ഉല്പത്തി 48 : 1 (OCVML)
മനശ്ശെയും എഫ്രയീമും കുറെ കാലത്തിനുശേഷം, “അങ്ങയുടെ പിതാവു രോഗിയായിരിക്കുന്നു” എന്ന് യോസേഫിന് അറിയിപ്പു കിട്ടി. അദ്ദേഹം മനശ്ശെ, എഫ്രയീം എന്നീ രണ്ടു പുത്രന്മാരെയും കൂട്ടിക്കൊണ്ടുചെന്നു.
ഉല്പത്തി 48 : 2 (OCVML)
“അങ്ങയുടെ പുത്രനായ യോസേഫ് അങ്ങയുടെ അടുക്കൽ വന്നിരിക്കുന്നു,” എന്ന് യാക്കോബിനെ അറിയിച്ചപ്പോൾ ഇസ്രായേൽ തനിക്കുള്ള ശക്തി സമാഹരിച്ചു കട്ടിലിൽ എഴുന്നേറ്റിരുന്നു.
ഉല്പത്തി 48 : 3 (OCVML)
യാക്കോബ് യോസേഫിനോടു പറഞ്ഞു, “സർവശക്തനായ ദൈവം കനാൻദേശത്തെ ലൂസിൽവെച്ച് എനിക്കു പ്രത്യക്ഷനായി എന്നെ അവിടെവെച്ച് അനുഗ്രഹിച്ചുകൊണ്ട് എന്നോട്:
ഉല്പത്തി 48 : 4 (OCVML)
‘ഞാൻ നിന്നെ സന്താനപുഷ്ടിയുള്ളവനാക്കുകയും നിന്റെ സംഖ്യ വർധിപ്പിക്കുകയും ചെയ്യും; ഞാൻ നിന്നെ ഒരു ജനസമൂഹമാക്കുകയും നിനക്കുശേഷം ഈ ദേശം നിന്റെ പിൻഗാമികൾക്കു ശാശ്വതാവകാശമായി നൽകുകയും ചെയ്യും’ എന്ന് അരുളിച്ചെയ്തു.
ഉല്പത്തി 48 : 5 (OCVML)
“ഞാൻ ഇവിടെ നിന്റെ അടുക്കൽ എത്തുന്നതിനുമുമ്പ് നിനക്ക് ഈജിപ്റ്റിൽവെച്ചു ജനിച്ചവരായ നിന്റെ പുത്രന്മാരെ രണ്ടുപേരെയും എനിക്കുള്ളവരായി കണക്കാക്കും; രൂബേനും ശിമെയോനും എനിക്കുള്ളവർ ആയിരിക്കുന്നതുപോലെതന്നെ എഫ്രയീമും മനശ്ശെയും എനിക്കുള്ളവരായിരിക്കുന്നതാണ്.
ഉല്പത്തി 48 : 6 (OCVML)
അവർക്കുശേഷം നിനക്കു ജനിച്ച കുഞ്ഞുങ്ങൾ നിനക്കുള്ളവരായിരിക്കും; അവർ അവകാശമാക്കുന്ന ദേശത്ത് തങ്ങളുടെ സഹോദരന്മാരുടെ പേരുകളോടുചേർത്ത് അവരെ കണക്കാക്കും.
ഉല്പത്തി 48 : 7 (OCVML)
ഞാൻ പദ്ദനിൽനിന്നു* അതായത്, വടക്കുപടിഞ്ഞാറൻ മെസൊപ്പൊത്താമിയ മടങ്ങുമ്പോൾ, കനാനിൽനിന്നു ഞങ്ങൾ യാത്ര തുടർന്നുകൊണ്ടിരിക്കെത്തന്നെ, എഫ്രാത്തിൽനിന്ന് അൽപ്പം അകലെ വഴിയിൽവെച്ച്, റാഹേൽ മരിച്ചു. ഞാൻ അവളെ എഫ്രാത്തിലേക്കുള്ള വഴിയുടെ അരികെ (അതായത്, ബേത്ലഹേമിൽ) അടക്കംചെയ്തു.”
ഉല്പത്തി 48 : 8 (OCVML)
ഉല്പത്തി 48 : 9 (OCVML)
യോസേഫിന്റെ പുത്രന്മാരെ കണ്ടിട്ട് ഇസ്രായേൽ, “ഇവർ ആരാകുന്നു?” എന്നു ചോദിച്ചു.
ഉല്പത്തി 48 : 10 (OCVML)
“ദൈവം എനിക്ക് ഇവിടെവെച്ചു നൽകിയ പുത്രന്മാരാണ് ഇവർ,” യോസേഫ് പിതാവിനോടു പറഞ്ഞു. അപ്പോൾ ഇസ്രായേൽ, “അവരെ എന്റെ അടുക്കൽ കൊണ്ടുവരിക. ഞാൻ അവരെ അനുഗ്രഹിക്കട്ടെ” എന്നു പറഞ്ഞു.
ഉല്പത്തി 48 : 11 (OCVML)
വാർധക്യംനിമിത്തം ഇസ്രായേലിന്റെ കാഴ്ച ക്ഷയിച്ചുകൊണ്ടിരുന്നു; അദ്ദേഹത്തിനു കാഴ്ച തീരെയില്ലാതായി. അതുകൊണ്ട് യോസേഫ് തന്റെ പുത്രന്മാരെ അദ്ദേഹത്തിന്റെ തൊട്ടടുത്തു കൊണ്ടുവന്നു; അദ്ദേഹത്തിന്റെ പിതാവ് അവരെ ചുംബിക്കുകയും ആലിംഗനംചെയ്യുകയും ചെയ്തു.
ഉല്പത്തി 48 : 12 (OCVML)
ഇസ്രായേൽ യോസേഫിനോട്, “നിന്റെ മുഖം വീണ്ടും കാണുമെന്നു ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല; ഇപ്പോൾ ഇതാ, നിന്റെ മക്കളെയും കാണാൻ ദൈവം എന്നെ അനുവദിച്ചിരിക്കുന്നു” എന്നു പറഞ്ഞു. പിന്നെ യോസേഫ് അവരെ അദ്ദേഹത്തിന്റെ മടിയിൽനിന്ന് നീക്കി സാഷ്ടാംഗം നമസ്കരിച്ചു.
ഉല്പത്തി 48 : 13 (OCVML)
യോസേഫ് അവരെ ഇരുവരെയും പിടിച്ച്, എഫ്രയീമിനെ തന്റെ വലത്തുവശത്താക്കി ഇസ്രായേലിന്റെ ഇടത്തുകൈയുടെ നേർക്കും മനശ്ശെയെ തന്റെ ഇടത്തുവശത്താക്കി ഇസ്രായേലിന്റെ വലത്തുകൈയുടെ നേർക്കുമായി അദ്ദേഹത്തോടു ചേർത്തുനിർത്തി.
ഉല്പത്തി 48 : 14 (OCVML)
എഫ്രയീം ഇളയവനും മനശ്ശെ ആദ്യജാതനും ആയിരുന്നെങ്കിലും ഇസ്രായേൽ തന്റെ കൈകൾ പിണച്ച് വലങ്കൈ എഫ്രയീമിന്റെ തലയിലും ഇടങ്കൈ മനശ്ശെയുടെ തലയിലും വെച്ചു.
ഉല്പത്തി 48 : 15 (OCVML)
ഇതിനുശേഷം അദ്ദേഹം യോസേഫിനെ അനുഗ്രഹിച്ചു പറഞ്ഞു, “എന്റെ പിതാക്കന്മാരായ അബ്രാഹാമും യിസ്ഹാക്കും ആരാധിച്ചുപോന്ന ദൈവം, ജനിച്ചനാൾമുതൽ ഇന്നുവരെയും എന്നെ കാത്തു പരിപാലിച്ച ദൈവം,
ഉല്പത്തി 48 : 16 (OCVML)
സർവദോഷത്തിൽനിന്നും എന്നെ വിടുവിച്ച ദൂതൻ ഈ ബാലന്മാരെ അനുഗ്രഹിക്കുമാറാകട്ടെ. ഇവർ എന്റെ പേരിലും എന്റെ പിതാക്കന്മാരായ അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും പേരിലും അറിയപ്പെടട്ടെ, ഇവർ ഭൂമുഖത്ത് അത്യധികമായി വർധിച്ചുവരട്ടെ.”
ഉല്പത്തി 48 : 17 (OCVML)
പിതാവു തന്റെ വലങ്കൈ എഫ്രയീമിന്റെ തലയിൽ വെക്കുന്നതു കണ്ടിട്ടു യോസേഫിന് അപ്രീതിയുണ്ടായി; അതുകൊണ്ട് അദ്ദേഹം പിതാവിന്റെ കൈ എഫ്രയീമിന്റെ തലയിൽനിന്നു മനശ്ശെയുടെ തലയിലേക്കു മാറ്റിവെക്കാൻ ആ കൈയിൽ പിടിച്ചു.
ഉല്പത്തി 48 : 18 (OCVML)
യോസേഫ് അദ്ദേഹത്തോട്, “അങ്ങനെയല്ല, അപ്പാ, ഇവനാണ് ആദ്യജാതൻ; വലങ്കൈ ഇവന്റെ തലയിൽ വെക്കണം” എന്നു പറഞ്ഞു.
ഉല്പത്തി 48 : 19 (OCVML)
എന്നാൽ അദ്ദേഹത്തിന്റെ പിതാവ് അതു നിരസിച്ചുകൊണ്ട്, “എനിക്കറിയാം, മകനേ, എനിക്കറിയാം. അവനും വലിയൊരു ജനമായിത്തീരും, ഇവനും മഹാനായിത്തീരും. എങ്കിലും അവന്റെ അനുജൻ അവനെക്കാൾ ശ്രേഷ്ഠനാകും, അവന്റെ പിൻഗാമികൾ ജനതകളുടെ ഒരു സമൂഹമായിത്തീരും” എന്നു പറഞ്ഞു.
ഉല്പത്തി 48 : 20 (OCVML)
അന്ന് അദ്ദേഹം അവരെ അനുഗ്രഹിച്ചുകൊണ്ടു പറഞ്ഞു: “ദൈവം നിന്നെ എഫ്രയീമിനെയും മനശ്ശെയെയുംപോലെ ആക്കട്ടെ എന്ന് ഇസ്രായേല്യർ നിന്റെ നാമത്തിൽ ആശീർവാദം ചൊല്ലും.” ഇങ്ങനെ അദ്ദേഹം എഫ്രയീമിനെ മനശ്ശെക്കു മുന്നിലാക്കി.
ഉല്പത്തി 48 : 21 (OCVML)
തുടർന്ന് ഇസ്രായേൽ യോസേഫിനോട്, “ഞാൻ മരിക്കാറായിരിക്കുന്നു, എന്നാൽ ദൈവം നിങ്ങളോടുകൂടെയിരിക്കുകയും നിങ്ങളെ നിങ്ങളുടെ പിതാക്കന്മാരുടെ ദേശത്തേക്കു മടക്കിക്കൊണ്ടുപോകുകയും ചെയ്യും.
ഉല്പത്തി 48 : 22 (OCVML)
നിന്റെ സഹോദരന്മാരെക്കാൾ കൂടുതലായി, എന്റെ വാളും വില്ലുംകൊണ്ടു ഞാൻ അമോര്യരിൽനിന്ന് പിടിച്ചെടുത്ത മലഞ്ചെരിവു ഞാൻ നിനക്കു തരുന്നു” എന്നു പറഞ്ഞു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22