവൃത്തികളും വഞ്ചനയും പ്രയോഗിക്കുന്നില്ല. ദൈവവചനം വികലമായി വ്യാഖ്യാനിക്കുന്നതുമില്ല. മറിച്ച്, അതിലെ സത്യം വ്യക്തമാക്കിക്കൊണ്ട് എല്ലാ മനുഷ്യരുടെയും മനസ്സാക്ഷിക്കുമുമ്പാകെ സ്വീകാര്യമാകേണ്ടതിന് ഞങ്ങൾ ഞങ്ങളെത്തന്നെ ദൈവസന്നിധിയിൽ സമർപ്പിക്കുന്നു.
2 കൊരിന്ത്യർ 4 : 3 (OCVML)
ഞങ്ങൾ പ്രസംഗിക്കുന്ന സുവിശേഷം മറഞ്ഞിരിക്കുന്നു എങ്കിൽ അത് നശിച്ചുകൊണ്ടിരിക്കുന്നവർക്കു മാത്രമാണ്.
2 കൊരിന്ത്യർ 4 : 4 (OCVML)
അവിശ്വാസികളായ അവരുടെ മനസ്സ് ഈ ലോകത്തിന്റെ ദൈവമായ പിശാച് അന്ധമാക്കിയിരിക്കുന്നു; അത് ദൈവപ്രതിരൂപമായ ക്രിസ്തുവിന്റെ തേജസ്സുള്ള സുവിശേഷത്തിന്റെ പ്രകാശം അവരുടെമേൽ പ്രകാശിക്കാതിരിക്കേണ്ടതിനാണ്.
2 കൊരിന്ത്യർ 4 : 5 (OCVML)
ഞങ്ങളുടെ പ്രസംഗം ഞങ്ങളെക്കുറിച്ചല്ല; പിന്നെയോ, കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ചാണ്. ഞങ്ങൾ യേശുവിനുവേണ്ടി നിങ്ങളുടെ ദാസന്മാർമാത്രമാണ്.
2 കൊരിന്ത്യർ 4 : 6 (OCVML)
“ഇരുളിൽനിന്ന് പ്രകാശം ഉദിക്കട്ടെ”* ഉൽ. 1:3 എന്നു കൽപ്പിച്ച ദൈവംതന്നെയാണ് യേശുക്രിസ്തുവിന്റെ മുഖത്ത് തിളങ്ങിയ ദൈവതേജസ്സ് ഗ്രഹിക്കാനുള്ള പ്രകാശം ഞങ്ങളുടെ ഹൃദയങ്ങളിൽ തന്നിരിക്കുന്നത്.
2 കൊരിന്ത്യർ 4 : 7 (OCVML)
എന്നാൽ, സർവോന്നതമായ ഈ ശക്തി ഞങ്ങളുടേതല്ല, ദൈവത്തിന്റേതുതന്നെ എന്നുവരേണ്ടതിന് മൺപാത്രങ്ങളായിരിക്കുന്ന ഞങ്ങളിലാണ് നിക്ഷേപിച്ചിരിക്കുന്നത്.
2 കൊരിന്ത്യർ 4 : 8 (OCVML)
ഞങ്ങൾ സകലവിധത്തിലും കഷ്ടത അനുഭവിക്കുന്നുണ്ടെങ്കിലും പാടേ തകർന്നുപോകുന്നില്ല. ആകാംക്ഷാഭരിതരെങ്കിലും നിരാശപ്പെടുന്നില്ല.
2 കൊരിന്ത്യർ 4 : 9 (OCVML)
പീഡിതരെങ്കിലും പരിത്യക്തരല്ല; അടിയേറ്റുവീഴുന്നവരെങ്കിലും നശിച്ചുപോകുന്നില്ല.
2 കൊരിന്ത്യർ 4 : 10 (OCVML)
യേശുവിന്റെ ജീവൻ ഞങ്ങളുടെ ശരീരങ്ങളിൽ പ്രകടമാകാൻ ഞങ്ങൾ എപ്പോഴും യേശുവിന്റെ മരണം ഞങ്ങളുടെ ശരീരങ്ങളിൽ വഹിക്കുന്നു.
2 കൊരിന്ത്യർ 4 : 11 (OCVML)
അതായത്, ഞങ്ങൾ ജീവനോടിരിക്കുമ്പോൾത്തന്നെ യേശുവിന്റെ ജീവൻ ഞങ്ങളുടെ മർത്യശരീരങ്ങളിൽ പ്രകടമാകേണ്ടതിന്, ഞങ്ങൾ യേശുനിമിത്തം ദാസന്മാർ എന്നതിനാൽ മരണത്തിന് എപ്പോഴും ഏൽപ്പിക്കപ്പെടുന്നു.
2 കൊരിന്ത്യർ 4 : 12 (OCVML)
അങ്ങനെ ഞങ്ങൾ നിരന്തരം അഭിമുഖീകരിക്കുന്നത് മരണം; എന്നാൽ അതുമൂലം നിങ്ങൾ നേടുന്നത് നിത്യജീവൻ.
2 കൊരിന്ത്യർ 4 : 13 (OCVML)
“ഞാൻ വിശ്വസിച്ചു; അതുകൊണ്ട് ഞാൻ സംസാരിച്ചു” സങ്കീ. 116:10 എന്ന് എഴുതിയിരിക്കുന്നു: ‡ ഈ പ്രയോഗം പഴയനിയമഗ്രന്ഥത്തിൽനിന്നുള്ള ഉദ്ധരണിയെ സൂചിപ്പിക്കുന്നു. വിശ്വാസത്തിന്റെ അതേ ആത്മാവിനാൽ ഞങ്ങളും വിശ്വസിക്കുകയും സംസാരിക്കുകയുംചെയ്യുന്നു.
2 കൊരിന്ത്യർ 4 : 14 (OCVML)
കാരണം, കർത്താവായ യേശുവിനെ മരിച്ചവരിൽനിന്നു ജീവിപ്പിച്ചവൻ ഞങ്ങളെയും യേശുവിനോടുകൂടെ ജീവിപ്പിച്ച് നിങ്ങളോടൊപ്പം തന്റെ സന്നിധിയിൽ നിർത്തുമെന്നു ഞങ്ങൾ അറിയുന്നു.
2 കൊരിന്ത്യർ 4 : 15 (OCVML)
ഇതെല്ലാം നിങ്ങളുടെ പ്രയോജനത്തിനായിത്തന്നെയാണല്ലോ; ഇതിനാൽ അധികമധികം ആളുകൾക്കു കൃപ ലഭിക്കാനും അതുനിമിത്തം ദൈവമഹത്ത്വത്തിനായി അവരിൽനിന്ന് സ്തുതിസ്തോത്രങ്ങൾ നിറഞ്ഞുകവിയാനും ഇടയാകുമല്ലോ.
2 കൊരിന്ത്യർ 4 : 16 (OCVML)
അതുകൊണ്ടു ഞങ്ങൾ അധൈര്യപ്പെടുന്നില്ല. ഞങ്ങളുടെ ബാഹ്യമനുഷ്യൻ (ശരീരം) ക്ഷയിച്ചുകൊണ്ടിരിക്കുന്നെങ്കിലും ആന്തരികമനുഷ്യൻ (ആത്മാവ്) അനുദിനം നവീകരിക്കപ്പെടുന്നു.
2 കൊരിന്ത്യർ 4 : 17 (OCVML)
ലഘുവും ക്ഷണികവുമായ ഞങ്ങളുടെ കഷ്ടതകൾ, അത്യന്തം ഘനമേറിയ നിത്യതേജസ്സ് ഞങ്ങൾക്കു നേടിത്തരുന്നു.
2 കൊരിന്ത്യർ 4 : 18 (OCVML)
അതുകൊണ്ട്, ദൃശ്യമായതിനെ അല്ല, അദൃശ്യമായതിനെ ഞങ്ങൾ കാത്തുകൊണ്ടിരിക്കുന്നു. ദൃശ്യമായത് താൽക്കാലികം, അദൃശ്യമായതോ നിത്യം.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18