ആവർത്തനം 10 : 1 (OCVML)
ആ സമയത്ത് യഹോവ എന്നോട് അരുളിച്ചെയ്തു: “ആദ്യത്തേതുപോലെ രണ്ടു കൽപ്പലകകൾ ചെത്തിയെടുത്ത് പർവതത്തിൽ എന്റെ സന്നിധിയിലേക്കു കയറിവരിക. മരംകൊണ്ടുള്ള ഒരു പേടകവും ഉണ്ടാക്കുക.
ആവർത്തനം 10 : 2 (OCVML)
നീ പൊട്ടിച്ചുകളഞ്ഞ ആദ്യത്തെ കൽപ്പലകകളിൽ ഉണ്ടായിരുന്ന വചനങ്ങൾ ഞാൻ ഈ കൽപ്പലകകളിൽ എഴുതും. അവ നീ ആ പേടകത്തിൽ വെക്കണം.”
ആവർത്തനം 10 : 3 (OCVML)
അങ്ങനെ ഞാൻ ഖദിരമരംകൊണ്ട് ഒരു പേടകമുണ്ടാക്കി. ആദ്യത്തേതുപോലെയുള്ള രണ്ടു കൽപ്പലകകൾ ചെത്തിയുണ്ടാക്കി; കൈയിൽ ആ രണ്ടു കൽപ്പലകകളുമായി ഞാൻ പർവതത്തിൽ കയറി.
ആവർത്തനം 10 : 4 (OCVML)
മഹാസമ്മേളനം ഉണ്ടായിരുന്ന ദിവസം യഹോവ പർവതത്തിൽവെച്ച് അഗ്നിയുടെ മധ്യത്തിൽ നിങ്ങളോടു വിളംബരംചെയ്ത പത്തു കൽപ്പനകളും, ആദ്യത്തെ ഫലകങ്ങളിലെ എഴുത്തുപോലെതന്നെ, യഹോവ ആ ഫലകങ്ങളിൽ എഴുതി. യഹോവ അവ എനിക്കു നൽകി.
ആവർത്തനം 10 : 5 (OCVML)
അതിനുശേഷം ഞാൻ പർവതത്തിൽനിന്നും ഇറങ്ങിവന്ന് ഞാൻ ഉണ്ടാക്കിയ പേടകത്തിൽ ഫലകങ്ങൾ വെച്ചു. യഹോവ എന്നോടു കൽപ്പിച്ചതുപോലെ അവ അവിടെത്തന്നെ ഉണ്ട്.
ആവർത്തനം 10 : 6 (OCVML)
ഇസ്രായേൽമക്കൾ യാഖാന്യരുടെ കിണറുകൾക്കരികെനിന്ന് മൊസേരോത്തിലേക്കു യാത്രതിരിച്ചു. അഹരോൻ അവിടെ മരിച്ചു. അദ്ദേഹത്തെ അവിടെ സംസ്കരിച്ചു. അദ്ദേഹത്തിന്റെ പുത്രനായ എലെയാസാർ അവനുശേഷം പുരോഹിതനായി.
ആവർത്തനം 10 : 7 (OCVML)
അവർ അവിടെനിന്ന് ഗുദ്ഗോദെയിലേക്കും ഗുദ്ഗോദെയിൽനിന്ന് നീരുറവുകളുള്ള നാടായ യൊത്-ബാഥായ്ക്കും യാത്രയായി.
ആവർത്തനം 10 : 8 (OCVML)
അക്കാലത്ത് യഹോവ തന്റെ ഉടമ്പടിയുടെ പേടകം ചുമക്കുന്നതിനും ഇന്നുവരെ തുടർന്നുവരുന്നതുപോലെ യഹോവയുടെ സന്നിധിയിൽ നിന്നുകൊണ്ട് ശുശ്രൂഷിക്കുന്നതിനും അവിടത്തെ നാമത്തിൽ അനുഗ്രഹിക്കുന്നതിനും ലേവിഗോത്രത്തെ വേർതിരിച്ചു.
ആവർത്തനം 10 : 9 (OCVML)
അതുനിമിത്തം ലേവിക്ക് തന്റെ സഹോദന്മാരോടൊപ്പം ഓഹരിയും അവകാശവും ലഭിച്ചില്ല. നിന്റെ ദൈവമായ യഹോവ അവരോടു വാഗ്ദാനം ചെയ്തപ്രകാരം യഹോവതന്നെയാണ് അവരുടെ ഓഹരി.
ആവർത്തനം 10 : 10 (OCVML)
ഞാൻ ആദ്യത്തേതുപോലെ നാൽപ്പതുരാവും നാൽപ്പതുപകലും പർവതത്തിൽ താമസിച്ചു. ഈ പ്രാവശ്യവും യഹോവ എന്റെ അപേക്ഷ കേട്ടു. നിന്നെ നശിപ്പിക്കാതിരിക്കാൻ യഹോവ തീരുമാനിച്ചു.
ആവർത്തനം 10 : 11 (OCVML)
യഹോവ എന്നോട്, “എഴുന്നേൽക്കുക, ഞാൻ അവർക്കു നൽകുമെന്ന് അവരുടെ പിതാക്കന്മാരോടു വാഗ്ദാനംചെയ്ത ദേശം അവർ ചെന്ന് അവകാശമാക്കാൻ നീ ജനത്തിന്റെ മുമ്പിലായി നടക്കുക” എന്നു കൽപ്പിച്ചു.
ആവർത്തനം 10 : 12 (OCVML)
യഹോവയെ ഭയപ്പെടുക അതുകൊണ്ട് ഇസ്രായേലേ, നിന്റെ ദൈവമായ യഹോവയെ ഭയപ്പെടുകയും അവിടത്തോടുള്ള അനുസരണത്തിൽ ജീവിക്കുകയും അവിടത്തെ സ്നേഹിക്കുകയും നിന്റെ ദൈവമായ യഹോവയെ പൂർണഹൃദയത്തോടും പൂർണാത്മാവോടും സേവിക്കുകയും
ആവർത്തനം 10 : 13 (OCVML)
ഞാൻ ഇന്നു നിങ്ങളോടു കൽപ്പിക്കുന്ന യഹോവയുടെ കൽപ്പനകളും ഉത്തരവുകളും, നിനക്കു നന്മയുണ്ടാകാൻ അനുസരിക്കുകയും അല്ലാതെ മറ്റെന്താണ് യഹോവ നിന്നോട് ആവശ്യപ്പെടുന്നത്?
ആവർത്തനം 10 : 14 (OCVML)
ഇതാ, സ്വർഗവും സ്വർഗാധിസ്വർഗങ്ങളും ഭൂമിയും അതിലുള്ള സകലതും നിന്റെ ദൈവമായ യഹോവയ്ക്കുള്ളതാകുന്നു.
ആവർത്തനം 10 : 15 (OCVML)
നിന്റെ പിതാക്കന്മാരോടുമാത്രം യഹോവയ്ക്കു പ്രസാദം തോന്നുകയും അവരെ സ്നേഹിക്കുകയും ചെയ്തു. അവർക്കുശേഷം അവരുടെ പിൻഗാമികളായ നിങ്ങളെ ഇന്നുള്ളതുപോലെതന്നെ എല്ലാ ജനതകളിൽനിന്നും തെരഞ്ഞെടുത്തു.
ആവർത്തനം 10 : 16 (OCVML)
അതുകൊണ്ട് നിങ്ങൾ ഹൃദയത്തിന്റെ അഗ്രചർമം പരിച്ഛേദനം* അതായത്, സുന്നത്ത് ചെയ്യുക. ഇനി ഒരിക്കലും ദുശ്ശാഠ്യമുള്ളവരായിരിക്കരുത്.
ആവർത്തനം 10 : 17 (OCVML)
നിങ്ങളുടെ ദൈവമായ യഹോവ ദേവാധിദൈവവും കർത്താധികർത്താവും സർവശക്തനും മഹാനും ഉന്നതനുമായ ദൈവം ആകുന്നു. അവിടന്ന് മുഖപക്ഷം കാണിക്കുകയോ കൈക്കൂലി വാങ്ങുകയോ ചെയ്യുന്നില്ല.
ആവർത്തനം 10 : 18 (OCVML)
അവിടന്ന് അനാഥർക്കും വിധവമാർക്കുംവേണ്ടി നീതി നടപ്പാക്കുന്നു. അവിടന്ന് നിങ്ങൾക്കിടയിൽ താമസിക്കുന്ന പ്രവാസികളെ സ്നേഹിച്ച് അവർക്കു ഭക്ഷണവും വസ്ത്രവും നൽകുന്നു.
ആവർത്തനം 10 : 19 (OCVML)
അതുകൊണ്ട് നിങ്ങളും പ്രവാസികളെ സ്നേഹിക്കുക. നിങ്ങളും ഈജിപ്റ്റിൽ പ്രവാസികളായിരുന്നല്ലോ.
ആവർത്തനം 10 : 20 (OCVML)
നിന്റെ ദൈവമായ യഹോവയെ നീ ഭയപ്പെട്ട്, അവിടത്തെ സേവിക്കണം. യഹോവയോട് പറ്റിച്ചേർന്ന്, അവിടത്തെ നാമത്തിൽ ശപഥംചെയ്യണം.
ആവർത്തനം 10 : 21 (OCVML)
അവിടന്നാകുന്നു നിന്റെ പുകഴ്ച; അവിടന്നാകുന്നു നിന്റെ ദൈവം. നീ കണ്ണുകൊണ്ടു കണ്ടിട്ടുള്ള മഹത്തും ഭയങ്കരവുമായ പ്രവൃത്തികൾ ചെയ്തത് അവിടന്ന് ആകുന്നു.
ആവർത്തനം 10 : 22 (OCVML)
നിന്റെ പിതാക്കന്മാർ എഴുപത് പേരാണ് ഈജിപ്റ്റിലേക്കു പോയത്. ഇപ്പോൾ നിന്റെ ദൈവമായ യഹോവ നിന്നെ ആകാശത്തുള്ള നക്ഷത്രങ്ങളെപ്പോലെ എണ്ണത്തിൽ വർധിപ്പിച്ചിരിക്കുന്നു.
❮
❯
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22