പ്രവൃത്തികൾ 16 : 1 (OCVML)
തിമോത്തിയോസ് പൗലോസിനോടും ശീലാസിനോടും ചേരുന്നു അദ്ദേഹം ദെർബ, ലുസ്ത്ര എന്നീ പട്ടണങ്ങളിൽ ചെന്നു. ലുസ്ത്രയിൽ തിമോത്തിയോസ് എന്നു പേരുള്ള ഒരു ശിഷ്യൻ ഉണ്ടായിരുന്നു. അയാളുടെ അമ്മ (യേശുക്രിസ്തുവിൽ വിശ്വാസം അർപ്പിച്ച) ഒരു യെഹൂദ വിശ്വാസിനിയും പിതാവ് ഗ്രീക്കുകാരനും ആയിരുന്നു.
പ്രവൃത്തികൾ 16 : 2 (OCVML)
ലുസ്ത്രയിലും ഇക്കോന്യയിലുമുള്ള സഹോദരങ്ങളുടെ ഇടയിൽ അയാൾ നല്ല സാക്ഷ്യമുള്ളവനായിരുന്നു.
പ്രവൃത്തികൾ 16 : 3 (OCVML)
അയാളുംകൂടി പോരണമെന്ന് പൗലോസ് ആഗ്രഹിച്ചു. തിമോത്തിയോസിന്റെ പിതാവ് ഗ്രീക്കുകാരനെന്ന് ആ പ്രദേശത്തു താമസിച്ചിരുന്ന യെഹൂദർ എല്ലാവരും അറിഞ്ഞിരുന്നതുകൊണ്ട് പൗലോസ് അവരെ ഓർത്ത് അയാൾക്കു പരിച്ഛേദനം നടത്തി.
പ്രവൃത്തികൾ 16 : 4 (OCVML)
അവർ പട്ടണംതോറും സഞ്ചരിക്കുകയും വിശ്വാസികൾ അനുവർത്തിക്കേണ്ടതിന് ജെറുശലേമിലുള്ള അപ്പൊസ്തലന്മാരും സഭാമുഖ്യന്മാരുംകൂടിയെടുത്ത തീരുമാനങ്ങൾ അവരെ ഏൽപ്പിക്കുകയും ചെയ്തു.
പ്രവൃത്തികൾ 16 : 5 (OCVML)
അങ്ങനെ സഭകൾ വിശ്വാസത്തിൽ ശക്തിപ്പെട്ടും എണ്ണത്തിൽ ദിനംപ്രതി വർധിച്ചുമിരുന്നു.
പ്രവൃത്തികൾ 16 : 6 (OCVML)
പൗലോസിന് മക്കദോന്യക്കാരനെക്കുറിച്ചുള്ള ദർശനം പൗലോസും കൂടെയുള്ളവരുംകൂടി ഫ്രുഗ്യ, ഗലാത്യ എന്നീ പ്രദേശങ്ങളിലൂടെ യാത്രചെയ്തു; ഏഷ്യാപ്രവിശ്യയിൽ വചനം പ്രസംഗിക്കരുതെന്നു പരിശുദ്ധാത്മാവ് അവരെ വിലക്കിയിരുന്നു.
പ്രവൃത്തികൾ 16 : 7 (OCVML)
മുസ്യാപ്രവിശ്യയുടെ അതിർത്തിയിലെത്തിയ അവർ ബിഥുന്യാപ്രവിശ്യ ലക്ഷ്യമാക്കി യാത്രചെയ്തു; എന്നാൽ, യേശുവിന്റെ ആത്മാവ് അവിടെ പ്രവേശിക്കാൻ അവരെ അനുവദിച്ചില്ല.
പ്രവൃത്തികൾ 16 : 8 (OCVML)
അതുകൊണ്ട് അവർ മുസ്യ കടന്ന് ത്രോവാസിൽ* മുസ്യയിലെ തുറമുഖപട്ടണമാണ് ത്രോവാസ്. എത്തി.
പ്രവൃത്തികൾ 16 : 9 (OCVML)
രാത്രിയിൽ, “മക്കദോന്യയിലേക്കു വന്നു ഞങ്ങളെ സഹായിക്കണമേ” എന്ന് ഒരു മക്കദോന്യക്കാരൻ നിന്നു യാചിക്കുന്നതായി പൗലോസിന് ഒരു ദർശനമുണ്ടായി.
പ്രവൃത്തികൾ 16 : 10 (OCVML)
ദർശനത്തെത്തുടർന്ന്, മക്കദോന്യരോടു സുവിശേഷം പ്രസംഗിക്കാൻ ദൈവം ഞങ്ങളെ വിളിച്ചിരിക്കുന്നു എന്ന് ഞങ്ങൾക്കു ബോധ്യമായി; അവിടേക്കു യാത്രതിരിക്കാൻ ഞങ്ങൾ ഉടനെ ഒരുങ്ങി.
പ്രവൃത്തികൾ 16 : 11 (OCVML)
ലുദിയായുടെ മാനസാന്തരം ഞങ്ങൾ ത്രോവാസിൽനിന്ന് കപ്പലിൽ യാത്രചെയ്ത് നേരേ സമൊത്രെസ് ദ്വീപിലേക്കും പിറ്റേന്നാൾ നവപൊലിയിലേക്കും പോയി.
പ്രവൃത്തികൾ 16 : 12 (OCVML)
അവിടെനിന്നു ഫിലിപ്പിയയിലേക്ക് യാത്രചെയ്തു. അത് ഒരു റോമൻ കോളനിയും മക്കദോന്യപ്രവിശ്യയിലെ ഒരു പ്രമുഖ നഗരവും ആയിരുന്നു. അവിടെ ഞങ്ങൾ കുറെനാൾ താമസിച്ചു.
പ്രവൃത്തികൾ 16 : 13 (OCVML)
ശബ്ബത്തുദിവസത്തിൽ ഞങ്ങൾ നഗരകവാടത്തിനു പുറത്ത് പുഴവക്കത്ത് ചെന്നു. അവിടെ പ്രാർഥിക്കാൻ ഒരു സ്ഥലം കണ്ടെത്താമെന്നു ഞങ്ങൾ കരുതി. ഞങ്ങൾ അവിടെ ഇരുന്ന് പുഴവക്കത്തു കൂടിവന്ന സ്ത്രീകളോടു സംസാരിച്ചു.
പ്രവൃത്തികൾ 16 : 14 (OCVML)
കേട്ടുകൊണ്ടിരുന്നവരിൽ ലുദിയാ എന്നു പേരുള്ള ഒരു സ്ത്രീയുണ്ടായിരുന്നു. തുയഥൈരാപട്ടണക്കാരിയായ അവൾ ഊതനിറമുള്ള പട്ടുവസ്ത്രങ്ങൾ വിൽക്കുന്നവളും ദൈവഭക്തയുമായിരുന്നു. പൗലോസിന്റെ സന്ദേശം സ്വീകരിക്കാനായി കർത്താവ് അവളുടെ ഹൃദയം തുറന്നു.
പ്രവൃത്തികൾ 16 : 15 (OCVML)
അവളും കുടുംബാംഗങ്ങളും സ്നാനമേറ്റു. തുടർന്ന് ഞങ്ങളെ അവളുടെ വീട്ടിലേക്കു ക്ഷണിച്ചുകൊണ്ട്, “നിങ്ങൾ എന്നെ കർത്താവിൽ വിശ്വസ്തയെന്നു കരുതുന്നെങ്കിൽ വന്ന് എന്റെ വീട്ടിൽ താമസിക്കണം” എന്ന് ഞങ്ങളോട് നിർബന്ധപൂർവം അപേക്ഷിച്ചു.
പ്രവൃത്തികൾ 16 : 16 (OCVML)
പൗലോസും ശീലാസും കാരാഗൃഹത്തിൽ ഒരിക്കൽ ഞങ്ങൾ പ്രാർഥനാസ്ഥലത്തേക്കു പോകുമ്പോൾ ഒരു അടിമപ്പെൺകുട്ടിയെ കണ്ടു. അവളെ ഒരു ദുരാത്മാവ് ബാധിച്ചിരുന്നു; അതിന്റെ സഹായത്താൽ ഭാവി പ്രവചിച്ചുകൊണ്ട് അവൾ അവളുടെ യജമാനന്മാർക്കു ധാരാളം പണം സമ്പാദിച്ചുകൊടുക്കുന്നുണ്ടായിരുന്നു.
പ്രവൃത്തികൾ 16 : 17 (OCVML)
ഈ പെൺകുട്ടി പൗലോസിനെയും ഞങ്ങളെല്ലാവരെയും പിൻതുടരുകയും “ഈ മനുഷ്യർ പരമോന്നതനായ ദൈവത്തിന്റെ ദാസന്മാരാണ്, രക്ഷപ്രാപിക്കാനുള്ള വഴി ഇവർ നിങ്ങൾക്കു പറഞ്ഞുതരുന്നു,” എന്നിങ്ങനെ വിളിച്ചുപറയുകയും ചെയ്തു.
പ്രവൃത്തികൾ 16 : 18 (OCVML)
അവൾ ഇക്കാര്യം കുറെനാൾ തുടർന്നു. ഒടുവിൽ, ശല്യം സഹിക്കവയ്യാതെ പൗലോസ് അവളുടെനേർക്കു തിരിഞ്ഞ്, അവളിൽ ആവസിച്ചിരുന്ന ആത്മാവിനോട്, “ഇവളിൽനിന്ന് പുറത്തുപോകാൻ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞാൻ നിന്നോടു കൽപ്പിക്കുന്നു” എന്നു പറഞ്ഞു. തൽക്ഷണം ആ ആത്മാവ് അവളെ വിട്ടുപോയി.
പ്രവൃത്തികൾ 16 : 19 (OCVML)
തങ്ങളുടെ ധനാഗമമാർഗം നഷ്ടമായി എന്നു മനസ്സിലാക്കിയ ആ അടിമപ്പെൺകുട്ടിയുടെ യജമാനന്മാർ പൗലോസിനെയും ശീലാസിനെയും പിടികൂടി; അധികാരികളുടെമുമ്പിൽ നിർത്തേണ്ടതിനു ചന്തസ്ഥലത്തേക്കു വലിച്ചിഴച്ചു കൊണ്ടുപോയി.
പ്രവൃത്തികൾ 16 : 20 (OCVML)
അവരെ ന്യായാധിപന്മാരുടെമുമ്പിൽ കൊണ്ടുവന്ന്, “ഈ മനുഷ്യർ യെഹൂദന്മാരാണ്;
പ്രവൃത്തികൾ 16 : 21 (OCVML)
റോമാക്കാരായ നമുക്ക് അംഗീകരിക്കാനോ ആചരിക്കാനോ നിയമം അനുവദിക്കാത്ത സമ്പ്രദായങ്ങൾ പ്രചരിപ്പിച്ചുകൊണ്ട് ഇവർ നഗരത്തിൽ കലക്കമുണ്ടാക്കുന്നു” എന്നു പറഞ്ഞു.
പ്രവൃത്തികൾ 16 : 22 (OCVML)
പൗലോസിനും ശീലാസിനും നേരേയുണ്ടായ അക്രമത്തിൽ പുരുഷാരവും കൂട്ടുചേർന്നു. അവരുടെ വസ്ത്രം ഉരിഞ്ഞ് അവരെ കോലുകൊണ്ട് അടിക്കാൻ ന്യായാധിപന്മാർ കൽപ്പന നൽകി.
പ്രവൃത്തികൾ 16 : 23 (OCVML)
അങ്ങനെ അവരെ ചമ്മട്ടികൊണ്ടു നിഷ്ഠുരമായി അടിപ്പിച്ചശേഷം കാരാഗൃഹത്തിലടയ്ക്കുകയും ജയിലധികാരിയോട് അവരെ ഭദ്രമായി സൂക്ഷിക്കാൻ നിർദേശിക്കുകയും ചെയ്തു.
പ്രവൃത്തികൾ 16 : 24 (OCVML)
ഉത്തരവു ലഭിച്ചതനുസരിച്ച്, അയാൾ അവരെ കാരാഗൃഹത്തിന്റെ ഉള്ളറയിലാക്കി അവരുടെ കാൽ ആമത്തിലിട്ടു ബന്ധിച്ചു.
പ്രവൃത്തികൾ 16 : 25 (OCVML)
അർധരാത്രിയോടെ പൗലോസും ശീലാസും പ്രാർഥിക്കുകയും ദൈവത്തിനു സ്തുതിഗീതങ്ങൾ ആലപിക്കുകയും ചെയ്തു. തടവുകാർ അത് ശ്രദ്ധിച്ചുകൊണ്ടിരുന്നു.
പ്രവൃത്തികൾ 16 : 26 (OCVML)
പെട്ടെന്ന്, ശക്തമായൊരു ഭൂകമ്പമുണ്ടായി. കാരാഗൃഹത്തിന്റെ അടിസ്ഥാനങ്ങൾ കുലുങ്ങി. ഉടൻതന്നെ, കാരാഗൃഹവാതിലുകൾ മലർക്കെ തുറന്നു. എല്ലാവരുടെയും ചങ്ങലകൾ അഴിഞ്ഞു.
പ്രവൃത്തികൾ 16 : 27 (OCVML)
ജയിലധികാരി ഉണർന്നു; വാതിലുകൾ തുറന്നുകിടക്കുന്നതുകണ്ട്, തടവുകാർ രക്ഷപ്പെട്ടു എന്നു വിചാരിച്ച് വാൾ ഊരി തന്നെത്താൻ കൊല്ലാൻ ഭാവിച്ചു.
പ്രവൃത്തികൾ 16 : 28 (OCVML)
അപ്പോൾ പൗലോസ്, “താങ്കൾ ഒരു ദോഷവും ചെയ്യരുത്, ഞങ്ങളെല്ലാവരും ഇവിടെയുണ്ട്” എന്നു വിളിച്ചുപറഞ്ഞു.
പ്രവൃത്തികൾ 16 : 29 (OCVML)
അയാൾ, വിളക്കു കൊണ്ടുവരാൻ ആവശ്യപ്പെട്ടു; അകത്തേക്ക് ഓടിച്ചെന്ന് വിറച്ചുകൊണ്ടു പൗലോസിന്റെയും ശീലാസിന്റെയും മുമ്പാകെ വീണു.
പ്രവൃത്തികൾ 16 : 30 (OCVML)
അവരെ പുറത്തു കൊണ്ടുവന്നിട്ട്, “യജമാനന്മാരേ, രക്ഷപ്രാപിക്കാൻ ഞാൻ എന്തു ചെയ്യണം?” എന്ന് അവരോടു ചോദിച്ചു.
പ്രവൃത്തികൾ 16 : 31 (OCVML)
അതിന് അവർ, “കർത്താവായ യേശുവിൽ വിശ്വസിക്കുക, എന്നാൽ നീ രക്ഷപ്രാപിക്കും—നീമാത്രമല്ല നിന്റെ കുടുംബവും” എന്ന് ഉത്തരം പറഞ്ഞു.
പ്രവൃത്തികൾ 16 : 32 (OCVML)
പിന്നീട് അവർ അയാളോടും അയാളുടെ കുടുംബത്തിലുള്ള എല്ലാവരോടും കർത്താവിന്റെ വചനം പ്രസംഗിച്ചു.
പ്രവൃത്തികൾ 16 : 33 (OCVML)
രാത്രിയുടെ ആ സമയത്തുതന്നെ അയാൾ പൗലോസിനെയും ശീലാസിനെയും കൂട്ടിക്കൊണ്ടുപോയി അവരുടെ മുറിവുകൾ കഴുകി. എത്രയുംവേഗം അയാളും കുടുംബത്തിലുള്ള എല്ലാവരും സ്നാനമേറ്റു.
പ്രവൃത്തികൾ 16 : 34 (OCVML)
ജയിലധികാരി അവരെ തന്റെ വീട്ടിൽ കൊണ്ടുചെന്ന് അവർക്കു സദ്യയൊരുക്കി. ദൈവത്തിൽ വിശ്വസിക്കാൻ കഴിഞ്ഞതിൽ, അയാൾ കുടുംബാംഗങ്ങൾ എല്ലാവരോടുംചേർന്ന് ആനന്ദിച്ചു.
പ്രവൃത്തികൾ 16 : 35 (OCVML)
നേരം പുലർന്നപ്പോൾ, ന്യായാധിപന്മാർ കാരാഗൃഹപ്രമാണിയുടെ അടുത്തേക്ക് സേവകരെ അയച്ചു, “ആ മനുഷ്യരെ വിട്ടയച്ചേക്കുക” എന്നു പറഞ്ഞു.
പ്രവൃത്തികൾ 16 : 36 (OCVML)
അയാൾ പൗലോസിനോടു പറഞ്ഞു, “താങ്കളെയും ശീലാസിനെയും ജയിൽമോചിതരാക്കാൻ ന്യായാധിപന്മാർ കൽപ്പിച്ചിരിക്കുന്നു. അതുകൊണ്ട് നിങ്ങൾക്കു പോകാൻ അനുവാദം ലഭിച്ചിരിക്കുന്നു. ഇപ്പോൾ സമാധാനത്തോടെ പോകുക.”
പ്രവൃത്തികൾ 16 : 37 (OCVML)
പ്രവൃത്തികൾ 16 : 38 (OCVML)
“റോമൻ പൗരന്മാരായ ഞങ്ങളെ വിസ്തരിക്കാതെ അവർ പരസ്യമായി അടിപ്പിക്കുകയും തടവിലാക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ, രഹസ്യമായി ഞങ്ങളെ പറഞ്ഞയയ്ക്കുന്നോ? അങ്ങനെയല്ല; അവർതന്നെ വന്നു ഞങ്ങളെ പുറത്തുകൊണ്ടുപോകട്ടെ,” എന്നായിരുന്നു പൗലോസ് സേവകരോട് പറഞ്ഞത്. സേവകർ ഈ കാര്യം ന്യായാധിപന്മാരെ അറിയിച്ചു; പൗലോസും ശീലാസും റോമൻ പൗരന്മാരെന്നു കേട്ടിട്ട് അവർ സംഭ്രമിച്ചു.
പ്രവൃത്തികൾ 16 : 39 (OCVML)
അവർ വന്ന് അവരെ സമാധാനിപ്പിച്ച് കാരാഗൃഹത്തിനു പുറത്തേക്ക് ആനയിച്ചുകൊണ്ട്, നഗരം വിട്ടുപോകണമെന്ന് അവരോടപേക്ഷിച്ചു.
പ്രവൃത്തികൾ 16 : 40 (OCVML)
കാരാഗൃഹത്തിൽനിന്ന് പുറത്തു വന്ന പൗലോസും ശീലാസും ലുദിയായുടെ വീട്ടിലേക്കു പോയി. അവിടെ അവർ സഹോദരങ്ങളെ കണ്ട് അവരെ ധൈര്യപ്പെടുത്തിയശേഷം മുന്നോട്ടു യാത്രയായി.
❮
❯