സഭാപ്രസംഗി 7 : 1 (OCVML)
ജ്ഞാനം സൽപ്പേർ സുഗന്ധതൈലത്തെക്കാൾ ഉത്തമം, മരണദിനത്തെക്കാൾ ജന്മദിനവും.
സഭാപ്രസംഗി 7 : 2 (OCVML)
വിരുന്നുവീട്ടിൽ പോകുന്നതിനെക്കാൾ വിലാപഭവനത്തിൽ പോകുന്നതു നല്ലത്, ഓരോ മനുഷ്യന്റെയും അവസാനം മരണമാണല്ലോ; ജീവിച്ചിരിക്കുന്നവരെല്ലാം ഇതു ഹൃദയത്തിൽ കരുതിക്കൊള്ളണം.
സഭാപ്രസംഗി 7 : 3 (OCVML)
ചിരിയെക്കാൾ വ്യസനം നല്ലത്, കാരണം വാടിയമുഖം ഹൃദയത്തിനു നല്ലതാണ്.
സഭാപ്രസംഗി 7 : 4 (OCVML)
ജ്ഞാനിയുടെ ഹൃദയം വിലാപവീട്ടിലും, ഭോഷരുടെ ഹൃദയം ഉല്ലാസവീട്ടിലും ആകുന്നു.
സഭാപ്രസംഗി 7 : 5 (OCVML)
ഭോഷരുടെ പാട്ടു കേൾക്കുന്നതിനെക്കാൾ ജ്ഞാനിയുടെ ശകാരം ശ്രദ്ധിക്കുന്നത് നല്ലത്.
സഭാപ്രസംഗി 7 : 6 (OCVML)
കലത്തിനു ചുവട്ടിലെ തീയിൽ മുള്ളുകൾ എരിഞ്ഞുപൊട്ടുന്നതെങ്ങനെയോ, അങ്ങനെയാകുന്നു ഭോഷരുടെ ചിരി. ഇതും അർഥശൂന്യം.
സഭാപ്രസംഗി 7 : 7 (OCVML)
കവർച്ച ജ്ഞാനിയെ ഭോഷനാക്കുന്നു, കൈക്കൂലി ഹൃദയത്തെ മലിനമാക്കുന്നു.
സഭാപ്രസംഗി 7 : 8 (OCVML)
ആരംഭത്തെക്കാൾ അവസാനം നല്ലത്, നിഗളത്തെക്കാൾ സഹനം നല്ലത്.
സഭാപ്രസംഗി 7 : 9 (OCVML)
തിടുക്കത്തിൽ ദേഷ്യപ്പെടരുത്; ഭോഷരുടെ മടിയിലാണ് കോപം വസിക്കുന്നത്.
സഭാപ്രസംഗി 7 : 10 (OCVML)
“പഴയകാലം ഇന്നത്തെക്കാൾ നല്ലതായിരുന്നതെന്തുകൊണ്ട്?” എന്നു പറയരുത്. അത്തരം ചോദ്യങ്ങൾ ബുദ്ധിപൂർവമല്ല.
സഭാപ്രസംഗി 7 : 11 (OCVML)
ജ്ഞാനം ഒരു പൈതൃകസ്വത്തുപോലെതന്നെ നല്ലത്. ജീവിച്ചിരിക്കുന്നവർക്കെല്ലാം അതു ഗുണകരംതന്നെ.
സഭാപ്രസംഗി 7 : 12 (OCVML)
ജ്ഞാനം ഒരു അഭയം; പണം ഒരു അഭയമായിരിക്കുന്നതുപോലെതന്നെ, എന്നാൽ ജ്ഞാനം അതിന്റെ ഉടമയെ സംരക്ഷിക്കുന്നു ഇതാണ് ജ്ഞാനത്തിന്റെ സവിശേഷത.
സഭാപ്രസംഗി 7 : 13 (OCVML)
ദൈവത്തിന്റെ പ്രവൃത്തിയെ ഓർക്കുക: അവിടന്ന് വളച്ചതിനെ നേരേയാക്കാൻ ആർക്കു കഴിയും?
സഭാപ്രസംഗി 7 : 14 (OCVML)
ശുഭകാലത്ത് ആനന്ദിക്കുക; അശുഭകാലം വരുമ്പോൾ ചിന്തിക്കുക: ഒന്നിനെ സൃഷ്ടിച്ചതുപോലെ ദൈവം മറ്റൊന്നിനെയും സൃഷ്ടിച്ചു. അതുകൊണ്ട് ഒരു മനുഷ്യനും തന്റെ ഭാവിയെക്കുറിച്ച് ഒന്നുംതന്നെ കണ്ടെത്താനാകുകയില്ല.
സഭാപ്രസംഗി 7 : 15 (OCVML)
എന്റെ ഈ അർഥശൂന്യജീവിതത്തിൽ ഞാൻ ഇവ രണ്ടും കണ്ടു: നീതിനിഷ്ഠർ തങ്ങളുടെ നീതിയിൽ നശിക്കുന്നു, ദുഷ്ടർ തങ്ങളുടെ ദുഷ്ടതയിൽ ദീർഘകാലം വസിക്കുന്നു.
സഭാപ്രസംഗി 7 : 16 (OCVML)
അതിനീതിനിഷ്ഠരാകരുത്, അധികജ്ഞാനമുള്ളവരും ആകരുത്— എന്തിന് സ്വയം നശിക്കണം?
സഭാപ്രസംഗി 7 : 17 (OCVML)
അതിദുഷ്ടരാകരുത്, ഭോഷരുമാകരുത്— നിന്റെ സമയമെത്തുന്നതിനുമുമ്പേ മരിക്കുന്നതെന്തിന്?
സഭാപ്രസംഗി 7 : 18 (OCVML)
ഒന്നിനെ പിടിക്കുക, മറ്റൊന്നിനെ വിട്ടുകളയരുത്. ദൈവത്തെ ഭയപ്പെടുന്ന മനുഷ്യൻ എല്ലാ തീവ്രഭാവങ്ങളും ഒഴിവാക്കുന്നു.
സഭാപ്രസംഗി 7 : 19 (OCVML)
ഒരു നഗരത്തിലെ പത്തു ഭരണകർത്താക്കളെക്കാൾ ജ്ഞാനം ജ്ഞാനിയെ അധികം ശക്തനാക്കുന്നു.
സഭാപ്രസംഗി 7 : 20 (OCVML)
ശരിമാത്രം ചെയ്യുകയും ഒരിക്കലും പാപം ചെയ്യാതിരിക്കുകയും ചെയ്യുന്ന നീതിനിഷ്ഠരായ ആരുംതന്നെ ഭൂമിയിലില്ല.
സഭാപ്രസംഗി 7 : 21 (OCVML)
മനുഷ്യർ പറയുന്ന സകലവാക്കുകൾക്കും ചെവികൊടുക്കരുത്, അല്ലെങ്കിൽ നിന്റെ സേവകർ നിന്നെ ശപിക്കുന്നതു നീ കേൾക്കും.
സഭാപ്രസംഗി 7 : 22 (OCVML)
നീ തന്നെ അനേകപ്രാവശ്യം മറ്റുള്ളവരെ ശപിച്ചിട്ടുള്ളത് നിന്റെ ഹൃദയത്തിൽ അറിയുന്നല്ലോ.
സഭാപ്രസംഗി 7 : 23 (OCVML)
ഇവയെല്ലാം ജ്ഞാനത്താൽ പരീക്ഷിച്ചിട്ടുള്ള ഞാൻ പറഞ്ഞു, “ജ്ഞാനിയായിരിക്കാൻ ഞാൻ ഉറച്ചു”— എന്നാൽ ഇതെനിക്ക് അതീതമായിരുന്നു;
സഭാപ്രസംഗി 7 : 24 (OCVML)
അതിവിദൂരവും അത്യഗാധവും ആയിരുന്നു— അതു കണ്ടെത്താൻ ആർക്കു കഴിയും?
സഭാപ്രസംഗി 7 : 25 (OCVML)
അതുകൊണ്ട് ഞാൻ എന്റെ മനസ്സിനെ ജ്ഞാനം അറിയുന്നതിനും പരിശോധിക്കുന്നതിനും അന്വേഷിക്കുന്നതിനും അതോടൊപ്പം ദുഷ്ടതയുടെ ഭോഷത്തവും മൂഢതയുടെ മതിഭ്രമവും മനസ്സിലാക്കുന്നതിനും തിരിച്ചുവിട്ടു.
സഭാപ്രസംഗി 7 : 26 (OCVML)
മരണത്തെക്കാൾ കയ്‌പായി ഞാൻ കണ്ട ഒന്നുണ്ട്; കെണിയായിരിക്കുന്ന ഒരു സ്ത്രീയെത്തന്നെ, അവളുടെ ഹൃദയം ഒരു കുരുക്കാണ്; കൈകൾ ചങ്ങലയുമാണ്. ദൈവത്തെ പ്രസാദിപ്പിക്കുന്ന പുരുഷൻ അവളിൽനിന്ന് രക്ഷപ്പെടുന്നു, എന്നാൽ പാപിയെ അവൾ കെണിയിൽ വീഴ്ത്തും.
സഭാപ്രസംഗി 7 : 27 (OCVML)
“നോക്കൂ, ഇവയൊക്കെയാണ് എന്റെ കണ്ടെത്തലുകൾ,” സഭാപ്രസംഗി പറയുന്നു: ഞാൻ കണ്ടെത്തിയ വസ്തുതകൾ ഒന്നിനൊന്നോട് തുലനംചെയ്ത് വിലയിരുത്തി—
സഭാപ്രസംഗി 7 : 28 (OCVML)
“എന്റെ നിരീക്ഷണങ്ങൾ തുടർന്നുകൊണ്ടേയിരുന്നു, എന്നാൽ ഞാൻ അന്വേഷിച്ചത് എനിക്ക് കണ്ടെത്താൻ കഴിഞ്ഞതേയില്ല— ആയിരംപേരിൽ നീതിനിഷ്ഠനായ ഒരേയൊരു പുരുഷനെയാണ് ഞാൻ കണ്ടെത്തിയത്, എന്നാൽ അത്രയുംപേരിൽ അങ്ങനെ ഒരു സ്ത്രീപോലും ഇല്ലായിരുന്നു.
സഭാപ്രസംഗി 7 : 29 (OCVML)
ഈ ഒരു കാര്യംമാത്രം ഞാൻ കണ്ടെത്തി: ദൈവം മനുഷ്യരെ നീതിബോധമുള്ളവരായി സൃഷ്ടിച്ചു, എന്നാൽ മനുഷ്യർ അനേകം അധാർമികതന്ത്രങ്ങൾ തേടിപ്പോയി.”

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29