ആവർത്തനം 26 : 1 (OCVML)
ആദ്യഫലവും ദശാംശവും നിന്റെ ദൈവമായ യഹോവ നിനക്ക് അവകാശമായി നൽകുന്ന ദേശത്തു പ്രവേശിച്ചശേഷം അതു സ്വന്തമാക്കി നീ അവിടെ വസിക്കുമ്പോൾ,
ആവർത്തനം 26 : 2 (OCVML)
നിന്റെ ദൈവമായ യഹോവ നിനക്കു നൽകുന്ന ദേശത്തെ മണ്ണിൽനിന്നു ലഭിക്കുന്ന സകലത്തിന്റെയും ആദ്യഫലം കുറെ എടുത്ത് ഒരു കുട്ടയിൽ വെച്ച് നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിക്കാൻ തെരഞ്ഞെടുക്കുന്ന സ്ഥലത്ത് ചെല്ലണം.
ആവർത്തനം 26 : 3 (OCVML)
അന്നത്തെ പുരോഹിതന്റെ അടുക്കൽ ചെന്ന് ഇപ്രകാരം പറയണം: “നമുക്ക് നൽകുമെന്നു യഹോവ നമ്മുടെ പിതാക്കന്മാരോടു ശപഥംചെയ്ത ദേശത്ത് ഞാൻ എത്തിയിരിക്കുന്നു എന്ന് നിന്റെ ദൈവമായ യഹോവയോട് ഇന്നു ഞാൻ ഏറ്റുപറയുന്നു.”
ആവർത്തനം 26 : 4 (OCVML)
പുരോഹിതൻ ആ കുട്ട നിന്റെ കൈയിൽനിന്നു വാങ്ങി നിന്റെ ദൈവമായ യഹോവയുടെ യാഗപീഠത്തിനുമുമ്പിൽ വെക്കണം.
ആവർത്തനം 26 : 5 (OCVML)
അതിനുശേഷം നീ നിന്റെ ദൈവമായ യഹോവയുടെമുമ്പാകെ ഇങ്ങനെ പ്രസ്താവിക്കണം: “എന്റെ പിതാവ് അലഞ്ഞുനടന്ന ഒരു അരാമ്യനായിരുന്നു. അദ്ദേഹം ചുരുക്കംചില ആളുകളുമായി ഈജിപ്റ്റിലേക്കുചെന്ന് അവിടെ പ്രവാസിയായി താമസിച്ചു. അവിടെ വലുപ്പവും ബലവും അസംഖ്യവുമായ ഒരു ജനതയായിത്തീർന്നു.
ആവർത്തനം 26 : 6 (OCVML)
എന്നാൽ ഈജിപ്റ്റുകാർ ഞങ്ങളോടു ദോഷമായി പെരുമാറി ഞങ്ങളെ പീഡിപ്പിച്ച് കഠിനമായി വേലചെയ്യിപ്പിച്ചു.
ആവർത്തനം 26 : 7 (OCVML)
അപ്പോൾ ഞങ്ങൾ ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയോടു നിലവിളിച്ചു. യഹോവ ഞങ്ങളുടെ നിലവിളി കേട്ടു; ഞങ്ങളുടെ ദുരിതവും കഷ്ടപ്പാടും പീഡയും കണ്ടു.
ആവർത്തനം 26 : 8 (OCVML)
യഹോവ ബലമുള്ള കരംകൊണ്ടും നീട്ടിയ ഭുജംകൊണ്ടും ഭയങ്കരവും അത്ഭുതകരവുമായ ചിഹ്നങ്ങൾകൊണ്ടും അത്ഭുതപ്രവൃത്തികൾകൊണ്ടും ഞങ്ങളെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്നു.
ആവർത്തനം 26 : 9 (OCVML)
പാലും തേനും ഒഴുകുന്ന ഈ ദേശത്തേക്ക് അവിടന്നു ഞങ്ങളെ കൊണ്ടുവന്ന് ഈ ദേശം ഞങ്ങൾക്കു നൽകി.
ആവർത്തനം 26 : 10 (OCVML)
യഹോവേ, അവിടന്ന് എനിക്കു നൽകിയ നിലത്തെ ആദ്യഫലം ഞാൻ ഇപ്പോൾ കൊണ്ടുവന്നിരിക്കുന്നു.” അതിനുശേഷം അതു നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ സമർപ്പിക്കുകയും നിന്റെ ദൈവമായ യഹോവയുടെമുമ്പാകെ നമസ്കരിക്കുകയും വേണം.
ആവർത്തനം 26 : 11 (OCVML)
നിന്റെ ദൈവമായ യഹോവ നിനക്കും നിന്റെ കുടുംബത്തിനും നൽകിയ എല്ലാ നന്മയിലും നീയും ലേവ്യരും നിങ്ങളുടെയിടയിലുള്ള പ്രവാസികളും ആനന്ദിക്കണം.
ആവർത്തനം 26 : 12 (OCVML)
ദശാംശത്തിന്റെ വർഷമായ മൂന്നാംവർഷത്തിൽ നിന്റെ ഉത്പന്നങ്ങളുടെ എല്ലാം ദശാംശം എടുത്ത് ലേവ്യർക്കും പ്രവാസികൾക്കും അനാഥർക്കും വിധവയ്ക്കും നൽകുകയും, അങ്ങനെ അവർ നിന്റെ നഗരങ്ങളിൽവെച്ച് തൃപ്തിയാകുംവണ്ണം ഭക്ഷിക്കുകയും വേണം.
ആവർത്തനം 26 : 13 (OCVML)
അതിനുശേഷം നീ നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ ഇപ്രകാരം പറയണം: “അങ്ങ് എന്നോടു കൽപ്പിച്ചിട്ടുള്ളതുപോലെ ഞാൻ വിശുദ്ധമായത് എന്റെ വീട്ടിൽനിന്ന് വേർതിരിച്ച് ലേവ്യർക്കും പ്രവാസികൾക്കും അനാഥർക്കും വിധവയ്ക്കും കൊടുത്തിരിക്കുന്നു. ഞാൻ അവിടത്തെ കൽപ്പന വിട്ടുമാറുകയോ അതു മറക്കുകയോ ചെയ്തിട്ടില്ല.
ആവർത്തനം 26 : 14 (OCVML)
എന്റെ ദുഃഖകാലത്ത് ഞാൻ ദശാംശത്തിൽനിന്നു ഭക്ഷിച്ചിട്ടില്ല. അശുദ്ധനായിരുന്നപ്പോൾ അതിൽനിന്ന് ഒന്നും എടുത്തിട്ടില്ല. മരിച്ചവർക്കുവേണ്ടി അതിൽനിന്നൊന്നും കൊടുത്തിട്ടുമില്ല. എന്റെ ദൈവമായ യഹോവയുടെ വാക്കുകേട്ട് അങ്ങ് എന്നോടു കൽപ്പിച്ചതെല്ലാം ഞാൻ അനുസരിച്ചിരിക്കുന്നു.
ആവർത്തനം 26 : 15 (OCVML)
അങ്ങയുടെ വിശുദ്ധനിവാസമായ സ്വർഗത്തിൽനിന്ന് നോക്കി അവിടത്തെ ജനമായ ഇസ്രായേലിനെയും അവിടന്നു ഞങ്ങളുടെ പിതാക്കന്മാരോടു ശപഥംചെയ്തതുപോലെ ഞങ്ങൾക്കു നൽകിയ പാലും തേനും ഒഴുകുന്ന ദേശത്തെയും അനുഗ്രഹിക്കണമേ.”
ആവർത്തനം 26 : 16 (OCVML)
യഹോവയുടെ കൽപ്പന പ്രമാണിക്കുക ഈ ഉത്തരവുകളും നിയമങ്ങളും അനുസരിക്കാൻ നിന്റെ ദൈവമായ യഹോവ ഇന്നു നിന്നോടു കൽപ്പിക്കുന്നു. നീ പൂർണഹൃദയത്തോടും പൂർണാത്മാവോടും അവ ശ്രദ്ധയോടെ പ്രമാണിക്കണം.
ആവർത്തനം 26 : 17 (OCVML)
യഹോവ നിന്റെ ദൈവമായിരിക്കുമെന്നും അവിടത്തെ വഴിയിൽ നടന്ന് അവിടത്തെ ഉത്തരവുകളും കൽപ്പനകളും നിയമങ്ങളും പാലിക്കുമെന്നും യഹോവയെ അനുസരിക്കുമെന്നും നീ ഇന്നു പ്രസ്താവിച്ചിരിക്കുന്നു.
ആവർത്തനം 26 : 18 (OCVML)
നീ യഹോവയുടെ സ്വന്തജനവും തന്റെ അവകാശമായ നിക്ഷേപവും ആയിരിക്കും എന്ന് യഹോവ ഇന്നു പ്രസ്താവിച്ചിരിക്കുകയാൽ അവിടത്തെ സകലകൽപ്പനകളും പ്രമാണിക്കേണ്ടതാകുന്നു.
ആവർത്തനം 26 : 19 (OCVML)
താൻ സൃഷ്ടിച്ച എല്ലാ ജനതകളെക്കാളും നിന്നെ പുകഴ്ചയിലും പ്രസിദ്ധിയിലും മാനത്തിലും ഉന്നതനാക്കുമെന്നും താൻ വാഗ്ദാനംചെയ്തതുപോലെ നിന്റെ ദൈവമായ യഹോവയ്ക്കു നീ വിശുദ്ധജനം ആയിരിക്കുമെന്നും അവിടന്ന് പ്രഖ്യാപിച്ചിരിക്കുന്നു.
❮
❯
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19