2 കൊരിന്ത്യർ 7 : 1 (OCVML)
2 കൊരിന്ത്യർ 7 : 2 (OCVML)
പ്രിയസ്നേഹിതരേ, ഈ വാഗ്ദാനങ്ങൾ നമുക്കു നൽകപ്പെട്ടിരിക്കുന്നതിനാൽ ശരീരത്തെയും ആത്മാവിനെയും മലിനമാക്കുന്ന എല്ലാറ്റിൽനിന്നും നമ്മെത്തന്നെ ശുദ്ധീകരിച്ചുകൊണ്ട് ദൈവഭക്തിയിലൂടെ വിശുദ്ധിയുടെ പരിപൂർണതയിലെത്തിച്ചേരാം. പൗലോസിന്റെ ആനന്ദം നിങ്ങളുടെ ഹൃദയങ്ങളിൽ ഞങ്ങൾക്ക് ഇടം നൽകുക. ഞങ്ങൾ ആരോടും അന്യായം പ്രവർത്തിച്ചിട്ടില്ല. ആരെയും വഴിതെറ്റിച്ചിട്ടില്ല, ആരെയും ചൂഷണം ചെയ്തിട്ടുമില്ല.
2 കൊരിന്ത്യർ 7 : 3 (OCVML)
നിങ്ങളെ കുറ്റം വിധിക്കാനല്ല ഞാൻ ഇതു പറയുന്നത്. ഞങ്ങൾ നിങ്ങളോടൊപ്പം ജീവിക്കാനും മരിക്കാനും ഒരുക്കമാണ്; അത്രമാത്രം ഞങ്ങൾ നിങ്ങളെ സ്വന്തം ഹൃദയങ്ങളിൽ പ്രതിഷ്ഠിച്ചിരിക്കുന്നെന്നു ഞാൻ മുമ്പേ പറഞ്ഞിട്ടുണ്ടല്ലോ.
2 കൊരിന്ത്യർ 7 : 4 (OCVML)
എനിക്കു നിങ്ങളിൽ പരിപൂർണവിശ്വാസമുണ്ട്. നിങ്ങളെ സംബന്ധിച്ച് ഞാൻ അത്യന്തം അഭിമാനിക്കുന്നു. ഞാൻ വളരെ പ്രോത്സാഹിതനായിരിക്കുന്നു. ഞങ്ങളുടെ കഷ്ടതകളിലെല്ലാം നിങ്ങളെ ഓർക്കുമ്പോൾ എനിക്ക് അളവറ്റ ആനന്ദം ഉണ്ട്.
2 കൊരിന്ത്യർ 7 : 5 (OCVML)
മക്കദോന്യയിൽ വന്നപ്പോൾ ഞങ്ങളുടെ ശരീരത്തിന് ഒരു സ്വസ്ഥതയും ഉണ്ടായിരുന്നില്ല; പുറമേ സംഘർഷവും ഉള്ളിൽ ഭയവും വരുംവിധം എല്ലാത്തരത്തിലും പീഡനമാണുണ്ടായത്.
2 കൊരിന്ത്യർ 7 : 6 (OCVML)
എങ്കിലും എളിയവരെ ആശ്വസിപ്പിക്കുന്ന ദൈവം, തീത്തോസിന്റെ വരവിനാൽ ഞങ്ങളെ ആശ്വസിപ്പിച്ചു.
2 കൊരിന്ത്യർ 7 : 7 (OCVML)
അയാളുടെ വരവുമാത്രമല്ല, നിങ്ങൾ അയാൾക്കു നൽകിയ ആശ്വാസവും ഞങ്ങളുടെ ആശ്വാസത്തിനു കാരണമായിത്തീർന്നു. എന്നെ കാണാനുള്ള നിങ്ങളുടെ അഭിവാഞ്ഛയും തീവ്രദുഃഖവും എന്നെക്കുറിച്ചുള്ള അതീവതാത്പര്യവും അയാൾ ഞങ്ങളെ അറിയിച്ചു. അങ്ങനെ എന്റെ ആനന്ദം അധികം വർധിച്ചു.
2 കൊരിന്ത്യർ 7 : 8 (OCVML)
എന്റെ ലേഖനത്താൽ ഞാൻ നിങ്ങളെ ദുഃഖിപ്പിച്ചു; അതിൽ എനിക്കു ഖേദം തൊന്നിയിരുന്നെങ്കിലും ഇപ്പോൾ ഞാൻ അതെക്കുറിച്ച് ഖേദിക്കുന്നില്ല. ആ ലേഖനം നിങ്ങളെ അൽപ്പസമയത്തേക്കു മുറിപ്പെടുത്തി എന്നു ഞാൻ മനസ്സിലാക്കുന്നു.
2 കൊരിന്ത്യർ 7 : 9 (OCVML)
എന്നാൽ, ഇപ്പോൾ ഞാൻ ആനന്ദിക്കുന്നു; നിങ്ങൾ ദുഃഖിച്ചതിലല്ല, ആ ദുഃഖം നിങ്ങളെ മാനസാന്തരത്തിലേക്കു നയിച്ചു എന്നതിലാണ് എന്റെ ആനന്ദം. ദൈവഹിതപ്രകാരം നിങ്ങൾ അനുതപിച്ചതിനാൽ ഞങ്ങൾമൂലം നിങ്ങൾക്ക് ഒരു നഷ്ടവും ഉണ്ടായില്ല.
2 കൊരിന്ത്യർ 7 : 10 (OCVML)
ദൈവഹിതപ്രകാരമുള്ള അനുതാപം രക്ഷയിലേക്കു നയിക്കുന്ന മാനസാന്തരം ഉണ്ടാക്കുന്നു; അതിനെപ്പറ്റി ഖേദിക്കേണ്ടിവരുന്നില്ല. എന്നാൽ, ലൗകികമായ അനുതാപം മരണത്തിലേക്കു നയിക്കുന്നതാണ്.
2 കൊരിന്ത്യർ 7 : 11 (OCVML)
ദൈവികമായ ഈ ദുഃഖം നിങ്ങളിൽ ഉത്സാഹം, നിരപരാധിത്വം തെളിയിക്കാനുള്ള ശുഷ്കാന്തി, ധാർമികരോഷം, ഭയം, അഭിവാഞ്ഛ, തീക്ഷ്ണത, നീതിബോധം തുടങ്ങിയവയെല്ലാം എത്രയധികം ഉളവാക്കി എന്നറിയുക. ഇവയാൽ നിങ്ങൾ നിഷ്കളങ്കരെന്നു സ്വയം തെളിയിച്ചിരിക്കുന്നു.
2 കൊരിന്ത്യർ 7 : 12 (OCVML)
ഞാൻ ആ കത്ത് നിങ്ങൾക്ക് എഴുതിയത് ആ ദ്രോഹം പ്രവർത്തിച്ച വ്യക്തിയെയോ ദ്രോഹം സഹിച്ച വ്യക്തിയെയോ ഉദ്ദേശിച്ച് ആയിരുന്നില്ല; പിന്നെയോ, ഞങ്ങളോടു നിങ്ങൾക്കുള്ള സ്നേഹാദരങ്ങൾ എത്രയെന്നു ദൈവസന്നിധിയിൽ, നിങ്ങൾക്കുതന്നെ കണ്ടു മനസ്സിലാക്കാൻവേണ്ടി ആയിരുന്നു.
2 കൊരിന്ത്യർ 7 : 13 (OCVML)
ഇതെല്ലാം ഞങ്ങളെ ധൈര്യപ്പെടുത്തിയിരിക്കുന്നു. ഞങ്ങൾക്കു ലഭിച്ച പ്രോത്സാഹനത്തിനു പുറമേ, നിങ്ങൾ തീത്തോസിന്റെ ഹൃദയത്തെ സമാശ്വസിപ്പിച്ചതിലൂടെ അവനുണ്ടായ ആനന്ദത്തിൽ ഞങ്ങളും അത്യന്തം ആനന്ദിച്ചു.
2 കൊരിന്ത്യർ 7 : 14 (OCVML)
ഞാൻ നിങ്ങളെക്കുറിച്ചു പ്രശംസാപൂർവം അവനോടു സംസാരിച്ചിരുന്നു; നിങ്ങൾ എനിക്കു ലജ്ജിക്കാൻ ഇടവരുത്തിയില്ല. ഞങ്ങൾ നിങ്ങളോടു സംസാരിച്ചതെല്ലാം സത്യമായിരുന്നതുപോലെ, തീത്തോസിനോടു നിങ്ങളെപ്പറ്റി പ്രശംസിച്ചതും സത്യമെന്നു തെളിഞ്ഞിരിക്കുന്നു.
2 കൊരിന്ത്യർ 7 : 15 (OCVML)
നിങ്ങൾ എത്ര അനുസരണയുള്ളവരായിരുന്നെന്നും എത്ര ഭയത്തോടും വിറയലോടും കൂടെയാണു നിങ്ങൾ അവനെ സ്വീകരിച്ചതെന്നും ഓർക്കുമ്പോൾ നിങ്ങളോടുള്ള അവന്റെ സ്നേഹം വളരെ വർധിക്കുന്നു.
2 കൊരിന്ത്യർ 7 : 16 (OCVML)
അങ്ങനെ എനിക്ക് നിങ്ങളിൽ പരിപൂർണവിശ്വാസമർപ്പിക്കാൻ കഴിയുമെന്നതിൽ ഞാൻ ആനന്ദിക്കുന്നു.
❮
❯
1
2
3
4
5
6
7
8
9
10
11
12
13
14
15
16