എസ്രാ 6 : 1 (OCVML)
ദാര്യാവേശിന്റെ കൽപ്പന ദാര്യാവേശ് രാജാവിന്റെ കൽപ്പനപ്രകാരം, ബാബേൽ ഭണ്ഡാരഗൃഹങ്ങളിൽ സൂക്ഷിച്ചിരുന്ന രേഖാശാലകൾ പരിശോധിച്ചു;
എസ്രാ 6 : 2 (OCVML)
മേദ്യപ്രവിശ്യയിലെ അഹ്മെഥാ കോട്ടയിൽനിന്ന് ഇപ്രകാരം ഒരു ചുരുൾ കണ്ടെത്തി. അതിൽ ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: POS നിവേദനപത്രിക: OE
എസ്രാ 6 : 3 (OCVML)
കോരെശ് രാജാവിന്റെ ഒന്നാമാണ്ടിൽ, രാജാവു ജെറുശലേമിലെ ദൈവത്തിന്റെ ആലയത്തെ സംബന്ധിച്ച് ഒരു കൽപ്പന പുറപ്പെടുവിച്ചു: ജെറുശലേമിലെ ദൈവാലയം യാഗങ്ങൾ അർപ്പിക്കപ്പെടുന്ന സ്ഥലമായി പുനർനിർമിക്കപ്പെടട്ടെ. അതിന്റെ അടിസ്ഥാനങ്ങൾ ഇടുകയും അത് അറുപതുമുഴം ഉയരത്തിലും അറുപതുമുഴം* ഏക. 27 മീ. വീതിയിലും പണിയുകയും വേണം.
എസ്രാ 6 : 4 (OCVML)
അതിനു മൂന്നുനിര വലിയ കല്ലുകളും, തടിയുടെ ഒരുനിരയും ഉണ്ടായിരിക്കണം. ഇവയുടെ ചെലവ് രാജഭണ്ഡാരത്തിൽനിന്നാണ് വഹിക്കേണ്ടത്.
എസ്രാ 6 : 5 (OCVML)
ഇതിനുപുറമേ, ജെറുശലേമിലെ മന്ദിരത്തിൽനിന്ന് നെബൂഖദ്നേസർ ബാബേലിലേക്കു എടുത്തുകൊണ്ടുവന്ന, ദൈവാലയത്തിലെ സ്വർണം, വെള്ളി, തുടങ്ങിയ ഉപകരണങ്ങൾ ജെറുശലേമിലെ മന്ദിരത്തിലെ അവയുടെ പൂർവസ്ഥാനങ്ങളിൽത്തന്നെ വെക്കാൻ അവ തിരികെ നൽകേണ്ടതുമാണ്.
എസ്രാ 6 : 6 (OCVML)
ആയതിനാൽ യൂഫ്രട്ടീസ് നദിക്കു മറുകരെയുള്ള പ്രവിശ്യയുടെ പ്രതിനിധികളായ തത്നായിയും ശെഥർ-ബോസ്നായിയും ആ പ്രവിശ്യയുടെ മറ്റ് അധികാരികളായ നിങ്ങളും അവിടെനിന്ന് അകന്നു നിൽക്കട്ടെ;
എസ്രാ 6 : 7 (OCVML)
ഈ ദൈവാലയത്തിന്റെ നിർമാണത്തിൽ നിങ്ങൾ ഇടപെടരുത്. യെഹൂദരുടെ ദേശാധിപതിയും യെഹൂദനേതാക്കന്മാരും ദൈവാലയം അതിന്റെ സ്ഥാനത്തുതന്നെ പണിയട്ടെ.
എസ്രാ 6 : 8 (OCVML)
അതുമാത്രമല്ല, ദൈവാലയത്തിന്റെ പണിയിൽ ഏർപ്പെട്ടിരിക്കുന്ന യെഹൂദനേതാക്കന്മാർക്കു നിങ്ങൾ ഇപ്രകാരം ചെയ്തുകൊടുക്കണമെന്നും നാം കൽപ്പിക്കുന്നു: പണിമുടങ്ങാതിരിക്കേണ്ടതിന് യൂഫ്രട്ടീസ് നദിക്കു മറുകരെയുള്ള പ്രവിശ്യ രാജഭണ്ഡാരത്തിലേക്കു നൽകേണ്ടതായ വരുമാനത്തിൽനിന്ന് ഈ ജനത്തിന്റെ ചെലവു പൂർണമായി മുടക്കംകൂടാതെ വഹിക്കേണം.
എസ്രാ 6 : 9 (OCVML)
അവർക്ക് ആവശ്യമുള്ള എല്ലാ വസ്തുക്കളും—സ്വർഗത്തിലെ ദൈവത്തിനു ഹോമയാഗം അർപ്പിക്കേണ്ടതിന് ആവശ്യമായ കാളക്കിടാക്കൾ, ആട്ടുകൊറ്റന്മാർ, ആൺകുഞ്ഞാടുകൾ എന്നിവയും ഗോതമ്പ്, ഉപ്പ്, വീഞ്ഞ്, ഒലിവെണ്ണ, എന്നിവയും ജെറുശലേമിലെ പുരോഹിതന്മാരുടെ അഭ്യർഥനപ്രകാരം അവർക്കു മുടക്കംകൂടാതെ ദിവസേന നൽകണം.
എസ്രാ 6 : 10 (OCVML)
ഇങ്ങനെ അവർ സ്വർഗത്തിലെ ദൈവത്തിനു പ്രസാദകരമായ യാഗങ്ങൾ അർപ്പിക്കുകയും, രാജാവിന്റെയും അദ്ദേഹത്തിന്റെ മക്കളുടെയും ക്ഷേമത്തിനുവേണ്ടി പ്രാർഥിക്കുകയും ചെയ്യുമല്ലോ!
എസ്രാ 6 : 11 (OCVML)
ഈ കൽപ്പനകളിൽ ആരെങ്കിലും മാറ്റം വരുത്തിയാൽ അവന്റെ വീടിന്റെ ഒരു ഉത്തരം വലിച്ചെടുത്ത് നാട്ടി അതിൽ അവനെ തൂക്കിക്കളയുകയും, അവന്റെ വീട് കൽക്കൂമ്പാരമാക്കുകയും വേണം എന്നുകൂടി നാം കൽപ്പിക്കുന്നു.
എസ്രാ 6 : 12 (OCVML)
ഇതിൽ മാറ്റം വരുത്തുന്നതിനോ ജെറുശലേമിലെ ഈ ദൈവാലയം നശിപ്പിക്കാനോ തുനിയുന്ന ഏതു രാജാവിനെയോ ജനത്തെയോ തന്റെ നാമം അവിടെ സ്ഥാപിച്ചിരിക്കുന്ന ദൈവം നശിപ്പിക്കട്ടെ. ദാര്യാവേശ് എന്ന നാം ഉത്തരവാക്കിയിരിക്കുന്നു. ഇവ ജാഗ്രതയോടെ നടപ്പിലാക്കേണ്ടതാണ്.
എസ്രാ 6 : 13 (OCVML)
ദൈവാലയത്തിന്റെ പൂർത്തീകരണവും പ്രതിഷ്ഠയും ദാര്യാവേശ് രാജാവ് അയച്ച കൽപ്പന ലഭിച്ചപ്പോൾ നദിക്കു മറുകരെയുള്ള പ്രവിശ്യയുടെ ദേശാധിപതിയായ തത്നായിയും ശെഥർ-ബോസ്നായിയും അവരുടെ കൂട്ടാളികളും ചേർന്ന് രാജാവ് കൽപ്പിച്ചതെല്ലാം ജാഗ്രതയോടെ ചെയ്തു.
എസ്രാ 6 : 14 (OCVML)
അങ്ങനെ യെഹൂദനേതാക്കന്മാർ പണി തുടർന്നു. ഹഗ്ഗായി പ്രവാചകന്റെയും ഇദ്ദോവിന്റെ പിൻഗാമിയായ സെഖര്യാവിന്റെയും പ്രവചനങ്ങളാൽ അവർ അഭിവൃദ്ധിപ്പെട്ടും വന്നു. ഇസ്രായേലിന്റെ ദൈവത്തിന്റെ ആജ്ഞയനുസരിച്ചും പാർസിരാജാക്കന്മാരായ കോരെശ്, ദാര്യാവേശ്, അർഥഹ്ശഷ്ട എന്നിവരുടെ കൽപ്പനപ്രകാരവും അവർ ആലയത്തിന്റെ പണി പൂർത്തിയാക്കി.
എസ്രാ 6 : 15 (OCVML)
ദാര്യാവേശ് രാജാവിന്റെ ഭരണത്തിന്റെ ആറാമാണ്ടിൽ, ആദാർമാസം മൂന്നാംതീയതിയാണ് ഈ ആലയത്തിന്റെ പണി പൂർത്തിയാക്കിയത്.
എസ്രാ 6 : 16 (OCVML)
ഇസ്രായേൽജനവും പുരോഹിതന്മാരും ലേവ്യരും മടങ്ങിവന്ന മറ്റു പ്രവാസികളും ഈ ദൈവാലയത്തിന്റെ പ്രതിഷ്ഠ സന്തോഷപൂർവം ആഘോഷിച്ചു.
എസ്രാ 6 : 17 (OCVML)
അവർ നൂറ് കാളയെയും ഇരുനൂറ് ആട്ടുകൊറ്റനെയും നാനൂറ് ആൺകുഞ്ഞാടിനെയും ഇസ്രായേൽ മുഴുവന്റെയും പാപശുദ്ധീകരണയാഗമായി ഇസ്രായേൽഗോത്രങ്ങളുടെ എണ്ണത്തിനൊത്തവണ്ണം പന്ത്രണ്ടു മുട്ടാടുകളെയും ഈ ആലയത്തിന്റെ പ്രതിഷ്ഠാവേളയിൽ അർപ്പിച്ചു.
എസ്രാ 6 : 18 (OCVML)
മോശയുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നപ്രകാരം അവർ ജെറുശലേമിലെ ദൈവത്തിന്റെ ശുശ്രൂഷയ്ക്കായി പുരോഹിതന്മാരെ അവരുടെ ഗണപ്രകാരവും ലേവ്യരെ അവരുടെ ക്രമപ്രകാരവും നിയോഗിച്ചു.
എസ്രാ 6 : 19 (OCVML)
പെസഹാ ഒന്നാംമാസം പതിന്നാലാംതീയതി പ്രവാസികൾ പെസഹാ ആചരിച്ചു.
എസ്രാ 6 : 20 (OCVML)
പുരോഹിതന്മാരും ലേവ്യരും തങ്ങളെത്തന്നെ ശുദ്ധീകരിച്ചു; ആചാരപരമായി അവരെല്ലാം ശുദ്ധിയുള്ളവരായിരുന്നു. എല്ലാ പ്രവാസികൾക്കും തങ്ങളുടെ സഹോദരങ്ങളായ പുരോഹിതന്മാർക്കും തങ്ങൾക്കുംവേണ്ടി അവർ പെസഹാക്കുഞ്ഞാടിനെ അറത്തു.
എസ്രാ 6 : 21 (OCVML)
പ്രവാസത്തിൽനിന്നു മടങ്ങിയ ഇസ്രായേൽജനവും, ദേശത്തെ യെഹൂദേതരരായവരുടെ അശുദ്ധികളിൽനിന്ന് അകന്ന് ഇസ്രായേലിന്റെ ദൈവമായ യഹോവയെ അന്വേഷിക്കേണ്ടതിന് അവരോടു ചേർന്നവരും ഒരുമിച്ചു പെസഹാ കഴിച്ചു.
എസ്രാ 6 : 22 (OCVML)
യഹോവ അവരെ ആഹ്ലാദിപ്പിക്കുകയും ഇസ്രായേലിന്റെ ദൈവമായ ദൈവത്തിന്റെ ആലയം പണിയാൻ അവരെ സഹായിക്കേണ്ടതിന് അശ്ശൂർരാജാവിന്റെ ഹൃദയം അവർക്ക് അനുകൂലമാക്കുകയും ചെയ്തതിനാൽ അവർ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ ഏഴുദിവസം ആനന്ദത്തോടെ ആചരിച്ചു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22