2 കൊരിന്ത്യർ 8 : 1 (OCVML)
വിശ്വാസികൾക്കായുള്ള ധനശേഖരം സഹോദരങ്ങളേ, മക്കദോന്യയിലെ സഭകൾക്കു ദൈവം നൽകിയ കൃപയെപ്പറ്റി നിങ്ങൾ അറിഞ്ഞിരിക്കണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു.
2 കൊരിന്ത്യർ 8 : 2 (OCVML)
കഷ്ടതകളാകുന്ന തീവ്രപരീക്ഷണങ്ങളുടെ മധ്യത്തിലായിരുന്നിട്ടും, അവരുടെ ആനന്ദസമൃദ്ധിയും കഠിനദാരിദ്ര്യവും ഒത്തുചേർന്ന് അവരുടെ ഉദാരത ഒരു വലിയ സമ്പത്തായി കവിഞ്ഞൊഴുകി.
2 കൊരിന്ത്യർ 8 : 3 (OCVML)
തങ്ങളുടെ കഴിവനുസരിച്ചും അതിനപ്പുറവും അവർ ദാനംചെയ്ത് എന്നതിനു ഞാൻ സാക്ഷി.
2 കൊരിന്ത്യർ 8 : 4 (OCVML)
വിശ്വാസികൾക്കുവേണ്ടിയുള്ള ഈ ധനശേഖരശുശ്രൂഷയിൽ പങ്കു വഹിക്കുക എന്ന പദവിക്കായി അവർ ഒരു ബാഹ്യസമ്മർദവുംകൂടാതെതന്നെ ഞങ്ങളോട് വളരെ അപേക്ഷിച്ചു.
2 കൊരിന്ത്യർ 8 : 5 (OCVML)
ഇവയെല്ലാം ഞങ്ങളുടെ പ്രതീക്ഷയ്ക്കും അപ്പുറമായിരുന്നു, അവർ ആദ്യം ദൈവഹിതപ്രകാരം കർത്താവിനു തങ്ങളെത്തന്നെ സമർപ്പിച്ചതുപോലെ ഞങ്ങൾക്കായും അപ്രകാരംചെയ്തു.
2 കൊരിന്ത്യർ 8 : 6 (OCVML)
അതുകൊണ്ടു തീത്തോസ് ആരംഭിച്ചിട്ടുണ്ടായിരുന്ന ദാനശേഖരണം നിങ്ങളുടെ മധ്യത്തിൽ പൂർത്തീകരിക്കണമെന്ന് ഞങ്ങൾ അയാളോട് അപേക്ഷിച്ചു.
2 കൊരിന്ത്യർ 8 : 7 (OCVML)
വിശ്വാസം, പ്രസംഗം, പരിജ്ഞാനം, തികഞ്ഞ ഉത്സാഹം, ഞങ്ങളോടുള്ള സ്നേഹം എന്നിങ്ങനെ എല്ലാറ്റിലും നിങ്ങൾ മികച്ചുനിൽക്കുന്നതുപോലെ, ദാനധർമത്തിന്റെ കാര്യത്തിലും ഏറ്റവും മുന്നിലായിരിക്കണം.
2 കൊരിന്ത്യർ 8 : 8 (OCVML)
ഞാൻ നിങ്ങളോട് ആജ്ഞാപിക്കുകയല്ല, എന്നാൽ മറ്റുള്ളവർ കാട്ടുന്ന ഉത്സാഹത്തോട് നിങ്ങളുടെ സ്നേഹത്തിന്റെ ആത്മാർഥത തുലനംചെയ്തു പരിശോധിക്കാൻ ആഗ്രഹിക്കുകയാണ്.
2 കൊരിന്ത്യർ 8 : 9 (OCVML)
നമ്മുടെ കർത്താവായ യേശുക്രിസ്തു സമ്പന്നൻ ആയിരുന്നിട്ടും നിങ്ങൾക്കുവേണ്ടി ദരിദ്രനായിത്തീർന്ന കൃപ നിങ്ങൾ അറിയുന്നല്ലോ. അവിടത്തെ ദാരിദ്ര്യത്തിലൂടെ നിങ്ങൾ സമ്പന്നരായിത്തീരേണ്ടതിനാണ് അവിടന്ന് അപ്രകാരം പ്രവർത്തിച്ചത്.
2 കൊരിന്ത്യർ 8 : 10 (OCVML)
(10-11)ഈ കാര്യത്തിൽ നിങ്ങൾക്കുള്ള എന്റെ ഉപദേശം ഇതാണ്: നിങ്ങൾ ആരംഭിച്ചതു നിങ്ങളുടെ കഴിവിനൊത്തവണ്ണം ഇപ്പോൾ പൂർത്തിയാക്കുകയാണ് ഏറ്റവും പ്രയോജനപ്രദം. ഏറ്റവും ആദ്യം സംഭാവന നൽകിയതും നൽകാൻ ആഗ്രഹിച്ചതും നിങ്ങളാണല്ലോ. ഒരുവർഷംമുമ്പ് നിങ്ങൾ അത് ആരംഭിച്ചു. അങ്ങനെ ഇക്കാര്യം ചെയ്യുന്നതിനുള്ള ആകാംക്ഷാപൂർവമായ നിങ്ങളുടെ താത്പര്യംകൂടി പൂർത്തീകരിക്കപ്പെടും.
2 കൊരിന്ത്യർ 8 : 11 (OCVML)
2 കൊരിന്ത്യർ 8 : 12 (OCVML)
ഒരാൾക്കു താത്പര്യമുള്ളപക്ഷം അയാളുടെ കഴിവിനപ്പുറമായല്ല, കഴിവിനനുസൃതമായി അയാൾ നൽകുന്ന സംഭാവന സ്വീകാര്യമായിരിക്കും.
2 കൊരിന്ത്യർ 8 : 13 (OCVML)
നിങ്ങളെ ബുദ്ധിമുട്ടിച്ചു മറ്റുള്ളവരെ സുഭിക്ഷരാക്കണമെന്നല്ല, സമത്വം ഉണ്ടാകണം എന്നതാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.
2 കൊരിന്ത്യർ 8 : 14 (OCVML)
ഇപ്പോൾ നിങ്ങളുടെ സമൃദ്ധി അവരുടെ ആവശ്യങ്ങൾ നിർവഹിക്കാനും പിന്നീട് അവരുടെ സമൃദ്ധി നിങ്ങളുടെ ആവശ്യങ്ങൾ നിർവഹിക്കാനും സഹായകമാകും; അങ്ങനെ സമത്വമുണ്ടാകും.
2 കൊരിന്ത്യർ 8 : 15 (OCVML)
“കൂടുതൽ ശേഖരിച്ചവർക്കു കൂടുതലോ കുറച്ചു ശേഖരിച്ചവർക്കു കുറവോ കണ്ടില്ല”* പുറ. 16:18 എന്ന് എഴുതിയിരിക്കുന്നതുപോലെതന്നെ.
2 കൊരിന്ത്യർ 8 : 16 (OCVML)
തീത്തോസിനെ കൊരിന്തിലേക്ക് അയയ്ക്കുന്നു നിങ്ങളെക്കുറിച്ച് എനിക്കുള്ള അതേ ശുഷ്കാന്തി തീത്തോസിന്റെ ഹൃദയത്തിലും നൽകിയ ദൈവത്തിനു സ്തോത്രം.
2 കൊരിന്ത്യർ 8 : 17 (OCVML)
തീത്തോസ് ഞങ്ങളുടെ അഭ്യർഥന സ്വീകരിച്ചെന്നുമാത്രമല്ല, വളരെ ഉത്സാഹത്തോടെ, ബാഹ്യസമ്മർദമൊന്നും കൂടാതെതന്നെയാണ് നിങ്ങളുടെ അടുത്തേക്കു വരുന്നത്.
2 കൊരിന്ത്യർ 8 : 18 (OCVML)
ഞങ്ങൾ അയാളോടൊപ്പം മറ്റൊരു സഹോദരനെയും അയയ്ക്കുന്നു. ആ സഹോദരൻ സുവിശേഷത്തിനുവേണ്ടിയുള്ള തന്റെ ശുശ്രൂഷയാൽ സകലസഭയുടെയും പ്രശംസയ്ക്കു പാത്രമായിത്തീർന്നിട്ടുള്ളയാളാണ്.
2 കൊരിന്ത്യർ 8 : 19 (OCVML)
തന്നെയുമല്ല, കർത്താവിനെ മഹത്ത്വപ്പെടുത്താനും സഹായിക്കാനുള്ള നമ്മുടെ സന്മനസ്സ് പ്രകടമാക്കാനും നിർവഹിക്കുന്ന ഈ ശുശ്രൂഷയിൽ സഹായിയായി ഞങ്ങളോടൊപ്പം സഞ്ചരിക്കാൻ സഭകളാൽ തെരഞ്ഞെടുക്കപ്പെട്ടവ്യക്തിയാണ് അദ്ദേഹം.
2 കൊരിന്ത്യർ 8 : 20 (OCVML)
(20-21)ഞങ്ങളുടെ കൈയിൽ വന്നുചേരുന്ന ഉദാരമായ സംഭാവന കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച് ഒരാക്ഷേപവും ഉണ്ടാകരുതെന്നു ഞങ്ങൾ അതിയായി ആഗ്രഹിക്കുന്നതുകൊണ്ട് കർത്തൃസന്നിധിയിൽമാത്രമല്ല മനുഷ്യരുടെമുമ്പാകെയും യോഗ്യമായതുമാത്രമേ ചെയ്യുകയുള്ളൂ എന്നാണ് തീരുമാനിച്ചിട്ടുള്ളത്.
2 കൊരിന്ത്യർ 8 : 21 (OCVML)
2 കൊരിന്ത്യർ 8 : 22 (OCVML)
പല കാര്യങ്ങളിലും ജാഗ്രതയുള്ളവനെന്നു ഞങ്ങൾ പലപ്പോഴും പരീക്ഷിച്ചറിഞ്ഞ ഞങ്ങളുടെ സഹോദരനെയും അവരോടൊപ്പം അയയ്ക്കുന്നു. അദ്ദേഹത്തിനു നിങ്ങളിലുള്ള വിശ്വാസംമൂലം ഇപ്പോൾ അദ്ദേഹം കൂടുതൽ ഉത്സാഹിയാണ്.
2 കൊരിന്ത്യർ 8 : 23 (OCVML)
തീത്തോസ് എന്റെ കൂട്ടാളിയും നിങ്ങളുടെ ഇടയിൽ എന്റെ സഹപ്രവർത്തകനുമാണ്; മറ്റു സഹോദരന്മാരോ, സഭകളാൽ അയയ്ക്കപ്പെട്ടവരും ക്രിസ്തുവിന്റെ മഹിമയ്ക്കു കാരണമാകുന്നവരുമാണ്.
2 കൊരിന്ത്യർ 8 : 24 (OCVML)
അതുകൊണ്ട്, ഈ ആളുകളോടു നിങ്ങൾക്കുള്ള സ്നേഹവും നിങ്ങളിൽ ഞങ്ങൾക്കുള്ള അഭിമാനവും സഭകളുടെമുമ്പിൽ തെളിയിച്ചുകൊടുക്കുക.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24