ആവർത്തനം 8 : 1 (OCVML)
യഹോവയെ മറക്കരുത് നിങ്ങൾ ജീവനോടെ വർധിക്കുന്നതിനും നിങ്ങളുടെ പിതാക്കന്മാർക്ക് ശപഥത്തോടുകൂടി യഹോവ വാഗ്ദാനംചെയ്ത ദേശത്ത് പ്രവേശിച്ച് അവകാശം സ്ഥാപിക്കുന്നതിനും ഞാൻ ഇന്നു നിങ്ങളോടു പറയുന്ന കൽപ്പനകളെല്ലാം അനുസരിച്ചു ജീവിക്കണം.
ആവർത്തനം 8 : 2 (OCVML)
നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ താഴ്മയുള്ളവരാക്കുന്നതിനും അവിടത്തെ കൽപ്പനകൾ അനുസരിക്കുമോ ഇല്ലയോ എന്നു പരിശോധിച്ച് നിങ്ങളുടെ ഹൃദയത്തിലുള്ളത് അറിയാനും നിങ്ങളെ ഈ നാൽപ്പതുവർഷം മരുഭൂമിയിൽ നടത്തിയതെങ്ങനെയെല്ലാം എന്നു നിങ്ങൾ ഓർക്കണം.
ആവർത്തനം 8 : 3 (OCVML)
അവിടന്ന് നിങ്ങൾക്ക് താഴ്ചവരുത്തി വിശപ്പുള്ളവരാക്കിയിട്ട്; മനുഷ്യൻ കേവലം അപ്പംകൊണ്ടുമാത്രമല്ല, യഹോവയുടെ തിരുവായിൽനിന്ന് പുറപ്പെടുന്ന സകലവചനങ്ങളാലും ജീവിക്കുന്നു എന്നു നിങ്ങളെ അറിയിക്കേണ്ടതിനു നിങ്ങളും നിങ്ങളുടെ പിതാക്കന്മാരും അറിഞ്ഞിട്ടില്ലാത്ത മന്ന നിങ്ങൾക്കു ഭക്ഷണമായി നൽകി.
ആവർത്തനം 8 : 4 (OCVML)
ഈ നാൽപ്പതുവർഷവും നിങ്ങൾ ധരിച്ച വസ്ത്രം ദ്രവിച്ചില്ല; നിങ്ങളുടെ കാലിനു വീക്കം ഉണ്ടായതുമില്ല.
ആവർത്തനം 8 : 5 (OCVML)
ഒരു മനുഷ്യൻ തന്റെ പുത്രന് ബാലശിക്ഷ നൽകി വളർത്തുന്നതുപോലെ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ ശിക്ഷണത്തിൽ വളർത്തുന്നു എന്നു നിങ്ങൾ ഹൃദയത്തിൽ ഗ്രഹിക്കണം.
ആവർത്തനം 8 : 6 (OCVML)
അതുകൊണ്ട് നിങ്ങളുടെ ദൈവമായ യഹോവയുടെ കൽപ്പനകൾ പാലിച്ച്, അവിടത്തെ വഴികളിൽ നടന്ന് അവിടത്തെ ഭയപ്പെടണം.
ആവർത്തനം 8 : 7 (OCVML)
നിങ്ങളുടെ ദൈവമായ യഹോവ മനോഹരമായ ഒരു ദേശത്തേക്കാണല്ലോ നിങ്ങളെ കൊണ്ടുപോകുന്നത്, അതു താഴ്വരയിൽനിന്നും കുന്നുകളിൽനിന്നും ഒഴുകുന്ന അരുവികളും ഉറവുകളും ജലാശയങ്ങളും ഉള്ള ദേശമാണ്;
ആവർത്തനം 8 : 8 (OCVML)
ഗോതമ്പും യവവും മുന്തിരിവള്ളിയും അത്തിവൃക്ഷവും മാതളനാരകവും ഒലിവെണ്ണയും തേനും ഉള്ള ദേശമാണ്;
ആവർത്തനം 8 : 9 (OCVML)
സമൃദ്ധിയിൽ ഉപജീവനം കഴിക്കാവുന്നതും ഒന്നിനും കുറവില്ലാത്തതുമായ ദേശമാണ്. കല്ല് ഇരുമ്പായിരിക്കുന്നതും പർവതങ്ങളിൽനിന്ന് ചെമ്പ് കുഴിച്ചെടുക്കുന്നതുമായ ദേശമാണ്.
ആവർത്തനം 8 : 10 (OCVML)
നിങ്ങൾ ഭക്ഷിച്ചു തൃപ്തനായശേഷം നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു നൽകിയ മനോഹരദേശത്തിനുവേണ്ടി അവിടത്തേക്ക് സ്തോത്രംചെയ്യണം.
ആവർത്തനം 8 : 11 (OCVML)
നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ മറക്കാതിരിക്കാനും ഞാൻ ഇന്നു നിങ്ങൾക്കു നൽകുന്ന അവിടത്തെ കൽപ്പനകളും നിയമങ്ങളും ഉത്തരവുകളും അവഗണിക്കാതിരിക്കാനും ശ്രദ്ധിക്കുക.
ആവർത്തനം 8 : 12 (OCVML)
അല്ലെങ്കിൽ നിങ്ങൾ ഭക്ഷിച്ചു തൃപ്തനായി നല്ല വീടുകൾ പണിത് അവയിൽ താമസിക്കുകയും
ആവർത്തനം 8 : 13 (OCVML)
നിങ്ങളുടെ ആടുകളും കന്നുകാലികളും പെരുകുകയും വെള്ളിയും സ്വർണവും വർധിക്കുകയും നിങ്ങൾക്കുള്ള സകലതും സമൃദ്ധമായിട്ട് ഉണ്ടാകുകയും ചെയ്യുമ്പോൾ,
ആവർത്തനം 8 : 14 (OCVML)
നിങ്ങളുടെ ഹൃദയം നിഗളിച്ച് അടിമഗൃഹമായ ഈജിപ്റ്റിൽനിന്ന് വിടുവിച്ചുകൊണ്ടുവന്ന ദൈവമായ യഹോവയെ നിങ്ങൾ മറക്കും.
ആവർത്തനം 8 : 15 (OCVML)
വിഷസർപ്പവും തേളും ഉള്ള വലുതും ഭയാനകവുമായ മരുഭൂമിയിലൂടെയാണ് അവിടന്നു നിങ്ങളെ നടത്തിയത്. വെള്ളമില്ലാതെ വരണ്ടദേശത്ത് തീക്കൽപ്പാറയിൽനിന്ന് നിങ്ങൾക്കു വെള്ളം നൽകി.
ആവർത്തനം 8 : 16 (OCVML)
നിങ്ങളെ വിനയമുള്ളവരാക്കുന്നതിനും പരീക്ഷിക്കുന്നതിനും അങ്ങനെ നിങ്ങൾക്കു നന്മയുണ്ടാകുന്നതിനും നിങ്ങളുടെ പിതാക്കന്മാർ അറിഞ്ഞിട്ടില്ലാത്ത മന്നകൊണ്ട് മരുഭൂമിയിൽവെച്ച് അവിടന്ന് നിങ്ങളെ പരിപോഷിപ്പിച്ചു.
ആവർത്തനം 8 : 17 (OCVML)
“എന്റെ ശക്തിയും കൈബലവും ഈ സമ്പത്തുണ്ടാക്കി,” എന്നു നിങ്ങൾ നിങ്ങളുടെ ഹൃദയത്തിൽ പറയരുത്.
ആവർത്തനം 8 : 18 (OCVML)
നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ ഓർക്കണം. നിങ്ങളുടെ പിതാക്കന്മാരോടു ശപഥംചെയ്ത അവിടത്തെ ഉടമ്പടി ഇന്നുള്ളതുപോലെ ഉറപ്പിക്കേണ്ടതിന് അവിടന്നാണല്ലോ നിങ്ങൾക്കു സമ്പത്തു നേടാൻ പ്രാപ്തി നൽകുന്നത്.
ആവർത്തനം 8 : 19 (OCVML)
നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ മറന്ന് അന്യദേവന്മാരുടെ പിന്നാലെ പോകുകയും അവയെ വണങ്ങി നമസ്കരിക്കുകയും ചെയ്താൽ നിങ്ങൾ നിശ്ചയമായും നശിച്ചുപോകുമെന്നു ഞാൻ ഇന്ന് നിങ്ങൾക്കെതിരേ സാക്ഷ്യം പറയുന്നു.
ആവർത്തനം 8 : 20 (OCVML)
നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ അനുസരിക്കാതിരുന്നാൽ യഹോവ നിങ്ങളുടെമുമ്പിൽനിന്ന് ഉന്മൂലനംചെയ്യുന്ന ജനതകളെപ്പോലെതന്നെ നിങ്ങളും നശിച്ചുപോകും.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20