യേഹേസ്കേൽ 31 : 1 (OCVML)
ലെബാനോനിലെ ദേവദാരു പതിനൊന്നാംവർഷം മൂന്നാംമാസം ഒന്നാംതീയതി യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി:
യേഹേസ്കേൽ 31 : 2 (OCVML)
“മനുഷ്യപുത്രാ, ഈജിപ്റ്റുരാജാവായ ഫറവോനോടും അവന്റെ കവർച്ചസംഘത്തോടും നീ ഇപ്രകാരം പറയുക: “ ‘പ്രതാപത്തിൽ ആരോടാണ് നിന്നെ തുലനംചെയ്യാൻ കഴിയുക?
യേഹേസ്കേൽ 31 : 3 (OCVML)
ലെബാനോനിലെ ദേവദാരുവെപ്പോലെ ആയിരുന്ന അശ്ശൂരിനെപ്പറ്റി ചിന്തിക്കുക, അതിന്റെ മനോഹരമായ ശാഖകൾ വനത്തിനുമീതേ പടർന്നുപന്തലിച്ചു തണലായിനിന്നു; അതിന്റെ തിങ്ങിനിറഞ്ഞ പച്ചിലച്ചാർത്ത് മുകളിൽ ആകാശചുംബികളായിരുന്നു.
യേഹേസ്കേൽ 31 : 4 (OCVML)
വെള്ളം അതിനെ സമ്പുഷ്ടമാക്കി, ആഴമുള്ള ഉറവുകൾ അതിനെ വളർന്നുയരാൻ സഹായിച്ചു; അരുവികൾ അതിന്റെ തടത്തിനു ചുറ്റും ഒഴുകി, അവയുടെ ചാലുകൾ വയലിലെ എല്ലാ വൃക്ഷങ്ങളുടെയും അടുക്കൽ വന്നുചേർന്നു.
യേഹേസ്കേൽ 31 : 5 (OCVML)
അങ്ങനെ വയലിലെ എല്ലാ വൃക്ഷങ്ങൾക്കും മകുടമാകുമാറ് അതു പൊക്കത്തിൽ തഴച്ചുവളർന്നു; അതിന്റെ ശിഖരങ്ങൾ വർധിച്ചു, ശാഖകൾ നീണ്ടുവളർന്നു, ജലസമൃദ്ധിനിമിത്തം അവ പന്തലിച്ചു.
യേഹേസ്കേൽ 31 : 6 (OCVML)
ആകാശത്തിലെ സകലപറവകളും അതിന്റെ ശാഖകളിൽ കൂടുവെച്ചു; വയലിലെ എല്ലാ മൃഗങ്ങളും അതിന്റെ ശാഖകൾക്കു കീഴിൽ പെറ്റുപെരുകി, വലിയ ജനതകളെല്ലാം അതിന്റെ തണലിൽ ജീവിച്ചു.
യേഹേസ്കേൽ 31 : 7 (OCVML)
പടർന്നുപന്തലിച്ച ശാഖകളോടെ സമൃദ്ധമായ ജലധാരകളിലേക്ക് അതിന്റെ വേരുകൾ ഇറങ്ങിച്ചെന്നതിനാൽ അതു സൗന്ദര്യപ്രതാപിയായിത്തീർന്നു.
യേഹേസ്കേൽ 31 : 8 (OCVML)
ദൈവത്തിന്റെ തോട്ടത്തിലെ ദേവദാരുക്കൾ അതിനു തുല്യമായിരുന്നില്ല, സരളമരങ്ങൾ അതിന്റെ ശാഖകൾക്കു തുല്യമായിരുന്നില്ല, അരിഞ്ഞിൽമരങ്ങളും അതിന്റെ ചില്ലകളോടു കിടപിടിച്ചില്ല. ദൈവത്തിന്റെ തോട്ടത്തിലെ ഒരു വൃക്ഷത്തിനും അതിനോളം ഭംഗി ഉണ്ടായിരുന്നില്ല.
യേഹേസ്കേൽ 31 : 9 (OCVML)
സമൃദ്ധമായ ശാഖാപടലത്തോടുകൂടി ഞാൻ അതിനെ മനോഹരമാക്കിത്തീർത്തു, ദൈവത്തിന്റെ തോട്ടമായ ഏദെനിലെ എല്ലാവൃക്ഷങ്ങളും അതിനോട് അസൂയപ്പെട്ടിരുന്നു.
യേഹേസ്കേൽ 31 : 10 (OCVML)
“ ‘അതിനാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: പടർന്ന് തിങ്ങിനിറഞ്ഞ പച്ചിലച്ചാർത്തിനുമീതേ അത് ഉയർന്നിരുന്നതുകൊണ്ടും തന്റെ ഉയരത്തെപ്പറ്റി അതു നിഗളിച്ചിരുന്നതുകൊണ്ടും,
യേഹേസ്കേൽ 31 : 11 (OCVML)
ജനതകളുടെ ഭരണാധിപൻ തന്റെ ദുഷ്ടതയ്ക്ക് അനുസൃതമായി കൈകാര്യംചെയ്യാൻ ഞാൻ അതിനെ ഏൽപ്പിച്ചുകൊടുത്തു. ഞാൻ അതിനെ ഉപേക്ഷിച്ചുകളഞ്ഞു.
യേഹേസ്കേൽ 31 : 12 (OCVML)
വൈദേശിക ജനതകളിൽ ഏറ്റവും ക്രൂരരായവർ അതിനെ വെട്ടിമറിച്ചിട്ടു. അതിന്റെ ശാഖകൾ പർവതങ്ങൾക്കും താഴ്വരകൾക്കും മുകളിൽ വീണുകിടന്നു. അതിന്റെ ശിഖരങ്ങൾ ദേശത്തുള്ള എല്ലാ മലയിടുക്കുകളിലും ഒടിഞ്ഞുകിടന്നു. ലോകത്തിലെ ജനതകളെല്ലാം അതിന്റെ തണലിൽനിന്നു വിട്ടുപോയി.
യേഹേസ്കേൽ 31 : 13 (OCVML)
ആകാശത്തിലെ പറവകളെല്ലാം വീണുകിടന്ന വൃക്ഷശാഖകളിൽ താമസമുറപ്പിച്ചു. എല്ലാ വന്യമൃഗങ്ങളും ശാഖകൾക്കിടയിൽ വന്നുചേർന്നു.
യേഹേസ്കേൽ 31 : 14 (OCVML)
അതിനാൽ വെള്ളത്തിനരികെയുള്ള മറ്റൊരുവൃക്ഷവും ആകാശത്തിലേക്ക് അതിന്റെ അഗ്രം നീട്ടുകയില്ല; ഇലച്ചാർത്തിനുപരി ഉയരുകയില്ല. മതിയായി വെള്ളംകിട്ടിയ മറ്റൊരു വൃക്ഷത്തിനും ഇനി ഇത്രയും ഉയരം ഉണ്ടാകുകയില്ല. അവയെല്ലാം മനുഷ്യരുടെ ഇടയിൽ പാതാളത്തിലേക്ക് ഇറങ്ങുന്നവരോടൊപ്പംതന്നെ ഭൂമിയുടെ അധോഭാഗത്ത് മരണത്തിനേൽപ്പിക്കപ്പെട്ടിരിക്കുന്നു.
യേഹേസ്കേൽ 31 : 15 (OCVML)
“ ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: അത് പാതാളത്തിലേക്ക് ഇറങ്ങിപ്പോയ ദിവസത്തിൽ അതിനുവേണ്ടി വിലപിച്ചുകൊണ്ട് ആഴത്തിലുള്ള ഉറവുകൾ അടച്ചുകളഞ്ഞു, ഞാൻ അതിന്റെ അരുവികളെ തടഞ്ഞുനിർത്തി; അതിന്റെ സമൃദ്ധമായ ജലത്തിനു നിയന്ത്രണംവന്നു. അതുകൊണ്ട് ലെബാനോനെ ഞാൻ ഇരുട്ട് ഉടുപ്പിച്ചു, വയലിലെ സകലവൃക്ഷങ്ങളും വാടുകയും ചെയ്തു.
യേഹേസ്കേൽ 31 : 16 (OCVML)
കുഴിയിൽ ഇറങ്ങുന്നവരോടൊപ്പം ഞാൻ അതിനെ പാതാളത്തിൽ തള്ളിയിട്ടപ്പോൾ അതിന്റെ വീഴ്ചയുടെ ശബ്ദത്താൽ ജനതകൾ ഭയന്നുവിറയ്ക്കാൻ ഞാൻ ഇടയാക്കി. ആ സമയത്ത് ഏദെനിലെ സകലവൃക്ഷങ്ങളും, ലെബാനോനിലെ അതിശ്രേഷ്ഠവും അത്യുത്തമവുമായ വൃക്ഷങ്ങളെല്ലാംതന്നെയും, മതിയായി വെള്ളംകിട്ടിയിരുന്ന സകലവൃക്ഷങ്ങളും താഴേ ഭൂമിയിൽ ആശ്വാസം പ്രാപിച്ചു.
യേഹേസ്കേൽ 31 : 17 (OCVML)
അവരും ആ മഹാ ദേവതാരുവൃക്ഷത്തെപ്പോലെ പാതാളത്തിലേക്ക്, വാളാൽ നിഹതന്മാരായവരുടെ അടുത്തേക്ക്, അതിന്റെ തണലിൽ ജനതകളുടെ മധ്യേ ആയുധധാരികളോടൊപ്പം വസിച്ചിരുന്നവരുടെ അടുത്തേക്കുതന്നെ ഇറങ്ങിപ്പോയി.
യേഹേസ്കേൽ 31 : 18 (OCVML)
“ ‘ഏദെനിലെ ഏതു വൃക്ഷങ്ങളാണ് ശോഭയിലും പ്രതാപത്തിലും നിന്നോടു തുലനംചെയ്യാൻ കഴിയുമായിരുന്നത്? എങ്കിലും നീയും ഏദെനിലെ വൃക്ഷങ്ങളോടുകൂടെ ഭൂമിയുടെ അധോഭാഗത്തേക്ക് ഇറങ്ങിപ്പോകും. വാളാൽ കൊല്ലപ്പെട്ട, പരിച്ഛേദനം ഏൽക്കാത്തവരോടൊപ്പം നീയും നിപതിക്കും. “ ‘ഇതു ഫറവോനും അവന്റെ കവർച്ചസംഘവുംതന്നെ എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.’ ”

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18