2 രാജാക്കന്മാർ 3 : 1 (OCVML)
മോവാബ് മത്സരിക്കുന്നു ആഹാബിന്റെ മകനായ യോരാം, യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ ഭരണത്തിന്റെ പതിനെട്ടാംവർഷത്തിൽ ശമര്യയിൽ ഇസ്രായേലിന്റെ രാജാവായി അധികാരമേറ്റു; അദ്ദേഹം പന്ത്രണ്ടുവർഷം ഇസ്രായേലിൽ ഭരണംനടത്തി.
2 രാജാക്കന്മാർ 3 : 2 (OCVML)
യഹോവയുടെ ദൃഷ്ടിയിൽ തിന്മയായുള്ളത് അദ്ദേഹം പ്രവർത്തിച്ചു; എങ്കിലും, തന്റെ മാതാപിതാക്കളെപ്പോലെ ആയിരുന്നില്ല. തന്റെ പിതാവു നിർമിച്ച ബാലിന്റെ ആചാരസ്തൂപം അദ്ദേഹം തകർത്തുകളഞ്ഞു.
2 രാജാക്കന്മാർ 3 : 3 (OCVML)
എന്നിരുന്നാലും, നെബാത്തിന്റെ മകനായ യൊരോബെയാം ഇസ്രായേലിനെക്കൊണ്ടു പ്രവർത്തിപ്പിച്ച പാപങ്ങളെ അദ്ദേഹം അനുകരിച്ചു; അവയിൽനിന്ന് പിന്തിരിഞ്ഞതുമില്ല.
2 രാജാക്കന്മാർ 3 : 4 (OCVML)
മോവാബ് രാജാവായ മേശെ ആടുകളെ വളർത്തിയിരുന്നു. അദ്ദേഹം ഇസ്രായേൽരാജാവിന് ഒരുലക്ഷം ആട്ടിൻകുട്ടികളെയും ഒരുലക്ഷം ആട്ടുകൊറ്റന്മാരുടെ രോമവും കപ്പമായി* ചക്രവർത്തിയുടെ ഭരണത്തിൻകീഴേയുള്ള രാജ്യങ്ങളിലെ രാജാക്കന്മാർ വർഷംതോറും ചക്രവർത്തിക്ക് കൊടുത്തുവന്നിരുന്ന നികുതി. നൽകണമായിരുന്നു.
2 രാജാക്കന്മാർ 3 : 5 (OCVML)
എന്നാൽ, ആഹാബിന്റെ നിര്യാണശേഷം മോവാബ് രാജാവ് ഇസ്രായേൽരാജാവായ യെഹോരാമിനെതിരേ മത്സരിച്ചു.
2 രാജാക്കന്മാർ 3 : 6 (OCVML)
ആ സമയം യെഹോരാംരാജാവ് ശമര്യയിൽനിന്നു പുറപ്പെട്ട് ഇസ്രായേൽസൈന്യത്തെ മുഴുവനും ശേഖരിച്ച് മോവാബ്യർക്കെതിരേ അണിനിരത്തി.
2 രാജാക്കന്മാർ 3 : 7 (OCVML)
അദ്ദേഹം, യെഹൂദാരാജാവായ യെഹോശാഫാത്തിന് ഇപ്രകാരം ഒരു സന്ദേശവും കൊടുത്തയച്ചു: “മോവാബ് രാജാവ് എനിക്കെതിരേ മത്സരിച്ചിരിക്കുന്നു; മോവാബിനോടു യുദ്ധത്തിനായി അങ്ങ് എന്നോടൊപ്പം വരുമോ?”
2 രാജാക്കന്മാർ 3 : 8 (OCVML)
യെഹോശാഫാത്ത് മറുപടികൊടുത്തു: “ഞാൻ അങ്ങയുടെകൂടെ വരാം; ഞാൻ അങ്ങയെപ്പോലെ; എന്റെ സൈന്യം അങ്ങയുടെ സൈന്യത്തെപ്പോലെ; എന്റെ കുതിരകളും അങ്ങയുടെ കുതിരകളെപ്പോലെതന്നെ.”
2 രാജാക്കന്മാർ 3 : 9 (OCVML)
“എന്നാൽ, ഏതു മാർഗത്തിലൂടെയാണ് നാം ആക്രമിക്കേണ്ടത്?” എന്നു യെഹോശാഫാത്ത് ചോദിച്ചു. “ഏദോം മരുഭൂമിയിലൂടെ,” എന്നു യെഹോരാം മറുപടി നൽകി.
2 രാജാക്കന്മാർ 3 : 10 (OCVML)
അങ്ങനെ, യെഹൂദാരാജാവിനോടും ഏദോംരാജാവിനോടും സഖ്യംചേർന്ന് ഇസ്രായേൽരാജാവ് മോവാബിനെതിരേ യുദ്ധത്തിനു പുറപ്പെട്ടു. അവരുടെ യാത്ര ഏഴുദിവസത്തോളം തുടർന്നു. എന്നാൽ, അപ്പോഴേക്കും സൈന്യത്തിനും അവരുടെ മൃഗങ്ങൾക്കും വെള്ളം ലഭിക്കാതെയായി.
2 രാജാക്കന്മാർ 3 : 11 (OCVML)
“എന്ത്! യഹോവ, ഈ മൂന്നു രാജാക്കന്മാരെയും മോവാബ്യരുടെ കൈയിൽ ഏൽപ്പിക്കേണ്ടതിനാണോ കൂട്ടിവരുത്തിയത്?” എന്ന് ഇസ്രായേൽരാജാവ് ആശ്ചര്യത്തോടെ ചോദിച്ചു.
2 രാജാക്കന്മാർ 3 : 12 (OCVML)
അപ്പോൾ, യെഹോശാഫാത്ത്: “നാം യഹോവയോട് അരുളപ്പാടു ചോദിച്ചറിയുന്നതിന് യഹോവയുടെ ഒരു പ്രവാചകൻ ഇവിടെ ഇല്ലേ?” എന്നു ചോദിച്ചു. അതിന് ഇസ്രായേൽരാജാവിന്റെ ഉദ്യോഗസ്ഥന്മാരിൽ ഒരാൾ: “ഏലിയാവിന്റെ സഹായിയായിരുന്ന† മൂ.ഭാ. കൈകളിൽ വെള്ളം ഒഴിച്ചുകൊടുത്തുകൊണ്ടിരുന്ന ശാഫാത്തിന്റെ മകനായ എലീശാ എന്നൊരാൾ ഇവിടെയുണ്ട്” എന്നു മറുപടി പറഞ്ഞു.
2 രാജാക്കന്മാർ 3 : 13 (OCVML)
“യഹോവയുടെ വചനം അദ്ദേഹത്തിന്റെ പക്കലുണ്ട്,” എന്ന് യെഹോശാഫാത്ത് പറഞ്ഞു. അങ്ങനെ, ഇസ്രായേൽരാജാവും യെഹോശാഫാത്തും ഏദോംരാജാവും ചേർന്ന് എലീശയുടെ അടുക്കലേക്കുപോയി.
2 രാജാക്കന്മാർ 3 : 14 (OCVML)
എലീശ ഇസ്രായേൽരാജാവിനോട്: “നമുക്കുതമ്മിൽ പൊതുവായിട്ടു കാര്യമൊന്നുമില്ലല്ലോ. നിങ്ങളുടെ പിതാവിന്റെയും മാതാവിന്റെയും പ്രവാചകന്മാരുടെ അടുക്കലേക്കു പൊയ്ക്കൊള്ളൂ” എന്നു പറഞ്ഞു. ഇസ്രായേൽരാജാവ് മറുപടി പറഞ്ഞു: “അങ്ങനെയല്ല; ഈ മൂന്നു രാജാക്കന്മാരെയും മോവാബ്യരുടെ കൈയിൽ ഏൽപ്പിക്കുന്നതിനു യഹോവ ഞങ്ങളെ ഒരുമിച്ചുകൂട്ടിയിരിക്കുന്നു.” അപ്പോൾ എലീശാ: “ഞാൻ സേവിക്കുന്ന സർവശക്തനായ യഹോവയാണെ, യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ സാന്നിധ്യം നിന്നോടുകൂടെ ഇല്ലായിരുന്നെങ്കിൽ, ഞാൻ നിങ്ങളെ ശ്രദ്ധിക്കുകയോ പരിഗണിക്കുകയോ ചെയ്യുമായിരുന്നില്ല.
2 രാജാക്കന്മാർ 3 : 15 (OCVML)
എന്നാൽ, ഇപ്പോൾ ഒരു വീണവാദകനെ എന്റെ അടുക്കൽ കൊണ്ടുവരിക” എന്നു പറഞ്ഞു. വീണക്കാരൻ വായിച്ചുകൊണ്ടിരുന്നപ്പോൾ യഹോവയുടെ ശക്തി‡ മൂ.ഭാ. കൈ എലീശയുടെമേൽ വന്നു.
2 രാജാക്കന്മാർ 3 : 16 (OCVML)
അദ്ദേഹം പറഞ്ഞു: “ഇതാ, യഹോവ അരുളിച്ചെയ്യുന്നു: ഈ താഴ്വര നിറയെ ജലസംഭരണികൾ നിർമിക്കുക.
2 രാജാക്കന്മാർ 3 : 17 (OCVML)
യഹോവ അരുളിച്ചെയ്യുന്നു: നിങ്ങൾ കാറ്റോ മഴയോ കാണുകയില്ല. എങ്കിലും, ഈ താഴ്വര വെള്ളംകൊണ്ട് നിറയും. നിങ്ങളും നിങ്ങളുടെ കന്നുകാലികളും മറ്റു മൃഗങ്ങളും അതു കുടിക്കും.
2 രാജാക്കന്മാർ 3 : 18 (OCVML)
യഹോവയുടെ ദൃഷ്ടിയിൽ ഇതൊരു നിസ്സാരകാര്യം; അതിലുപരി, അവിടന്നു മോവാബ്യരെ നിങ്ങളുടെ കൈയിൽ ഏൽപ്പിച്ചുതരികയും ചെയ്യും.
2 രാജാക്കന്മാർ 3 : 19 (OCVML)
കോട്ടകെട്ടി ബലപ്പെടുത്തിയ എല്ലാ നഗരവും പ്രധാനപ്പെട്ട എല്ലാ പട്ടണവും നിങ്ങൾ കീഴടക്കും. നിങ്ങൾ എല്ലാ ഫലവൃക്ഷങ്ങളും വെട്ടിക്കളയും, സകല ഉറവുകളും മലിനമാക്കും, എല്ലാ നല്ലനിലവും കല്ലുകൾവിതറി ഉപയോഗശൂന്യമാക്കും.”
2 രാജാക്കന്മാർ 3 : 20 (OCVML)
2 രാജാക്കന്മാർ 3 : 21 (OCVML)
പിറ്റേന്നു പ്രഭാതത്തിൽ, യാഗത്തിന്റെ സമയത്ത്, ഏദോംവഴിയായി വെള്ളം ഒഴുകിവരുന്നതു കണ്ടു! ദേശം വെള്ളംകൊണ്ടുനിറഞ്ഞു. ഇതിനിടയിൽ, രാജാക്കന്മാർ തങ്ങളോടു യുദ്ധംചെയ്യാൻ വന്നെത്തിയ വിവരം മോവാബ്യരെല്ലാം കേട്ടു. അപ്പോൾ അവർ പ്രായഭേദമെന്യേ, ആയുധമേന്താൻ കഴിവുള്ള സകലരെയും കൂട്ടിവരുത്തി അതിർത്തിയിൽ അണിനിരത്തി.
2 രാജാക്കന്മാർ 3 : 22 (OCVML)
മോവാബ്യസൈന്യം രാവിലെ എഴുന്നേറ്റുനോക്കിയപ്പോൾ, സൂര്യപ്രകാശം വെള്ളത്തിന്മേൽ പതിച്ചിരുന്നു; അവരുടെനേരേയുള്ള വെള്ളം, രക്തംപോലെ ചെമന്നിരിക്കുന്നത് അവർ കണ്ടു.
2 രാജാക്കന്മാർ 3 : 23 (OCVML)
“ഹൊ! അതു രക്തമാണ്, ആ രാജാക്കന്മാരുടെ സൈന്യം പരസ്പരം പൊരുതി കൊന്നിട്ടുണ്ടായിരിക്കണം; അതിനാൽ, കൊള്ളയ്ക്കുവരിക,” എന്ന് അവർ വിളിച്ചുപറഞ്ഞു.
2 രാജാക്കന്മാർ 3 : 24 (OCVML)
എന്നാൽ, മോവാബ്യർ ഇസ്രായേൽ പാളയത്തിലെത്തിയപ്പോൾ അവർ മോവാബ്യരെ ആക്രമിച്ചു. അവർ പിൻചെന്നു മോവാബ്യദേശവും കടന്നാക്രമിച്ചു കൂട്ടക്കൊല നടത്തി.
2 രാജാക്കന്മാർ 3 : 25 (OCVML)
അവർ നഗരങ്ങൾ നശിപ്പിച്ചു. ഓരോ നല്ല വയലും അവർ കല്ലിട്ടു നികത്തി. അവർ എല്ലാ നീരുറവകളും മലിനമാക്കി; ഫലമുള്ള വൃക്ഷങ്ങളെല്ലാം വെട്ടിക്കളഞ്ഞു. ഒടുവിൽ, കീർ-ഹരേശേത്തിലെ കന്മതിലുകൾമാത്രം ശേഷിച്ചു. എന്നാൽ, കവിണക്കാർ അതിനെ വളഞ്ഞുനിന്ന് ആക്രമിച്ചു.
2 രാജാക്കന്മാർ 3 : 26 (OCVML)
യുദ്ധഗതി തനിക്കെതിരായി തിരിയുന്നതു കണ്ടപ്പോൾ, മോവാബ് രാജാവ് എഴുനൂറ് വാൾക്കാരെയും കൂട്ടി യുദ്ധമുന്നണി ഭേദിച്ച് ഏദോംരാജാവിനെതിരേ മുന്നേറുന്നതിനുള്ള ഒരു ശ്രമംനടത്തി; പക്ഷേ, അവർ പരാജയപ്പെട്ടു.
2 രാജാക്കന്മാർ 3 : 27 (OCVML)
അപ്പോൾ, അദ്ദേഹം തനിക്കുശേഷം രാജാവാകേണ്ടിയിരുന്ന തന്റെ ആദ്യജാതനെ പിടിച്ച് നഗരത്തിന്റെ മതിലിന്മേൽ ബലികഴിച്ചു. അങ്ങനെ, ഇസ്രായേലിനെതിരേ ഉഗ്രകോപം ജ്വലിച്ചതിനാൽ§ അതായത്, അങ്ങനെ, യഹോവയുടെ കോപം ഇസ്രായേലിനെതിരേ ജ്വലിച്ചതിനാൽ. അവർ യുദ്ധത്തിൽനിന്നു പിൻവാങ്ങി സ്വന്തനാട്ടിലേക്കു മടങ്ങി.
❮
❯