എസ്ഥേർ 4 : 1 (OCVML)
മൊർദെഖായി എസ്ഥേരിനോട് സഹായത്തിനായി അപേക്ഷിക്കുന്നു ഈ സംഭവം അറിഞ്ഞ മൊർദെഖായി തന്റെ വസ്ത്രംകീറി ചാക്കുശീല ധരിച്ച് ചാരം പൂശി കഠിന ദുഃഖത്തോടെ നിലവിളിച്ചുകൊണ്ട് പട്ടണത്തിലേക്കു ചെന്നു.
എസ്ഥേർ 4 : 2 (OCVML)
എന്നാൽ അദ്ദേഹം രാജകവാടംവരെമാത്രം പോയി; കാരണം ചാക്കുശീല ധരിച്ചിരിക്കുന്നവർക്കു രാജകൊട്ടാരത്തിന്റെ കവാടം കടക്കാൻ അനുവാദമില്ലായിരുന്നു.
എസ്ഥേർ 4 : 3 (OCVML)
വിളംബരവും രാജകൽപ്പനയും ലഭിച്ച എല്ലാ പ്രവിശ്യകളിലും ഉള്ള യെഹൂദർ വളരെ സങ്കടപ്പെട്ടു; അവർ ഉപവസിക്കുകയും കരഞ്ഞു നിലവിളിക്കുകയും ചെയ്തു. വളരെപ്പേർ ചാക്കുശീല ധരിച്ച് ചാരത്തിൽ കിടന്നു.
എസ്ഥേർ 4 : 4 (OCVML)
എസ്ഥേർരാജ്ഞിയുടെ തോഴിമാരും ഷണ്ഡന്മാരും വന്നു മൊർദെഖായിയെക്കുറിച്ചു പറഞ്ഞപ്പോൾ അവൾ വ്യാകുലപ്പെട്ടു. അവൾ അദ്ദേഹത്തിനു ചാക്കുവസ്ത്രത്തിനു പകരം ധരിക്കാൻ വസ്ത്രം കൊടുത്തുവിട്ടു; എന്നാൽ അദ്ദേഹം അതു സ്വീകരിച്ചില്ല.
എസ്ഥേർ 4 : 5 (OCVML)
അപ്പോൾ എസ്ഥേർ, രാജാവിന്റെ ഷണ്ഡനും തന്നെ ശുശ്രൂഷിക്കാൻ നിയോഗിക്കപ്പെട്ടവനുമായ ഹഥാക്കിനെ വിളിപ്പിച്ച് മൊർദെഖായിയെ അലട്ടുന്ന സംഗതി എന്തെന്നും അദ്ദേഹം വിലപിക്കുന്നത് എന്തിനെന്നും കണ്ടുപിടിക്കാൻ കൽപ്പനകൊടുത്തു.
എസ്ഥേർ 4 : 6 (OCVML)
ഹഥാക്ക് രാജകവാടത്തിൽ പട്ടണത്തിലെ വിശാലസ്ഥലത്ത് മൊർദെഖായിയുടെ അടുത്തെത്തി.
എസ്ഥേർ 4 : 7 (OCVML)
മൊർദെഖായി തനിക്കു സംഭവിച്ച സകലതും യെഹൂദരെ നശിപ്പിക്കാൻ ഹാമാൻ രാജഭണ്ഡാരത്തിലേക്കു വാഗ്ദാനംചെയ്ത തുകയുടെ കാര്യവും അദ്ദേഹത്തെ അറിയിച്ചു.
എസ്ഥേർ 4 : 8 (OCVML)
മൊർദെഖായി, യഹൂദരെ നശിപ്പിക്കുന്നതിനായി ശൂശനിൽ പ്രസിദ്ധപ്പെടുത്തിയ കൽപ്പനയുടെ പകർപ്പും ഹഥാക്കിന് കൊടുത്തു. തുടർന്നു മൊർദെഖായി എസ്ഥേരിനെ ഈ പകർപ്പു കാണിച്ച് കാര്യങ്ങൾ അവൾക്കു വിവരിച്ചു കൊടുക്കുകയും അവൾ രാജസന്നിധിയിൽ ചെന്ന് അവളുടെ ജനത്തിനുവേണ്ടി യാചിച്ച് അപേക്ഷിക്കുകയും ചെയ്യണമെന്നു പറഞ്ഞു.
എസ്ഥേർ 4 : 9 (OCVML)
ഹഥാക്ക് തിരികെച്ചെന്ന് മൊർദെഖായി പറഞ്ഞതൊക്കെയും എസ്ഥേരിനെ അറിയിച്ചു.
എസ്ഥേർ 4 : 10 (OCVML)
അപ്പോൾ എസ്ഥേർ മൊർദെഖായിയെ അറിയിക്കാൻ ഹഥാക്കിനോട് ഇങ്ങനെ നിർദേശിച്ചു:
എസ്ഥേർ 4 : 11 (OCVML)
“രാജാവിന്റെ എല്ലാ ഉദ്യോഗസ്ഥന്മാർക്കും പ്രവിശ്യകളിലെ ജനങ്ങൾക്കും അറിയാവുന്ന നിയമം എന്തെന്നാൽ: ആണായാലും പെണ്ണായാലും വിളിക്കപ്പെടാതെ ആരെങ്കിലും രാജാവിന്റെ സന്നിധിയിൽ അകത്തെ അങ്കണത്തിൽ പ്രവേശിച്ചാൽ അവർ മരിക്കണം. രാജാവ് തന്റെ തങ്കച്ചെങ്കോൽ നീട്ടിയാലല്ലാതെ അയാളുടെ ജീവൻ രക്ഷപ്പെടുകയില്ല. ഈ മുപ്പതു ദിവസത്തിനകമായി രാജാവ് എന്നെ വിളിച്ചിട്ടില്ല.”
എസ്ഥേർ 4 : 12 (OCVML)
എസ്ഥേരിന്റെ വാക്കുകൾ മൊർദെഖായിയെ അറിയിച്ചപ്പോൾ,
എസ്ഥേർ 4 : 13 (OCVML)
അദ്ദേഹം ഇങ്ങനെ മറുപടികൊടുത്തു: “നീ രാജകൊട്ടാരത്തിലായതിനാൽ എല്ലാ യെഹൂദരിൽനിന്നും നീമാത്രം രക്ഷപ്പെടുമെന്ന് കരുതേണ്ട.
എസ്ഥേർ 4 : 14 (OCVML)
ഈ സമയം നീ മിണ്ടാതെയിരുന്നാൽ യെഹൂദർക്കുള്ള ആശ്വാസവും മോചനവും മറ്റെവിടെനിന്നെങ്കിലും വരും; എന്നാൽ നീയും നിന്റെ പിതൃഭവനവും നശിക്കും. ഇങ്ങനെയൊരു കാലത്തേക്കാകാം നീ രാജകീയ സ്ഥാനത്തു വന്നിരിക്കുന്നത്—ആർക്കറിയാം!”
എസ്ഥേർ 4 : 15 (OCVML)
എസ്ഥേർ മൊർദെഖായിക്ക് ഇങ്ങനെ മറുപടി നൽകി:
എസ്ഥേർ 4 : 16 (OCVML)
“പോയി ശൂശനിലുള്ള എല്ലാ യെഹൂദരെയും ഒരുമിച്ചുകൂട്ടി എനിക്കുവേണ്ടി ഉപവസിക്കുക. മൂന്നുദിവസം, രാത്രിയും പകലും, തിന്നുകയും കുടിക്കുകയും അരുത്. ഞാനും എന്റെ ദാസികളും നിങ്ങളെപ്പോലെ ഉപവസിക്കും. ഇതു ചെയ്തശേഷം നിയമത്തിനെതിരെങ്കിലും ഞാൻ രാജസന്നിധിയിൽ പോകും. ഞാൻ നശിക്കുന്നെങ്കിൽ നശിക്കട്ടെ.”
എസ്ഥേർ 4 : 17 (OCVML)
മൊർദെഖായി തിരികെപ്പോയി എസ്ഥേർ പറഞ്ഞതുപോലെ ഒക്കെയും ചെയ്തു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17