യേഹേസ്കേൽ 34 : 1 (OCVML)
ഇസ്രായേലിലെ ഇടയന്മാർ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി:
യേഹേസ്കേൽ 34 : 2 (OCVML)
“മനുഷ്യപുത്രാ, ഇസ്രായേലിലെ ഇടയന്മാരെക്കുറിച്ചു നീ പ്രവചിക്കുക. അവരോട് ഇപ്രകാരം പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: തങ്ങളെത്തന്നെ മേയിക്കുന്ന ഇസ്രായേലിലെ ഇടയന്മാർക്ക് അയ്യോ കഷ്ടം! ഇടയന്മാർ ആടുകളെ പരിപാലിക്കേണ്ടതല്ലേ?
യേഹേസ്കേൽ 34 : 3 (OCVML)
നിങ്ങൾ തൈര് കുടിക്കുകയും ആട്ടിൻരോമംകൊണ്ടു വസ്ത്രം ധരിക്കുകയും തടിച്ചമൃഗങ്ങളെ കൊല്ലുകയും ചെയ്യുന്നു; എന്നാൽ നിങ്ങൾ ആട്ടിൻപറ്റത്തെ പരിപാലിക്കുന്നില്ല.
യേഹേസ്കേൽ 34 : 4 (OCVML)
നിങ്ങൾ ബലഹീനമായതിനെ ശക്തിപ്പെടുത്തുകയോ രോഗം ബാധിച്ചതിനു സൗഖ്യം വരുത്തുകയോ മുറിവേറ്റതിനു മുറിവു കെട്ടുകയോ ചെയ്തിട്ടില്ല. നിങ്ങൾ വഴിതെറ്റിയതിനെ തിരികെ വരുത്തുകയോ കാണാതെപോയതിനെ അന്വേഷിക്കുകയോ ചെയ്തിട്ടില്ല. നിങ്ങൾ കഠിനതയോടും ക്രൂരതയോടുംകൂടെ അവയെ ഭരിച്ചിരിക്കുന്നു.
യേഹേസ്കേൽ 34 : 5 (OCVML)
അങ്ങനെ ഇടയനില്ലായ്കയാൽ അവ ചിതറിപ്പോയി; ചിതറിപ്പോയിട്ട് അവ കാട്ടുമൃഗങ്ങൾക്ക് ഇരയായിത്തീർന്നു.
യേഹേസ്കേൽ 34 : 6 (OCVML)
എന്റെ ആടുകൾ എല്ലാ പർവതങ്ങളിലും ഓരോ മലകളിലും ഉഴന്നുനടന്നു; അവ ഭൂതലത്തിലെല്ലാം ചിതറിപ്പോയി; ആരും അവയെ അന്വേഷിക്കയോ ശ്രദ്ധിക്കുകയോ ചെയ്തില്ല.
യേഹേസ്കേൽ 34 : 7 (OCVML)
“ ‘അതുകൊണ്ട് ഇടയന്മാരേ, യഹോവയുടെ വചനം കേൾക്കുക:
യേഹേസ്കേൽ 34 : 8 (OCVML)
ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു, ഇടയനില്ലായ്കയാലാണ് എന്റെ ആടുകൾ കവർച്ചയായിത്തീരുകയും കാട്ടുമൃഗങ്ങൾക്കിരയാകുകയും ചെയ്തത്. എന്റെ ഇടയന്മാർ ആടുകളെ അന്വേഷിക്കാതെ തങ്ങളെത്തന്നെ മേയിച്ചതുകൊണ്ടാണ് അപ്രകാരം സംഭവിച്ചത്, എന്ന് കർത്താവായ യഹോവയുടെ അരുളപ്പാട്.
യേഹേസ്കേൽ 34 : 9 (OCVML)
അതിനാൽ ഇടയന്മാരേ, യഹോവയുടെ വചനം കേൾക്കുക.
യേഹേസ്കേൽ 34 : 10 (OCVML)
യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഇടയന്മാർക്കു വിരോധമായിരിക്കുന്നു. ഞാൻ എന്റെ ആടുകളെപ്പറ്റി അവരോടു കണക്കുചോദിക്കും. ഇടയന്മാർ തങ്ങളെത്തന്നെ തീറ്റിപ്പോറ്റാതിരിക്കേണ്ടതിന് ഞാൻ അവരെ ഇടയവേലയിൽനിന്നു നീക്കിക്കളയും; ഞാൻ എന്റെ ആടുകളെ അവരുടെ വായിൽനിന്നു വിടുവിക്കും; അവ അവർക്ക് ഭക്ഷണമായിത്തീരുകയില്ല.
യേഹേസ്കേൽ 34 : 11 (OCVML)
“ ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻതന്നെ എന്റെ ആടുകളെ തെരയുകയും അന്വേഷിക്കുകയും ചെയ്യും.
യേഹേസ്കേൽ 34 : 12 (OCVML)
ഒരു ഇടയൻ ആടുകളോടൊപ്പമുള്ളപ്പോൾ ചിതറിപ്പോയവയെ അന്വേഷിക്കുന്നതുപോലെ ഞാൻ എന്റെ ആടുകളെ അന്വേഷിക്കും. മേഘവും ഇരുട്ടും ഉണ്ടായിരുന്ന നാളിൽ അവ ചിതറിപ്പോയ എല്ലാ സ്ഥലങ്ങളിൽനിന്നും ഞാൻ അവയെ വിടുവിക്കും.
യേഹേസ്കേൽ 34 : 13 (OCVML)
ഞാൻ അവരെ രാഷ്ട്രങ്ങളുടെ ഇടയിൽനിന്ന് പുറപ്പെടുവിക്കയും രാജ്യങ്ങളിൽനിന്നും കൂട്ടിച്ചേർക്കുകയും അവരെ സ്വന്തം ദേശത്തേക്കു കൊണ്ടുവരികയും ചെയ്യും, ഞാൻ അവരെ ഇസ്രായേൽ പർവതങ്ങളിലും മലഞ്ചരിവുകളിലും ദേശത്തെ സകലവാസസ്ഥലങ്ങളിലും മേയിക്കും.
യേഹേസ്കേൽ 34 : 14 (OCVML)
ഞാൻ നല്ല മേച്ചിൽപ്പുറത്ത് അവരെ മേയിക്കും; ഇസ്രായേലിലെ ഗിരിനിരകൾ അവരുടെ മേച്ചിൽസ്ഥലമാകും. അവിടെ ഇസ്രായേൽ പർവതസാനുക്കളിലെ നല്ല പുൽപ്പുറത്ത് അവ കിടന്നു വിശ്രമിക്കും. ഇസ്രായേൽ പർവതത്തിലെ ഉത്തമമായ മേച്ചിൽപ്പുറങ്ങളിൽ അവ മേയും.
യേഹേസ്കേൽ 34 : 15 (OCVML)
ഞാൻതന്നെ എന്റെ ആടുകളെ പരിപാലിച്ച് അവയെ കിടത്തുമെന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.
യേഹേസ്കേൽ 34 : 16 (OCVML)
കാണാതെ പോയവയെ ഞാൻ അന്വേഷിക്കുകയും അലഞ്ഞു നടക്കുന്നവയെ തിരികെ വരുത്തുകയും ചെയ്യും. മുറിവേറ്റവയ്ക്ക് ഞാൻ മുറിവുകെട്ടുകയും ബലഹീനമായവയെ ശക്തിപ്പെടുത്തുകയും ചെയ്യും. എന്നാൽ കൊഴുത്തതിനെയും കരുത്തുറ്റതിനെയും ഞാൻ നശിപ്പിക്കും; ഞാൻ ന്യായത്തോടെ ആട്ടിൻപറ്റത്തെ മേയിക്കും.
യേഹേസ്കേൽ 34 : 17 (OCVML)
“ ‘നിങ്ങളെ സംബന്ധിച്ചാകട്ടെ, എന്റെ ആട്ടിൻപറ്റമേ, യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ആടിനും ആടിനും മധ്യേയും ആട്ടുകൊറ്റന്മാർക്കും കോലാട്ടുകൊറ്റന്മാർക്കും മധ്യേയും ന്യായംവിധിക്കും.
യേഹേസ്കേൽ 34 : 18 (OCVML)
നല്ല മേച്ചിൽസ്ഥലത്ത് മേയുന്നതു പോരേ നിങ്ങൾക്കു? ശേഷിച്ച മേച്ചിൽപ്പുറം നിങ്ങൾ കാൽകൊണ്ടു ചവിട്ടിമെതിക്കണമോ? തെളിനീരു കുടിക്കുന്നതു നിങ്ങൾക്കു പോരായോ? ശേഷിച്ച ജലം നിങ്ങളുടെ കാൽകൊണ്ട് ചവിട്ടിക്കലക്കണമോ?
യേഹേസ്കേൽ 34 : 19 (OCVML)
എന്റെ ആട്ടിൻപറ്റം നിങ്ങൾ ചവിട്ടിക്കളഞ്ഞതു തിന്നുകയും നിങ്ങൾ കലക്കിയ ജലം കുടിക്കുകയും ചെയ്യണമോ?
യേഹേസ്കേൽ 34 : 20 (OCVML)
“ ‘അതിനാൽ അവരോട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നോക്കുക, തടിച്ച ആടുകൾക്കും മെലിഞ്ഞ ആടുകൾക്കും മധ്യേ ഞാൻ ന്യായംവിധിക്കും.
യേഹേസ്കേൽ 34 : 21 (OCVML)
ബലഹീനമായ ആടുകളെ പാർശ്വംകൊണ്ടും തോൾകൊണ്ടും ഉന്തിയും കൊമ്പുകൊണ്ട് ഇടിച്ചും നിങ്ങൾ ചിതറിക്കുന്നതിനാൽ,
യേഹേസ്കേൽ 34 : 22 (OCVML)
എന്റെ ആടുകളെ ഞാൻ വിടുവിക്കും. അവ ഇനിമേൽ കവർച്ചചെയ്യപ്പെടുകയില്ല. ആടിനും ആടിനും ഇടയിൽ ഞാൻ ന്യായംവിധിക്കും.
യേഹേസ്കേൽ 34 : 23 (OCVML)
ഞാൻ അവയ്ക്കുമേലായി ഒരു ഇടയനെ, എന്റെ ദാസനായ ദാവീദിനെത്തന്നെ നിയമിക്കും. അവൻ അവയെ പരിപാലിക്കും; അവൻ അവയെ പരിപാലിച്ച് അവയ്ക്ക് ഇടയനായിത്തീരും.
യേഹേസ്കേൽ 34 : 24 (OCVML)
അങ്ങനെ യഹോവയായ ഞാൻ അവർക്കു ദൈവമായും എന്റെ ദാസനായ ദാവീദ് അവർക്കു പ്രഭുവായും തീരും. യഹോവയായ ഞാൻ ആകുന്നു അരുളിച്ചെയ്തിരിക്കുന്നത്.
യേഹേസ്കേൽ 34 : 25 (OCVML)
“ ‘ഞാൻ അവരുമായി ഒരു സമാധാന ഉടമ്പടിചെയ്ത് ദേശത്തെ വന്യമൃഗങ്ങളിൽനിന്നു വിടുവിക്കും. അങ്ങനെ അവ സുരക്ഷിതമായി മരുഭൂമിയിൽ ജീവിക്കുകയും കാടുകളിൽ ഉറങ്ങുകയും ചെയ്യും.
യേഹേസ്കേൽ 34 : 26 (OCVML)
ഞാൻ അവരെയും എന്റെ പർവതത്തിനു ചുറ്റുമുള്ള സ്ഥലങ്ങളെയും ഒരു അനുഗ്രഹമാക്കും.* ഉൽ. 48:20 കാണുക. തക്കകാലത്ത് ഞാൻ മഴ അയയ്ക്കും; അനുഗ്രഹവർഷം ഉണ്ടാകുകയും ചെയ്യും.
യേഹേസ്കേൽ 34 : 27 (OCVML)
വയലിലെ വൃക്ഷങ്ങൾ ഫലം പുറപ്പെടുവിക്കും; നിലം വിളവുകൾ ഉൽപ്പാദിപ്പിക്കും; ജനം സ്വദേശത്ത് നിർഭയരായിരിക്കും. ഞാൻ അവരുടെ നുകത്തടികൾ ഒടിച്ച് അവരെ അടിമകളാക്കിയവരുടെ കൈയിൽനിന്ന് വിടുവിക്കുമ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും.
യേഹേസ്കേൽ 34 : 28 (OCVML)
അവർ ഇനിയൊരിക്കലും ജനതകളാൽ കവർച്ചചെയ്യപ്പെടുകയില്ല; കാട്ടുമൃഗങ്ങൾ അവരെ തിന്നുകളകയുമില്ല. അവർ സുരക്ഷിതരായി ജീവിക്കും; ആരും അവരെ ഭയപ്പെടുത്തുകയില്ല.
യേഹേസ്കേൽ 34 : 29 (OCVML)
വിളവുകൾക്കു പ്രശസ്തി നേടിയ ഒരു ദേശം ഞാൻ അവർക്കു നൽകും; ഇനിയൊരിക്കലും അവർ ദേശത്ത് ക്ഷാമത്തിന് ഇരയാകുകയോ ജനതകളുടെ പരിഹാസത്തിന് ഇരയാകുകയോ ചെയ്യുകയില്ല.
യേഹേസ്കേൽ 34 : 30 (OCVML)
അപ്പോൾ അവരുടെ ദൈവമായ യഹോവ എന്ന ഞാൻ അവരോടുകൂടെയുണ്ടെന്നും ഇസ്രായേൽജനമാകുന്ന അവർ എന്റെ ജനമാണെന്നും അവർ അറിയും എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
യേഹേസ്കേൽ 34 : 31 (OCVML)
എന്റെ മേച്ചിൽസ്ഥലത്തെ ആടുകളായ നിങ്ങൾ എന്റെ സ്വന്തം ആടുകളാണ്, ഞാൻ നിങ്ങളുടെ ദൈവവും, എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.’ ”

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31