പുറപ്പാടു് 9 : 1 (OCVML)
കന്നുകാലികളുടെമേൽ ഉണ്ടായ ബാധ ഇതിനുശേഷം യഹോവ മോശയോട് അരുളിച്ചെയ്തു, നീ ഫറവോന്റെ അടുക്കൽ ചെന്ന് അവനോടു പറയുക, എബ്രായരുടെ ദൈവമായ യഹോവ, “എന്നെ ആരാധിക്കാൻ എന്റെ ജനത്തെ വിട്ടയയ്ക്കുക” എന്ന് അരുളിച്ചെയ്യുന്നു.
പുറപ്പാടു് 9 : 2 (OCVML)
നീ അവരെ വിട്ടയയ്ക്കാതെ തടയുകയാണെങ്കിൽ
പുറപ്പാടു് 9 : 3 (OCVML)
യഹോവയുടെ കൈ നിന്റെ വയലിലുള്ള ജീവജാലങ്ങളുടെമേൽ—നിന്റെ കുതിരകളുടെയും കഴുതകളുടെയും ഒട്ടകങ്ങളുടെയും കന്നുകാലികളുടെയും ചെമ്മരിയാടുകളുടെയും കോലാടുകളുടെയുംമേൽ—ഭയാനകമായ ഒരു ബാധ വരുത്തും.
പുറപ്പാടു് 9 : 4 (OCVML)
എന്നാൽ ഇസ്രായേലിന്റെ കന്നുകാലികൾക്കും ഈജിപ്റ്റിന്റെ കന്നുകാലികൾക്കുംതമ്മിൽ യഹോവ ഒരു വ്യത്യാസം വെക്കും; ഇസ്രായേൽമക്കളുടെ കന്നുകാലികളിൽ ഒന്നും ചാകുകയില്ല.
പുറപ്പാടു് 9 : 5 (OCVML)
യഹോവ സമയം നിശ്ചയിച്ചിട്ട് ഇപ്രകാരം അരുളിച്ചെയ്തു, “യഹോവ നാളെ ഈ ദേശത്ത് ഇതുചെയ്യും.”
പുറപ്പാടു് 9 : 6 (OCVML)
പിറ്റേന്ന് യഹോവ അങ്ങനെതന്നെ ചെയ്തു; ഈജിപ്റ്റുകാരുടെ വളർത്തുമൃഗങ്ങൾ എല്ലാം ചത്തൊടുങ്ങി, എന്നാൽ ഇസ്രായേൽമക്കളുടെ മൃഗങ്ങളൊന്നും ചത്തില്ല.
പുറപ്പാടു് 9 : 7 (OCVML)
ഇസ്രായേല്യരുടെ മൃഗങ്ങളിൽ ഒരെണ്ണംപോലും ചത്തില്ല എന്നു ഫറവോൻ നടത്തിയ അന്വേഷണത്തിൽ മനസ്സിലാക്കി. എങ്കിലും ഫറവോന്റെ ഹൃദയം കഠിനപ്പെട്ടു, അയാൾ ജനത്തെ വിട്ടയച്ചതുമില്ല.
പുറപ്പാടു് 9 : 8 (OCVML)
പരു എന്ന ബാധ ഈ സംഭവത്തിനുശേഷം യഹോവ മോശയോടും അഹരോനോടും അരുളിച്ചെയ്തു: “അടുപ്പിൽനിന്ന് കൈനിറയെ ചാരം എടുക്കണം; അതു ഫറവോന്റെ മുമ്പിൽവെച്ച് മോശ ആകാശത്തിൽ വിതറട്ടെ.
പുറപ്പാടു് 9 : 9 (OCVML)
അത് ഈജിപ്റ്റുദേശം മുഴുവൻ ധൂളിയായി വ്യാപിച്ച്, ദേശം മുഴുവനുമുള്ള മനുഷ്യരുടെയും മൃഗങ്ങളുടെയുംമേൽ പഴുക്കുന്ന പരുക്കളായിത്തീരും.”
പുറപ്പാടു് 9 : 10 (OCVML)
അങ്ങനെ അവർ അടുപ്പിൽനിന്ന് ചാരമെടുത്തുകൊണ്ട് ഫറവോന്റെ മുമ്പിൽനിന്നു. മോശ അത് ആകാശത്തേക്കു വിതറി; മനുഷ്യരുടെയും മൃഗങ്ങളുടെയുംമേൽ പഴുക്കുന്ന പരുക്കൾ ഉണ്ടായി.
പുറപ്പാടു് 9 : 11 (OCVML)
മന്ത്രവാദികൾക്കു മോശയുടെമുമ്പിൽ നിൽക്കാൻ കഴിഞ്ഞില്ല; അവരുടെയും സകല ഈജിപ്റ്റുകാരുടെയുംമേൽ പരു ഉണ്ടായിരുന്നു.
പുറപ്പാടു് 9 : 12 (OCVML)
എന്നാൽ യഹോവ ഫറവോന്റെ ഹൃദയം കഠിനമാക്കി; യഹോവ മോശയോട് അരുളിച്ചെയ്തിരുന്നതുപോലെ അയാൾ മോശയുടെയും അഹരോന്റെയും വാക്കു കേട്ടില്ല.
പുറപ്പാടു് 9 : 13 (OCVML)
കന്മഴയുടെ ബാധ യഹോവ മോശയോട് അരുളിച്ചെയ്തു: “അതിരാവിലെ എഴുന്നേറ്റു ഫറവോന്റെ മുമ്പിൽ ചെന്നുനിന്ന് അവനോടു പറയണം: ‘എബ്രായരുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ ആരാധിക്കാൻ എന്റെ ജനത്തെ വിട്ടയയ്ക്കുക.
പുറപ്പാടു് 9 : 14 (OCVML)
അല്ലെങ്കിൽ ഇത്തവണ ഞാൻ എന്റെ സകലബാധകളും പൂർണശക്തിയോടെ നിന്റെയും ഉദ്യോഗസ്ഥരുടെയും ജനത്തിന്റെയും നേർക്ക് അയയ്ക്കും. സർവഭൂമിയിലും എനിക്കു തുല്യനായി ആരുമില്ല എന്നു നീ അങ്ങനെ അറിയും.
പുറപ്പാടു് 9 : 15 (OCVML)
ഇപ്പോൾത്തന്നെ എന്റെ കൈനീട്ടി നിന്നെയും നിന്റെ ജനത്തെയും ബാധയാൽ ദണ്ഡിപ്പിച്ച് ഭൂമിയിൽനിന്ന് തുടച്ചുനീക്കാമായിരുന്നു.
പുറപ്പാടു് 9 : 16 (OCVML)
എന്റെ ശക്തി നിനക്കു കാണിച്ചുതരികയും എന്റെ നാമം ഭൂമിയിലെല്ലായിടത്തും ഘോഷിക്കപ്പെടുകയും വേണം എന്ന ഉദ്ദേശ്യത്തിനായിത്തന്നെ ഞാൻ നിന്നെ ഉയർത്തിയിരിക്കുന്നു.* അഥവാ, സംരക്ഷിച്ചിരിക്കുന്നു.
പുറപ്പാടു് 9 : 17 (OCVML)
നീ ഇപ്പോഴും എന്റെ ജനത്തിനു വിരോധമായിനിന്ന് അവരെ വിട്ടയയ്ക്കാതിരിക്കുന്നു.
പുറപ്പാടു് 9 : 18 (OCVML)
അതുകൊണ്ടു നാളെ ഈ നേരത്ത്, ഈജിപ്റ്റിന്റെ സ്ഥാപനംമുതൽ ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത ഭയങ്കരമായ കന്മഴ ഞാൻ അയയ്ക്കും.
പുറപ്പാടു് 9 : 19 (OCVML)
നിങ്ങളുടെ കന്നുകാലികളെയും വയലിൽ നിങ്ങൾക്കുള്ള സകലതിനെയും ഒരു അഭയസ്ഥാനത്തേക്കു കൊണ്ടുവരാൻ ഇപ്പോൾ ആജ്ഞ പുറപ്പെടുവിക്കുക; അകത്തുകൊണ്ടുവരാതെ വയലിൽത്തന്നെ ആയിരിക്കുന്ന സകലമനുഷ്യരുടെയും മൃഗങ്ങളുടെയുംമേൽ ആ കന്മഴ ചൊരിയും.’ ”
പുറപ്പാടു് 9 : 20 (OCVML)
ഫറവോന്റെ ഉദ്യോഗസ്ഥന്മാരിൽ യഹോവയുടെ വചനത്തെ ഭയപ്പെട്ടവർ തങ്ങളുടെ അടിമകളെയും മൃഗങ്ങളെയും തിടുക്കത്തിൽ അകത്തുകൊണ്ടുവന്നു.
പുറപ്പാടു് 9 : 21 (OCVML)
യഹോവയുടെ വചനത്തെ അവഗണിച്ചവരോ, തങ്ങളുടെ അടിമകളെയും മൃഗങ്ങളെയും വയലിൽത്തന്നെ വിട്ടിരുന്നു.
പുറപ്പാടു് 9 : 22 (OCVML)
ഇതിനുശേഷം യഹോവ മോശയോട്, “ഈജിപ്റ്റിലെങ്ങും—മനുഷ്യരുടെയും മൃഗങ്ങളുടെയും ഈജിപ്റ്റിലെ വയലുകളിൽ വളരുന്ന സകലതിന്മേലും—കന്മഴ പെയ്യേണ്ടതിനു നിന്റെ കൈ ആകാശത്തേക്കു നീട്ടുക” എന്ന് അരുളിച്ചെയ്തു.
പുറപ്പാടു് 9 : 23 (OCVML)
മോശ തന്റെ വടി ആകാശത്തേക്കു നീട്ടിയപ്പോൾ യഹോവ ഇടിയും കന്മഴയും അയച്ചു, ഇടിമിന്നൽ ഭൂമിയിലേക്കു പാഞ്ഞിറങ്ങി. അങ്ങനെ യഹോവ ഈജിപ്റ്റുദേശത്തിന്മേൽ കന്മഴ പെയ്യിച്ചു;
പുറപ്പാടു് 9 : 24 (OCVML)
കൽത്തുണ്ടുകൾ വീഴുകയും മിന്നൽ അങ്ങോട്ടും ഇങ്ങോട്ടും പായുകയും ചെയ്തു. ഈജിപ്റ്റ് ഒരു ദേശമായിത്തീർന്നതിനുശേഷം ഇപ്രകാരം തീവ്രമായ ഒരു കന്മഴ ഉണ്ടായിട്ടില്ല.
പുറപ്പാടു് 9 : 25 (OCVML)
ഈജിപ്റ്റിലുടനീളം, വയലുകളിലുള്ള സകലതിനെയും—മനുഷ്യരെയും മൃഗങ്ങളെയും കന്മഴ തകർത്തു; വയലിലെ സസ്യങ്ങളെയെല്ലാം അതു നശിപ്പിച്ചു. മരങ്ങളെ തകർത്തുകളഞ്ഞു.
പുറപ്പാടു് 9 : 26 (OCVML)
ഇസ്രായേല്യർ താമസിച്ചിരുന്ന ഗോശെനിൽമാത്രം കന്മഴ പെയ്തില്ല.
പുറപ്പാടു് 9 : 27 (OCVML)
അപ്പോൾ ഫറവോൻ മോശയെയും അഹരോനെയും ആളയച്ചുവരുത്തി. “ഇപ്പോൾ ഞാൻ പാപം ചെയ്തുപോയി,” അയാൾ അവരോടു പറഞ്ഞു. “യഹോവ നീതിയുള്ളവൻ, എനിക്കും എന്റെ ജനത്തിനും തെറ്റുപറ്റിയിരിക്കുന്നു.
പുറപ്പാടു് 9 : 28 (OCVML)
യഹോവയോടു പ്രാർഥിപ്പിൻ; ഇടിയും കന്മഴയും ഞങ്ങൾക്കു സഹിക്കാവുന്നതിൽ അപ്പുറമായിരിക്കുന്നു! ഞാൻ നിങ്ങളെ വിട്ടയച്ചേക്കാം, നിങ്ങളെ ഇനി താമസിപ്പിക്കുകയില്ല.”
പുറപ്പാടു് 9 : 29 (OCVML)
അതിന് മോശ, “പട്ടണത്തിനു പുറത്തു കടന്നതിനുശേഷം ഞാൻ എന്റെ കൈകൾ നിവർത്തി യഹോവയോടു പ്രാർഥിക്കും. ഇടിമുഴക്കം നിലയ്ക്കും, കന്മഴ ഇനിമേൽ പെയ്യുകയില്ല; ഭൂമി യഹോവയുടേതാണെന്നു താങ്കൾ അറിയും.
പുറപ്പാടു് 9 : 30 (OCVML)
എന്നാൽ താങ്കളും താങ്കളുടെ ഉദ്യോഗസ്ഥരും ഇപ്പോഴും യഹോവയായ ദൈവത്തെ ഭയപ്പെടുന്നില്ല എന്നു ഞാൻ മനസ്സിലാക്കുന്നു” എന്ന് ഉത്തരം പറഞ്ഞു.
പുറപ്പാടു് 9 : 31 (OCVML)
ചണവും യവവും നശിച്ചു. യവം കതിരിടുകയും ചണം പൂക്കുകയും ചെയ്തിരുന്നു.
പുറപ്പാടു് 9 : 32 (OCVML)
ഗോതമ്പും ചോളവും വിളയുന്നതിനു കാലതാമസം ഉണ്ടായിരുന്നതുകൊണ്ട് അവ നശിച്ചില്ല.
പുറപ്പാടു് 9 : 33 (OCVML)
ഇതിനെത്തുടന്ന് മോശ ഫറവോനെ വിട്ടു നഗരത്തിനു പുറത്തുകടന്നു. അദ്ദേഹം യഹോവയിലേക്കു കൈകൾ മലർത്തി; ഇടിമുഴക്കവും കന്മഴയും നിലച്ചു. പിന്നീടു ദേശത്തു മഴ പെയ്തില്ല.
പുറപ്പാടു് 9 : 34 (OCVML)
മഴയും കന്മഴയും ഇടിയും നിന്നു എന്നുകണ്ടപ്പോൾ ഫറവോൻ വീണ്ടും പാപംചെയ്തു. അദ്ദേഹവും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥരും ഹൃദയം കഠിനമാക്കി.
പുറപ്പാടു് 9 : 35 (OCVML)
അങ്ങനെ, യഹോവ മോശമുഖേന അരുളിച്ചെയ്തിരുന്നതുപോലെതന്നെ ഫറവോന്റെ ഹൃദയം കഠിനമായി. അദ്ദേഹം ഇസ്രായേൽമക്കളെ പോകാൻ അനുവദിച്ചതുമില്ല.
❮
❯