ആവർത്തനം 20 : 1 (OCVML)
യുദ്ധത്തിനുപോകുമ്പോൾ നിങ്ങൾ ശത്രുക്കൾക്കെതിരേ യുദ്ധംചെയ്യാൻ പുറപ്പെടുമ്പോൾ കുതിരകൾ, രഥങ്ങൾ എന്നിങ്ങനെ നിങ്ങൾക്കുള്ളതിനെക്കാൾ വലിയ സൈന്യത്തെ കണ്ടു ഭയപ്പെടരുത്. കാരണം, ഈജിപ്റ്റിൽനിന്ന് നിങ്ങളെ പുറപ്പെടുവിച്ചുകൊണ്ടുവന്ന നിന്റെ ദൈവമായ യഹോവ നിന്നോടുകൂടെ ഉണ്ട്.
ആവർത്തനം 20 : 2 (OCVML)
നിങ്ങൾ യുദ്ധത്തിനു പുറപ്പെടുമ്പോൾ പുരോഹിതൻ മുമ്പോട്ടുവന്ന് സൈന്യത്തോട് ഇപ്രകാരം സംസാരിക്കണം:
ആവർത്തനം 20 : 3 (OCVML)
“ഇസ്രായേലേ, കേൾക്കുക, ഇന്നു നിങ്ങൾ ശത്രുവിനോടു യുദ്ധത്തിനു പോകുന്നു. ഹൃദയം തളരുകയോ ഭയപ്പെടുകയോ ചെയ്യരുത്. ഭ്രമിക്കരുത്, അവരുടെമുമ്പിൽ ചഞ്ചലപ്പെടുകയുമരുത്.
ആവർത്തനം 20 : 4 (OCVML)
നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ ശത്രുവിനെതിരേ യുദ്ധംചെയ്ത് നിങ്ങൾക്കു വിജയം നൽകാൻ നിങ്ങളോടൊപ്പം അണിനിരന്നിരിക്കുന്നു.”
ആവർത്തനം 20 : 5 (OCVML)
ഉദ്യോഗസ്ഥന്മാർ സൈന്യത്തോട് ഇപ്രകാരം പറയണം: “ആരെങ്കിലും പുതിയ വീട് പണിതിട്ട് ഗൃഹപ്രതിഷ്ഠ നടത്താത്തവനായിട്ടുണ്ടോ? അവൻ വീട്ടിലേക്കു തിരികെപ്പോകട്ടെ. അല്ലെങ്കിൽ അവൻ യുദ്ധത്തിൽ മരിച്ചുപോകുകയും മറ്റൊരുവൻ ഗൃഹപ്രതിഷ്ഠ നടത്തുകയും ചെയ്യും.
ആവർത്തനം 20 : 6 (OCVML)
ആരെങ്കിലും മുന്തിരിത്തോപ്പു നട്ടശേഷം അതിന്റെ ഫലം അനുഭവിക്കാത്തവനായിട്ടുണ്ടോ? അവൻ വീട്ടിലേക്കു തിരികെപ്പോകട്ടെ. അല്ലെങ്കിൽ അവൻ യുദ്ധത്തിൽ മരിച്ചുപോകുകയും മറ്റൊരുവൻ അതിന്റെ ഫലം അനുഭവിക്കുകയും ചെയ്യും.
ആവർത്തനം 20 : 7 (OCVML)
ആരെങ്കിലും ഒരു സ്ത്രീക്ക് വിവാഹവാഗ്ദാനം നൽകി അവളെ വിവാഹംകഴിക്കാതെ ഇരിക്കുന്നുണ്ടോ? അവൻ വീട്ടിലേക്കു മടങ്ങിപ്പോകട്ടെ. അല്ലെങ്കിൽ അവൻ യുദ്ധത്തിൽ മരിക്കുകയും മറ്റൊരുവൻ അവളെ വിവാഹംകഴിക്കുകയും ചെയ്യും.”
ആവർത്തനം 20 : 8 (OCVML)
ഉദ്യോഗസ്ഥന്മാർ വീണ്ടും പറയേണ്ടത്, “ആരെങ്കിലും ഭയപ്പെട്ടോ ഹൃദയം തളർന്നോ ഇരിക്കുന്നവനായിട്ടുണ്ടോ? അവന്റെ സഹപടയാളികളുടെ ഹൃദയം ക്ഷീണിക്കാതെ ഇരിക്കേണ്ടതിന് അവൻ വീട്ടിലേക്കു തിരികെപ്പോകട്ടെ.”
ആവർത്തനം 20 : 9 (OCVML)
ഉദ്യോഗസ്ഥന്മാർ സൈന്യത്തോടു സംസാരിച്ചശേഷം അവരുടെമേൽ സൈന്യാധിപന്മാരെ നിയമിക്കണം.
ആവർത്തനം 20 : 10 (OCVML)
നിങ്ങൾ ഒരു നഗരം ആക്രമിക്കാൻ ചെല്ലുമ്പോൾ അവിടത്തെ ജനങ്ങൾക്ക് ആദ്യം സമാധാനം വാഗ്ദാനം നൽകണം.
ആവർത്തനം 20 : 11 (OCVML)
അവർ നിങ്ങളുടെ നിബന്ധനകൾ അംഗീകരിച്ച് വാതിൽ തുറന്നാൽ അവിടെയുള്ള ജനം എല്ലാം നിങ്ങൾക്ക് അടിമകളായി നിങ്ങൾക്കുവേണ്ടി ജോലി ചെയ്യണം.
ആവർത്തനം 20 : 12 (OCVML)
എന്നാൽ അവർ സമാധാനം നിരസിച്ച് നിങ്ങളോടു യുദ്ധത്തിന് ഒരുങ്ങിയാൽ നിങ്ങൾ ആ പട്ടണത്തെ ഉപരോധിക്കണം.
ആവർത്തനം 20 : 13 (OCVML)
നിന്റെ ദൈവമായ യഹോവ അതു നിന്റെ കൈയിൽ ഏൽപ്പിക്കുമ്പോൾ അതിലുള്ള സകലപുരുഷന്മാരെയും വാൾകൊണ്ടു കൊല്ലണം.
ആവർത്തനം 20 : 14 (OCVML)
എന്നാൽ സ്ത്രീകളെയും കുഞ്ഞുങ്ങളെയും കന്നുകാലികളെയും പട്ടണത്തിലുള്ളതൊക്കെയും നിങ്ങൾക്കു കൊള്ളയായി എടുക്കാം. നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ ശത്രുക്കളിൽനിന്ന് നൽകിയ കൊള്ളവസ്തുക്കൾ നിങ്ങൾക്കനുഭവിക്കാം.
ആവർത്തനം 20 : 15 (OCVML)
നിങ്ങൾക്കു സമീപമുള്ള ഈ ജനതകളുടെ കൂട്ടത്തിൽ ഉൾപ്പെടാത്ത എല്ലാ വിദൂരനഗരങ്ങളോടും ഇങ്ങനെതന്നെയാണ് നിങ്ങൾ പ്രവർത്തിക്കേണ്ടത്.
ആവർത്തനം 20 : 16 (OCVML)
നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് അവകാശമായി നൽകുന്ന നഗരങ്ങളിലെ ശ്വാസമുള്ള യാതൊന്നിനെയും ജീവനോടെ ശേഷിപ്പിക്കരുത്.
ആവർത്തനം 20 : 17 (OCVML)
ഹിത്യർ, അമോര്യർ, കനാന്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരെ നിങ്ങളുടെ ദൈവമായ യഹോവ കൽപ്പിച്ചതുപോലെ പൂർണമായി സംഹരിക്കണം.
ആവർത്തനം 20 : 18 (OCVML)
അല്ലാത്തപക്ഷം അവർ തങ്ങളുടെ ദേവാരാധനയിൽ ചെയ്യുന്ന മ്ലേച്ഛതകൾ പിൻതുടരാൻ നിങ്ങളെ പഠിപ്പിക്കും; നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയ്ക്കു വിരോധമായി പാപം ചെയ്യാനിടയാകും.
ആവർത്തനം 20 : 19 (OCVML)
ഒരു നഗരം പിടിച്ചെടുക്കേണ്ടതിന് അതിനെതിരേ നിങ്ങൾക്കു യുദ്ധംചെയ്ത് ദീർഘകാലം ഉപരോധിക്കേണ്ടിവന്നാൽ അതിലുള്ള വൃക്ഷങ്ങൾ കോടാലികൊണ്ടു നശിപ്പിക്കരുത്. അവയുടെ ഫലം നിങ്ങൾക്കു ഭക്ഷിക്കാവുന്നതുകൊണ്ട് അതു വെട്ടിക്കളയരുത്. നീ അവയെ ഉപരോധിക്കാൻ ആ നിലത്തിലെ മരങ്ങൾ മനുഷ്യരാണോ?
ആവർത്തനം 20 : 20 (OCVML)
എന്നാൽ ഭക്ഷ്യയോഗ്യമല്ലാത്ത ഫലങ്ങളുള്ള വൃക്ഷങ്ങൾമാത്രം വെട്ടിക്കളയുക. നിന്നോടു യുദ്ധംചെയ്യുന്ന നഗരം കീഴടങ്ങുംവരെ അവ ഉപയോഗിച്ച് നിനക്കു കൊത്തളങ്ങൾ നിർമിക്കാം.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20