ദാനീയേൽ 12 : 1 (OCVML)
അന്ത്യകാലങ്ങൾ “ആ കാലത്ത് നിന്റെ ജനത്തിനു സംരക്ഷണം നൽകുന്ന മഹാപ്രഭുവായ മീഖായേൽ എഴുന്നേൽക്കും. ഒരു ജാതി ഉണ്ടായതുമുതൽ അന്നുവരെ ഉണ്ടായിട്ടില്ലാത്ത ഒരു പീഡനകാലം ഉണ്ടാകും. ആ കാലത്തു നിന്റെ ജനം—പുസ്തകങ്ങളിൽ പേര് എഴുതപ്പെട്ടിട്ടുള്ള സകലരും—വിടുവിക്കപ്പെടും.
ദാനീയേൽ 12 : 2 (OCVML)
നിലത്തിലെ പൊടിയിൽ നിദ്രകൊള്ളുന്നവരിൽ വലിയൊരു ജനാവലി—ചിലർ നിത്യജീവനായും മറ്റുചിലർ അപമാനത്തിനും നിത്യനിന്ദയ്ക്കുമായും—ഉയിർത്തെഴുന്നേൽക്കും.
ദാനീയേൽ 12 : 3 (OCVML)
ജ്ഞാനികൾ ആകാശമണ്ഡലത്തിന്റെ പ്രഭപോലെയും പലരെയും നീതിയിലേക്കു നയിക്കുന്നവർ നക്ഷത്രങ്ങളെപ്പോലെയും എന്നുമെന്നേക്കും പ്രകാശിക്കും.
ദാനീയേൽ 12 : 4 (OCVML)
നീയോ ദാനീയേലേ, കാലത്തിന്റെ അന്ത്യം വരുന്നതുവരെ ഈ വചനങ്ങൾ അടച്ച് പുസ്തകച്ചുരുൾ മുദ്രയിടുക. ജ്ഞാന വർധനയ്ക്കായി പലരും അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കും.”
ദാനീയേൽ 12 : 5 (OCVML)
പിന്നീട്, ദാനീയേൽ എന്ന ഞാൻ നോക്കിയപ്പോൾ, മറ്റു രണ്ടുപേർ നിൽക്കുന്നതു കണ്ടു; ഒരുവൻ നദിയുടെ ഇക്കരെയും മറ്റവൻ അക്കരെയും.
ദാനീയേൽ 12 : 6 (OCVML)
ചണവസ്ത്രം ധരിച്ച് നദിയിലെ വെള്ളത്തിനുമീതേ നിന്നവനോട് ഒരുവൻ: “ഈ അത്ഭുതകാര്യങ്ങളുടെ അവസാനത്തിന് എത്രകാലം വേണ്ടിവരും?” എന്നു ചോദിച്ചു.
ദാനീയേൽ 12 : 7 (OCVML)
ദാനീയേൽ 12 : 8 (OCVML)
ചണവസ്ത്രം ധരിച്ചു നദിയിലെ വെള്ളത്തിന്മേൽ നിൽക്കുന്ന പുരുഷൻ വലങ്കൈയും ഇടങ്കൈയും ആകാശത്തിലേക്കുയർത്തി, “ഇനി കാലവും കാലങ്ങളും കാലാർധവും* അഥവാ, ഒരുവർഷം, രണ്ടുവർഷം, അരവർഷം ചെല്ലും; അവർ വിശുദ്ധജനത്തിന്റെ ശക്തി തകർത്തുകളഞ്ഞതിനുശേഷം ഈ കാര്യങ്ങളെല്ലാം നിറവേറും” എന്നിങ്ങനെ എന്നെന്നേക്കും ജീവിക്കുന്നവനെച്ചൊല്ലി ശപഥംചെയ്തു.
ദാനീയേൽ 12 : 9 (OCVML)
ഞാൻ കേട്ടു, എങ്കിലും ഗ്രഹിച്ചില്ല. അതിനാൽ ഞാൻ: “എന്റെ യജമാനനേ, ഈ സംഭവങ്ങളുടെ പരിണാമം എന്തായിരിക്കും?” എന്നു ചോദിച്ചു. അദ്ദേഹം പറഞ്ഞു: “ദാനീയേലേ, നീ പോകുക. ഈ വചനങ്ങൾ അന്ത്യകാലത്തേക്കായി അടച്ചു മുദ്രയിട്ടവയാകുന്നു;
ദാനീയേൽ 12 : 10 (OCVML)
അനേകർ നിർമലീകരിക്കപ്പെട്ടു നിഷ്കളങ്കരായി ശുദ്ധീകരിക്കപ്പെടും. എന്നാൽ ദുഷ്ടർ ദുഷ്ടത പ്രവർത്തിച്ചുകൊണ്ടിരിക്കും; അവർ ആരും ഗ്രഹിക്കുകയില്ല, എന്നാൽ ജ്ഞാനികൾ ഗ്രഹിക്കും.
ദാനീയേൽ 12 : 11 (OCVML)
“നിരന്തര ഹോമയാഗം നിർത്തലാക്കപ്പെടുകയും എല്ലാറ്റിനെയും ഉന്മൂലനംചെയ്യുന്ന മ്ലേച്ഛത പ്രതിഷ്ഠിക്കപ്പെടുകയും ചെയ്തശേഷം 1,290 ദിവസം ഉണ്ടായിരിക്കും.
ദാനീയേൽ 12 : 12 (OCVML)
1,335 ദിവസം കഴിയുന്നതുവരെ കാത്തിരുന്നു ജീവിക്കുന്നവർ അനുഗൃഹീതർ.
ദാനീയേൽ 12 : 13 (OCVML)
“എന്നാൽ നീയോ, അവസാനം വരുന്നതുവരെ പൊയ്ക്കൊള്ളൂ. വിശ്രമിച്ച്, കാലാവസാനത്തിൽ നിന്റെ ഓഹരി പ്രാപിക്കുന്നതിനായി നീ എഴുന്നേറ്റുവരും.”

1 2 3 4 5 6 7 8 9 10 11 12 13